Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 8)

അമർ (Part 8)

3 mins
417


അമർ | Part 8


അവനിത് പറഞ്ഞുതീർത്തതും അമറിന്റെ പുറത്തിനുതാഴെ ആരോ മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ചെന്നവിധം പൂളി. മുഖംചുളിച്ച് അവൻ ഇടതുകൈയ്ക്ക് അവിടം പൊത്തിപ്പിടിച്ചുപോയി. അടുത്തനിമിഷം മുഖം വിടർത്തി നോക്കിയ അമർ തന്റെയൊപ്പം യുവാവിനെയും, പിന്നിൽ തിരിഞ്ഞുനോക്കി പരിശോധിച്ചതിനൊപ്പം ആരെയും കണ്ടില്ല. ഏവരും പബ്ബിന്റെ ലഹരിയിൽ ആഴ്ന്നുമരിച്ചിരിക്കുകയാണ്. അവൻ തിരിഞ്ഞ് മുറിവ് വകവെയ്ക്കാതെ മുന്നോട്ട് ചുവടുകൾവെച്ചു, ആളുകളെ ഒരുവിധം വകഞ്ഞുമാറ്റിക്കൊണ്ട്. പെട്ടെന്നൊരാൾ ഇടതുവശത്തുനിന്നുമെത്തി അമറിനൊപ്പം നിന്നുകൊണ്ട് പറഞ്ഞു;

“സാറിന് ആകെ സമയം മോശമാണല്ലോ സാറേ...

മര്യാദ പഠിക്കാൻ തല്ക്കാലം ഞങ്ങൾക്ക് ബുദ്ധിമുട്ടാ...”

   ഇതുപറഞ്ഞുതീർന്നതിനൊപ്പം ആ യുവാവ് ഞൊടിയിടയിൽ ചെറിയ ഏതോ മൂർച്ചയേറിയ ആയുധത്താൽ അമറിന്റെ വയറിനുതാഴെ പൂളി. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ തനിക്കേറ്റ മുറിവിനെയും പൂളിയ യുവാവിനെയും കൈകാര്യം ചെയ്യുവാൻ അമർ ബുദ്ധിമുട്ടി ശരവേഗത്തിൽ. ആ സമയത്തിനുള്ളിലെന്നവിധം, വന്ന യുവാവും എവിടെയോ അപ്രത്യക്ഷമായി. അമർ അല്പം ബദ്ധപ്പെട്ട് ചുറ്റുപാടും വീക്ഷിച്ച് മുന്നോട്ട് ചുവടുകൾവെച്ചു. അടുത്തൊരു നിമിഷത്തിൽ തന്റെ അടുത്തേക്കെത്തിയ മറ്റൊരു യുവാവിനെ അവൻ ഒരുകൈയ്യാൽ പിടികൂടിയതും, അവൻ അമറിനെ കുത്തിയതും ഒരുമിച്ചായിരുന്നു. അമർ അവനെ, വന്നവശത്തേക്ക് ആഞ്ഞുതള്ളിയിട്ടശേഷമാണ് വയറിൽ വലതുവശത്താണവൻ കുത്തിയത് എന്ന് തിരിച്ചറിയുന്നത്. വീണപാടെ ആളുകളെ ചിതറിപ്പിച്ച് അവൻ ഓടിമറഞ്ഞു. എങ്കിലും, ഏവരുടെയും ലഹരിക്ക് കോട്ടംതട്ടാത്തവിധം ഇതുവരെ നടന്ന ഈ പ്രവർത്തനങ്ങൾക്ക് വിരാമം തല്കാലമില്ലെന്നുറപ്പിച്ചെന്നവിധം അമർ പഴയപടി എന്നാൽ പരിക്കുകളുടെ വർദ്ധിച്ച ആഘാതത്തിൽക്കൂടി മുന്നോട്ട് ചുവടുകൾ വെച്ചു.

   ഏകദേശം മുന്നിലേക്ക് എത്തിയതോടെ, മുന്നിൽനിന്നും പ്രായം തോന്നിക്കുന്നൊരു വെളുത്ത വസ്ത്രധാരിയായ ഗൂഢമന്ദഹാസം പേറുന്നൊരു യുവാവ് വേഗത്തിൽ അമറിനു മുന്നിലെത്തി നിന്നു.

