പ്രതിച്ഛായ
പ്രതിച്ഛായ
കയറ്റം കയറിപ്പോകുന്ന ബസ്സിൽ നിന്നും അയാൾ പുറത്തേക്ക് നോക്കിയിരുന്നു. താഴെ പച്ചവിരിപ്പിട്ട കുന്നുകൾക്കു താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ, ഒരു വെളുപ്പു റിബ്ബൺ അലസമായി കിടക്കുന്നതുപോലെ. കുന്നുകൾക്ക് ചുവട്ടിൽ പറ്റിച്ചേർന്നു കിടക്കുന്ന മണൽപ്പുറം.
ഈ നദി എന്നും ഇങ്ങനെയായിരുന്നു. കനത്തകാലവർഷത്തിലും ദൂരെ നിന്നു നോക്കുമ്പോൾ കാണുന്നത് ഈ മണൽപ്പുറമാണ്. എത്ര മഴപെയ്താലും നിറയാത്തപുഴ.
വർഷങ്ങൾക്കു മുമ്പൊള്ളൊരു രാത്രിയിൽ ആരും കാണാതെ ഇവിടം വിട്ടു പോകുമ്പോൾ മാത്രം ഈ നദി നിറഞ്ഞു കിടന്നിരുന്നു. നിലാവിൽ മാത്രം ഞാനതു കണ്ടു. അന്നെനിക്കു തോന്നി ഇത് സ്വപ്നം വിതക്കുന്ന ഭൂമിയാണെന്ന്.
അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തുമ്പോൾ ഓർത്തു. ഒരു രാത്രി രണ്ടാമത്തെ ഷോയും കഴിഞ്ഞ് ഇതിലേ നടന്നുപോയത്. അന്നിവിടെ ആകെക്കൂടി ഉണ്ടായിരുന്നത്, നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് തിരിയുന്ന കവലയിലെ ഒരേയൊരു കെട്ടിടത്തിലെ നായർ & സൺസ് ന്റെ ഒരു പലചരക്കു പീടിക മാത്രമായിരുന്നു. പക്ഷേ, അവിടെ കിട്ടാത്തതായി ഒന്നുമില്ല. സ്റ്റേഷനറിയും പൂജാസാധനങ്ങളും ഒക്കെ. പിന്നെ കുറ്റിപ്പുറം റോഡിലുള്ള ഓലമേഞ്ഞ ഒരു തീയേറ്ററും, പെരുമാൾ ടാകീസ്.
ആ സ്ഥലം ഇപ്പോൾ കണ്ടാൽ കൂടി അറിയാതെയായിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബഹുനില കെട്ടിടങ്ങളും, അതിലുള്ള ഷോപ്പിംഗ് കടകളും കണ്ടാൽ, അറിയാതെയായിരിക്കുന്നു. നായരുടെ പലചരക്കു പീടിക അതിനുള്ളിലെവിടെയോ പെട്ടുപോയിട്ടുണ്ടാവും.
ഇവിടെ താനൊരു അപരിചിതനായിരിക്കും. തന്റെ നാടിന് ഏറ്റവും അടുത്തുള്ള പട്ടണം ആണ് ഇതെന്നോർത്തപ്പോൾ, നാടിനും മാറ്റം വന്നിട്ടുണ്ടാവുമെന്ന് തീർപ്പായി. പാടത്തിനു നടുവിലൂടെയുള്ള നടവരമ്പിലൂടെ ചെന്നാൽ ആദ്യം ദേവീക്ഷേത്രമാണ്. പിന്നെ, കുറച്ചുകൂടി നടന്നാൽ വീടെത്തും. വീതിയുള്ള നടവരമ്പിന്റെ നടുക്കുള്ള തെങ്ങുകൾ പരസ്പരം മത്സരിക്കാൻ ആവില്ലെന്നതു പോലെ ചാഞ്ഞും ചരിഞ്ഞും മാനത്തേക്കുയർന്നു പോയിരിക്കുന്നത് കാണുമ്പോൾ, മനുഷ്യരെന്തേ അതു കണ്ടുപഠിക്കാത്തതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പെട്ടെന്ന് ഓർമകളിൽ നിന്നും ഉണർന്നു. കണ്ടക്ടറുടെ ശബ്ദം,
-- "മാനു പീടിക... ആരെങ്കിലും ഇനി ഇറങ്ങാനുണ്ടോ..? "
ഡബിൾ ബെല്ല് മുഴങ്ങി. പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞു.
