ഒരു തീവണ്ടി യാത്ര
ഒരു തീവണ്ടി യാത്ര




മധ്യ വേനലിലെ ചൂട് കുറഞ്ഞ ഒരു സായന്തനത്തിൽ ബന്ധുക്കളോട് യാത്ര പറഞ്ഞു പടിയിറങ്ങി. വിട പറയലിന്റെ വിങ്ങൽ ഏറെ ഉണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി. സ്റ്റേഷനിലെ തിരക്കിൽ നിന്നൊഴിഞ്ഞു ഒരൊഴിഞ്ഞ ബഞ്ചിൽ ഇരിപ്പുറപ്പിച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല, ഒരിരമ്പലോടെ ചൂളം വിളിച്ചെത്തി ആ തീവണ്ടി. പിന്നെ കയറാനുള്ള തത്രപ്പാടിലായിരുന്നു. മൂൻകൂട്ടിയെടുത്ത ടിക്കറ്റ്മായി ഉള്ളിലെത്തി.
നിമിഷങ്ങൾ കഴിഞ്ഞു വണ്ടി നീങ്ങി തുടങ്ങി. മനസ്സ് നിറയെ വീടും ബന്ധുക്കളും നിറഞ്ഞു നിന്നു. ക്രമേണ സഹയാത്രികരെ നോക്കി, പലതരം ആൾക്കാർ ഏതോ ഭാഷ സംസാരിക്കുന്നവർ. ആദ്യമൊക്ക മടുപ്പു തോന്നിയെങ്കിലും പിന്നീട് പൊരുത്തപ്പെടാൻ തുടങ്ങി. കുറച്ചൊന്നുമല്ല, നീണ്ട ഇരുപത്തേഴു മണിക്കൂറുകൾ പിന്നിടണം. കയറിയ സമയം രാത്രി ആയതു കൊണ്ടു വേഗം കിടന്നു. സ്റ്റേഷനുകളിൽ നിർത്തുമ്പോഴുള്ള ബഹളങ്ങൾ ഉറക്കത്തിനു ഭംഗം വരുത്തികൊണ്ടേയിരുന്നു.
മണിക്കൂറുകൾ കടന്നുപോയി. അർക്കകിരണങ്ങൾ ചില്ലുജാലകത്തിലൂടെ ഒളിഞ്ഞു നോക്കാൻ തുടങ്ങി. പ്രഭാത കർമങ്ങൾക്കുള്ള തിരക്കായി. പ്രാതൽ മുൻ കൂട്ടി പറഞ്ഞിരുന്നു, അതുകൊണ്ട് സമയത്തിന് തന്നെ എത്തി. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി നാവിൽ മായാതെ നിന്നത് കൊണ്ടാവാം ഒന്നിനും രുചി തോന്നിയതെ ഇല്ല.
ഇനിയെന്ത് എന്ന ആലോചനയിൽ ഇരിക്കുമ്പോൾ ആണ് ഹിന്ദി പാട്ടുമായി ഒരു കുട്ടിയുടെ വരവ്. എല്ലാവരും പാട്ടു നന്നായി ആസ്വദിച്ചു. പ്രതിഫലത്തിനായി കൈ നീട്ടിയപ്പോൾ നീണ്ടത് ചുരുക്കം ചില കൈകൾ മാത്രം. അതും കഴിഞ്ഞു.
ഒരു മാസിക വെറുത മറിച്ചു നോക്കി. വായിക്കാൻ തോന്നിയില്ല. എങ്കിലും സൗന്ദര്യം എങ്ങനെ വർധിപ്പിക്കാം എന്ന തലക്കെട്ടിൽ കണ്ണുടക്കി, പെണ്ണായതു കൊണ്ടാവാം. പുറത്തേയ്ക്കു നോക്കിയിരുന്നു. മനസ്സിൽ ഒന്നും തങ്ങി നിൽക്കാതെ കാഴ്ചകൾ മായുന്നു. മലയാളം അറിയാവുന്ന സഹയാത്രികരോട് കുശലം പറഞ്ഞു സമയം ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ ഇഴഞ്ഞു നീങ്ങി.
വീണ്ടുമൊരു രാത്രി. ഉറങ്ങാൻ തോന്നിയില്ല അടുത്ത മണിക്കൂറുകൾക്കൊന്നിൽ ഇറങ്ങണമല്ലോ. സമയം 11.30. തീവണ്ടിക്ക് വല്ലാത്ത ഒരു കുലുക്കം. എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്പേ വലിയൊരു അലർച്ചയോടെ കീഴ്മേൽ മറിഞ്ഞു. പിന്നെയുള്ളതൊന്നും വിവരിക്കാനാവാത്ത കാഴ്ചകൾ, പിടയുന്ന പ്രാണന് വേണ്ടി നിലവിളിക്കുന്നവർ, ചെവിയടപ്പിക്കുന്ന ആംബുലൻസിന്റെ ശബ്ദം, പറയാനാവുന്നില്ല, ആയുസ്സിന്റെ ബലമൊ പൂർവജന്മ സുകൃതമോ അതിലേറെ ഈശ്വരാനുഗ്രഹമോ അറിയില്ല ഇന്ന് ഇതെഴുതാൻ എന്നെ പ്രാപ്തയാക്കി. ഒരിക്കലും മറക്കാത്ത തീവണ്ടിയാത്ര.