Binu R

Romance

4  

Binu R

Romance

പ്രണയകവിതകൾ

പ്രണയകവിതകൾ

5 mins
460


ഈ ശ്രീകോവിലിനു മുമ്പിൽ കല്യാണം പാടില്ലെന്ന് ശാസ്ത്രം. ഈശ്വരൻ വിരഹവേദന അനുഭവിക്കുന്ന പ്രതിഷ്ഠയാണ്. എങ്കിലും ഇവിടെ എപ്പോഴും കല്യാണം നടക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉരുകിയൊലിച്ചിറങ്ങി ഒരിക്കലും വീർപ്പിക്കരുതെന്നു കരുതിയ പോക്കറ്റുകൾ നിറഞ്ഞു കവിയുമ്പോൾ, പിന്നെ എന്തുചെയ്യും !


അങ്ങനെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്നേ ധനക്കാറ്റിൽ ആടിയുലഞ്ഞു പറന്നുമാറി. ഉത്സവങ്ങൾ തകൃതിയാവുന്ന അന്നേ ദിവസം മാത്രം ഈശ്വരന്റെ വിരഹം വഴിമാറുന്ന തിരുസന്നിധിയിലെ വിശാലമായ മൈതാനത്ത് ബസുകളുടെയും കാറുകളുടെയും വിതാനം. 


ശ്രീരാമചന്ദ്രൻ സീതാദേവിയെ പരിണയിച്ചത് ഈ ശ്രീകോവിലിനുമുമ്പിൽ വച്ചാണ്. സീതാദേവി വിശ്വാസത്തിൽ അധിഷ്ഠിതമായ ശക്തിയല്ല, അവൾ വെറുമൊരുസ്ത്രീയാണ്. ശ്രീരാമചന്ദ്രനെ അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും അവളും കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വരനായി നിശ്ചയിച്ചത്.


 ശ്രീരാമചന്ദ്രൻ എല്ലാ അടിയുറച്ചവിശ്വാസങ്ങളുടെയും പ്രതിപുരുഷനല്ല ; ഒരു ബിസ്സിനെസ്സ്കാരനാണ്. സീതാദേവിയെ മാതാപിതാക്കളും സഹോദരരും കണ്ട് ഇഷ്ടപ്പെട്ടു. ശ്രീരാമചന്ദ്രനതിൽ എതിർപ്പുമില്ലായിരുന്നു. 


ആദ്യമായി ഭർത്താവിന്റെ വീട്ടിൽ വലതുകാൽ സാരിയിലുടക്കാതെ നിലവിളക്കുമായി, ഒരിറ്റു എണ്ണപോലും തൂവാതെ കയറുമ്പോൾ, നിലവിളക്ക് വിറച്ചത് സീതാദേവിയറിഞ്ഞു. 


ശ്രീരാമചന്ദ്രൻ പകലിൽ പടിയിറങ്ങി, രാത്രിയിൽ തിരിച്ചെത്തുമ്പോൾ, ദേവിക്കായി അന്നന്നത്തെ കുറേ ഓർമകളെങ്കിലും കൊണ്ടുവരും. അവരെക്കുറിച്ചു ആദർശദമ്പതിമാർ എന്നൊന്നും പറയാൻ കഴിയില്ല. ആവശ്യത്തിന് തട്ടും മുട്ടും പൊട്ടും ചീറ്റലും തുമ്മലും എല്ലാം നിറഞ്ഞു കവിഞ്ഞു അതിശാന്തസുന്ദരമായി ഒഴുകിക്കൊണ്ടിരുന്നു അവരുടെ ജീവിതനദി. 


അതിനിടയിലും ശ്രീരാമന്റെ ഉള്ളുനീറുന്നത് സീതാദേവിയറിഞ്ഞില്ല. ആരുമറിഞ്ഞില്ല! എന്തിനാണ് ആ ഉള്ളുനീറുന്നതെന്ന് വേണമെങ്കിൽ വെറുതേ ഒന്നുചോദിക്കാം. അയാൾക്ക് ഉള്ളുനീറുന്ന ഒരുകഥ പറയാനുണ്ട്. 