-- "ആളിറങ്ങണം. "
-- "സാർ ഉറങ്ങുകയായിരുന്നോ...? ഞാൻ പലപ്പോഴായി വിളിച്ചു ചോദിക്കുന്നൂ..."
ബാഗ് തോളത്തേക്കിട്ട് ആടിയുലഞ്ഞിറങ്ങുമ്പോൾ വെറുതേ ചിരിച്ചു. സ്റ്റോപ്പിൽ നിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന് ആദ്യം ഒന്ന് പകച്ചു. ഇടവും വലവും നോക്കി. നാടിനും മാറ്റം. വീതിയുള്ള റോഡുകളും കടകളും.
-- "മേലെത്തെ രാജനല്ലേ! "
സ്റ്റോപ്പിന്റെ നേരെ മുമ്പിലുള്ള കടയിൽ നിന്നാണ് ആ ചോദ്യം വന്നത്. തിരിഞ്ഞു നോക്കി. പണിക്കരാണ്, വേലായുധപ്പണിക്കർ. പണ്ട്, അമ്പലത്തിലെ ചിട്ടവട്ടങ്ങൾ നോക്കി നടത്തിയിരുന്നത്, പണിക്കരായിരുന്നു. ഒരിക്കൽ ശ്രീകോവിലിനു മുമ്പിൽ കാണിക്ക ഇടാൻ വച്ചിരുന്ന ഉരുളിയിൽ നിന്നും ആർക്കോ പണം എടുത്തുകൊടുത്തതിന് അമ്പലത്തിൽ നിന്നും പുറത്താക്കി. കാണിക്ക വീഴുന്ന പണം, രാത്രിയിൽ എണ്ണിത്തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമാണ് ചിലവിനു പോലും എടുത്തിരുന്നത്.
അയാൾ കടയിൽ നിന്നും ഇറങ്ങി വന്നു.
-- "അതെ. "
-- "എവിടെയായിരുന്നു, ഇത്ര നാൾ !"
രാജനെയും കൂട്ടി കടയിലേക്ക് കയറി. അയാൾ പറഞ്ഞു,
-- "എന്റെ കടയാ ഇത്. "
അയാൾ ഒരു സ്റ്റൂൾ വലിച്ചിട്ടു.
-- "അച്ഛൻ പലയിടത്തും ആളെ വിട്ട് അന്വേഷിച്ചിരുന്നു, അന്ന്. പിന്നീട് എല്ലാവരും മറന്നതുപോലെ ആയി. പിന്നെ തന്റെ അച്ഛൻ കാണുമ്പോഴൊക്കെ പറയും, താൻ പോയത് ചിലപ്പോൾ നല്ലതിനായിരിക്കും. പോയിട്ട് വരട്ടെ. അവനൊരിക്കലും വരാതിരിക്കാനാവില്ലല്ലോ, എന്ന്. "
ആ പറഞ്ഞതിലും കാര്യമില്ലാതില്ല എന്ന് ചിന്തിച്ചപ്പോൾ തോന്നി. ഒരിക്കലും വരാതിരിക്കുവാനാകില്ല.
പണിക്കർ ഒരു പയ്യനേയും കൂട്ടി വിട്ടു, അവൻ ബാലൻ. പറഞ്ഞു വന്നപ്പോൾ കിഴക്കേതിലെ നാരായണിയുടെ മകൻ. പത്താം ക്ലാസ്സ് തോറ്റു. അതുകൊണ്ട്, പണിക്കരുടെ പീടികയിൽ നിൽക്കുന്നു.
നാരായമ്മിയമ്മ കിടപ്പിലാണത്രെ. ഇപ്പോൾ പണിക്കൊന്നും പോകാൻ ആവില്ല, വാതവും വലിവും. എഴുന്നേറ്റു കുറച്ചു ദൂരം നടക്കുമ്പോൾ കിതക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ പുറത്തേക്കൊന്നും പോകുന്നില്ല. വീട്ടിലെ അത്യാവശ്യ കാര്യങ്ങളൊക്കെ ചെയ്ത് അങ്ങനെ പോകുന്നു.
പാടത്തിനു നടുക്കുകൂടി റോഡ് പണിതിരിക്കുന്നു. അമ്പലത്തിനു തൊട്ടു വടക്കു വശത്തുകൂടി.
