ഇരുട്ടിന്റെ മാലാഖ
ഇരുട്ടിന്റെ മാലാഖ


മഴ തുള്ളികൾ ഇലകളിൽ പതിക്കുന്ന ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. കാതോർത്തു കിടന്നപ്പോൾ കതകിൽ ആരോ മുട്ടി വിളിക്കുന്നതു പോലെ അയാൾക്കു തോന്നി. എന്നാൽ അത് മഴ അടുക്കള വശത്തുള്ള ഷീറ്റിൽ പതിക്കുമ്പോൾ ഉണ്ടാവുന്ന ഒച്ചയാണെന്നയാൾക്ക് അറിയാമായിരുന്നു.
സെറാഫ് അവന്റെ ഫോൺ എടുത്തു കൊണ്ട് സമയം നോക്കി. രണ്ടു മണി കഴിഞ്ഞു 13 മിനിറ്റ് പിന്നിട്ടിരിക്കുന്നു. അയാൾ ഫോൺ തിരികെ തലയണയുടെ അരികിൽ വച്ചു. ഫോണിന്റെ ഡിസ്പ്ലേ ലൈറ്റ് മുപ്പതു സെക്കന്റിന് ശേഷം പതിയെ ഓഫ് ആയി. മുറിയാകെ ഇരുട്ട് പടർന്നു പിടിച്ചു. സെറാഫിന് ഭയം തോന്നി. അയാൾ വീണ്ടും തന്റെ ഫോൺ എടുത്തു സമയം പരിശോധിച്ചു. നിമിഷങ്ങൾക്ക് മണിക്കൂറുകളെക്കാൾ ദൈർക്യം ഉള്ളതു പോലെ അയാൾക്കു അനുഭവപെട്ടു.
ശരീരമാകെ ഒരു ഉഷ്ണക്കാറ്റ് വീശിയിട്ടെന്ന പോലെ വിയർക്കുന്നുണ്ടായിരുന്നു. സെറാഫ് അയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ മുകളിലെ മൂന്ന് ബട്ടൺ അഴിച്ചു. മഴ കനത്തു വരുന്നത് അയാൾ കേട്ടു.
ഇനി കിടക്കുന്നതിൽ അർത്ഥമില്ല. സെറാഫ് താൻ പുതച്ചിരുന്ന പുതപ്പ് കാലിൽ നിന്നും മാറ്റി. ബെഡിന്റെ അടുത്തുള്ള ടേബിൾ ലാംപ് ഓൺ ചെയ്തു. നേരിയ ഒരു മഞ്ഞ വെളിച്ചം മുറിയിൽ നിറഞ്ഞു നിന്നു. അയാൾ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ അടുക്കള വാതിലിലേക്കു നോക്കി. രാത്രിമഴയുടെ ഒച്ചയല്ലാതെ മറ്റെന്തോ അയാളെ അലട്ടുന്നുണ്ടായിരുന്നു.
സെറാഫ് പതുക്കെ എഴുന്നേറ്റു നടന്നു. അടുക്കളയിലേക്കു കടന്നയുടനെ കറന്റ് പോയി. മുന്നോട്ടു നടക്കുക തന്നെ. ഫ്രിഡ്‌ജിന്റെ മുകളിലെ മെഴുകുതിരി അയാൾ എടുക്കുവാൻ ശ്രമിച്ചപ്പോൾ എന്തോ താഴെ വീണു. പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്തു അയാൾ മെഴുകുതിരി തെളിയിച്ചു. അടുക്കളയോട് ചേർന്ന് ഷീറ്റിട്ട ചായിപ്പിലേക്കു നടന്നു. മെഴുകുതിരി ജനാലാക്കരികെ വച്ചുകൊണ്ട് അയാൾ നോക്കി നിന്നു. മങ്ങിയ വെളിച്ചത്തിൽ എന്തോ തീരയുകയാണ് അയാൾ.
