ബലിയാടുകൾ
ബലിയാടുകൾ
മാനത്ത് അലങ്കോലമായി കിടന്നിരുന്ന കാറുകളെല്ലാം ഓടിക്കൂടുമ്പോഴും അനന്തൻ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
രക്തം ഉറഞ്ഞു താഴുന്ന മണ്ണിൽ വിറങ്ങലിച്ചു കിടക്കുന്നു, അപ്പു. കൊന്നതാരെന്നറിയില്ല, അതൊരു കൊലയായിരുന്നു എന്നു മാത്രമേ അറിയുകയുള്ളൂ. എങ്കിലും മനസ്സിൽ നിന്നും ഒരു തീർപ്പു പോലെ ഒഴുകിയിറങ്ങി വന്നു ചിന്താമണ്ഡലത്തിൽ വന്നു ഉറച്ചു നിന്നു,
കൊന്നത് നീ... നീ, നീ തന്നെ. നീ അനന്തൻ... !
ഇന്നലെകളിലെവിടെയോ ഒരോർമ്മത്തെറ്റു പോലെ എന്നോടൊപ്പം അപ്പുവും ഉണ്ടായിരുന്നു. വടക്കെവിടെയോ നിന്ന് ആരും കാണാതെ ചാടിപ്പോന്ന് എന്നോടൊപ്പം കൂടിയവൻ.
അച്ഛനെ അവന് പേടിയായിരുന്നു. രാത്രിയിൽ മൂക്കറ്റം കള്ളും കുടിച്ചു വീട്ടിൽ കയറി വന്നു തന്നേയും അമ്മയെയും പുലഭ്യം പറഞ്ഞിരുന്നയാൾ. അയാൾക്ക് തന്നേയും അമ്മയെയും സംശയമായിരുന്നു. താൻ മറ്റാരുടെയോ മകനെന്ന് അയാൾ സംശയിച്ചിരുന്നു. അമ്മക്ക് കല്യാണത്തിനു മുൻപേ പിറന്നൊരു ജാരസന്തതിയാണ് താനെന്ന്... !
പല രാത്രികളിലും തന്റെ കണ്ണിലൂടെ പരന്നൊഴുകിയത് കണ്ണുനീരല്ലായിരുന്നു. പൊന്നീച്ചകളും രക്തത്തുള്ളികളുമായിരുന്നു. താൻ കരഞ്ഞത് വേദനിച്ചിട്ടല്ലായിരുന്നു, താൻ ഉറങ്ങിയത് വിശപ്പൊടുങ്ങിയിട്ടുമല്ലായിരുന്നു.
സ്കൂൾ ഫൈനൽ പരീക്ഷയിൽ പരീക്ഷയെഴുതാൻ എത്തിയപ്പോൾ താമസിച്ചു പോയി എന്ന കാരണത്താൽ പരീക്ഷയെഴുതുവാൻ കഴിയാതെ മടങ്ങേണ്ടി വന്നു. പിന്നെ അതും പറഞ്ഞായി അടി. അടി കൊണ്ട് പൊറുതിമുട്ടിയപ്പോൾ വീട്ടിൽ നിന്നും ചാടിപ്പോവേണ്ടി വന്നു.
ഇതെല്ലാം അപ്പു പറഞ്ഞതാണ്.
ഈ നഗരത്തിൽ അവൻ എന്റെ കൂടെ കൂടിയത് വളരേ യാദൃശ്ചികമായിട്ട് ആയിരുന്നു. ഞാൻ ജോലിക്കിടെ ഒരു യാത്രയിൽ, ട്രെയിനിൽ വച്ചാണ് അവനെ കണ്ടത്. ടി ടി ആർ നെ വെട്ടിച്ചു പിടിക്കപ്പെടാതെ ചാഞ്ഞും ചരിഞ്ഞും രക്ഷപ്പെടുന്നത് കണ്ടപ്പോൾ, അവനെ പിടിച്ചു കൂടെ നിറുത്തി.
അവൻ കുതറി മാറാൻ കുറേ ശ്രമിച്ചെങ്കിലും, ബലമായി പിടിച്ചു നിറുത്തി. ഒടുവിൽ അവൻ കൈകൂപ്പി നിലത്തിരുന്നു കെഞ്ചി പറഞ്ഞു.
"സർ, എന്നെ രക്ഷിക്കണം. ഞാനൊരു പാവമാണ്. "
കഥകൾ കേട്ടു കഴിഞ്ഞപ്പോൾ, അവന്റെ അരക്ഷിതാവസ്ഥ മനസ്സിലായപ്പോൾ, അവന് എന്റെ നാട്ടിൽ അബ്ദുവിന്റെ കടയിൽ സെയിൽസ്മാനായി പണി വാങ്ങിക്കൊടുത്തു. രാത്രിയിൽ എന്റൊപ്പം എന്റെ വീട്ടിൽ കുശിനിപ്പണിക്കാരനായി. പകലിൽ ഞാൻ ജോലിക്കു പോകുമ്പോൾ, അവനും ജോലിക്ക് പോകും.
