SUDHEESH DAMODAR

Romance

4  

SUDHEESH DAMODAR

Romance

മുനയൊടിഞ്ഞ എഴുതാണി

മുനയൊടിഞ്ഞ എഴുതാണി

2 mins
401



   

   എന്നാണ് അക്ഷര കൂട്ടങ്ങൾ ജീവിതത്തിൽ നിലയുറപ്പിച്ചതെന്നു ഓർത്തെടുക്കുവാൻ ശ്രമിക്കുന്നന്തോറും മനസ് അസ്വസ്ഥതയുടെ നിലയില്ലാ കയത്തിലേക്കു ദിനം പ്രതി കൂപ്പു കുത്തികൊണ്ട് ഒന്നിലും നിലയുറയ്ക്കാതെ.. പിടിച്ചു കയറുവാൻ ഒരു കച്ചിതുരുമ്പ് പോലും കണ്ടെത്താൻ കഴിയാത്ത വിധം വീണുകൊണ്ടിരിക്കുകയാണ്. എന്നോ എന്നിൽ നിറഞ്ഞ നീയെന്ന പ്രണയം എന്നിൽ ഒന്നായ് ചേർന്ന നിമിഷം നിന്നെക്കുറിച്ചു വർണിച്ച അതെ അക്ഷരങ്ങൾ തന്നെ ഇന്നെന്റെ മനസിനെ മുറിവേല്പിച്ചു കൊണ്ട് ഓരോ രാത്രിയുടെയും വിരിമാറു പിളർന്നു കൊണ്ടു പിറവികൊള്ളുന്ന നിമിഷങ്ങളിൽ രാത്രിയുടെ കൂരിരുട്ടിനേക്കാൾ അന്ധകാരം എന്റെ നിദ്രയെ എന്നിൽ നിന്ന് അകറ്റി കളയുന്നു.

    

      നിനക്കായ് കരുതിയ ഹൃദയത്തിൽ നിനക്കായ്‌ കാത്തുസൂക്ഷിച്ച അക്ഷരങ്ങളുടെ നിർവൃതി അടയുവാനായി എന്നോ നിറച്ചൊരെൻ എഴുതാണിയിലെ മഷി വറ്റിപോയിരുന്നതായി പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്തോറും ഹൃദയ രക്തം ഊറ്റി കുടിച്ചു ചിരി തൂകി നിൽക്കുന്ന ചുടല യക്ഷി രൂപം മാറിയത് പോൽ കറുപ്പ് നിറഞ്ഞ കടലാസുകളിൽ അർഥം അറിയാൻ ശ്രമിക്കാതെ ഹൃദയ സ്പന്ദനത്താൽ നിറയുന്ന വാക്കുകൾ പിറവി കൊള്ളുന്നു.. രക്തത്തിന്റെ രൂക്ഷ ഗന്ധം നിറച്ചു കൊണ്ട് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിൽ എവിടെയോ വീണ്ടെടുക്കാൻ കഴിയാതെ നഷ്ട്ടപെട്ട മണൽ തരിപ്പോലെ.. കൂട്ടി ചേർക്കുവാൻ കഴിയാത്ത വിധം ഉടഞ്ഞ സ്പടിക പത്രത്തിൽ തെളിയുന്ന പൂർണ ചന്ദ്ര ബിംബം പോലെ.

   ഇന്നെന്റെ രാത്രികളോട് എനിക്ക് എന്തെന്നില്ലാത്ത ഭയം തോന്നുന്നു. നഷ്ടങ്ങളുടെ കൂമ്പാരത്തിൽ കയറി നിന്നു കൊണ്ടു എന്റെ നേരെ അക്ഷര കൂട്ടങ്ങൾ പുച്ഛം നിറഞ്ഞ മുഖത്താൽ ചിരിക്കുന്നു. അവയുടെ ഏറ്റവും താഴെ ശ്വാസം മുട്ടികൊണ്ട് എന്നോ ഞാൻ ജനിപ്പിച്ച പ്രണയാക്ഷരങ്ങൾ വാവിട്ടു നിലവിളിക്കുന്നു.. ഒരിറ്റ് ശ്വാസത്തിനായ് കേഴുന്നു.. അവയുടെ തൊണ്ടകുഴലിൽ ആഞ്ഞു ചവിട്ടുന്ന കാൽപാദത്തിൽ ഞെരിഞ്ഞമർന്നു കൊണ്ടു ശബ്ദം പുറത്തു വരാത്ത രീതിയിൽ.. ഒന്നുറക്കെ കരയാൻ കഴിയാതെ കണ്ണുനീർ പൊഴിക്കുന്നു. ദയനീയ സ്വരത്തിൽ എന്തിനായ് എന്നെ നിന്റെ തൂലികയാൽ ജനിപ്പിച്ചു എന്ന് നിറ കണ്ണുകളാൽ ചോദിച്ചു എന്നെ കൊല്ലുന്നത് പോലെ.