നീണ്ടു നിവർന്ന് വിരിച്ചിട്ട ചുരുണ്ട തലമുടിയുമായി ആമി കിടക്കുന്നു. സെറാഫ് അവളുടെ വിരലുകളിലേക്കു നോക്കി. പിങ്ക് നിറമുള്ള നൈൽപോലീഷ് അണിഞ്ഞ നീണ്ട സുന്ദരമായ വിരലുകൾ. പക്ഷെ അവ ചലിക്കുന്നില്ല. അയാൾ സൂക്ഷിച്ചു നോക്കി, ഇല്ല അവ ചലിക്കുന്നില്ല. അയാൾ അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ മുകളിലേക്കു തന്നെ നോക്കിയിരുന്നു അവയും അനങ്ങുന്നില്ല.
അവളുടെ നീല കണ്ണുകൾ അയാൾക്കു ആദ്യമായി ഭയാനകമായി തോന്നി. താൻ പണ്ട് വായിച്ചിട്ടുള്ള ഗോഥിക്ക് കഥകളിലെ പെൺകുട്ടിയുടെ എന്ന പോലെ തോന്നി അവളുടെ നീണ്ട തലമുടി. അതെ ആമി വെറും ജഢമായി മാറിയിരിക്കുന്നു. ഓർക്കുമ്പോൾ അയാൾക്കു ഭയം തോന്നി. താൻ അത്രമേൽ സ്നേഹിച്ചിരുന്നു ആമിയെ. അതു കൊണ്ടു തന്നെ അവളെ ശിക്ഷിക്കാനുള്ള അവകാശം തനിക്കുണ്ടായിരുന്നു. ആമിയുമായുള്ള തർക്കം ചെന്നവസാനിച്ചത് ഇങ്ങനെ ആയിപ്പോയി. തന്റെ കൈ കൊണ്ടാണ് ആമി നിശ്ചലമായത്.
അടുക്കളയിലെ ബൾബ് വീണ്ടും തെളിഞ്ഞു. കറന്റ് വന്നിരിക്കുന്നു. സെറാഫ് ആമിയുടെ കയ്യിൽ പിടിച്ചു നാടി പരിശോധിച്ചു . അതെ ആമി എലിസിബത് ഈസ് നോ മോർ. ഇനി എന്തു ചെയ്യണമെന്ന് ചിന്തയായി അയാൾക്ക്. ഭയം അസ്തികളിലേക്കു ഇരച്ചുകയറുന്നതായി സെറാഫിന് അനുഭവപെട്ടു. പിന്നീടൊന്നും ആലോചിച്ചില്ല, അയാൾ ആമിയുടെ മുടിയിൽ പിടിച്ചു അവളെ വലിച്ചിഴച്ചു കൊണ്ടു പോയി.
ഹാളിലെ ലൈറ്റ് ഇട്ട ശേഷം അയാൾ അവിടെ ജഡം കിടത്തി. കസേര നീക്കി അയാൾ ഫാനിന്റെ നേർക്ക് കൊണ്ട് വന്നിട്ടൂ. ബെഡ്റൂമിലെ അലമാര തുറക്കാനായി ചെന്നപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. തന്റെ ഷർട്ട് കീറിയിരിക്കുന്നു. അലമാര തുറന്ന് അയാൾ എന്തോ തിരഞ്ഞു.
"എനിക്ക് സാരി ഇഷ്ടമല്ല സെറാഫ്," സെറാഫ് ഓർത്തു. ആമി സാരി ധരിക്കറില്ല. ചായിപ്പിലുള്ള കയർ എടുക്കാം. സെറാഫ് മേശയുടെ മുകളിൽ കയറി ഫാനിൽ കയർ കെട്ടി അത് വലിച്ചു നോക്കി ഭലമുണ്ടെന്നു ഉറപ്പു വരുത്തി.