“പിള്ളേര് എത്ര ആഴത്തിലാ പൂളിയേക്കുന്നെ എന്നുവല്ലതും

അറിഞ്ഞായിരുന്നോ...”

   പബ്ബിലെ സംഗീതത്തിമിർപ്പിന്റെയും മറ്റ് ആരവ- ലഹരികളുടെയും ശ്രദ്ധ ക്ഷണിക്കാതെ യുവാവ് അമറിനോട് ചോദിച്ച ഈ ചോദ്യത്തിനുമുന്നിൽ, അവശനായവിധം അവൻ നിലകൊണ്ടു -തന്റെ മുറുവിൽനിന്നും സാമാന്യം രക്തം നഷ്ടമായിതുടങ്ങി എന്ന പുതിയ തിരിച്ചറിവോടെ.

“ഏതായാലും പിറകോട്ടു പോകാത്തത് നന്നായി.

ഇല്ലേൽ, എന്നെ കാണാതെ പിള്ളേര് നിന്നെ പഞ്ഞിക്കിട്ടേനെ.”

   മുറിവുകളുടെ ആഘാതത്തിൽ ശ്വാസം വലിച്ച് അമർഷം വിഴുങ്ങിക്കൊണ്ടിരിക്കുന്ന അമറിനെ മെല്ലെ താങ്ങാനെന്നവിധം യുവാവ് ഒരുങ്ങി ഇങ്ങനെകൂടി പുശ്ചത്തോടെ പഴയപടി തുടർന്നുപറഞ്ഞതും തന്റെ വലതുമുട്ടുപൊക്കെ ആഞ്ഞൊരിടി അവന്റെ സ്ഥാനത്ത് അമർ നൽകി. എല്ലാംകൊണ്ടും പുളഞ്ഞു മുഖം ചുളിച്ച് അതേപടി യുവാവ് പിന്നോട്ടല്പം നീങ്ങിപ്പോയി മറിഞ്ഞുവീണു.

“ഒറ്റയ്ക്കുതന്നെ വന്നവനാടാ ഞാൻ...

ചുണയുണ്ടേൽ വാടാ...”

