ഒരു ഹൃദയബന്ധനം
ഒരു ഹൃദയബന്ധനം
പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴയെ അവഗണിച്ചുകൊണ്ടെന്നോണം ഒരു ബസ്സ് കടന്നു വന്നു ബസ്സ്റ്റോപ്പിനടുത്തായി നിർത്തിയതും പതിയെ ഡോർ തുറന്ന് ഗൗരി പുറത്തിറങ്ങി ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നു.അവളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു.എന്നാൽ ആ ബസ്സ്സ്റ്റോപ്പ് ശൂന്യമായിരിക്കുന്നത് കണ്ടതും ഗൗരി തന്റെ സൈഡ് ബാഗിൽ നിന്നും ഫോണെടുത്ത് കോൾ ലിസ്റ്റിൽ പുതുതായി ആഡ് ചെയ്തിരുന്ന ആ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി...കുറച്ചു സമയം ബെല്ലടിഞ്ഞ ശേഷം കോൾ എടുത്തത് ഒരു പെൺകുട്ടിയായിരുന്നു.അവൾ ഹലോ എന്ന് പറഞ്ഞതും ഗൗരി ചോദിച്ചു
“വിമൽ അല്ലേ...”
“ ഗൗരിയാണല്ലേ..?
വിമൽ പറയാറുണ്ടായിരുന്നു
ഈ കൂട്ടുകാരിയെക്കുറിച്ച് ..”
അവളുടെ വാക്കുകൾ കേട്ടതും തെല്ലൊന്ന് നിശബ്ദമാവുകയായിരുന്നെങ്കിലും ഗൗരി
പറഞ്ഞു
“മ്മം...”
അതിനു മറുപടിയായി വിമൽ വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട് ഉടനെയെത്തുമെന്ന് പറഞ്ഞതും ഗൗരി തിരിച്ചൊന്നും പറയാതെ കോൾ കട്ട് ചെയ്തു. സമയം കടന്നുപോവുന്നതിനൊപ്പം ആ ചാറ്റൽ മഴയും കുറഞ്ഞു വരികയായിരുന്നു.അൽപസമയത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കാർ ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി വന്നു നിർത്തി. കാറിന്റെ ഡോർ പതിയെ തുറന്നുകൊണ്ട് വിമൽ പുറത്തിറങ്ങി.വിമലിനെ കണ്ടതും ഗൗരിയും പുറത്തേക്കിറങ്ങി. കുറേ വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടലായതിനാൽ രണ്ടുപേരും
എന്തു പറയണമെന്നറിയതെ പരസ്പരം നിശബ്ദമായി മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിമൽ പറഞ്ഞു
“നമ്മുക്ക് ഒന്ന് നടന്നിട്ട് വന്നാലോ..”
“മ്മം...”
ഗൗരി സമ്മതം മൂളിയതും അവർ പതിയെ നടക്കാൻ തുടങ്ങിയപ്പോൾ വിമൽ സംസാരത്തിന് തുടക്കം കുറിക്കാനെന്നപ്പോൽ പറഞ്ഞു.
“താൻ എന്നെ വിളിച്ചിരുന്നോ..."
“വിളിച്ചിരുന്നു”
“ഞാൻ ഫോൺ വീട്ടിൽ വച്ച് മറന്നു...”
“മ്മം...എനിക്കത് മനസ്സിലായി...”
“എത്ര വർഷം കഴിഞ്ഞാണ് നമ്മൾ കാണുന്നതല്ലേ.....”
വിമൽ അത് പറഞ്ഞതും ഒരു നിമിഷം ഗൗരി ഒന്ന് നിന്നു എന്നിട്ട് പറഞ്ഞു
“ജീവിതത്തിലെ തിരക്കുകളിൽ പെട്ടു പോയതിനാലോ,ചിലത് നഷ്ട്ടമായതിനാലോ എന്നറിയില്ല വർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല..”
ഗൗരിയുടെ ആ വാക്കുകൾ കേട്ടതും വിമൽ ചോദിച്ചു.
“തമ്മിൽ കണ്ടിട്ട് പത്ത് വർഷം അല്ലേ..”
“മ്മം....”
“താൻ എന്നെ ഓർക്കാറുണ്ടായിരുന്നോ ഗൗരി..”
അതിനു മറുപടിയായി ഗൗരി പറഞ്ഞു
“ അതിന് മറന്നെങ്കിലല്ലേ ഓർമ്മിക്കേണ്ടി വരു..."
അവളുടെ വാക്കുകൾ കേട്ടപ്പോൾ വിമൽ തെല്ലൊന്ന് മൗനമായി അത് കണ്ടതും ഗൗരി പിന്നെയും ചോദിച്ചു
“ഗീതു എന്നായിരുന്നല്ലേ അവളുടെ പേര്..”
“അതേ...,പിന്നെ ദിയ,നവ്യ എന്ന രണ്ടുമക്കൾ...”
“മ്മം...”
