Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Binu R

Drama Classics


3  

Binu R

Drama Classics


പതിവ്രത

പതിവ്രത

3 mins 159 3 mins 159

രാമചന്ദ്രൻ കാറിൽ നിന്നിറങ്ങി വീട്ടിലേക്കുനടന്നു, പിറകെവന്ന ലക്ഷ്മണനെ ഗൗനിക്കാതെ. ചിന്തകൾ അയാളുടെ തലയ്ക്കു മുകളിലൂടെ പാറിപ്പറന്നു, ഒരു മൂളിപ്പാട്ടോടെ. അച്ഛനോടെന്തുപറയും, അമ്മയോടെന്തുപറയും എന്ന ചിന്തകളായിരുന്നു അതുമുഴുവൻ...


അന്ന്, വയനാട്ടിലെ തോട്ടത്തിലേക്ക് സീതയെയും കൊണ്ടു പോകുമ്പോൾ അച്ഛനും അമ്മയും ആവുന്നത് പറഞ്ഞതാണ്, നാട്ടിലെപ്പോലെയല്ല. അവിടെ നാനാജാതി കാട്ടുവർഗക്കാരും, രാക്ഷസരെയും ഗൗനിക്കാത്ത മാവോവാദികളും, നല്ലവരെപ്പോലും മാനിക്കാത്ത നക്സലേറ്റുകളും ഉണ്ടെന്ന്. അന്നത് വകവെച്ചില്ല. കൂട്ടിനായി അനുജൻ ലക്ഷ്മണനെ മാത്രം കൊണ്ടുപോയി. 

   

അവിടെ ചെന്നപ്പോൾ കാപ്പിപ്പൂക്കളുടെ മണവും നാനാജാതി മൃഗസഞ്ചയങ്ങളും പുള്ളിമാനുകളെയും കണ്ടപ്പോൾ സീതയും ആ യാത്രയുടെ ലഹരിയിൽ ആറാടി. ഉൽക്കാടുകളിലേക്കുപോകുവാൻ അവൾക്കായിയുന്നു കൂടുതൽ ഉത്സാഹം. പലപ്പോഴും സീതയുടെ തീരുമാനങ്ങൾക്ക് കൂട്ടുപിടിക്കുന്നതിന്, ലക്ഷ്മണൻ തന്നെ പഴിച്ചിട്ടുണ്ട്. ഇതപകടത്തിലേക്കാവുമെന്ന് മുന്നറിയിപ്പും തന്നിട്ടുണ്ട്. 


പക്ഷേ, അന്ന് കാട്ടിലെ മൂപ്പനെന്നു പറയപ്പെടുന്ന ഒരാൾ ഒരാനയെയും കൊണ്ടുവന്ന് ഉൾക്കാട്ടിലേയ്ക്ക് പോകാമെന്നു പറഞ്ഞു. അന്ന് തനിക്ക് എസ്റ്റേറ്റിൽ കൂടുതൽ പണിത്തിരക്കായിരുന്നു. 


ലക്ഷ്മണനെ കൂട്ടി സീതയെ വിടാമെന്ന് ആദ്യം വിചാരിച്ചു. പക്ഷേ, ആ സമയത്ത് അയാൾ തോട്ടത്തിൽ പണിക്കാരുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. 


അയാൾ, യാത്ര പിന്നെയാവാമെന്ന് സീതയോടുപറഞ്ഞു. സീതക്ക് അത് നിരാശയായി. അവൾ പോകാനായി നിർബന്ധിച്ചു. അവൾ വളരെയധികം ആഗ്രഹിച്ച കാര്യമാണതെന്നു പറഞ്ഞു. 


ഈ സമയം മൂപ്പൻ പറഞ്ഞു, 

-- "ഞാൻ ഒരുപോറലും കൂടാതെ കൊണ്ടുപോയേച്ചും വച്ചു കൊണ്ടുവരാം."


പിന്നെയും സീത നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. മൂപ്പൻ അവളെ ആനപ്പുറത്തേറ്റി, കൊണ്ടുപോയി. 


ഉച്ചകഴിഞ്ഞും സീതയെ കാണാതെയായപ്പോൾ മനസ്സൊന്നു കലങ്ങി. പലരോടും ചോദിച്ചു. അവരൊക്കെത്തന്നെ പറഞ്ഞു, ആനയുള്ള മൂപ്പൻ ഈ കാട്ടിലില്ല. പിന്നെയുള്ള മൂപ്പന് ആനയെ പേടിയുമാണ്. 


