SUDHEESH DAMODAR

Romance Tragedy

3  

SUDHEESH DAMODAR

Romance Tragedy

പൂർണതയിൽ എത്തിയ അപൂർണ വരികൾ

പൂർണതയിൽ എത്തിയ അപൂർണ വരികൾ

2 mins
203


ചുമരിലെ പഴയ നാഴിക മണിയുടെ ശബ്ദം കേട്ടാണ് മനു ഞെട്ടി ഉണർന്നത്. വെളിച്ചത്തിനു കടന്നു വരാൻ സാധിക്കാത്ത വിധം ചുറ്റും ഇരുട്ട് തങ്ങി നിറഞ്ഞു നിന്നിരുന്നു.വൈകുന്നേരം പെയ്തിറങ്ങിയ മഴത്തുള്ളികൾ ഇപ്പോഴും ചായ്‌പ്പിലെ തകരു ഷീറ്റിൽ നിന്നും ഇറ്റ് വീഴുന്നുണ്ട്. തുറന്നിട്ട ജാലകത്തിലൂടെ പതിയെ തണുത്ത കാറ്റ്‌ കടന്നു വന്നു അവനെ തലോടികൊണ്ടിരുന്നു. 


ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ.. കണ്ണുകൾ അടച്ചു പിന്നെയും അവൻ എന്തൊക്കെയോ ഓർത്തു കിടന്നു. ചിന്തകളിൽ പൂക്കുന്ന രാത്രി മുല്ലകൾക്ക് ഈയിടെ ആയി പഴയ ഗന്ധം ഇല്ലാതായിരിക്കുന്നു. ഓർക്കാൻ ഇഷ്ടപ്പെടാത്തത് എന്തോ മനസ്സിൽ കിടന്നു പുറത്തു വരാൻ അലമുറയിട്ട് കരയുന്നത് പോലെ. ഓർമകളെ ബന്ധിച്ചു വെച്ച ഹൃദയ അറകളുടെ വാതിൽ എപ്പോഴോ തുറന്നു നോക്കണമെന്ന് കരുതാറുണ്ട് എങ്കിലും ആരുടെയോ വാക്കുകളിൽ കുരുങ്ങി കിടക്കാറാണ് പതിവ്. 


കാറ്റിൻ തണുപ്പ് കൂടി വരുന്നു... മഴത്തുള്ളികൾ വീണ്ടും ശബ്ദത്തോടെ മണ്ണിനെ ചുംബിക്കുവാൻ പതിക്കുന്നു.. പതിയെ തന്റെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവൻ ആ നാലുകെട്ടിന്റെ ഇടുങ്ങിയ വഴിയിലൂടെ നടന്നു ചെന്നു എഴുത്തു പുരയിലേക്ക് എത്തി നോക്കി. കുറെ കാലമായി തിരിഞ്ഞു നോക്കാതിരുന്നതിനാൽ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ആ മുറി ഇന്ന് ചിലന്തികളുടെയും കടവാവലുകളുടെയും താവളമായി മാറിയിരിക്കുന്നു. ഒരു പക്ഷേ തന്റെ മനസു പോലെ തന്നെ. 


  മുഷിഞ്ഞ ആ മുറിയിൽ പോലും തന്റെ തിരിച്ചു വരവിനായി ഇന്നും കാത്തിരുന്നത് പോലെ അവന്റെ പാദങ്ങൾ പതിഞ്ഞതും എങ്ങുനിന്നോ പാതി മുറിഞ്ഞൊരു കടലാസ് കഷ്ണം കാറ്റിൽ പറന്നു വന്നവന്റെ കാലിൽ വീണു. കൈയിലെ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ അതെടുത്തവൻ വായിച്ചു..

  എന്റെ നുണക്കുഴി പെണ്ണ്.

  അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. തൂലികയുടെ മുനയൊടിച്ചു കൊണ്ട് പണ്ട് താൻ എഴുതിയ.. മുഴുമിപ്പിക്കുന്നതിനു മുൻപേ കാലം തട്ടി തെറിപ്പിച്ച പ്രിയപ്പെട്ട സ്വപ്‌നം.. അടച്ചിട്ട മുറിയിലെ വാതിലുകൾ കാറ്റിൻ ശക്തിയിൽ അടിച്ചു തുറന്നു. അതോടൊപ്പം കാലങ്ങളായി മൂടി വെച്ച മനസിലെ ഓർമകളും..

മിന്നൽ വെളിച്ചത്തിൽ ചുമരിൽ തെളിഞ്ഞതായ രൂപം അവന്റെ കണ്ണുകളിൽ ഉടക്കി. ഇന്നും മനസ്സിൽ കോറിയിട്ട സുന്ദര മുഖം. അത് അവനെ നോക്കി ചിരിക്കുന്നു.. ആ ചിരിയിൽ തെളിഞ്ഞു നിന്ന അവളുടെ ചുണ്ടോരം ഉള്ള കറുത്ത മറുകും.. കവിളിൽ തെളിഞ്ഞ നുണക്കുഴിയും വീണ്ടും അവനെ പ്രണയത്തിൻ ലില്ലി പൂക്കൾ വിടർന്നൊരാ താഴ്‌വാരത്തിലേക്ക് കൂട്ടി കൊണ്ട് പോകാൻ വരുന്നതായി അവനു തോന്നിയിരുന്നിരിക്കാം.. 


