ഏപ്രിൽ മഴ
ഏപ്രിൽ മഴ


മേഘമേലാപ്പിനിടയിൽ നോക്കൂ കാണാമവളെ,
കാർനിഴൽ പോലൊരുവൾ, കരിമുകിൽ.
അവളുടെ വെള്ളിക്കൊലുസ്സിൽ നിന്നായിരം,
പളുങ്കുമുത്തുകൾ ഏപ്രിൽ മഴയായ് പൊഴിയും.
മഴയുടെ ചാഞ്ഞകരങ്ങൾ ഇലത്താളിൽ,
പിന്നെയും പിന്നെയും കവിതകളെഴുതും.
പുതുപുത്തൻ പുതുമണ്ണിൻ മണമുയരും,
ഇളം പച്ചപ്പൊതിയുമീ മണ്ണും മനസ്സുകളും.
കുഞ്ഞിളങ്കാറ്റ് വീശുമ്പോളെൻ നന്മമരത്തിന്റെ-
കൊമ്പിലിരുന്നൊരു വിഷുപ്പക്ഷി പാട്ടുമൂളും.
ഈ മഴക്കൈവഴിയിലൂടെ ഇലത്തോണിയിൽ,
കുഞ്ഞെറുമ്പിൻ കൂട്ടം തുഴഞ്ഞു നീങ്ങും.
p>അമ്മയുടെ കൈവിരൽ വിട്ടകലാൻ മടിക്കുന്ന-
കുസൃതി കുരുന്നിനെ പോലൊരു മഴത്തുള്ളി,
പുൽനാമ്പിൻ കരങ്ങളിൽ തൂങ്ങി നിൽക്കും,
പിന്നെ വിലപിച്ചു മണ്ണിലേയ്ക്കിടറി വീഴും.
ജാലകപ്പടിയിൽ മഴക്കൈകൾ വരയ്ക്കുന്ന,
ഈറൻ ചിത്രങ്ങൾ നോക്കി ഞാൻ നിൽക്കെ-
വേനലിൻ വിരഹച്ചൂടിന് ശേഷമീമഴയ്ക്കാകെ-
പ്രണയസുഗന്ധം ആണെന്ന് ഞാനറിയും.
മഴയുടെ നേർത്ത തിരശീലക്കിടയിലൂടെ,
പഴയ വേദനകളെല്ലാം ഒഴുകി അകന്നിടും.
അപ്പോഴും വിഷുക്കാല തിരക്കിന്നിടയിൽ,
ഏപ്രിൽ മഴ ചന്നം പിന്നം തിമിർത്തു പെയ്യും.