അവൻ നല്ല ആത്മാർത്ഥതയുള്ളവനെന്നു അബ്ദു പറഞ്ഞപ്പോഴൊക്കെ ഞാൻ അയാളോട് ശ്രദ്ധിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
അവധി ദിവസങ്ങിൽ അവൻ എന്റെ കുപ്പായങ്ങൾ നനച്ചു ഇസ്തിരിയിട്ടു വയ്ക്കും. മലബാറിലെ നല്ല നല്ല ഭക്ഷണങ്ങൾ അവൻ ഉണ്ടാക്കി വയ്ക്കും. ഞങ്ങൾ രണ്ടു പേരും അതൊന്നിച്ചു കഴിക്കും. അവൻ എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറി.
അങ്ങിനെയിരിക്കെ ഒരു ദിവസം, ഞാൻ വീട്ടിലുള്ളപ്പോൾ, അവൻ റോബർട്ട് എന്നൊരാളെ എന്നെക്കൊണ്ട് പരിചയപ്പെടുത്തി. അയാൾ പല ബിസിനസ് ഉള്ള ഒരാൾ എന്നാണ് പറഞ്ഞത്. അയാൾക്ക് അപ്പുവിനെ പോലെ ഒരാളെ വേണം. ബിസിനെസ്സുകളിൽ ഒരു സഹായി.
അയാൾ അവനെപ്പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. വലിയ വലിയ വാഗ്ദാനങ്ങളാണ് അവന് നൽകിയിരുന്നത്. അവൻ അയാളോടൊപ്പം പോകാൻ ഉറച്ചതു പോലെയായിരുന്നു, പിന്നെയുള്ള സംസാരമെല്ലാം.
രാത്രി ഒന്നിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു...
"അപ്പൂ ഒന്നു കൂടി നന്നായി ആലോചിച്ചിട്ട് വേണം ഒരു തിരുമാനമെടുക്കാൻ. അബദ്ധത്തിൽ ചെന്നു ചാടരുത്. അയാളുടെ ബിസ്സിനെസ്സ് എന്തെന്നറിയണം. ഞാനും അന്വേഷിക്കാം. "
അപ്പു തിരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു...
"അനന്തേട്ടനാണ് എനിക്കെല്ലാം. എന്തു പറഞ്ഞാലും ഞാൻ കേൾക്കാം. പോകേണ്ടെന്നു പറഞ്ഞാൽ ഞാൻ പോകില്ല.
പക്ഷേ, ഈ കടയിൽ നിന്നാൽ, എനിക്കൊരിക്കലും എന്റെ അമ്മയെ അയാളുടെ അടുക്കൽ നിന്ന് രക്ഷിക്കാനാകില്ല."
എനിക്കൊന്നും പറയാനായില്ല. ഞങ്ങൾ മൗനമായിരുന്നു ഭക്ഷണം കഴിഞ്ഞു കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ അപ്പു വസ്ത്രം മാറി, എങ്ങോട്ടോ പോകുവാൻ തയ്യാറായി നിൽക്കുന്നു. അവൻ എന്റെ അടുത്ത് വന്നു പറഞ്ഞു.
"അനന്തേട്ട, ഞാൻ അയാൾ പറഞ്ഞിടത്ത് ഒന്നു പോയി വരാം. ഇപ്പോൾ പോയാൽ കട തുറക്കുന്നതിന്മുമ്പ് മടങ്ങിയെത്താം. ചായയും പലഹാരങ്ങളും മേശപ്പുറത്തു അടച്ചുവച്ചിട്ടുണ്ട്."
പിന്നെ അവൻ വന്നതേയില്ല. പിന്നൊരിക്കൽ, ഞാൻ വണ്ടിയിറങ്ങി വീട്ടിലെത്തുമ്പോൾ, അവൻ, അപ്പു, ഗേറ്റിൽ നിൽപ്പുണ്ടായിരുന്നു. ഒരു വലിയ കാറിൽ ചാരി, പോഷായി വേഷവിധാനത്തോടെ.
അന്നു തന്നെ ജോലിയിൽ പ്രവേശിക്കേണ്ടി വന്നതിനാൽ പിന്നെയിങ്ങോട്ടു വരാനായില്ല പോലും. എനിക്കും മികച്ച ജോലി വാഗ്ദാനവുമായിട്ടായിരുന്നു അവന്റെ അപ്പോഴത്തെ വരവ്. ഞാനത് അപ്പോഴേ നിരസിച്ചു. റോബെർട്ടിന്റെ ബിസിനെസ്സ് എന്തെന്നൊക്കെ ഞാൻ മനസ്സിലാക്കിയും കഴിഞ്ഞിരുന്നു.