അത് അവളോട് പറഞ്ഞേ തീരൂ. അത് പറയാത്തിടത്തോളം കാലം അയാളുടെ ഉള്ളു നീറിയേ പറ്റൂ. ആ കഥ ദേവിയോട് പറഞ്ഞാൽ, ഒരുപക്ഷേ പതിന്മടങ്ങുശക്തിയിൽ അയാളുടെയും അതിനൊപ്പം അവളുടെയും ഉള്ളുചുട്ടുനീറാം. 


എന്നാലും, അങ്ങനെയിരിക്കേ, ശ്രീരാമചന്ദ്രൻ സീതാദേവിയോടക്കഥ പറഞ്ഞു. ആ കഥകേട്ട് അയാൾ വിചാരിച്ചതു പോലെയും നമ്മൾ വിചാരിച്ചതുപോലെയുമല്ല സംഭവിച്ചത്. അടിവയറ്റിൽ നിന്നേങ്ങിത്തെറിച്ചു പൊട്ടിത്തരിച്ച് കണ്ണുകളിലൂടെയും മുഖത്തുനിന്നുമാകെയും ഒരുപൊട്ടിച്ചിരിയായി അത് ശ്രീരാമചന്ദ്രനിൽ വന്നു വീഴുകയായിരുന്നു. 


പിന്നെ, മുഖം പരിഭവം കൊണ്ടുനിറച്ച്, കണ്ണുകളിൽ ഏറെ സ്നേഹം വാരിയണിഞ് വളരേ സൗമ്യയായി നാണത്തോടെ മന്ത്രിക്കുന്നതുപോലെ അവൾ ചോദിച്ചു;


-- "എനിക്കെന്തേ ഒരുനുറുങ്ങുകവിത പോലും എഴുതിത്തന്നില്ല!"


സൗമ്യ അക്ഷരാർത്ഥത്തിൽ ഒരു സൗമ്യതന്നെയാണ്. നിലാവുണരുന്ന രാത്രികളിലും സൗമ്യയുടെ മുഖം സൗമ്യവും പ്രസന്നവും ആയിരിക്കും. പിന്നെ പകലുകളെ അവൾ കാണുന്നത് വർണ്ണിക്കേണ്ടതുണ്ടോ !


സൗമ്യയുടെ ഭർത്താവ് വിദ്യാധരൻ ഒരു എൻജിനീയറും, കലാഹൃദയമുള്ളവനും സരസനും എന്തുകൊണ്ടും സൗമ്യക്ക് അനുരൂപനുമാണ്. സൗമ്യക്ക് അതുമനസ്സിലാക്കുവാൻ ദശാബ്ദങ്ങളും ശതാബ്ദങ്ങളും ഒരുജീവിതായ്യുസ്സുമുഴുവനും വേണ്ടിവന്നില്ല, വിദ്യാധരൻ പെണ്ണുകാണാൻ വന്ന ആ ദിവസം തന്നെ സൗമ്യ അയാളെ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടു തന്നെ, കല്യാണം കഴിഞ്ഞ അന്നുരാത്രിയിൽ തന്നെ തനിക്കുവന്ന പ്രേമകവിതകൾ അവൾ വിദ്യാധരനെ കാണിച്ചു. 


സാധാരണ മുറുമുറുപ്പ് തുടങ്ങാൻ അത് മതിയല്ലോ ! അവൾക്ക് വട്ടാണെന്ന് തീറെഴുതാനും അതുമതി. എന്നാൽ വിദ്യാധരന് അത് വളരേ രസകരമായി തോന്നി. അവർ ഒന്നിച്ചിരുന്ന് ആ കവിതകളുടെ മൂല്യങ്ങളുടെ കണക്കെടുത്തപ്പോൾ അയാൾ പറഞ്ഞു. 