അപ്പോഴാണ് ലക്ഷ്മണൻ വന്നത്. അയാളോടിക്കാര്യങ്ങളെല്ലാം പറഞ്ഞു. അയാൾ കുറേ വഴക്കുകളൊക്കെ പറഞ്ഞു. അച്ഛൻ പറഞ്ഞതും അമ്മ പറഞ്ഞതും പറഞ്ഞു. സീത ഒരെടുത്തുചാട്ടക്കാരിയാണെന്നും പറഞ്ഞപ്പോൾ ക്ഷമ കേട്ടു. ഇനിയൊരക്ഷരം അവളെക്കുറിച്ചു പറയരുതെന്ന് താക്കീതു ചെയ്തു. 


നാട്ടുകാരെയും കൂട്ടി കാട്ടിലെല്ലാം അന്വേഷിച്ചു. ഉൾക്കാട്ടിലും മേലേക്കാട്ടിലും മഞ്ഞപ്പാറയിലും മീൻമുട്ടിയിലും എല്ലാം. എങ്ങും അങ്ങനെയൊരു മൂപ്പനും സീതയുമില്ല.


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ആഴ്ചയൊന്നും കഴിഞ്ഞു. അന്വേഷണം മുറയ്ക്കും നടന്നു. 


അപ്പോഴാണ് കാട്ടിൽ കണ്ടൊരു വല്യമ്മ പറഞ്ഞത് , ആ പെണ്ണിനെ കൊണ്ടുപോയത് മുത്തങ്ങയിലെ കോരനാകാം. അയാൾക്ക് പെണ്ണെന്ന്വച്ചാൽ ജീവനാണ്. മൊഞ്ചുള്ള ഏതു പെണ്ണിനെ കണ്ടാലും അയാൾ കൊണ്ടുപോകും. പെണ്ണിന് ഇഷ്ടമല്ലെങ്കിലും, മിന്നും കെട്ടി സുഖമായി പാർക്കും. 

    

അതുകേട്ടതോടെ അയാൾക്ക് ആകെ തളർച്ചയും ക്ഷീണവും വന്നു. ഒരുകുടം വെള്ളം കിട്ടിയാൽ കുടിച്ചാൽ കൊള്ളാമെന്നുമായി. തൊണ്ടയാകെ വറ്റിവരണ്ടു. ഒരടിപോലും നടക്കാൻ വയ്യെന്നായി... 


ലക്ഷ്മണൻ ആശ്വസിപ്പിച്ചു. കാട്ടരുവി തേടിപ്പോയി വെള്ളം കൊണ്ടുതന്നു. പിന്നെ പലതും പറഞ്ഞാശ്വസിപ്പിച്ചു. പിന്നെ സാന്ത്വനത്തോടെ പറഞ്ഞു:

-- "എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല. "


വല്യമ്മ പറഞ്ഞു, 

-- "താഴേക്കാട്ടിലെ ചെമ്പൻ പണ്ട് കോരനുമായി ഒന്ന് കോർത്തിട്ടുണ്ട്. അവന്റെ ഇടികൊണ്ടു കോരൻ രക്തം തുപ്പിയ കഥ കേട്ടിട്ടുണ്ട്. അവനെ ചെന്നു കണ്ടാൽ നിങ്ങൾക്ക് കാര്യം സാധിക്കാം."


ഞങ്ങൾ പിറ്റേന്ന് ചെമ്പനെ പോയി കണ്ടു പിടിച്ചു. അയാൾ വീട്ടിൽ കയറാൻ പാടില്ലാതെ നടക്കുന്നു. കാര്യം അറിഞ്ഞപ്പോൾ, ഞങ്ങൾ അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി. അപ്രകാരം അവനെ വീട്ടിൽ കയറ്റാനുള്ള വഴിയുമുണ്ടാക്കി. 


പിറ്റേന്ന് അവനുമായി ചേർന്ന് കോരനെ തേടിയിറങ്ങി. മുത്തങ്ങയിലെ മുത്തുപോലൊരു വീട്ടിൽ അനുയായികളും പിണിയാളുകളുമായി കോരൻ കഴിയുന്നതു കണ്ടു. 


നേരിട്ടു ചെന്നു കാര്യം പറഞ്ഞു. അയാൾ വിറയാർന്നൊന്നു ചിരിച്ചു. പിന്നെ എല്ലാരോടും കൈയാംഗ്യം കാണിച്ചു അട്ടഹസിച്ചു. കൂടെയുള്ളവർ തമാശ കേട്ടതുപോലെയും പരസ്പരം കൈ ചൂണ്ടിയും ചിരിച്ചു. 