   മറവിയുടെ കൂട്ട് തേടി അലഞ്ഞ ഓരോ പകലിലും.. ഓരോ കാഴ്ചയിലും എന്നോ സ്വപ്നം കണ്ടൊരു ദിനങ്ങൾ തെളിഞ്ഞു നിൽക്കുന്നു. ചുണ്ടിൽ എരിയുന്ന ചുരുട്ടിൽ നിറയുന്ന പുകച്ചുരുളുകളിൽ നീയെന്നെ സത്വം കണ്മുന്നിൽ നിറഞ്ഞാടുന്നു. ഒളിച്ചോട്ടം ആഗ്രഹിച്ചു കുടിച്ചു വറ്റിച്ച ലഹരിയുടെ ഒഴിഞ്ഞ കുപ്പികളിൽ നീയെന്നെ പ്രണയം നിറച്ചു വീണ്ടും നുകരാൻ കൊതിപ്പിക്കുന്നു. കരളു കത്തുന്ന നീറ്റലിൽ നീയെന്നെ പ്രണയവും കത്തിയമരുമെന്ന ചിന്തയാൽ മോന്തിയ മദ്യത്തിൻ രുചിയിൽ വീണ്ടും പ്രണയം തഴച്ചു വളർന്നെന്റെ ഹൃദയത്തെ വരിഞ്ഞു മുറുക്കികൊണ്ട് എന്നോട് പ്രതികാരം ചെയ്യുന്നു.. കരഞ്ഞു കണ്ണുനീർ വറ്റിയ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിലൂടെ ധമനികൾ പൊട്ടി രക്തം ഒഴുകിയിറങ്ങുന്നുണ്ട് എന്നിരുന്നാലും നീ നിന്റെ ഓർമകളാൽ വീണ്ടും എന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു കൊണ്ടേയിരിക്കുന്നു.


   നിദ്രയെ പുൽകാൻ കൊതിച്ചു അടയ്ക്കുന്ന മിഴികളിൽ ഇന്ന് അർഥ ശൂന്യമായ ചിന്തകളും കാതടപ്പിക്കുന്ന ശബ്ദങ്ങളും പേടിപ്പെടുത്തുന്ന രൂപങ്ങളും നിറച്ചു എന്നുമെന്റെ നിദ്രയെ എന്നിൽനിന്ന് അകറ്റി നിർത്തി അവിടെയും നീ എന്നോട് പ്രതികാരം ചെയുന്നു.

  ഉള്ളിലേരിയുന്ന അഗ്നി തൻ ചൂടിൽ വെന്തുരുകവേ മണ്ണിൽ പതിക്കുന്ന മഴനീർ തുള്ളികളിൽ നനയാൻ ഇറങ്ങുന്ന ഓരോ നിമിഷവും എന്നിൽ നിന്നും കാർമേഘ മഴകളെ പോലും സ്വന്തമാക്കുവാൻ വിടാതെ.. ആശ്വാസതിൻ ദാഹജലം പോലും തരാത്തെയെന്നെ യാചകനായി അലയാൻ വിട്ടു അതുകണ്ടു രസിക്കുന്ന നിന്റെ പുഞ്ചിരി ഇന്നും എന്റെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു. 


   ഓരോതവണ നീയെന്നോട് പ്രതികാരം ചെയ്യുമ്പോഴും നിന്നെ നിറച്ചുകൊണ്ട് എന്റെ എഴുതാണിയിൽ നിന്നും ജന്മം കൊള്ളുന്ന അക്ഷരങ്ങളിൽ എന്നും പ്രണയത്തിൻ രുചി നിറഞ്ഞിരുന്നതിനാലാവാം എന്നുമവയെ യെന്റെ ഓർമ്മകൾ ഇത്രയേറെ സ്നേഹിച്ചു കൊണ്ടിരിക്കുന്നത്.. അതിലൂടെ നിന്നോടുള്ളയെൻ പ്രണയവും മധുരമുള്ളതായി മാറുന്നത്.

   

   നഷ്ടങ്ങളുടെ പതം വന്ന പൂഴി മണ്ണിൽ രക്തം നിറച്ചു ഞാൻ എഴുതിയെൻ എഴുത്താണിയുടെ മുനയിന്നു ഹൃദയത്തിൽ ജ്വലിക്കുന്ന നിന്നോടുള്ള പ്രണയ ചൂട് താങ്ങുവാൻ കഴിയാതെ ഉരുകി ഒടിഞ്ഞു പോകാൻ തുടങ്ങുന്നതായി മനസിന്റെ ഏതോ കോണിലിരുന്നു ആരോ പറയുന്നതായി കേൾക്കുമ്പോഴും.. കാറ്റേറ്റ് കെടാൻ തുനിയുന്ന ജീവന്റെ തുടിപ്പ് ചലനമറ്റത് ആകുവാൻ പോകുന്നെന്ന് പറയുമ്പോഴും നിറഞ്ഞ മനസോടെ.. കാമം തൊട്ടു തീണ്ടാത്ത ഹൃദയത്തോടെ.. നിനക്കായ് എന്റെ പ്രണയാക്ഷരങ്ങളെ എന്റേയീ മുനയൊടിഞ്ഞ എഴുതാണിയാൽ ഇന്നിന്റെ വിണ്ണിലേക്കു തുറന്നു വിടുന്നു. എന്നെങ്കിലും ഒരിക്കൽ നിന്റെ പ്രതികാരാഗ്നിയിലെന്നെ പൂർണമായി ദഹിപ്പിക്കുമ്പോഴും അന്നും നിന്നെ ഞാൻ സ്നേഹിച്ചിരുന്നെന്നു അറിയുവാനായ് മാത്രം. 


                    


Rate this content
Log in

Similar malayalam story from Romance