   അടുത്തനിമിഷം എല്ലാം മറന്നെന്നവിധം അമർ ഇങ്ങനെ അലറി. അപ്പോഴേക്കും ഇരുവശത്തുനിന്നും പെടുന്നനെ രണ്ടുയുവാക്കൾ പ്രത്യക്ഷരായി. ഒരാളെ അവൻ പിടിച്ചപ്പോൾ മറ്റെയാൾ ശരവേഗത്തിൽ ഒരുവശത്തായി കുത്തിയിരുന്നു. അടുത്തനിമിഷംതന്നെ അവനെ തള്ളിമാറ്റിയ അമർ പക്ഷെ ആദ്യംപിടിച്ചവന്റെ പൂളിന് പാത്രമായി. എങ്കിലും ഉടനടിതന്നെ അമർ ഇരുവരേയും ആഞ്ഞുതള്ളി മറിച്ചിട്ടു. ചുറ്റും നിലകൊണ്ടിരുന്ന പബ്ബിലെ ആളുകൾ ഒന്നുചിതറി മാറിത്തുടങ്ങി. മുറിവിന്റെ ആധിക്യംമൂലം ഒന്നുപിറകോട്ട് വേച്ച അമർ രക്തമൊലിപ്പിച്ച്, മുന്നിൽ ചവിട്ടേറ്റുകിടന്നശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നവന്റെ നേർക്ക് നടന്നു. തങ്ങളുടെ നേതാവിനെ പിടിച്ചെണീപ്പിക്കുവാൻ രണ്ടുപേർ എത്തിയിരുന്നു അപ്പോഴേക്കും. എന്നാൽ അമർ വേഗത്തിൽ വീണ്ടും അവനെയുൾപ്പെടെ ആഞ്ഞുചവിട്ടിയിട്ടു. മുറിവുകളുടെ ആധിക്യത്താൽ വലയുമ്പോഴും അങ്ങേയറ്റം രൗദ്രതയാർജ്ജിച്ചുകൊണ്ടിരിക്കുന്ന അമറിനെ പെട്ടെന്ന് രണ്ടുപേർ എത്തി വീണ്ടും പൂളിപ്പോയി. തങ്ങളുടെ വഴിയിലെ ആളുകളെ ചിതറിച്ചായിരുന്നു ആക്കൂട്ടരുടെ വരവ്. അടുത്തനിമിഷംതന്നെ അമറിനെ പിന്നിൽനിന്നും അത്യാവശ്യം വലിപ്പമുള്ളൊരു കത്തിയാൽ ഒരുവൻ കുത്തി -ജീനയെ ശല്യം ചെയ്തവരിൽ പ്രമുഖൻ, തുടക്കക്കാരൻ. അമർ കുത്തേറ്റു നടന്നുചെന്ന് നേതാവായ യുവാവിന്റെ, വെളുത്ത വേഷധാരിയുടെ ദേഹത്തേക്ക് വീണു. യുവാവും കൂടെയുള്ള രണ്ടുപേരും അമറിന്റെ ആഘാതത്തിൽ വീണ്ടും വീണുപോയി. തീർത്തും അവശനായ അമറിനെ തന്റെ ദേഹത്തുനിന്നും മറിച്ചിട്ട് എഴുന്നേൽക്കാൻ യുവാവ് ശ്രമിച്ചതും, കുത്തിയവൻ മന്ദഹാസത്തോടെ നോക്കിനിൽക്കെ അവൻ കുത്തിയിറക്കിയ കത്തി അവസാനശക്തിയുമെടുത്തെന്നവിധം വലിച്ചൂരി അമർ വെളുത്ത വസ്ത്രധാരിയായ നേതാവിന്റെ പുറത്ത് ആഞ്ഞു മൂന്ന് കുത്ത് മാറ്റി -മാറ്റി കുത്തി, ശരവേഗത്തിൽ. മൂന്നാമത്തെ കുത്ത് ആഴത്തിൽ പിടലിക്ക് താഴെ ഏറ്റതോടെ ഏതാനും നിമിഷങ്ങൾപോലും വേണ്ടിവന്നില്ല, നേതാവിന് നിശ്ചലതയിലേക്കുള്ള വഴിതെളിയാൻ. അപ്പോഴേക്കും പബ്ബാകെ നിശ്ചലമായിരുന്നു, അതിന്റെ തനത് സൗരഭ്യത്തിൽനിന്നും സൗന്ദര്യത്തിൽനിന്നും. ലഹരി മറന്നെന്നവിധം ആളുകൾ രംഗത്തിൽ ഭയചകിതരായി പുറത്തേക്ക് ഓടിയിറങ്ങിത്തുടങ്ങിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നടന്ന ഈ സംഭവങ്ങൾക്കിടയിൽ എന്തുചെയ്യണമെന്നറിയാതെ സ്തബ്ദരായിപ്പോയി ഗുണ്ടകളായ യുവാക്കൾ. വീണ്ടും അവശതയിലേക്ക്, രക്തം നഷ്ടമായിക്കൂടി പതിക്കവേ അമർ ഒന്നുരുണ്ട് അല്പം നീങ്ങി ഉദ്ദേശം മലർന്നുകിടന്നു. അപ്പോഴേക്കും വെടിയുതിർത്ത് രംഗം തിരിച്ചറിഞ്ഞെന്നവിധം കോൺസ്റ്റബിൾ പ്രവീൺ ഓടിയെത്തി, ചിതറിമാറി ഇറങ്ങുന്നവരെ മറികടന്ന്. എന്തോ പരസ്പരഭാവം പെട്ടെന്ന് പ്രകടമാക്കി, അമറിനെ ലക്ഷ്യംവെച്ച യുവാക്കൾ ചിതറിയോടിമറഞ്ഞു. ചുറ്റും ചിതറിനോക്കി പ്രവീൺ ഒരുകൈയ്യിൽ തോക്കും മറുകൈയ്യാൽക്കൂടി ഞരങ്ങി-ബോധം മറയാറായ അമറിനെ, വാർന്ന രക്തത്തിൽ നിന്നും താങ്ങിയെടുത്ത് ഒരുതവണകൂടി വെടിയുതിർത്തുകൊണ്ട് പുറത്തേക്ക് ധൃതിയിൽ നടന്നു.

“ഒന്നുമില്ല സാറേ, ഒന്നുമില്ല... സാറേ,,

ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്.”