ദൂരെ നിന്നും കാപ്പി പൂത്ത മണം.. പൊടി പിടിച്ച മേശയിന്മേൽ റാന്തൽ വെച്ചു അവൻ കസേരയിൽ ഇരുന്നു.. ദൂരെ നിന്നും തന്നിലേക്ക് നടന്നു വരുന്ന കോലുസിന്റെ താളം അവന്റെ കാതിൽ മുഴങ്ങികൊണ്ടിരുന്നു.. അവന്റെ ഹൃദയം അതിനൊത്ത് മിടിച്ചുകൊണ്ടേയിരുന്നു. കണ്ണടച്ച് കൊണ്ട് ഇരുന്ന അവന്റെ കൈകളെ പതിയെ ആരോ ചേർത്ത് പിടിക്കുന്നതായി തോന്നി നിറഞ്ഞ കണ്ണുകൾ തുറക്കാതെ തന്നെ അവന്റെ അധരങ്ങൾ അവളുടെ പേര് വിളിച്ചു..

  "ശ്രേയ...

നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് ആ കൈകൾ അവന്റെ കവിളിൽ തലോടിയതും പതിയെ കണ്ണുകൾ തുറന്നു നോക്കിയവന് പ്രണയത്തിൻ നിറഞ്ഞ പുഞ്ചിരി നൽകികൊണ്ട് തന്നോട് ചേർന്നിരിക്കുന്ന ഒരു നാൾ തന്റെ എല്ലാമെല്ലാം ആയിരുന്നവളെ ആണ് കണ്ടത്.

അന്നും അവളുടെ ചുരുണ്ട മുടികൾ കവിളോരം തൂങ്ങി കിടന്നിരുന്നു. 


കോരി ചൊരിയുന്ന ആ മഴയിൽ റാന്തൽ വെട്ടത്തിൽ കൈയിൽ ചുറ്റി പിടിച്ചു തോളോട് ചാരി കിടന്നു കൊണ്ട് അവന്റെ കൈയിൽ ഉണ്ടായിരുന്ന ആ കടലാസ് അവൾ മേശയിൽ വെച്ചശേഷം അവന്റെ കണ്ണുകളിലേക്ക് നോക്കി.

അവളുടെ ആ മൗനവും നോട്ടവും മതിയായിരുന്നു എപ്പോഴോ എഴുതാൻ കൊതിച്ച അപൂർണമായ ആ വരികളെ പൂർത്തീകരിച്ചു കാണാൻ ആയിരുന്നു അവൾ ആഗ്രഹിച്ചത് എന്ന് മനസിലാക്കാൻ. അതുകൊണ്ട് തന്നെ മറുത്തൊന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ഏറെ കാലമായി മനസ്സിൽ മൂടി വെച്ച വാക്കുകളെ തൂലികയിലൂടെ അവൾക്കായി വീണ്ടും ജന്മം നൽകി കൊണ്ട് ആ കടലാസ് അവൾക്കു തിരിച്ചു നൽകി. അതിലെ വരികൾ വായിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

  പതിയെ അവൾ എഴുന്നേറ്റ് അവന്റെ മുടിയിൽ തലോടി നെറ്റിയിൽ ചുടു ചുംബനം നൽകി. അവളുടെ കണ്ണുനീരുകൾ അവന്റെ കണ്ണുകളിൽ ഇറ്റ് വീണു.. അത് അവന്റെ കണ്ണുനീരിനോടൊപ്പം ആ വരികളിൽ വീണു കുതിർന്നു.

   

   മഴയുടെ ശക്തി കുറഞ്ഞു.. മണ്ണിൻ മണത്തിനോടൊപ്പം അവളുടെ ഗന്ധവും അവൻ ശ്വസിച്ചു.. അവന്റെ ശരീരം മുഴുവൻ തണുത്തുറയുന്നതു പോലെ അവനു തോന്നി. ആ ചുംബനങ്ങൾ ഏറ്റു വാങ്ങി.. അവളുടെ ഗന്ധം നിറച്ചു കൊണ്ട് നിശ്വാസമില്ലാതെ അവളുടെ കൈ കോർത്തു പിടിച്ചു കൊണ്ട് അവനും യാത്രയായി.. തന്റെ അവസാന വരികളിൽ നിറഞ്ഞു നിന്നുകൊണ്ട്.... മരണത്തെ പുൽകികൊണ്ട് അവരിരുവരും പ്രണയനിർവൃതിയിൽ ഒന്നായ് അലിഞ്ഞു.



Rate this content
Log in

Similar malayalam story from Romance