STORYMIRROR

Nithinkumar J

Drama Classics Fantasy

4  

Nithinkumar J

Drama Classics Fantasy

തിരിഞ്ഞു ചിന്തിച്ചാല്‍...

തിരിഞ്ഞു ചിന്തിച്ചാല്‍...

1 min
2


പിന്നിലേറെയുണ്ട് നിനവുകള്‍ 
നിനവുകള്‍ തീര്‍ത്ത മതിലുകള്‍ 
മതിലുകള്‍ക്കിരുപുറവും 
മഞ്ഞവെയിലിന്‍ പാടുകള്‍.

മൂന്നു പതിറ്റാണ്ടിന്‍ ചരിത്രമുണ്ട്
ചരിത്രത്താളില്‍പ്പടര്‍ന്ന 
കറുത്ത രക്തമുണ്ട്.

എഴുതിത്തീരാത്ത 
താളുകള്‍ ഏറെയുണ്ട് 
അതില്‍ ഏറിയ പങ്കും 
പഴകിത്തുടങ്ങിയതിന് 
കഥകള്‍ അനവധിയുണ്ട്. 

ചുറ്റിത്തിരിയാന്‍ നേരമുണ്ട്
ചുറ്റും കാഴ്ചകള്‍ നിരവധിയുണ്ട് 
എട്ടു ദിക്കിനറ്റത്തുവരെ 
ഒട്ടിയ കീശയുമായി 
ചുറ്റി തിരിഞ്ഞിട്ടുമുണ്ട്.

അട്ടഹാസപ്പെരുമഴ 
പെയ്തുതോര്‍ന്നു
ഒട്ടനവധി മുഖങ്ങള്‍ 
ഒഴുകി മാഞ്ഞു.

ഓര്‍മത്താളില്‍ നനവില്ല 
ഓര്‍മത്തണ്ടില്‍ എരിവുമില്ല 
വര്‍ഷമെത്ര പെയ്തിറങ്ങി 
വരണ്ട മണ്ണ് കുളിരുകൊണ്ടു.

നൂറല്ല; നൂറായിരം 
പുഞ്ചിരികള്‍ തേവി മാറ്റി 
നടന്നു തീര്‍ന്ന വഴികളേറെ 
കണ്ടു തീര്‍ത്ത നിഴലുകളേറെ 
പഴകിത്തുടങ്ങിയ 
ഉടുതുണിപോലെ
അഴുകിത്തുടങ്ങിയ 
ഉടലുപോലെ 
മങ്ങിയ മുഖവും 
മാറാല പടര്‍ന്ന പുഞ്ചിരിയും 
ഒട്ടിയ കീശയില്‍ത്തിരുകി  
മുഖങ്ങള്‍ക്കു വലംവെച്ചൊന്ന് 
നോട്ടമെറിഞ്ഞു തീര്‍ക്കാം.

കാഴ്ചയില്‍ പതിയാതെ 
കാലം കടന്നതൊക്കെയും 
കാറ്റിനു പറയാനൊരു 
കഥ മാത്രമോ?

പന്ത്രണ്ടാണ്ട് പഠിച്ചും 
പന്ത്രണ്ടാണ്ട് അറിഞ്ഞും 
പലകുറി എണ്ണിയിട്ടും 
പലമുഖവും ദിശമാറി പോകയോ?

കടലലകളില്‍ 
കരിയില വീണപോലെ 
കടലാസുവഞ്ചിയില്‍ 
കാറ്റുപിടിച്ചപോലെ 
ഞാനുമൊന്നൊഴുകട്ടെ 
ഞാനുമൊന്നുലയട്ടെ 
പരുക്കന്‍ പ്രതലത്തില്‍ 
തട്ടി നില്‍ക്കുംവരെയും 
ഒഴുകി നീങ്ങട്ടെ 
ഉലഞ്ഞറിയട്ടെ...
-------------

നിഥിന്‍കുമാര്‍ ജെ


Rate this content
Log in

Similar malayalam poem from Drama