STORYMIRROR

Shimitha Ravi

Drama Children

4  

Shimitha Ravi

Drama Children

ഇനിയേഴ് ജന്മവും

ഇനിയേഴ് ജന്മവും

1 min
211

അമ്മയെന്നാലൊരു വാക്കല്ല കേവലം,

അന്താരാളങ്ങളെ തഴുകുന്ന സാന്ത്വനം

കാതങ്ങൾ ദൂരെയാണെങ്കിലുമെന്നിലെ

നോവിൻ പ്രകമ്പനമറിയുന്നൊരാത്മാംശം


അരങ്ങിൽ തിളങ്ങുവാനാശയില്ലാഞ്ഞിട്ടോ

അണിഞ്ഞൊരുങ്ങുവാനിഷ്ടമില്ലാഞ്ഞിട്ടോ

ഓർമയിൽ തെളിയുന്ന രൂപത്തിനെപ്പോഴും

അടുക്കളച്ചുവരിലെ കരിതീർത്ത ചമയങ്ങൾ


ഒട്ടിയ കവിളിൽ നിന്നെന്നോ മറഞ്ഞതാം

കുങ്കുമരാശിയെ ഓർക്കാത്തോരെന്നമ്മ

പൊഴിയുന്ന മുട്ടോളമെത്തും തലമുടി

ചീകിയൊതുക്കാൻ മെനക്കെടാതെന്നമ്മ


 അർപ്പണമായിരുന്നെന്നുമാ ജീവിതം

ഞങ്ങൾക്കായൊരു സ്വർഗം ഭൂമിയിൽ തീർക്കുവാൻ

സ്വന്തം സുഖവും സ്വപ്നവും മോഹവും

എല്ലാം ത്യജിച്ചൊരു മെഴുകിൻതിരിപോലെ


കാച്ചെണ്ണയുണ്ടാക്കി നെറുകയിൽ പകരുന്നു

എല്ലിച്ച കൈകളാൽ കവിളിൽ തലോടുന്നു

നല്ലൊരു കറിപോലും ഇഷ്ടമില്ലെന്നോതി

ആ പങ്കുമെൻ ചോറിൽ കുടയുന്നുവെന്നമ്മ


പിച്ച വക്കും നാളിൽ കൈപിടിച്ചൂ, വേച്ചു-

വീഴും ചുവടിലെ കൈതാങ്ങുമായ്

വളർച്ചതൻ പടവുകൾ താണ്ടുന്ന നേരത്ത്

 തണലായ് സുരക്ഷതൻ പര്യായമായ്


കുഞ്ഞിത്തുടയിലെ നോവാത്തൊരടികളിൽ

 പാഠങ്ങളേറെ പകർന്നു തന്നൂ

 ശൈശവം, കൗമാരം, യൗവനം-താണ്ടിയും

ഇന്നുമാ ജീവിത പുസ്തകം മാറാതെ


പെണ്ണാണ് നീയെന്ന ഓർമ്മപെടുത്തലിൽ ദൗർബല്യമില്ലെന്നറിഞ്ഞു ഞാനും

ഉണരാനും പൊരുതാനും അർജുനനോടോതും

കൃഷ്ണന്റെ തേജസ്സു കണ്ടു ഞാനും


കടമകൾ ഭംഗിയായ് പൂർത്തിയാക്കീടാനും

നേരായ മാർഗങ്ങൾ മാത്രമവലംബിക്കാനും

വിദ്യാധനത്താൽ ബലശാലിയാവാനും

ഓതുന്നൊരമ്മയെയറിയാതെ പോയില്ല ഞാൻ


അമ്മയാൽ കഴിയാതെ പോയൊരാ സ്വപ്‌നങ്ങൾ

എന്നാലേ സക്ഷാത്കരിച്ച നേരം

അമ്മതൻ കണ്ണിൽ നിന്നുതിർന്നൊരാനന്ദാശ്രു

ഇന്നുമെൻ നെഞ്ചിൽ നിറഞ്ഞു നിൽക്കേ


ഒന്നേ പറയുവാനുള്ളൂയെന്നമ്മേ നീയില്ലായിരുന്നെങ്കിലീ ഞാനുമില്ല

നിന്നിലെ പോരാളി തന്റെ തൃഷ്ണ വളർന്നതെന്നുള്ളിലെ സ്വപ്നങ്ങളായ്

ഉമ്മറപ്പടി താണ്ടാൻ ഭയന്നൊരീ ഞാ -നിന്നു വാനിൽ സ്വതന്ത്ര പറവയായീ

പതറാത്ത ചുവടോടെ മുന്നേറും പാതയിൽ

നിൻെറയാ പുഞ്ചിരിയാണെന്റെയൂർജ്ജം

പുനർജന്മമുണ്ടോയെന്നറിയില്ലയെങ്കിലും

ആഴ്ചതോറും ചെല്ലും തിരുനടയിൽ


ഒന്നേ ചോദിക്കാനുള്ളൂയേഴുജന്മത്തിലും

ഈയമ്മ തൻ കുഞ്ഞായ് പുനർജനിക്കാൻ...

കുഞ്ഞായിരുന്നാൽ മതിയെനിക്കെന്നും

നിൻ ചിറകിൻ ചൂടിൽ പിരിഞ്ഞിടാതെ

കുട്ടികുറുമ്പുകൾ കാട്ടിനിൻ പിന്നിലായ് ഇനിയും ചിണുങ്ങാൻ കൊതിയാണമ്മേ...!!


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Drama