Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

sriya sreenivas

Horror Fantasy

3.4  

sriya sreenivas

Horror Fantasy

ദി ബ്ലൂ പ്രിൻസസ്സ്

ദി ബ്ലൂ പ്രിൻസസ്സ്

3 mins
311


"സ്കോട്ട്, വ്യർത്ഥമാണെന്നറിഞ്ഞിട്ടും ഞാൻ നിങ്ങളോട് കെഞ്ചുന്നു. ദൈവത്തെ ഓർത്ത്, ആ ചെകുത്താനെ താമസ സ്ഥലത്തേക്ക് കൊണ്ട് പോകരുത്. "

സ്കോട്ടിനാഷ്യസ്സ് ഹാമിൽട്ടൻ , ദേശിയ ജെമോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ, അദ്ദേഹം തന്റെ കൈയിലെ അടച്ചു ഭദ്രമായ കൊച്ചു പെട്ടിയിലേക്ക് ഒരു നിമിഷം നോക്കി. എഴുന്നേറ്റ് കാറിന്റെ കീ വിരലിലിട്ട് കറക്കി... തന്റെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന സുഹൃത്ത് ഫ്രാങ്ക്‌ളിൻ ബെൻസനോട് യാത്ര പറഞ്ഞിറങ്ങി... 

ഫ്രാങ്ക്‌ളിൻ തന്റെ കഴുത്തിലെ ജപമാലയിൽ മുറുക്കെ പിടിച്ചു. ഒരുപാട് പേരുടെ രക്തം കുടിച്ച പിശാശിനെയാണ് സ്കോട്ട് കൊണ്ട് പോയിരിക്കുന്നത്... 

അവനോടു കരുണ തോന്നേണമേ ... 


***** ****    ******* ******* ***** **


ബ്ലൂ പ്രിൻസസ്സ് -ആ നീലപ്പവിഴത്തെ പത്രക്കാർ വിശേഷിപ്പിച്ചതാണ്. നിഗൂഢതയുടെ ചുരുളുകളിൽ പുകഞ്ഞു നിൽക്കുന്ന നീല പവിഴം. 

ആരൊക്കെ അത് കൈവശം വെച്ചുവോ, അവരുടെ രക്തം കുടിച്ച ഭീകരസൗന്ദര്യം...

 

നൂറ്റാണ്ടുകൾക്ക് മുൻപ്, ഈജിപ്ഷ്യൻ ഫറവോയുടെ പത്നി *ഗിൽ -മീദ് -ഗൂന്നിന്റെ * പിരമിഡിൽ 7 ഇരുമ്പ് പൂട്ടിട്ട്, ബന്ധിച്ചു വെച്ച ഒരു നീലപവിഴത്തെ പറ്റി "ഹിരോഗ്ലൈഫിക്സ് രേഖകൾ "പറയുന്നു. "ഭൂമിയുടെ ശാപം "...ആ നീലപ്പവിഴത്തെ ഈജിപ്തുകാർ പേരിട്ടുവിളിച്ചു... 

പിരമിഡുകൾ കൊള്ളയടിച്ചവർ വഴി അത് യൂറോപ്പിലെത്തി. "ലീവ്യൂ സിയാൽ പിയർ " എന്ന ഫ്രഞ്ച് വ്യാപാരി ആ നീലരാജകുമാരിയെ സാക്ഷാൽ ലൂയി പതിനാറമാനു -ഫ്രാൻസിന്റെ ചക്രവർത്തിക്ക് വിറ്റു... 


പിയറിനെ, കടലിൽ കൊലയാളി സ്രാവുകൾ ഭക്ഷണമാക്കി... 


ദിവസങ്ങൾക്കുള്ളിൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച രാജകുടുംബത്തെ കുടുക്കിയ നാട്ടുകാരൻ പറഞ്ഞത് ചരിത്രം നുണയായി വിധിയെഴുതി... നീല വെളിച്ചം വിതറി ഒരു പെൺകുട്ടിയെ പിന്തുടർന്നാണ് രാജകുടുംബത്തെ കണ്ടതെന്ന സത്യം... വിപ്ലവകാരികൾ തിരുത്തിയെഴുതി... രാജകുടുംബം ക്രൂരമായി കൊല്ലപ്പെട്ടു... പിന്നീടെങ്ങനെയോ പല കൈ മറിഞ്ഞു ഇത് റഷ്യൻ രാജകുടുംബത്തിന്റെ കൈകളിലും... പിന്നീട് നടന്നത്...