   അമറിന്റെ അവസ്ഥയെ പരിഗണിച്ചെന്നവിധം ആ നടത്തത്തിൽത്തന്നെ പ്രവീണിന് ധൃതിയോടും അങ്ങേയറ്റം ആത്മാർത്ഥത തോന്നിക്കുംവിധവും ഇങ്ങനെ പറയേണ്ടിവന്നു. ഒരുവിധം അമറിനെ താങ്ങി വാഹനത്തിൽ കയറ്റിയിരുത്തിയശേഷം ശരവേഗത്തിൽ കയറി, വാഹനം സൈറൺ ഓൺചെയ്ത് തിരിച്ച്, ഹോൺ കൂടി മുഴക്കി ചുറ്റുപാടും ചിതറിമാറിയിരുന്നവരെയും മറ്റും അകറ്റി പ്രവീൺ മുന്നോട്ടു പായിച്ചു, രാത്രിയുടെ ആധിക്യത്തെ കീറിമുറിച്ചുകൊണ്ട്.

******

   കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ളൊരു പകൽ, ഉച്ചതിരിഞ്ഞതേയുള്ളൂ. ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒരു സാധാരണ മുറിയിൽ പാതി ആരോഗ്യത്തോടെ വിശ്രമത്തിലാണ് ഇൻസ്‌പെക്ടർ അമർ -കൂട്ടിന് ചികിത്സയുമായി ബന്ധപ്പെട്ടവയൊക്കെ കാണാം. മുറിവേറ്റ ഇടങ്ങളിലെല്ലാം വെച്ചുകെട്ടിയിരിക്കുന്നു. അടുത്തായി കോൺസ്റ്റബിൾ പ്രവീണും ഒരു പോലീസുകാരിയും ഉണ്ട്. അമർ മെല്ലെ അവർ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്, ഒന്നുരണ്ടുനിമിഷത്തെ ഗ്യാപ്പിട്ടശേഷം പഴയപടിതന്നെ അവരിരുവരോടും ചോദിച്ചു;

“നിങ്ങൾക്ക് ബുദ്ധിമുട്ടായല്ലേ...”

   ഇതിനോടൊപ്പം, വേദനയോടുചേർന്നെന്നവിധം ഒന്നവൻ നിശ്വസിച്ചപ്പോഴേക്കും പോലീസുകാരി പറഞ്ഞു ചിരിയോടെ;

“ആഹാ, സാറിന് നോർമലായി ഇങ്ങനെ സംസാരിക്കാനറിയാമോ!?

എല്ലാവരും പറയുന്ന അതേ ഡയലോഗ്...”

   ഉടനടി ഒരു മന്ദഹാസത്തോടെ പ്രവീൺ ഇരുവരേയും നോക്കിപ്പോയി ഇത് ശരിവെച്ചു. അമർ സമയമെടുത്ത് തുടർന്നുപറഞ്ഞു;

“എന്നോട് ക്ഷമിക്ക് നിങ്ങൾ.

ഇതൊന്നുമല്ലാതെ മറ്റ് വഴികളില്ലെടോ...”

അവരിരുവരും ഇതിനെന്തോ പറയുവാൻ വന്നതോടെ അമർ കയറിപ്പറഞ്ഞു;

“ഇവിടെ പലതരം ബിസിനസ്സുകളും മറ്റും നമ്മുടെ മുകളിലും താഴെയുമുള്ളവർ

നടത്തുന്നുണ്ട്.

അവന്മാരുടെ സൗകര്യത്തിനാ നമ്മളെ ഉപയോഗിക്കുന്നത്.”

വയ്യായ്മമൂലം ഒന്നുനിർത്തി അവൻ തുടർന്നു;

“അതിന് കുടപിടിക്കുകയുംവേണം...

നമ്മൾത്തന്നെ എല്ലാത്തിനും സമാധാനം കണ്ടെത്തുകയും വേണം...”

ഒന്നുകൂടി നിർത്തി അവൻ തുടർന്നു;

“എല്ലായ്പോഴും തുല്യനീതി കാണിക്കാതിരിക്കാൻ കഴിയുന്നില്ലെടോ...”

(തുടരും......)



Rate this content
Log in

Similar malayalam story from Drama