-- "ഇത് വെറുമൊരു പ്രണയകവിതയല്ല, ഇതൊരാത്മാവിന്റെ നീറ്റലാണ്. "


അതുകേട്ട് സൗമ്യയുടെ മുഖത്തെവിടെയെങ്കിലും ഒരു കരുവാളിപ്പ് പടർന്നോ... !


എന്നത്തേയുംപോലെ ശ്രീരാമചന്ദ്രൻ പോയിക്കഴിഞ്ഞതിനു ശേഷം, സീതാദേവി ശ്രീരാമചന്ദ്രന്റെ കഥകളിലൂടെയും കവിതകളിലൂടെയും മറ്റൊരു ലോകത്തേക്കും പോയി. പുതിയ വാർത്തകളും പുതിയ ഓർമ്മകളുമായി അയാൾ തിരിച്ചെത്തിയപ്പോൾ അവൾ കഥാപ്രപഞ്ചത്തിൽ നിന്നും അയാളുടെ അരികിലേക്ക് ഓടിയെത്തി. 


-- "എന്നെക്കാട്ടിലും സുന്ദരിയായിരുന്നോ സൗമ്യ !"


അവിചാരിതമായി, ഇതുവരേയ്ക്കും ചോദിക്കാത്ത ആ ചോദ്യം അയാളിൽ വന്നു വീണപ്പോൾ ശ്രീരാമചന്ദ്രന്റെ മനസ്സിൽ ഒരുശക്തമായ മിന്നല്പിണറും ഒപ്പം ഒരിടിയും വീണു. ഈ ചോദ്യത്തിന് എന്തുത്തരം നൽകുമെന്ന് ആദ്യമൊന്നു ചിന്തിച്ചു. പിന്നീടെന്തു സംഭവിക്കാമെന്നും ചിന്തിച്ചു. തട്ടുംതടയും എന്തുമേൽക്കാൻ സന്നദ്ധനായി, മെല്ലെ അവളുടെ കണ്ണുകളിൽ നോക്കി മന്ത്രിച്ചു ;


-- "നിന്നോടൊപ്പം തന്നെ വരും. "


അപ്രിയമായ സത്യം പറയരുതെന്നു പ്രമാണം. പറഞ്ഞത് അപ്രിയമായ സത്യമാണോ, പ്രിയമായ സത്യമാണോ എന്താണെന്നറിയാതെ, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുകൾ അയാൾ പറിച്ചെടുത്തു. മറ്റെന്തിനൊവേണ്ടി തിരിഞ്ഞതുപോലെ തിരിഞ്ഞു. 


ബെഡ്‌റൂമിൽ ലൈറ്റ് അണച്ചിരിക്കുകയായിരുന്നെങ്കിലും, പുറത്തെ നിലാവിന്റെ ഒരംശം മുറിയിലും തളം കെട്ടിയിരുന്നു. ആ വെട്ടത്തിൽ അയാൾ അവൾ ഉറങ്ങാതെ കിടക്കുന്നതുകണ്ടു. കറങ്ങുന്ന ഫാനിലേക്ക് മിഴികൾ നോക്കിക്കിടക്കുന്നു. കൺപോളകൾ ഇടയ്ക്കിടെ അടയുകയും തുറക്കുകയും ചെയ്യുന്നുണ്ട്. എന്തായിരിക്കും അവളുടെ ചിന്തയെന്ന് അയാൾ ഊഹിച്ചുകൊണ്ടേയിരുന്നു. അവൾ തലതിരിച്ച് അയാളെയൊന്നു നോക്കി. അയാളും ഉറങ്ങുകയല്ലെന്നു കണ്ടപ്പോൾ, അവളിൽ ഗൂഢമായ ഒരു ചിരി നിറഞ്ഞു, അതൊരു തൂമന്ദഹാസമായി ആ കണ്ണുകളിലും കവിളുകളിലും മുഖത്തുമാകെയും ഒളിച്ചുകളിച്ചു. അവൾ അയാൾക്കഭിമുഖമായിട്ടു തിരിഞ്ഞുകിടന്നു. എന്നിട്ട് വളരേ വിനീതയായി ഏതോ സ്വപ്നത്തിന്റെ ബാക്കിയെന്നവണ്ണം ചോദിച്ചു ;