******************************************-


ക്ഷീണിച്ചവശനായ സ്കോട്ട് മഴയിൽ നനഞ്ഞാണ് വീട്ടിലെത്തിയത്. പ്രാർത്ഥന മുറിയിൽ എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ടാണ് സൂസൻ ഓടിവന്നത്. ഗ്ലാസിൽ തീർത്ത "തിരുകുടുംബം "വീണുടഞ്ഞിരിക്കുന്നു.... 


മകൾ ഡെയ്‌സിയാണ് പപ്പയ്ക്ക് ചായ കൊടുത്തത്. ആറു വയസുള്ള മകൻ ജെറി കളിക്കുന്നു. 

"എന്ത് പറയാനാണ് സൂസൻ, കാറിന്റെ ബ്രേക്ക്‌ പോയി... മഴയത്തു ഓടേണ്ടിവന്നു... നശിച്ച കാറ്റ്... "

ഗവേഷണത്തിനായി കൊണ്ടുവന്ന നീലപവിഴത്തെ അയാൾ അഭിമാനപൂർവം പ്രദർശിപ്പിച്ചു... 

"പപ്പാ, സത്യം പറയൂ... ഇത് ബ്ലൂ പ്രിൻസസ്സ് ആണോ... ഗായിക മേഴ്‌സി ഫന്റാസിന്റെ കയ്യിലിരുന്ന... "

"തീർച്ചയായും എന്റെ കുഞ്ഞേ,... ഇത് അത് തന്നെ.. "

ഡെയ്‌സിയുടെ മുഖം വിളറി പോയി... 


"മമ്മി, ഈ കല്ലിനെ ഒഴിവാക്കാൻ പപ്പയോടു പറയൂ... എന്തിനാ പപ്പാ.. നിങ്ങളി ചെകുത്താൻ കല്ലിനെ ഇങ്ങോട്ട് കൊണ്ട് വന്നത്... ?"

ഡെയ്സി നീലപവിഴത്തിൽ നിന്ന് മുഖം തിരിച്ചു. മുറിയിലെ വെളിച്ചം നേർത്തു വരുന്നുണ്ടോ... 

"ഡെയ്‌സി, നിനക്കെന്താ ഭ്രാന്താണോ... ഇതാണോ നിന്നെ സ്കൂളിൽ പഠിപ്പിക്കുന്നത്...? അന്ധവിശ്വാസി... "

"പപ്പാ... പപ്പ, ഈ ലോകത്തല്ലേ ജീവിക്കുന്നത്...? ഇതിനെ പറ്റിയുള്ള ലേഖനം വായിച്ചതാണ് ഞാൻ. 

മമ്മി, ഗായിക മേഴ്‌സി ഫന്റാസ് ഈ കല്ലിനെ, ബ്രേസ്ലെറ്റിൽ ധരിച്ചിരുന്നു. അവർ ആത്മഹത്യ ചെയ്ത്. നടി മിയ സെർബനയാണ് അവസാനം ഇത് കൈവശം വെച്ചത്... അവരെ ഒരു കൂട്ടം ആളുകൾ കുത്തികൊന്നു. 

എന്നിട്ടാണ്... "


കോളിങ് ബെൽ. അപ്പുറത്തെ വീട്ടിലെ മിസ്സിസ ഗോൾഡിസ് സൗഹൃദസംഭാഷണത്തിന് വന്നിരിക്കുന്നു. സ്കോട്ട് തന്റെ പഠനമുറിയിലേക്ക് പോകാൻ തുനിഞ്ഞതാണ്... 

"ഗുഡ് ഈവെനിംഗ് സർ... നിങ്ങളുടെ അതിഥി എവിടെയാണ്... കൂടെ ജോലി ചെയ്യുന്ന ആരെങ്കിലുമാണോ...? "

"എന്താണ് മിസ്സിസ് ഗോൾഡിസ് നിങ്ങൾ പറയുന്നത്...? ഞങ്ങൾക്കിന്ന് അതിഥികൾ ഇല്ലാലോ.. "

മിസ്സിസ് ഗോൾഡിസിന്റെ പുരികം ഉയർന്നു. 