താഴെ ഇറങ്ങി ആമിയുടെ ജഡം അയാൾ ചുമലിൽ എടുത്തു. പണിപ്പെട്ടു മേശയിൽ കയറി. ആമിയെ കെട്ടി തൂക്കാൻ ആയിരുന്നു സെറാഫിന്റെ പ്ലാൻ. എന്നാൽ ആമിക്കു ഒരിക്കലും ഒരു കസേരയുടെ സഹായത്തോടെ ഫാനിൽ കയറു കെട്ടാൻ സാധിക്കില്ല. ഒരു മേശ വേണം അതിന്. എന്നാൽ തൂങ്ങി മരിക്കുന്ന ഒരാൾ മേശ എങ്ങനെ തട്ടി നീക്കും ? കാലുകൾ മേശയിൽ തട്ടി നിൽക്കുമ്പോൾ എങ്ങനെയാണ് അവർ മരിക്കുന്നത്. ആമിയുടെ ജഡം കെട്ടി തൂക്കുന്നത് സംശയത്തിന് ഇടയായേക്കാം. അയാൾ താഴെ ഇറങ്ങി. ഇനി മറ്റൊന്നും ഓർക്കാനില്ല. ജഡം കിണറ്റിൽ ഉപേക്ഷിക്കുക തന്നെ, അയാൾ ഉറപ്പിച്ചു
കനത്ത മഴ തുടരുകയാണ്. ഇടി മുഴക്കം കേൾക്കാമായിരുന്നു. ഇത് തന്നെ അവസരം. ഈ ശബ്ദത്തിനിടയിൽ ആമിയുടെ ജഡം കിണറ്റിലേക്ക് ഇടുന്ന ശബ്ദം ആരും കേൾക്കില്ല. സെറാഫ് ബോഡിയുമായി പുറകു വശത്തേക്ക് നടന്നു. തന്നെ ആരും കാണാതെ ഇരിക്കാൻ കിണറ്റിൻ കരയിലെ ലൈറ്റ് ഓഫ് ചെയ്യാൻ അയാൾ മറന്നില്ല.
ജഡം കിണറ്റിൽ വീണെന്നു ഉറപ്പുവരുത്തിയ ശേഷം സെറാഫ് അകത്തേക്ക് കടന്നു. മുൻവശത്തെ വാതിൽ അയാൾ അടച്ചിട്ടു. നേരെ മുറിയിൽ ചെന്ന് പുതപ്പു മടക്കി അലമാരയിൽ വയ്ക്കുന്ന കൂട്ടത്തിൽ സെറാഫ് കണ്ണാടിയിൽ തന്റെ ഛായ നോക്കി. താൻ ആകെ നനഞ്ഞു കുളിച്ചിരിക്കുന്നു.
ഈ കോലത്തിൽ വീട്ടിൽ കയറി ചെന്നാൽ നീന സംശയിക്കും. താൻ ഓഫീസിൽ ആണെന്നാണ് അവളോട് പറഞ്ഞിരിക്കുന്നത്. അയാൾ അലമാര തുറന്ന് നോക്കി. പതിവായി ആമിയെ കാണാൻ വരുന്നതിനാൽ അയാളുടെ വസ്ത്രങ്ങൾ അവിടെ ഉണ്ടായിരുന്നു. സെറാഫ് ഒരു വെള്ള ഷർട്ട് എടുത്തണിഞ്ഞു. മറ്റുള്ള വസ്ത്രങ്ങൾ വാരിക്കൂട്ടി അയാൾ ഒരു കവറിൽ ഇട്ടു. ഇനി തന്റെ ഒരു വസ്ത്രവും അവിടെ ഇല്ലെന്ന് പരിശോധിച്ചു. മേശയും കസേരയും പഴയ സ്ഥലത്തേക്ക് മാറ്റി. സെറാഫ് അടുക്കളയിലെ ലൈറ്റ് ഓഫ് ആക്കാൻ ചെന്നു. ഹാളിലെ ക്ലോക്കിൽ സമയം നോക്കി. മാണി നാലമ്പത് കഴിഞ്ഞു.