-- "രാമേട്ടാ, എന്നെയൊന്നു കാണിച്ചുതരുമോ? "


എന്താണ് അവളുടെ മുഖഭാവം എന്നു ചുഴിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാവാതെ അയാൾ നിർജ്ജീവമായി കിടന്നു. വീണ്ടും അവളുടെ കാതരമായ സ്വരം കാതുകളിലൂടെ കയറി മനസ്സിൽ വന്നു... 


-- "എന്തേ രാമേട്ടാ, രാമേട്ടനത് വിഷമമാവുമോ... !"


എന്താണ് പറയേണ്ടത് എന്നറിയാതെ അയാൾ വീണ്ടും കുഴങ്ങി. വിഷമമില്ലെന്നു പറഞ്ഞാലും വിഷമമാണെന്നു പറഞ്ഞാലും, പെണ്ണിന്റെ മനസ്സല്ലേ എങ്ങിനെ പ്രതികരിക്കുമെന്നറിയാതെ അയാൾ വിമ്മിഷ്ട്ടപ്പെട്ടു. എങ്കിലും പറഞ്ഞു... 


-- "ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു കാണും, സീതേ. എവിടെയാണെന്നും എന്താണെന്നും ആർക്കറിയാം... !"


പിന്നെ അവളുടെ മുഖത്തേക്കൊന്നു പാളിനോക്കി. അവളുടെ മുഖത്ത് നിസ്സംഗതാഭാവമല്ലാതെ മറ്റൊന്നുമില്ല. അയാൾക്കാശ്വാസമായി. 


-- "എന്താ നിനക്കങ്ങനെ തോന്നിയത്? "


തീരെ ശബ്ദമില്ലാത്ത പിറുപിറുക്കലായാണ് അത് അവളിൽ ചെന്നുവീണത്. അപ്പോഴും അവളുടെ കണ്ണുകൾ ഇമകളടച്ചും തുറന്നും ഫാനിലേക്കു നോക്കുകയായിരുന്നു. 


അടുക്കളയിൽ ഒരുപാത്രം വീണു ചിലമ്പി. അതിന്റെ ചിലമ്പൽ നിൽക്കുന്നതിനുമുമ്പേ വിദ്യാധരൻ വിളിച്ചുപറയുന്നത് സൗമ്യ കേട്ടു. 


-- "സൗമ്യേ, നമ്മൾ ഇന്ന് നിന്റെ നാട്ടിലേക്ക് പോകുന്നു. "


വിദ്യാധരന്റെ സ്വരവും പാത്രത്തിന്റെ ചിലമ്പലും തിരിച്ചറിയാൻ സൗമ്യക്ക് ഒട്ടുനേരം വേണ്ടിവന്നു. അവൾ പാത്രത്തെ അവിടെ ഉപേക്ഷിച്ച് ഉമ്മറത്തേയ്ക്കു ചെന്നു. അന്നത്തെ വാർത്താദിനപത്രത്തിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ. അവൾ അയാൾക്കടുത്തു ചെന്നിരുന്നു. അയാൾ പേപ്പർ മടക്കാതെ തന്നെ പറഞ്ഞു. 


-- "ഇന്നുനമ്മൾ നാട്ടിലേക്ക് പോകുന്നു. "


നിയോൺ ബൾബുകൾ നഗരത്തിലെ തിരക്കാർന്ന റോഡിൽ പ്രകാശം വാരിവിതറിയിരുന്നു. ഇവിടെ രാത്രിയാണോ പകലാണോ എന്നുതിരിച്ചറിയണമെങ്കിൽ ഒന്നുകിൽ വൈദ്യുതപ്രവാഹം നിലയ്ക്കണം അല്ലെങ്കിൽ സൂര്യനുദിക്കണം. ഒരു തേങ്ങലുപോലുമില്ലാതെയൊഴുകുന്ന കാറിൽ സൗമ്യ വിദ്യാധരന്റെ തോളിൽ ചാരിയിരുന്നു. 