"അപ്പോൾ.. നിങ്ങൾക്ക് പിറകെ ഈ വീട്ടിലേക്ക് കയറിയ കറുത്ത കൊട്ടിട്ട വ്യക്തി... ആരാണ്? "


******************************************


സ്കോട്ട് പൂർണമായി നീലപവിഴത്തെ പറ്റി പഠിക്കുകയായിരുന്നു. ഡെയ്‌സി ഈയിടെയായി വഷളാകുന്നുണ്ട്. ചെവിപൊട്ടുന്ന തരത്തിലാണ് റീകാർഡർ പ്രവർത്തിക്കുന്നത്. അവൾ പ്രതിഷേധിക്കുകയാണ്. ശബ്ദം കുറക്കാൻ പറഞ്ഞപ്പോൾ തന്നെ തുറിച്ചു നോക്കി നില്കുന്നു. സൂസൻ, ആ കല്ലിനെ ഒഴിവാക്കാൻ പറയുന്നു... അന്ധവിശ്വസിയായ മണ്ടി. 


**************************************


ജെറിക്ക് ടേബിൾ മാന്നേഴ്സ് പഠിപ്പിച്ചു കൊടുക്കാൻ സൂസൻ മിനക്കേടാത്തത്തിൽ സ്കോട്ടിനു അരിശം വന്നു. സ്പൂൺ എടുത്ത് കൊട്ടി കൊട്ടി... എന്തൊരു ശബ്ദം... ക്രിസ്മസ് അടുക്കാറായത് കൊണ്ട് ഏത് നേരവും കരോൾ... ശബ്ദമൊന്ന് കുറച്ചു പാടാൻ പറഞ്ഞാൽ കുട്ടിക്കൂട്ടങ്ങൾ കേൾക്കില്ല... എന്തിന്, വീട്ടിൽ സൂസൻ പ്രാർത്ഥന ചൊല്ലുമ്പോൾ മൈക്ക്‌ വെച്ച് കെട്ടി പ്രാർത്ഥിക്കും പോലെയാണ്... ശബ്ദമയം...  പ്രാവുകളുടെ ഒച്ച... ഇവയ്ക്ക് ഭ്രാന്താണോ...? സൂസനും മക്കൾക്കും ഇത് ഒരു പ്രശ്നമേയല്ല... രാത്രി പട്ടികളുടെ ഒലിയിടൽ... 


***************************************


മിസ്സിസ് ഗോൾഡിസ് രാവിലെ തന്നെ ഗോസിപ് പറയാനായി വീട്ടിലേക്ക് വരുന്നുണ്ട്.. 

"ഗുഡ് മോർണിംഗ് മിസ്സിസ്. ഗോൾഡിസ്... ഞാനാദ്യം കരുതി മണികെട്ടിയ തപാൽവണ്ടികൾ വരുന്നുവെന്നാണ്... എന്തൊരു ശബ്ദമാണ് ഈ ബ്രേസ് ലെറ്റിന്.. "

"ഗുഡ് മോർണിംഗ് സർ... നിങ്ങൾ എന്നെ കളിയാക്കല്ലേ... മണികൾ കൊഴിഞ്ഞ ബ്രേസ് ലേറ്റ് എങ്ങനെ ശബ്ദമുണ്ടാക്കാനാണ്... സർ... നിങ്ങൾ കാളിങ് ബെൽ നന്നാക്കുകയാണോ...? ഞാൻ പറയണമെന്ന് കരുതിയതാണ്... ഒട്ടും ശബ്ദമുണ്ടാവാറില്ല ഈ കാളിങ് ബെല്ലിന്... സൂസൻ പലപ്പോഴും കേൾക്കാറില്ല... "

"നിങ്ങൾ എന്തായൊക്കെയാണ് മിസ്സിസ് ഗോൾഡിസ് പറയുന്നത്. ആയിരം കനറി പക്ഷികളുടെ ഒച്ചയാണ് ഈ കാളിങ് ബെല്ലിന്..... 

*********************************************

സ്കോട്ട് കണ്ണുകൾ തുറക്കാൻ പാടുപെട്ടു. ദേഹമാകെ തളരുന്നു... മങ്ങിയ കാഴ്ചയിൽ ചുറ്റും ചില രൂപങ്ങൾ.... ആരാണിവർ.. 