-- "ഏറെ സൗകര്യമായത് മേലേത്ത് കാർക്കാണ്. "
ബാലന്റെ കമന്റ്.
വീട്ടിൽ ചെന്നുകയറുമ്പോൾ, ആദ്യം കണ്ടത് ദേവിയെ ആയിരുന്നു. ആദ്യം അവൾ ശ്രദ്ധിച്ചിട്ടുണ്ടായില്ല. പത്രവായനയിലായിരുന്നു. പിന്നെ അവൾ മുഖമുയർത്തി നോക്കി. മനസ്സിലായതുപോലെ എഴുന്നേറ്റ് പെട്ടെന്ന് അകത്തേക്ക് ഓടിപ്പോയി.
വീടിന് ഒരു പഴയമണം ബാധിച്ചതുപോലെ. കടന്നുവന്നത് അമ്മയാണ്. ഊണു കഴിഞ്ഞു കിടക്കുകയായിരുന്നു എന്നു തോന്നുന്നു. മുടിയും മുഖവും കിടക്കപ്പായിൽ നിന്നും എഴുന്നേറ്റു വന്നതു പോലെ.
ഉമ്മറത്തു കയറിയപ്പോഴാണ് ശ്രദ്ധിച്ചത്, അമ്മക്കൊരു മാറ്റവുമില്ല, എങ്കിലും തലയിൽ അവിടവിടെയായി വെള്ളിവര വീണിരിക്കുന്നു. ചെറിയ ഒരു വികൃതിയോടെ പറഞ്ഞു...
-- "ഞാൻ മേലെത്തെ രാഘവൻ നായരുടെ മകൻ, രാജൻ. "
അമ്മയുടെ മുമ്പിൽ ചെന്നു നിന്നു.
-- "മനസ്സിലായില്ലേ, മേലെത്തെ ജാനകിയമ്മയുടെ മകൻ. "
അമ്മയുടെ കണ്ണുകളിൽ പെട്ടെന്ന് നീർമണിമുത്തുകൾ ഉരുണ്ടുക
ൂടി കണ്ണുകൾ നിറഞ്ഞു ഒഴുകിയിറങ്ങാൻ വെമ്പി. അമ്മയുടെ സങ്കടം സാരിത്തുമ്പിലലിഞ്ഞു.
-- "മോനേ, നീ എവിടെയായിരുന്നു. !"
അമ്മയുടെ കൈകൾ അയാളുടെ തലമുടിയിലൂടെയും മുഖത്തുമാകെയും ഇഴഞ്ഞുനടന്നു.
--"ഇന്നലെയും അച്ഛൻ പറഞ്ഞു, നിന്നെ കാണണമെന്ന്. കാണാൻ കൊതിയായി എന്ന്. "
അയാൾ അരമതിലിലിരുന്നു. അമ്മ അരികത്തും. അയാളുടെ കുസൃതി നിറഞ്ഞ വർത്തമാനം അവിടെയും നിന്നില്ല.
--"ഇന്നലെയേ അച്ഛൻ പറഞ്ഞുള്ളൂ എന്നെ കാണണമെന്ന്.. ! "
അമ്മ ആകെ പരിഭവിച്ചുകൊണ്ട് കൈയെടുത്തോങ്ങി. കയ്യിൽ പിടിച്ചെഴുന്നേറ്റ് അകത്തേക്ക് നടന്നു. ഉമ്മറവാതിലിൽ നിന്ന ദേവിയും പാറുവമ്മയും ഇരുവശത്തേക്ക് ഒതുങ്ങി. അമ്മക്ക് പുറകേ നടക്കുമ്പോഴും അമ്മയുടെ വാക്കുകൾ പിറകിലേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു.
--"പാടത്ത് ഇന്ന് കൊയ്ത്താണ്. അച്ഛൻ രാവിലേ പോയതാണ്. പാറുവമ്മ ഉച്ചക്കുള്ള ചോറും കൊടുത്തിട്ട് ഇപ്പോൾ ഇങ്ങോട്ടു വന്നിട്ടേയുള്ളൂ. ഞാൻ ആ ചെറുക്കനെ പറഞ്ഞു വിട്ടു വിളിപ്പിക്കാം. "
അയാൾ പിറകേ നടക്കുന്നതിനിടയിൽ അമ്മയെ സമാധാനിപ്പിച്ചു.