പുറത്തെ കാലാവസ്ഥ തണുപ്പാണെന്ന് കാറിന്റെ ഉയർത്തിവച്ചിരിക്കുന്ന ഗ്ലാസ്സുകൾ പറഞ്ഞു. അത് മഞ്ഞടിച്ചു വ്യക്തതയെ അവ്യക്തമാക്കിയിരുന്നു. അതിൽ കൈവിരൽ കൊണ്ടുവരച്ചാൽ ആ വരകളിലൂടെ പുറംലോകം വ്യക്തമായി കാണാൻ കഴിയും. 


വിദ്യാധരന്റെ മനസ്സ് അപ്പോൾ നാട്ടിലേക്ക് ഒഴുകിപ്പരക്കുകയായിരുന്നു. താനറിയാത്ത ഒരു കഥാപാത്രം തന്നെകാത്തിരിക്കുന്നുണ്ടെന്നയാൾക്ക് തോന്നി. അത് ഈ കഥയിലെ വില്ലൻ കഥാപാത്രവും ഒരുപക്ഷേ, നായകകഥാപാത്രവുമാകാം. 


ഉറക്കത്തെ ആവാഹിച്ച കണ്ണുകളുമായി അവർ നാട്ടിലെത്തുമ്പോൾ, രാക്കോഴിപോലും തന്റെ ദൗത്യം നിർവഹിച്ചു സുഖസുഷുപ്തിയിലായിരുന്നു. അപ്പോഴും വിദ്യാധരന്റെ ചുണ്ടുകളിൽ ഒരു മന്ത്രണം പോലെ സൗമ്യക്കു കിട്ടിയ പ്രണയകവിതയിലെ വരികൾ തങ്ങി നിന്നിരുന്നു. 


കുളിയും കഴിഞ്ഞ്, ഉമ്മറപ്പടിയിൽ വന്നുപേപ്പറും കാത്തിരുന്നപ്പോഴും തനിക്കെന്നും കൊണ്ടുത്തരുന്ന ചായയും അത് നീട്ടുന്ന വളയിട്ടകൈകളും തേടി, ശ്രീരാമചന്ദ്രൻ പലതവണ തിരിഞ്ഞുനോക്കി. പേപ്പർ വന്നു. പത്രത്താളുകളിലൂടെ അയാൾ ഒന്നു ചുറ്റിക്കറങ്ങിയിട്ടും സീതാദേവിയെയും അവൾ കൊണ്ടുത്തരേണ്ട ചായയും കാണാതായപ്പോൾ അയാൾ അവളെ അന്വേഷിച്ചു മുറികളായമുറികളിലെല്ലാം തേടി നടന്നു. 


അവസാനം കിടപ്പുമുറിയിൽ അവളെ കണ്ടെത്തി. അവൾ ഉണർന്നുകിടക്കുകയാണ്, അവളുടെ കണ്ണുകളിൽ പുലർകാലത്തിൽക്കണ്ട ഏതോ സ്വപ്നത്തിന്റെ ആലസ്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അയാളെ കണ്ട് അവൾ ആ ആലസ്യത്തോടെ കൈകുത്തിയെഴുന്നേറ്റ്, മുടി വാരിക്കെട്ടി നടന്ന് മുറിക്കുപുറത്തേക്കുപോയി. 


ശ്രീരാമചന്ദ്രൻ അന്ന് തന്റെ സ്ഥാപനത്തിലേക്ക് പോയത്, സീതാദേവിയുടെ ചോദ്യങ്ങൾക്ക് മറുപടിപറയണം എന്നു കരുതിതന്നെയായിരുന്നു. അയാൾ തിരക്കിയതിലൂടെ അറിയാൻ കഴിഞ്ഞത്, അവളെ വടക്കെവിടെയോ ഉള്ള നഗരത്തിലേക്കാണ് കല്യാണം കഴിച്ചയച്ചിരിക്കുന്നത്. 


