സ്നേഹം
സ്നേഹം
രാവിന്റെ നിലാക്കായലിൽ ഉത്സവം തിമിർക്കുകയായിരുന്നു.പ്രഭാപൂരത്തിന്റെ മിന്നായങ്ങൾ സ്റ്റേജിൽ വർണ്ണങ്ങൾ വാരി വിതറുന്നു. അമ്പലത്തിന്റെ തെക്കെപ്പറമ്പിൽ ആ വലിയ പ്ലാശിന്റെ ചുവട്ടിൽ കൊമ്പനെ തളച്ചിട്ടുണ്ട്.അവന്റെ ചെറിയ കണ്ണുകൾ പല നിറങ്ങളിൽ തിളങ്ങുന്നുണ്ട്. ചെവികൾ ഇടവിട്ടിടവിട്ട് താളാത്മകമായി ആട്ടുന്നുമുണ്ട്.തുമ്പിക്കൈയിലൂടെ ചിലതെല്ലാം ചീറ്റിത്തെറിപ്പിക്കുന്നുണ്ട്.ഇടയ്ക്കിടെ പീ എന്നൊരു ശബ്ദവും പുറപ്പെടുവിക്കുന്നുണ്ട്.
ശ്രീരേഖ ആരെയോ തിരയുന്നുണ്ട്. മതിലിനരുകിൽ കൂട്ടുകാരുമായി സൊറ പറഞ്ഞു നിന്ന വാസു അതുകാണുന്നുണ്ടായിരുന്നു.
വർഷങ്ങൾക്കുമുമ്പുള്ള പല ഉത്സവരാത്രികളിലും സ്റ്റേജിൽ ആടുന്ന നിറ നിറങ്ങളിൽ കൗതുകത്തോടെ നോക്കി നിന്നപ്പോഴൊക്കെയും പാട്ടുപാവാടയിൽ കുളിർന്ന് കളകളം ചിരിച്ചുകൊണ്ട് പാറിപ്പറന്നിരുന്ന ശ്രീരേഖയെ അവന്റെ കണ്ണുകൾ പിന്തുടർന്നിരുന്നകാര്യം ഒരു മിന്നായം പോലെ അയാളിലൂടെ കടന്നുപോയി.
വിദ്യാഭ്യാസം കഴിഞ്ഞ് അകലങ്ങളിൽ പല ജോലികളുടെയും ഉത്തരവാദിത്തങ്ങളൊക്കെയും ഇറക്കിവച്ചു വാസു നാട്ടിലെത്തിയപ്പോഴേയ്ക്കും, നാടിന് പല മാറ്റങ്ങളും വന്നു ചേർന്നിരുന്നു. എം സി റോഡിന്റെ സൈഡ്ൽ ഉള്ള പാടങ്ങളെല്ലാം നികത്തപ്പെട്ടു... പ്രൈവറ്റ് സ്റ്റാൻഡും മാളുകളും കൊണ്ടു റോഡിന്റെ ഇരുവശവും നിറഞ്ഞു.ബാക്കിയുള്ള തുണ്ടുവയലുകളിൽ കൃഷിയൊന്നുമില്ലാതെ എല്ലാ വേസ്റ്റ്കളുടെയും കൂത്തരങ്ങായപ്പോൾ കൊതുകുകളുടെ കൂവിയാർക്കലുകളും കേൾക്കാമായിരുന്നു.
മകരമാസത്തിലെ കൊയ്ത്തിന് ശേഷം വരുന്ന ഉത്സവങ്ങളുടെ സൗരഭ്യം ഇന്നില്ല.കൊയ്ത്തിനു ശേഷം കൊയ്തിറങ്ങുന്നവരുടെ അവകാശമായ അമ്പലത്തിലേക്കുള്ള കാളകളി ഇന്നില്ല. വീടുകളിൽ ചെന്നുള്ള പറയെടുപ്പുകൾ ഇന്നില്ല. ഉത്സവപ്പറമ്പുകളിൽ നിറഞ്ഞിരിക്കുന്ന വഴിവാണിഭക്കൂട്ടങ്ങൾ ഇന്നില്ല.
ഉത്സവത്തിന്ന് സമ്മേളിക്കുന്ന വാസു അടങ്ങുന്ന അന്നത്തെ യൗവ്വനത്വരകളെല്ലാം ശാന്തസ്വരൂപരായി. കുടുംബവും മക്കളും പേരമക്കളും ഒക്കെയായി ജീവിതത്തിന്റെ അവസാനനാൾവഴികളിലുമെത്തി.... എന്നിട്ടും...ഉത്സവം എന്നും ഉത്സവമാണ്, മനസ്സിന്, ചിന്തക്ക്, ഓർമകൾക്ക്.
എല്ലാവർഷവും ജനുവരി പതിനാലിനാണ് ഈ അമ്പലത്തിലെ ഉത്സവം. പഴയ കാർന്നോരുടെ ജീവിതാന്ത്യത്തിൽ ഇനിയും തന്നെ തിരക്കി വരേണ്ടെന്ന തേവരുടെ സ്വപ്നദർശനത്തിന് ശേഷം, തേവരുടെ തിരുസാന്നിധ്യമാണ് ഇവിടം.
എല്ലാ വർഷവും, എവിടെയാണെങ്കിലും, ഈ ദിവസം ഇവിടെ വന്ന് ഉത്സവം കൂടാറുണ്ട്. അതിന് ഇതുവരേയ്ക്കും വീഴ്ച വരുത്തിയിട്ടുമില്ല. എങ്കിലും ഈ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇവിടെ ശ്രീരേഖയുണ്ട്. തന്നെത്തിരഞ്ഞുവന്നതാണെന്ന് പറഞ്ഞു, മേലെവര്യത്തെ ജാനകി ചേച്ചി.