കാഴ്ച അല്പം തെളിഞ്ഞപ്പോൾ... ഫ്രാങ്ക്‌ളിൻ.. ഫ്രാങ്ക്‌ളിൻ ബെൻസൺ.. പ്രിയസുഹൃത്ത്.. 

"ഫ്രാങ്ക്.. ഞാനിത് എവിടെ.. എവിടെയാണ്... നീ ആകെ മാറിപോയല്ലോ.. മുടിയാകെ നരച്ചുപോയല്ലോ... 

എവിടെ... എവിടെ... സൂസൻ.. എന്റെ ഭാര്യ.. എന്റെ മക്കൾ... "

എന്ത് പറയണമെന്നറിയാതെ ഫ്രാങ്ക്‌ളിൻ ബെൻസൺ നിന്ന് പോയി.. 

അയാൾ നിസ്സഹായനായി ഡോക്ടറെ നോക്കി.. 


"സ്കോട്ട്.. ശാന്തനായ് കേൾക്കൂ.. കഴിഞ്ഞ 8 കൊല്ലമായി നീ കോമയിലായിരുന്നു.. ബ്ലൂ പ്രിൻസിസ്സുമായി പോകുന്ന വഴിയിൽ.. നിനക്ക് ആക്‌സിഡന്റ് പറ്റി... 

പിന്നെ... നീ ഏത് ഭാര്യയെ പറ്റിയാണ് പറയുന്നത്... നീ ഒരു വൈദികനാണ്.. ഫാദർ. സ്കോനാഷ്യസ്സ് ഹാമിലിട്ടൺ. 

ബ്രഹ്മചാരിയായ നീ ഏത് കുടുംബത്തെ പറ്റിയാണ് ഈ പറയുന്നത് "

...............................................


ഇന്നും... ഫാദർ സ്കോടിനാഷ്യസ് ഹാമിലിട്ടണോ, ബെൻസനോ.. ഈ സംഭവത്തിന്റെ ചുരുൾ അഴിക്കാനായില്ല. കോമയിൽ ആയ 8 വർഷം സ്കോട്ട് അറിഞ്ഞില്ല... മറ്റേതോ ലോകത്ത് ഒരു കുടുംബസ്തനായി അയാൾ മനക്കോട്ട കെട്ടിയതാണോ.... 

ബെൻസൺ അന്വേഷിച്ചറിഞ്ഞതൊന്നും സ്കോട്ടിനോട് പറഞ്ഞില്ല.. സ്കോട്ട് പറഞ്ഞ കഥാ പാത്രങ്ങൾ എല്ലാവരും ജീവിച്ചിരുന്നവരാണ്... 

സ്കോട്ടിന്റെ ജീവിതത്തിലല്ല.. മറിച്ച്, സ്കോട്ടിന്റെ ജനനത്തിനും 30 വർഷം മുൻപ് സ്വന്തം കുടുംബത്തെ കൂട്ടകൊല ചെയ്ത് ആത്മഹത്യ ചെയ്ത ജോൺ മബ്ലിന്റെ ജീവിതത്തിൽ.. 

നീലപ്പവിഴത്തിന്റെ അവസാന ഉടമ -മബ്ലിൻ.. 

അയാളുടെ ഭാര്യ സൂസൻ, മകൾ ഡൈസി, മകൻ ജെറി.. 

അയാളുടെ അയൽക്കാരി ഗോൾഡിസിന്റെ ഓർമ്മക്കുറിപ്പ് "പ്രേതക്കുന്നിലെ വീട് "...അതിൽ കൃത്യമായി പറയുന്നു.... അയാൾ... ബ്ലൂ പ്രിൻസസ്സ് കൊണ്ട് വന്നതിനു ശേഷം മാറിപ്പോയത്.. ഒരു മൊട്ടുസൂചി വീഴുന്ന ശബ്ദത്തെ പോലും വെറുത്തത്.. കേൾക്കാത്ത ശബ്ദങ്ങൾ കേട്ട് തുടങ്ങിയത്... ഒറ്റക്ക് സംസാരിച്ചു തുടങ്ങിയത്... 


..........................................................

ആ നീലപ്പവിഴം കണ്ടെടുക്കാനായില്ല.. ഒരിക്കലും.. എവിടെ പോയെന്ന് ആർക്കുമറിയില്ല...... 


Rate this content
Log in

More malayalam story from sriya sreenivas

Similar malayalam story from Horror