ഗൗരി അതിന് മറുപടി നൽകിയതും വിമൽ ചോദിച്ചു
“തന്റെ കല്യാണമൊക്കെ.....”
“ഇല്ല..ലോകം ഒരാളിലേക്ക് ചുരുങ്ങിപോയിരുന്നു...”
ഗൗരിയുടെ വാക്കുകൾ വിമലിനെ നിശബ്ദമാക്കുകയായിരുന്നു.ആ നിശബ്ദതയോടെ അവർ മുന്നോട്ട് നടക്കാൻ തുടങ്ങിയതും മഴ പതിയെ ചാറ്റി തുടങ്ങി അത് കണ്ടതും അവർ തിരികെ നടന്നു ആ പഴയബസ്സ്റ്റോപ്പിലേക്ക് കയറി നിൽക്കുകയായിരുന്നു.കുറച്ചു സമയത്തെ മൗനത്തിന് ശേഷം വിമൽ ചോദിച്ചു
“എന്തെ എന്നോട് ഒന്നും അന്ന് പറയാതിരുന്നേ...”
“ അറിയില്ല എനിക്ക്...,നിന്നോടുള്ള എന്റെ സൗഹൃദം ഞാനറിയാതെയെപ്പോഴൊ പ്രണയമായി മാറിയിരുന്നു....”
ഗൗരിയുടെ വാക്കുകളിൽ അലയടിക്കുന്ന നിരാശ വിമലറിയുകയായിരുന്നു.നിരാശ നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടതും
വിമൽ പറഞ്ഞു
“താൻ ഒരു വാക്കുപോലും പറയാതെയായിരുന്നില്ലേ അന്ന് പോയത്.., എന്റെ കല്യാണത്തിന് പോലും വരാൻ തോന്നിയില്ലല്ലോ...”
“വിമൽ ഒന്നും മനപൂർവ്വമായിരുന്നില്ല..., തന്റെ ജീവിതത്തിലേക്ക് ഗീതു കടന്നു വന്ന കാര്യം നീ പറഞ്ഞപ്പോൾ ഞാൻ പതിയെ അകലുകയായിരുന്നു നിന്നിൽ നിന്ന്...”
“എടോ... ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ....”
“പലപ്പോഴും പറയാനൊരുങ്ങിയതാണ് എന്നാൽ ഹൃദയം അത് ബന്ധിച്ചത് പോലെയായിരുന്നു...”
“വിധി അല്ലേ എടോ...”
വിമൽ അത് പറഞ്ഞതും ഗൗരി ഒരു ചെറിയ മന്ദഹാസത്തോടെ പറഞ്ഞു.
“ഞാനൊരിക്കലും വിധിയെ പഴിചാരിയിരുന്നില്ല പകരം സ്വയം ഓരോ കാരണങ്ങളെ തേടുകയായിരുന്നു..”
“ഗൗരി താൻ ഒരുപാട് മാറിയിരിക്കുന്നു, ഈ വാക്കുകളിൽ അത് വ്യക്തമാവുകയാണ്..”
“പ്രിയപ്പെട്ടൊരാളിൽ നിന്നകന്നപ്പോൾ എല്ലാം മാറുകയായിരുന്നു”
ഗൗരി പറഞ്ഞു നിർത്തിയതും ആ
വാക്കുകൾക്ക് മറുപടിയായി വിമൽ പറഞ്ഞു.
“എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി താനായിരുന്നു അന്നും എന്നും എപ്പോഴും ആ കൂട്ടുക്കാരിക്ക് പിന്നെയും എന്നെ തേടി വരാൻ ഒരു ഇൻസ്റ്റഗ്രാം മെസ്സേജ് വേണ്ടി വന്നു അല്ലേ...”
“വിമൽ സാഹചര്യമായിരുന്നു എല്ലാം മാറ്റിയത് ...”
“ഗൗരി താൻ ചിന്തിച്ചത് ഞാൻ സന്തോഷമായി ജീവിക്കാനായിരുന്നു എന്നാൽ അവിടെ നിന്റെ പ്രണയത്തെ നീ മറച്ചുവെച്ചു...”
ഗൗരിക്ക് എന്ത് മറുപടി പറയണമെന്നു പോലുമറിയില്ലായിരുന്നു അപ്പോഴാണ് ബസ്സ്സ്റ്റോപ്പിനടുത്തായി ബസ്സ് വന്നു നിർത്തിയത് അതിനാൽ തനിക്ക് പോവാനുള്ള സമയമടുത്തെന്ന് വിമലിനെ അറിയിച്ചതും വിമൽ ചോദിച്ചു
“ഇനിയെങ്ങോട്ടാണ് യാത്ര..”
“ജീവിതം കൂടുതൽ മനോഹരമാക്കുന്നതിനായി...”
അതും പറഞ്ഞ് ഗൗരി ബസ്സിലേക്ക് കയറി വിമലിനെ നോക്കി പുഞ്ചിരിച്ചു.ബസ്സ് പതിയെ നീങ്ങി തുടങ്ങി ഒപ്പം അവളുടെ പുഞ്ചിരിയും.............
End

