കാമിനി എന്റെ യാമിനി
കാമിനി എന്റെ യാമിനി


ജീവിക്കാൻ മറന്നതോർത്ത നിലാരാവിൽ
കൊത്തി എറിഞ്ഞ സ്വപ്നചിറകുകളിൻ വിലാപകീർത്തനം...
തേനും വയമ്പും ചേർത്ത് കൂട്ടി തുന്നിച്ചേർത്ത
അണ്ണാക്കിൻ ആഗ്രഹങ്ങൾ തൻ വന്യശീൽക്കാരം...
ഓർമയിൽ അച്ഛൻ കെട്ടിത്തന്ന ചിലങ്കക്കാലിൽ
സദാചാര ചങ്ങലയിൻ മുറിപ്പാട്...
കുത്തിയ കാതിൽ നിന്നൂറിയ ചോരത്തുള്ളികളിൽ
അലങ്കാര ശിൽപ ചിത്ര രേഖ...
കറുത്ത പൊക്കിൾ കുഴിയിലേക്ക് ചാഞ്ഞിറങ്ങുന്ന
ചുവന്ന ഗർഭ വേരുകൾ...
എഴുന്ന എല്ലുകളിൻ മന്ദഹാസം ചേർന്ന്പാടിയ
പുകക്കുഴലിൻ നിശബ്ദരാഗം...
താലിച്ചരടിൽ തൂങ്ങിയാടിയ
പാതിമുറിഞ്ഞ അക്ഷരത്താളിൽ പ്രതികാര വിങ്ങൽ...
മാറാല കെട്ടിയ ജരാനര സിന്ദൂര ചെപ്പിൽ
ഇന്നും ചുക്കി ചുളുങ്ങിയ കാർമുകിൽ പുഞ്ചിരി...