സൗമ്യ വലിയ നഗരത്തിലെ വിശേഷങ്ങൾ അച്ഛനോടും അമ്മയോടും പറയുന്നതിനിടയിലാണ് വിദ്യാധരൻ കടന്നുവന്നത്.


 -- "സൗമ്യേ, ഞാനൊന്ന് പുറത്തിറങ്ങിയിട്ടുവരാം. "


അയാൾ ഗ്രാമത്തിന്റെ തുടിപ്പുകളും വേവലാതികളും കണ്ടു നടന്നു. എങ്കിലും അയാളുടെ ചിന്തകൾ ശ്രീരാമചന്ദ്രനെക്കുറിച്ചായിരുന്നു. എവിടെ ചെന്നന്വേഷിണമെന്നറിയാതെ അയാൾ ചിന്താവിവശനായി. നിങ്ങളറിയുമോ ശ്രീരാമചന്ദ്രനെ എന്ന് കാണുന്ന ഓരോ മുഖത്തോടും ചോദിക്കണമെന്നൊരാവേശം അയാളിലേക്കോടിക്കയറി. എങ്കിലും അയാൾ സംയമനം പാലിച്ചു. 


തന്റെ ഇപ്പോഴത്തെ വേഷം കണ്ടാൽ ജനം ചിരിക്കാനും മതി. ഷേവ് ചെയ്തിട്ട് ദിവസങ്ങളോളമായിരിക്കുന്നു. മുടിവെട്ടേണ്ടകാലവും കടന്നുപോയി. സൗമ്യ ചോദിച്ചപ്പോഴൊക്കെയും പറഞ്ഞിരുന്നു, പഴനിയിൽ പോയി മുടി മുറിക്കണം, അമ്മയ്ക്കൊരു വഴിപാടുണ്ടായിരുന്നു. പക്ഷേ, ശ്രീരാമചന്ദ്രൻ എന്ന ഓർമ്മകൾക്കിടയിൽ അതെല്ലാം മറന്നുപോയി എന്നതാണ് സത്യം. 


നടന്നു നടന്ന് പട്ടണപ്രാന്തത്തിലെത്തി. ചെറിയൊരുപട്ടണത്തിന്റെ മുഖമായിരിക്കുന്നു ഗ്രാമം ഇവിടെ. എല്ലാ ബിസ്സിനെസ്സ് സ്ഥാപനത്തിലും ജനത്തിന്റെ തിരക്കാണ്. അയാൾ ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നറിയാം. ഓരോ സ്ഥാപനത്തിലും കയറിയിറങ്ങി നടന്നു. 


 തന്റെ ഷോപ്പിംഗ് മാളിൽ കയറിവന്ന അയാളെ ശ്രീരാമചന്ദ്രൻ പെട്ടെന്നുതന്നെ ശ്രദ്ധിച്ചു. തന്റെ ഉപഭോക്താക്കളോട് വളരേ വിനയത്തോടും ആദരവോടും കൂടി കാര്യങ്ങൾ തിരക്കി കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതിനിടയിലാണ്, അയാളെ കണ്ടത്. കാശിയിൽ നിന്നോ രാമേശ്വരത്തുനിന്നോ കേദാർനാഥിൽ നിന്നോ വഴിതെറ്റി വന്നതാവണം എന്നേ ആദ്യം കരുതിയുള്ളൂ. പക്ഷെ, വേഷം മാത്രം പച്ചപരിഷ്ക്കാരിയുടേത്. അയാൾ വെറുതേ ഉലാത്തുകയാണ്. ആവശ്യക്കാരനല്ലെന്നത് സ്പഷ്‌ഠം. 