-- "വേണ്ടമ്മേ, ഞാൻ തന്നെ ചെന്ന് അച്ഛനെ കണ്ടോളാം. "
അമ്മ ഒരുക്കിത്തന്ന കാപ്പിക്ക് എവിടെയോ നഷ്ട്ടപ്പെട്ട രുചി വീണ്ടു കിട്ടിയതു പോലെ തോന്നി.
പാടത്തു കൊയ്തടുക്കിയിരുന്ന കറ്റകളിൽ നിന്നും ചെറുകിളികൾ ശകാരിച്ചു കൊണ്ടു പറന്നു പോയി. കറുപ്പും വെളുപ്പും കലർന്ന കിളികൾ, തവിട്ടും മഞ്ഞയും കലർന്ന കിളികൾ.
ആദ്യം കണ്ടത് കുറുമ്പയായിരുന്നു. ഓർമ്മവച്ചനാൾമുതൽ കുറുമ്പ പാടത്തു പണിയാൻ ഉണ്ടായിരുന്നു. പല്ലുകളെല്ലാം കൊഴിഞ്ഞു പോയെങ്കിലും അവരിപ്പോഴും ഈ പാടത്തുണ്ട്. അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
-- "ദാ കൊച്ചു തമ്പ്രാൻ വരണു..."
അതുകേട്ടു കുഞ്ഞാറ്റക്കിളികൾ പോലും ഏറ്റുപറഞ്ഞുകൊണ്ടെന്നപോലെ, ചിലച്ചുംകൊണ്ടു പറന്നുപോയി. വരമ്പത്തിരുന്ന അച്ഛൻ തലതിരിച്ചു നോക്കി. കുട ഒരുവശത്തു കുത്തി നിറുത്തിയിട്ടുണ്ടായിരുന്നു.
അച്ഛന്റെ മുടി മുഴുവൻ വെളുത്തു പോയിരുന്നു. അടുത്തു ചെല്ലുന്നതിനു മുമ്പേ അച്ഛൻ എഴുന്നേറ്റു. സാധാരണപോലെ ചോദിച്ചു.
-- "നീ എപ്പോൾ വന്നു?"
അച്ഛൻ എന്നും അങ്ങിനെയായിരുന്നു. ഒരു വികാരപ്രകടനവും പ്രകടിപ്പിക്കാത്ത സംസാരം. വികാരപ്രകടനമെല്ലാം ഉള്ളിന്റെയുള്ളിൽ ആയിരിക്കും. കണ്ണുകളിൽ കാണാം എല്ലാം.
-- "വരൂ..."
എന്നു പറഞ്ഞ് അച്ഛൻ തിരിച്ചു നടന്നു. കുടയുമെടുത്തു പിറകേ ആയാളും. അച്ഛന്റെ പുറകേ നടക്കുമ്പോൾ വീണ്ടും കൊച്ചുകുട്ടിയായതുപോലെ. ആദ്യം സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതും, കോളേജിൽ ചേർക്കാൻ കൊണ്ടുപോയതുമെല്ലാം ഓർമകളിലൂടെയൊന്നു വന്നുപോയി. ഒരിക്കൽ സ്കൂളിൽ വച്ച് വേലായുധൻ മാഷ് പറഞ്ഞിരുന്നൂ,
-- "അച്ഛന്റെ ചെറിയൊരു നിഴൽ ആണ് നീയ്യ്. "
പിന്നീട് ഇറങ്ങിപ്പോരുന്നതിന്റെ തലേ ദിവസവും, അച്ഛൻ തന്നേയും, പറഞ്ഞിരുന്നൂ,
-- "എല്ലാവരും പറയുന്നത് ഞാനും കേട്ടിരുന്നു. ഇതുവരെ ഞാനും വിശ്വസിച്ചു, നീയെന്റെ നിഴലായിരിക്കുമെന്ന്, എല്ലാ അർത്ഥത്തിലും... പക്ഷേ... "
ജോലിക്കാര്യങ്ങളും മറ്റന്വേഷണങ്ങളും പറച്ചിലുകളുമെല്ലാം കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്തി. ചാരു കസേരയിൽ ചാരിക്കിടന്നുകൊണ്ടു പറഞ്ഞു,
-- "നീ പോയതിൽ പിന്നെ ഏറെ വിഷമിച്ചത് നിന്റെ അമ്മയാണ്. എനിക്കറിയാമായിരുന്നു, എവിടെപ്പോയാലും നീ തിരിച്ചിവിടെത്തന്നെ വരുമെന്ന്. അതും പറഞ്ഞ് ഞാൻ അവളെ എന്നും സമാധാനിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണത്തെ കൊയ്ത്തു കഴിയുമ്പോഴേക്കും നീ എത്തുമെനിക്കുറപ്പുണ്ടായിരുന്നു. അത് ഞാൻ അവളോട് പറഞ്ഞിരുന്നു. "
അയാൾ ഇറയത്ത് അച്ഛന്റെ അടുത്ത് ഇരുന്നു. ദേവി കൊണ്ടു കൊടുത്ത ഒരു മൊന്ത നിറയെ മോര് അച്ഛൻ വായിലേക്ക് പൊക്കി ഒഴിച്ച് കുടിച്ചു.