ജാനകി ചേച്ചി എങ്ങിനെ അറിഞ്ഞുവോ, ആവോ?.
ചോദിക്കാനും കഴിഞ്ഞില്ല. ചോദിച്ചുപോയാൽ കുറ്റസമ്മതം നടത്തലാവും. തന്റെ ഇഷ്ടങ്ങളൊന്നും ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ, ശ്രീരേഖ അത് കണ്ടുപിടിച്ചു, ഒരിക്കൽ.ഏതോ ഒരു നോട്ടപിശകിൽ അവളുടെ കണ്ണുകളിലെ തിളക്കത്തിൽ നിന്നാണ് തന്റെ കളവ് പിടിക്കപ്പെട്ടത് അറിഞ്ഞത്.
പിന്നെ ഇതുവരേയ്ക്കും കാണാൻ കഴിഞ്ഞിട്ടില്ല. കുറേ നാൾക്ക് മുമ്പൊരിക്കൽ ശ്രീനാഥ് പറഞ്ഞതോർക്കുന്നു, അവന് നേരത്തേ ഓരോ സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. അന്ന് കണ്ടപ്പോഴാണ്, എന്നോട് ഇതിനെ കുറിച്ചു ചോദിച്ചിട്ടില്ലെങ്കിലും, ഇങ്ങോട്ട് പറഞ്ഞു,
'' അവൾ ഈ നാട്ടിൽ തന്നെയാണ് കല്യാണത്തിന് ശേഷം ജീവിക്കുന്നത്. മക്കൾ രണ്ടുപേർ. അയാളുടെ റിട്ടയർമെന്റ് ന് ശേഷം രണ്ടുപേരും ഇവിടെ സ്വസ്ഥം."
ജാനകിച്ചേച്ചിയാവും തന്നെക്കുറിച്ചു ശ്രീരേഖയോടും പറഞ്ഞത്. അതാവും അവളുടെ ആ തിരയലിന്റെ അർത്ഥവും പിടികൊടുക്കാതിരിക്കുവാനായി, മാറിയും മറഞ്ഞും നടക്കുന്നതിനിടയിലാണ് കൂട്ടുകാരുടെ കടന്നുവരവ്.
അവരോടുള്ള കുശലാന്വേഷണത്തിനിടയിലാണ് ശ്രീരേഖയുടെ പരതൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഞങ്ങളുടെ ചെറുപ്പകാലത്തെ പലപരിപാടികളുടെ പുറംകാഴ്ചകളിൽ ഞങ്ങളുടെയെല്ലാം മനം കുളിർപ്പിച്ചിരിക്കുന്ന ആ സമയത്താണ്, ആൾതിരക്കിനിടയിലൂടെ ഒരു സ്ത്രീ രൂപം ഞങ്ങളെ ലക്ഷ്യമാക്കി വരുന്നതായി കണ്ണിലുടക്കിയത്. വർണ്ണപ്രപഞ്ചത്തിൽ അതാരാണെന്ന് വ്യക്തമായില്ല. അടുത്തെത്തിയപ്പോൾ, അത് ജാനകി ചേച്ചി ആയിരുന്നു. അവർ വന്നു വിളിച്ചൂ,,
''വാസൂ,''
ശബ്ദകോലാഹലങ്ങൾക്കിടയിൽ കാതുകൂർപ്പിച്ചപ്പോൾ അവർ തുടർന്നുപറയുന്നത് കേൾക്കായി.
''ശ്രീ രേഖയ്ക്ക് നിന്നെ ഒന്ന് കാണണം. നീ ആന നിൽക്കുന്ന ആ ഭാഗത്തേയ്ക്ക് നീങ്ങി നിന്നാൽ മതി. ഞാൻ അവളേയും കൂട്ടി വരാം.''
കൂട്ടുകാരെല്ലാം അവരോരുടെ വർത്തമാനങ്ങളിൽ മുഴുകിയിരിക്കുന്നു.ആരും ശ്രദ്ധിക്കാതെ, വാസു കൂട്ടുകാരോട്, ഇപ്പോൾ വരാമെന്നും പറഞ്ഞ്, ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് തേവരെ ദർശിക്കാനെന്ന മാതിരി മാറി ഭഗവാനെ ദർശിച്ച്, മാറി നിന്നു.
ജാനകിച്ചേച്ചി അവളുടെ കൈയുംപിടിച്ചു വന്ന്, തേവരെ സാഷ്ടാംഗം തൊഴുത്,അടുത്തുവന്നു. അവളുടെ കണ്ണുകളിലിപ്പോഴും ആ പാവാടക്കാരിയുടെ കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു ചുണ്ടുകളിൽ ആ പഴയ കള്ളത്തരം കണ്ടുപിടിച്ചതുപോലുള്ള ആ പഴയ ചിരിയുടെ ബാക്കിയും ഉണ്ടായിരുന്നു.
എങ്ങനെ തുടങ്ങണമെന്നറിയാതെ ചിന്തിച്ചു മാനം കയറിയപ്പോഴാണ്,
'ആന വിരണ്ടേ'
എന്ന വായ്ത്താരി കേട്ടത്.
ജാനകിച്ചേച്ചി വെപ്രാളത്തോടെ ശ്രീരേഖയുമായി, തിരക്കിനിടയിലൂടെ, അമ്പലത്തിലെ ഊട്ടുപുരയുടെ മാളികമുകളിലേക്ക് ഓടിമറയുന്നത്, തിക്കിലും തിരക്കിലും ആളുകൾ ഓടി മാറുന്നതിനിടയിലും വാസു കണ്ടു നിന്നു, പകച്ച്.