കുറച്ചുകഴിഞ്ഞു ചെമ്പന് മുഷിഞ്ഞു. അയാൾ ഒരു തീർപ്പുപോലെ പറഞ്ഞു. 

 -- "ഞങ്ങൾ അകത്തുകയറി തിരയും. കിട്ടിയാൽ കൊണ്ടുപോകും."


കോരൻ അതുകേട്ടു മുഷിഞ്ഞതുപോലെ തോന്നി. അയാളുടെ ചിരി മാഞ്ഞു , കൂട്ടുകാരുടെയും. അയാൾ തന്ത്രത്തിൽ പറഞ്ഞു. 

-- "അതുവേണ്ട, ഞാൻ പുറത്തേക്കു വിളിക്കാം. എന്റെ സുന്ദരിമാരിൽ ആരാണെന്നുവച്ചാൽ നിങ്ങൾ കൊണ്ടുപോയ്ക്കോ, അവർ വരുമെങ്കിൽ... !"


അതൊരു ആജ്ഞയായിരുന്നു. അയാൾ ഒരാളെ വിളിച്ചു സ്വകാര്യം പറഞ്ഞു. അയാൾ അകത്തേക്കുപോയി. സുന്ദരിമാരിൽ ഓരോരുത്തരെയായി പുറത്തേയ്ക്കു കൊണ്ടുവന്നു. എല്ലാവരും ഒരുപോലെ ആടയാഭരണങ്ങൾ അണിഞ്ഞിരുന്നു. അവസാനം വന്നത് സീതയായിരുന്നു. 


സീത രാമനെക്കണ്ട് ഓടിവരാൻ ആഞ്ഞതും കോരൻ കയറി അവളെ പിടിച്ചു. അവളുടെ അലമുറയിടൽ രാമന് താങ്ങാൻ ആയില്ല. അയാൾ പണ്ട് താൻ പഠിച്ച കളരിമുറകൾ ഓർത്തു. അതങ്ങു പയറ്റി. ചെമ്പനും ലക്ഷ്മണനും ഒപ്പം കൂടി. കോരൻ ഇങ്ങിനി ഉണരാത്തവണ്ണം ഉറങ്ങി. 


തിരിച്ച് സീതയോടൊപ്പം നടക്കുമ്പോൾ മുമ്പിൽ നടന്ന ചെമ്പൻ തമാശയാലെന്നപോലെ പറഞ്ഞു,

 -- "ദിവസങ്ങൾ അന്യപുരുഷന്റെ വീട്ടിൽ കഴിഞ്ഞവൾ... "


രാമചന്ദ്രൻ ഒന്നും പറഞ്ഞില്ല. സീത അതുകേട്ടും ഇതു കണ്ടും കരഞ്ഞു വശം കെട്ടു. ലക്ഷ്മണൻ ചെമ്പനെ ശാസിക്കുകയും ചെയ്തു. 


വയനാട്ടിൽ നിന്ന് തിരിച്ചു നാട്ടിലേക്കു പുറപ്പെടുമ്പോൾ സീത പറഞ്ഞു. 

    -- "എനിക്ക് വീട്ടിൽ ഇറങ്ങണം. "


സീതയുടെ വീട്ടിലെത്തി കാറിൽ നിന്നിറങ്ങുന്നേരം അവൾ പറഞ്ഞു. 

-- "നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ വരുന്നില്ല."


 കാര്യം എന്തെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു...

  -- "മറ്റൊരു പുരുഷൻ തമാശക്കായാണെങ്കിലും പറഞ്ഞയൊരു കാര്യത്തിന് മറുപടി പറയാത്ത ഒരാളുടെ കൂടെ ഞാനിനിയെങ്ങനെ ജീവിക്കും... നിങ്ങൾ പൊയ്ക്കൊള്ളൂ."

 

രാമന് ഒന്നും പറയാനുണ്ടായിരുന്നില്ല. അയാൾ ലക്ഷ്മണനെ നോക്കി. അപ്പോഴേക്കും സീത തന്റെ വീട്ടിലേക്ക് കയറി പോയിക്കഴിഞ്ഞിരുന്നു. 


Rate this content
Log in

More malayalam story from Binu R

Similar malayalam story from Drama