ശ്രീരാമചന്ദ്രൻ അയാളുടെ അരികിൽ ചെന്നു, കുശലാന്വേഷണം നടത്തി. എന്തുവേണമെന്നന്വേഷിച്ചു. അയാളുടെ ചോദ്യം കേട്ടപ്പോൾ ആദ്യമൊന്നമ്പരന്നു. ഇതുവരെ കാണാത്തൊരാൾ തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു. താനാണയാൾ എന്നുപറഞ്ഞപ്പോൾ അയാളിലൂടെ ഉരുകിയിറങ്ങിവന്ന ഭാവമാറ്റം, കാണാതെപോയ തന്റെ ആത്മാവിനെത്തന്നെയും തിരിച്ചുകിട്ടിയതുപോലെ ആയിരുന്നു. അയാൾ തന്റെ കൈകൾ രണ്ടും കൂട്ടിച്ചേർത്തുപിടിച്ചു വളരേ സൗഹാർദപരമായി ചിരിയോടെ പറഞ്ഞു. 


-- "ഞാൻ വിദ്യാധരൻ. "


തിരിച്ചങ്ങോട്ടും ഒരു ചിരിയുതിർത്തു കൊണ്ട് ബുദ്ധിയോടാരാഞ്ഞു, 

ആരാണീ വിദ്യാധരൻ !

ബുദ്ധിപറഞ്ഞു അറിയില്ല. മനസ്സിനോടാരാഞ്ഞു, 

മനസ്സും പറഞ്ഞു അറിയില്ല. ശ്രീരാമചന്ദ്രൻ തന്നോടുതന്നെയും പറഞ്ഞു. 

അറിയില്ല ! വളരേ വിനീതനായി അയാൾ ചോദിച്ചു. 


-- "ആരാണ്... ? മനസ്സിലായില്ലല്ലോ... !"


അയാൾസ്ഥാപനം ആകെയൊന്നുകണ്ണോടിച്ചു ആരോടോ എന്നപോലെ പറഞ്ഞു 


-- "പറയാം... "


നിലാവ് പെയ്യുന്ന രാത്രിയിൽ അന്നാദ്യമായി ശ്രീരാമചന്ദ്രൻ വീട്ടിലേക്ക് നിരത്തിലൂടെ നടന്നു. മാനത്തെ നക്ഷത്രങ്ങൾ അയാളെക്കണ്ടു കണ്ണുചിന്നിച്ചു, മന്ത്രിക്കുന്നതുപോലെ പറയുന്നതുകേൾക്കായി.... ' നീ പണ്ടു കരിച്ചുകളഞ്ഞ നിഗൂഢരഹസ്യങ്ങളുടെ നെടുവരമ്പാണ്, അയാൾ, വിദ്യാധരൻ. നിനക്കയാളെ അറിയില്ലേ... ! അയാളാണ് സൗമ്യയുടെ ഭർത്താവ് !'


ആ അറിവ് ശ്രീരാമചന്ദ്രന്റെ മനസ്സിൽ ചിലമ്പിട്ടുകിടന്നു. മനസ്സ് തുടികൊട്ടി. 'വിദ്യാധരാ, നീ പറയാതെ ഞാൻ നിന്നെ അറിയുന്നു. 'ആ അറിവ് ഒരു വെളിപാടുമായി. 


ശ്രീരാമചന്ദ്രൻ പതിവില്ലാതെ നടന്നുവരുന്നതുകണ്ട, ഉമ്മറത്ത്‌ തൂണിൽ ചാരിയിരുന്ന, സീതാദേവി, തട്ടിക്കുടഞ്ഞെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. അയാളുടെ മുഖത്തെ പകുതിച്ചിരിയോടെയുള്ള ആ ഭാവം കണ്ടപ്പോൾ സമാധാനമായി. അയാൾ അടുത്തെത്തി, അവളെചേർത്തുപിടിച്ചുകൊണ്ടകത്തേക്കു കയറി. അതിനിടയിൽ അയാൾ പറഞ്ഞു :


-- "ഞാൻ ഇന്ന് പുതിയ ഒരാളെ പരിചയപ്പെട്ടു. ഞങ്ങൾ ആത്മസുഹൃത്തുക്കളായി. നാളെ വൈകുന്നേരം അയാൾക്കും ഭാര്യക്കും നമ്മുക്കൊരു വിരുന്നൊരുക്കണം." 