വൈകുന്നേരം അച്ഛൻ അമ്പലത്തിലേക്ക് പോയിക്കഴിഞ്ഞതിന് ശേഷം അമ്മയോട് ആരാഞ്ഞു.
--"ടീച്ചർ..? "
അവർ ഇവിടുന്ന് സ്ഥലം മാറ്റം വാങ്ങിപോയി. പോകുന്നതിന്മുൻപ് അവർ എന്നോടെല്ലാം പറഞ്ഞു, കരഞ്ഞു മാപ്പും പറഞ്ഞു.
രാത്രി എല്ലാവരും കിടന്നു കഴിഞ്ഞ് അയാൾ തെക്കേപ്പുറത്തെ തന്റെ മുറിയിൽ കടന്നു. ആദ്യം ഒരു കാൽ എടുത്തു വച്ചെങ്കിലും അത് പിൻവലിച്ചു... പിന്നെ അയാളുടെ ചിന്തകൾ പിറകോട്ടു മറിഞ്ഞു.
-- "ഈ മുറിയാണ് എന്റെ വ്യക്തിത്വം വ്യക്തമാക്കിയത്. ഇവിടെയിരുന്നായിരുന്നു ഞാനെന്റെ സ്വപ്‌നങ്ങൾ നെയ്തത്. എന്റെ സ്വപ്നങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു ചാരമാക്കിയതും ഈ മുറിയിൽ വച്ചാണ്..."
ആ സ്ത്രീ, അവർ ഒരു ടീച്ചർ ആയിരുന്നു. അയൽവാസിയും.
അവർ ഒരു സ്വപ്നടനക്കാരിയായിരുന്നു. അവർ എന്നിൽ ചൊരിഞ്ഞ സ്നേഹം, ഒരു കൂടപ്പിറപ്പിന്റേതെന്ന് ധരിച്ചുപോയി. ഉത്സവത്തിന്റന്നു രാത്രിയിൽ അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ അവരും കൂടെ വന്നു. വീട്ടിലെത്തിയപ്പോൾ അവരുടെ ചേരാത്ത ചില പെരുമാറ്റങ്ങളിൽ, അസഹ്യമായപ്പോൾ, അവരെ പുറത്തിറക്കി വാതിലടക്കേണ്ടിവന്നു. അവരുടെ കരച്ചിൽ കണ്ടു കൊണ്ടാണ് അച്ഛനും അമ്മയും അമ്പലത്തിൽ നിന്നും വന്നത്. ആ പടർന്ന തെറ്റിദ്ധാരണയാണ് എല്ലാം വരുത്തി വച്ചത്.
വെളുപ്പിന് ഊണുമേശമേൽ ഒന്നിച്ചിരിക്കുമ്പോൾ അച്ഛൻ ചോദിച്ചു...
-- "ഇന്ന് തന്നെ നിനക്ക് മടങ്ങണോ !"
വേണമെന്ന് പറയാതെ പറഞ്ഞപ്പോഴും, തെളിച്ചുപറഞ്ഞതിങ്ങനെയാണ്...
-- "എല്ലാ മാസവും ഇനി വരാം. "
ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അച്ഛൻ മുമ്പേ നടന്നു, പിറകേ നിഴൽ പോലെ അയാളും. അയാളുടെ പിറകേ അയാളുടെ നിഴലും.