മഴ ഒന്ന് ഒതുങ്ങി തുടങ്ങി. സെറാഫ് പിൻവശത്തെ വാതിൽ മനഃപൂർവം തുറന്നിട്ടു. കാണുന്നവർക്ക് ആമി പുറകിലൂടെ പോയി കിണറ്റിൽ ചാടിയെന്നു തോന്നാനാവാം അങ്ങനെ ചെയ്‌തത്. അയാൾ ലൈറ്റ് ഓഫ് ആക്കി. തന്റെ കാറിന്റെ കീയുമായി നടന്നു.
കാർ കുറച്ചകലെയാണ് അയാൾ എന്നും നിർത്താറുള്ളത്. വണ്ടി ഓടിച്ചു പോകുമ്പോളെല്ലാം അയാൾക്ക് ഭയം തോന്നി. ആരെങ്കിലും തന്നെ കണ്ടുകാണുമോ, താൻ പിടിക്കപ്പെടുമോ എന്ന ഭയം. എന്നാൽ അയാൾക്ക് ആശ്വാസമായത് മറ്റൊരു കാര്യമാണ്. രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ച ഒരാളാണ് ആമി. അവളുടെ അടുത്ത സുഹൃതുക്കൾക്കും കുടുംബത്തിനും അതറിയാം. അവർ ഇത് ആത്മഹത്യയാണെന്നു വിശ്വസിക്കും എന്ന ചിന്ത അയാളിൽ ആത്മവിശ്വാസം നിറച്ചു.
മണിക്കൂറുകൾ കഴിഞ്ഞാൽ ആമിയുടെ മരണ വാർത്ത പുറംലോകം അറിയും. അപ്പോൾ അവരിൽ ഒരാളായി താനും ഞെട്ടലോടെ ആമിയുടെ മരണം കേൾക്കും. ചടങ്ങുകൾക്കെല്ലാം ഒരു നല്ല സുഹൃത്തെന്ന നിലയിൽ മുന്നിൽ തന്നെ നിൽക്കും.
നീനയോട് പറയും: " ദിസ് വാസ് അൺസ്‌പെക്ടഡ് ഫ്രം ആമി. ആ കുട്ടിക്ക് ഇതെന്തു പറ്റി? എല്ലാം ഓക്കേ ആയതല്ലെ, ഇപ്പോ ഇങ്ങനെ എന്തിനു ചെയ്തു?"
അയാൾ കാറിന്റെ മിറർ നോക്കി. വെള്ള ഷർട്ട് ധരിച്ച സെറാഫ്.
"സെറാഫ് നിങ്ങൾ ശരിക്കും ഒരു മാലാഖ തന്നെ, ഈ വൈറ്റ് ഷർട്ട് ഇടുമ്പോൾ." ആമിയുടെ വാക്കുകൾ അയാൾ ഓർത്തു .
ആറു മണി കഴിഞ്ഞപ്പോൾ സെറാഫ് തന്റെ വീട്ടിൽ എത്തി. നീന എഴുനേറ്റു കാണില്ല. ഗേറ്റ് തുറക്കാൻ അവളെ ഫോൺ വിളിക്കണം. അയാൾ പോക്കറ്റിൽ കയ്യ് ഓടിച്ചു. ഫോൺ !!!
കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ ഫോൺ മറന്നുവച്ചിരിക്കുന്നു . സെറാഫ് പരിഭ്രാന്തനായി. കാറിന്റെ ശബ്ദം കേട്ടിട്ടാവണം നീന പുറത്തു വന്നു കതകു തുറന്ന്, ഗേറ്റിനടുത്തേക്ക് നടന്നു. സെറാഫ് കണ്ണുകളടച്ചു. ഇരുട്ട് അയാളെ കാർന്നു തിന്നുന്നതായി അയാൾക്കു തോന്നി.
ഇന്ന് താൻ ഉണർന്നതു എന്നെന്നേക്കുമായുള്ള ഉറക്കം നഷ്ടപെട്ടാണെന്നു അയാൾ മനസ്സിലാക്കി.