തനിച്ച്
തനിച്ച്
#SeedhiBaat
അമ്മച്ചിയുടെ കണ്ണുകളിൽ നിന്നും ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ തുടയ്ക്കാൻ എബിമോന്റെ മനസ് വല്ലാതെ കൊതിച്ചു... അമ്മച്ചി കരയുന്നത് കണ്ടപ്പോൾ സെലിൻ കൊച്ചും കരയാൻ തുടങ്ങി...
"എടി.. നീ കരയാതെ..അമ്മച്ചിയെ ആശ്വസിപ്പിക്ക്..."
പൊന്നുപെങ്ങളെ അവൻ ശകാരിച്ചു.
"കരയല്ലേ... അമ്മച്ചി..."
എബിമോൻ അമ്മച്ചിയോട് സങ്കടത്തോടെ അപേക്ഷിച്ചു...
പക്ഷേ .., അവൻ പറഞ്ഞത് അമ്മച്ചി കേട്ടില്ല...
പൂത്തുലഞ്ഞു നിന്ന കടലാസു റോസാച്ചെടികളിൽ കൂടുകൂട്ടിയ തേൻ കുരുവികൾ അമ്മച്ചിയുടെ കരച്ചിൽ കേട്ട് ഉറക്കെ ചിലച്ചു ബഹളം തുടങ്ങിയത് അവൻ ശ്രദ്ധിച്ചു. ആ പക്ഷികളും ഈ ദുഃഖത്തിൽ പങ്കു ചേർന്നതാകാം... അവനോർത്തു...
ഒരു കടലോളം ദുഃഖം ഉള്ളിലടക്കിപ്പിടിച്ചു നിന്ന അപ്പച്ചന്റെ തോളിലേക്ക് അമ്മച്ചി തല
ചായ്ച്ചു നിന്നു... കത്തുന്ന മെഴുകുതിരി നാളങ്ങളെ കാറ്റു കവർന്നു കൊണ്ടുപോകാൻ ശ്രമിക്കുന്നത് എബിമോൻ കണ്ടു... താനും ഇതുപോലൊരു തിരിനാളം ആയിരുന്നെന്ന് അവനോർത്തു.
"വാ ...പോകാം..."
കുറച്ചു സമയത്തിന് ശേഷം അപ്പച്ചൻ അമ്മച്ചിയോട് പറഞ്ഞതു കേട്ട് എബിമോന്റെ ഉള്ളു പിടച്ചു..
"എനിക്ക് ഇവിടെ ഒറ്റക്കു കഴിയാൻ ഭയമാണ് അപ്പച്ചാ..."
എബിമോൻ പറഞ്ഞു. അപ്പച്ചൻ അതു കേട്ടില്ല...
തേൻ കുരുവികൾ വീണ്ടും ഉറക്കെ ചിലയ്ക്കാൻ തുടങ്ങി..
നടന്നു പോകുന്ന അപ്പച്ചനേയും അമ്മച്ചിയേയും സെലിൻ കൊച്ചിനേയും നോക്കി നിന്ന് എബിമോൻ ഉറക്കെ പൊട്ടിക്കരഞ്ഞു... ആരും കാണാത്ത, ഇനി ഒരിക്കലും ആരും കേൾക്കാത്ത കരച്ചിലായിരുന്നു അത്...
അവന്റെ കല്ലറക്കു മുകളിൽ വീണ അമ്മച്ചിയുടെ കണ്ണുനീർ തുള്ളികളിൽ സ്നേഹത്തിന്റെ ചൂട് പിന്നേയും ബാക്കി നിന്നു...