പറഞ്ഞുതീർന്നപ്പോഴേ സീതാദേവിക്കതു സന്തോഷമായി. ആരാണെന്നവൾ ചോദിച്ചതേയില്ല. അവൾ ഉറങ്ങുന്നതുവരേക്കും നാളെ അവർക്കു കൊടുക്കേണ്ട സദ്യവട്ടങ്ങളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു. എന്താണ് അവൾ ചിന്തിക്കുന്നതെന്ന് ശ്രീരാമചന്ദ്രൻ ചോദിച്ചതേയില്ല. 


വിദ്യാധരൻ അകത്ത്‌ ഡ്രെസ്സ്‌ മാറ്റുമ്പോൾ സൗമ്യയോട് സൗമ്യമായി പറഞ്ഞു... 


- "സൗമ്യേ, എനിക്കിന്നിവിടെയൊരു കൂട്ടുകാരനുണ്ടായിരിക്കുന്നു. എന്നെയും നിന്നേയും അയാൾ നാളെ വൈകിട്ട് വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്." 


അവൾ ഒന്നും മിണ്ടാതെ കേട്ടു നിന്നു. ആരാണെന്നവൾ തിരിച്ചു ചോദിച്ചില്ല. ആരാണെന്നയാൾ പറഞ്ഞുമില്ല. 


വിദ്യാധരനുമൊപ്പം ശ്രീരാമചന്ദ്രന്റെ വീട്ടിൽ ചെന്നിറങ്ങുമ്പോഴും സൗമ്യയുടെ മനസ്സ് സന്തോഷത്തിന്റെ സന്ധ്യയിലാണെന്ന് അവളുമറിഞ്ഞില്ല. 


കോളിംഗ് ബെല്ലിൽ വിരലമർത്തുമ്പോൾ, ഒപ്പം തന്നെ തുറന്നുകിടന്ന വാതിലിലൂടെ അവർ അകത്തേക്ക് കടന്നു. ചന്തമുള്ള ചെറിയവീട്. 


അകത്തുനിന്നും ആദ്യം കടന്നുവന്നത് സീതാദേവിയാണ്. അവൾ കൈകൾകൂപ്പി തൊഴുതുകൊണ്ട് അവരെ ഇരിക്കാൻ ക്ഷണിച്ചു. പിന്നെ, അകത്തേക്കുപോയി. 


വിദ്യാധരൻ സൗമ്യയെ ശ്രദ്ധിക്കുകയായിരുന്നു അപ്പോൾ. അവൾ ആ മുറിയിലെ ഭംഗിയുള്ള അലങ്കാരികവസ്തുക്കളെ കൺകുളുർക്കെ കാണുകയാണെന്ന് അയാൾക്ക് തോന്നി. 


ആ നല്ല രാത്രിക്ക് മംഗളം ആശംസിച്ചുകൊണ്ടാണ് ശ്രീരാമചന്ദ്രൻ അകത്തുനിന്നും ഇറങ്ങിവന്നത്. ആ കണ്ണുകളിൽ പഴയകാലത്തിന്റെ വിസ്മയം ഒളിഞ്ഞിരിക്കുന്നത് ഒറ്റ നോട്ടത്തിൽത്തന്നെ സൗമ്യ കണ്ടെത്തി. അവൾ അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അവളറിയാതെ അയാളെ തൊഴുതു. 


അയാൾ അകത്തേക്കുനോക്കി സീതാദേവിയെ വിളിച്ചു. അവൾ കടന്നുവന്നപ്പോൾ, അയാൾ അവരെ അവൾക്കു പരിചയപ്പെടുത്തി. 


അപ്പോൾ ആ മുറിയിലാകെ അയാളുടെ ആ പഴയ പ്രണയകവിതകൾ ആരോ ചൊല്ലിത്തിമിർക്കുന്നുണ്ടായിരുന്നു. 


Rate this content
Log in

Similar malayalam story from Romance