പിന്നൊരിക്കൽ, ഞാൻ നഗരത്തിരക്കിൽ ലയിച്ചു നടക്കുമ്പോൾ എന്റെ തൊട്ടു ചേർന്നു ഒരു കാർ നിന്നു. അതിനകത്തു നിന്നും അപ്പു വിളിച്ചു.
"അനന്തേട്ടാ കയറൂ. "
എനിക്ക് കയറാൻ മടിയായിരുന്നു. അപ്പോൾ അവൻ പറഞ്ഞൂ,
"എനിക്ക് അനന്തേട്ടനോട് ചില കാര്യങ്ങൾ പറയണം. ഇനിയൊരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ... !"
അതിൽ, ഞാൻ അവനിൽ ഒരു അരക്ഷിതാവസ്ഥ കണ്ടു. ഞാൻ അവനോടൊപ്പം നഗരത്തിരക്ക് വിട്ട് ഒരു റെസ്റ്റോറന്റിൽ മുഖാമുഖം ഇരുന്നപ്പോൾ, അവന്റെ പുതിയ കഥകൾ കേട്ടപ്പോൾ, ആവശ്യമില്ലാതെയിരുന്നിട്ടും നെഞ്ചിടിപ്പൊന്നു കൂടി. അവന്റെ ജീവന് ആപത്തോ... !
അവൻ വളരേ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
"എനിക്ക് അനന്തേട്ടനോടൊപ്പം നിന്നാൽ മതിയായിരുന്നു."
അവന്റെ കണ്ണിലൂടെ ഊർന്നിറങ്ങിയ കണ്ണീർ ആ റൂമിലെ അരണ്ടവെട്ടത്തിൽ തിളങ്ങുന്നത് മാത്രം കണ്ടു. അവൻ തൂവാല കൊണ്ടത് തുടയ്ക്കുന്നതും കണ്ടു.
"റോബർട്ട് ഒരു നീചനാണ്, അയാളുടെ കാട്ടിക്കൂട്ടലുകൾക്കിടയിൽ ഞാനൊരധികപ്പറ്റായിരിക്കുന്നു. ഞാൻ തിരിച്ചു പോയ്ക്കൊള്ളാമെന്നൊരിക്കൽ അയാളോട് പറഞ്ഞു. അയാൾ സമ്മതിക്കുന്നേയില്ല. കൊന്നു കളയുമെന്ന്."
അവൻ എന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
"അനന്തേട്ടാ നിങ്ങൾക്ക് മാത്രമേ എന്നെ രക്ഷിക്കാൻ ആവുകയുള്ളൂ. "
ഭക്ഷണം കഴിച്ചു കഴിയുന്നതു വരെ അവൻ മൗനമായി തന്നെയിരുന്നു. ഇടയ്ക്കിടെ തൂവാല കൊണ്ടു മുഖം തുടയ്ക്കുന്നതും കാണാമായിരുന്നു. ആ മൗനം എന്നിൽ ഭീതി നിറച്ചിരുന്നു.
തിരിച്ചുള്ള യാത്രയിൽ എങ്ങനെ അവനെ രക്ഷിക്കാമെന്ന ചിന്തയായിരുന്നു മനസ്സു നിറയേ.
കുറേ ദിവസങ്ങൾക്കു ശേഷം എന്റെ കൂട്ടുകാരായ ഉദ്യോഗസ്ഥരെ ഞാൻ വിളിച്ചറിയിച്ചു, കുറേ ബലിയാടുകളുണ്ട് നമ്മുക്ക് ചുറ്റും. അവരെയൊന്നു രക്ഷിക്കാൻ എന്തെങ്കിലുമൊന്നു ചെയ്യണം.
അതിന് മുൻപ് അപ്പുവിനെ അവിടെ നിന്നും എങ്ങിനെ അടർത്തിയെടുക്കാം എന്നുള്ള ചിന്തകൾക്കിടയിലാണ്, അപ്പുവിന്റെ ഫോൺ വീണ്ടും വന്നത്.
"അനന്തേട്ടാ, നിങ്ങളെ കാണാൻ എനിക്കിനി പറ്റുമെന്നു തോന്നുന്നില്ല."
പെട്ടെന്ന് ഫോൺ ബന്ധം വേർപെട്ടു. പിന്നെ, അവൻ എന്നെ കാത്തു നിന്നില്ല, അവനിൽ നിന്നും ഒരു കാളും വന്നില്ല.
ഓടുന്ന കാർ ആശുപത്രിയോടടുക്കുകയായിരുന്നു. അപ്പുവിന്റെ നിർജീവമായ ശരീരം എന്റെ മടിത്തട്ടിൽ കിടന്നാടുന്നു. പേടിച്ചരണ്ട അവന്റെ കണ്ണുകൾ ഇപ്പോൾ അടഞ്ഞിരിക്കുന്നു. രക്തം എന്റെ വസ്ത്രത്തിൽ ഉണങ്ങിയിരിക്കുന്നു.
