Binu R

Drama Inspirational

3  

Binu R

Drama Inspirational

ഇരുളകന്ന വഴികൾ

ഇരുളകന്ന വഴികൾ

3 mins
237


ഞാൻ അനന്തപത്മനാഭൻ. അപ്പു എന്ന് ഈ നിരത്തിലെ ഗൃഹനാഥന്മാർ വിളിക്കും. അപ്പൂ എന്ന് ഗൃഹനായികമാർ വിളിക്കും. അപ്പുക്കുട്ടാ എന്ന് മാളുക്കുട്ടി വിളിക്കും. 


ഞാൻ താമസിക്കുന്ന ഈ നിരത്തിന് പ്രത്യേക പേരില്ല. ഞാൻ വന്നതില്പിന്നെ കാലങ്ങൾ കഴിഞ്ഞതിനു ശേഷം, മറ്റു നിരത്തിലുള്ളവർ ഈ നിരത്തിനെ അപ്പുവിന്റെ നിരത്ത് എന്നു വിളിച്ചു. എന്നോ ഒരിക്കൽ, അങ്ങാടിയിലൂടെ നടന്നു പോകുമ്പോൾ, മറ്റേതോ നിരത്തിലുള്ള ആരോ ഒരാൾ പറയുന്നതു കേട്ടു, അപ്പുവിന്റെ നിരത്തിലുള്ള ആരോ ഒരാളെ കാണാൻ പോകുന്നുവത്രെ. 


അതു കേട്ടു ഞാൻ അറിയാതെ ചിരിച്ചുപോയി, പിന്നെ പലപ്പോഴും അതോർത്തപ്പോൾ ഊറിയൂറി ചിരിച്ചുപോയി. വീട്ടിൽ വന്നിട്ടും ചിരിച്ചുപോയി. രാത്രി കിടന്നപ്പോഴും ചിരിച്ചുപോയി. ഉറങ്ങിയപ്പോഴും ചിരിച്ചുപോയി. 


അപ്പുവിന്റെ നിരത്ത്. ഇവിടെ ഞാനെന്റെ കഥ തുടങ്ങാം. 


ഈ നിരത്തിലെ പ്രധാന വ്യക്തി, ഈ നഗരത്തിന്റെ മുൻ മേയറാണ്. ഇദ്ദേഹത്തിൽ നിന്നും തുടങ്ങാം. എന്റെ ജീവിതം ഈ നിരത്തിലെ പെരുവഴിയിലൊതുക്കിയതിന്റെ പ്രധാന കാരണക്കാരൻ ഈ മുൻ മേയറാണ്. അച്ചടക്കമുള്ള ഒരു പാർട്ടിയുടെ അനിഷേധ്യനായ നേതാവ്. എല്ലാവർക്കും തുല്യത വേണമെന്ന് അഹോരാത്രം ഗാഗ്വ വിളിക്കുന്നതിൽ മുമ്പൻ. അർഹതപ്പെട്ടവർക്കെല്ലാം നന്മവരണമെന്ന് ഘോരഘോരം പ്രസംഗിക്കുന്നതിൽ വമ്പൻ. 


ഈ നഗരത്തിലെ കോർപറേഷനിൽ ഒരു ഗുമസ്തപ്പണിയുടെ ഇന്റർവ്യൂവിനാണ് ഞാനാദ്യമായി ഇവിടെ വന്നത്. ഇന്റർവ്യൂ കഴിഞ്ഞു, ഇന്റവ്യൂവിൽ നാലാം റാങ്കുകാരൻ, നല്ല ആത്മവിശ്വാസത്തിലുമായിരുന്നു ഞാൻ. ആകെ അഞ്ചു വേക്കൻസി. രണ്ടുദിവസം കഴിയുമ്പോൾ അപ്പോയ്ന്റ്മെന്റ് ഓർഡർ നേരിട്ട് വാങ്ങിക്കൊള്ളാൻ പറഞ്ഞത് പ്രകാരം ജോലി ഉറപ്പായതിനാൽ ഞാനൊരു ലോഡ്ജിൽ മുറിയെടുത്തു. വീട്ടിലേക്ക് അന്നു തന്നെ ഫോൺ ചെയ്തു. 


മൂന്നു നാലു ദിവസം കഴിഞ്ഞിട്ടും ഓർഡർ കിട്ടിയില്ല. ഞാൻ പുറംവാതിലിലൂടെ ഒന്നന്വേഷിച്ചു. അഞ്ചു വേക്കൻസിയിലും ആളായത്രെ. അപ്പോൾ നാലാം റാങ്കുകാരനായ ഞാൻ പുറത്ത്... !


എന്റെ സങ്കടം വാക്കുകളിൽ ഒതുങ്ങില്ലല്ലോ...! ആരാണ് ഇതിന് പുറകിലെന്ന് അന്വേഷിച്ചു, മേയറാണത്രേ. അഴിമതിയില്ലെന്ന് ഉറക്കെപ്പറയുന്നവർ തന്നെ അഴിമതി നടത്തിയിരിക്കുന്നൂ. ഓരോ വേക്കൻസിക്കും ലക്ഷങ്ങൾ. 


ഞാൻ എന്തു ചെയ്യണമെന്നറിയാതെ ലോഡ്ജിൽ ചെന്നു. ഞാൻ വിശ്വസിച്ചിരുന്ന പാർട്ടി തന്നെ അതിന്റെ കൊടിയിലുള്ള ആയുധം കൊണ്ടെന്നെ അരിഞ്ഞു വീഴ്ത്തിയിരിക്കുന്നു. എം എ പൊളിറ്റിക്‌സിൽ രണ്ടാം റാങ്കുകാരനായ ഞാൻ വെറും തെരുവുതെണ്ടി. 


പിറ്റേന്ന് ഉച്ചവരെ, ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. ഉച്ചകഴിഞ്ഞപ്പോൾ മേയറെ തേടി ഞാൻ അയാളുടെ വാസസ്ഥലത്തു ചെന്നു, അതായത് ഇവിടെ. 


എന്റെ പാർട്ടിയുമായുള്ള സഹവാസത്തിനെ കുറിച്ചു പറഞ്ഞു. പാർട്ടിയുമായുള്ള എന്റെ പാരമ്പര്യത്തെക്കുറിച്ചു പറഞ്ഞു. പാർട്ടി വളർത്താൻ എന്റെ പാരമ്പര്യം ചിലവഴിച്ച സഹനത്തെക്കുറിച്ചു പറഞ്ഞു. ഇപ്പോൾ ഈ ജോലി കിട്ടിയില്ലെങ്കിൽ, എന്റെ കുടുബത്തിനു സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ചു പറഞ്ഞു. 


എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം കൈ മലർത്തി. അയാൾ അതൊന്നും അറിഞ്ഞിട്ടില്ലെന്നു തന്നെ തീർത്തു പറഞ്ഞു. ഞാൻ തിരിച്ചുപോന്നു. 


ഈ നഗരത്തിലെ പാർട്ടിയുടെ തലതൊട്ടപ്പനായ സഹദേവൻ സാറിനെ ഞാൻ നേരിട്ടുപോയി കണ്ടു. എന്റെ പിതാമഹന്മാരുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടുപ്പം എനിക്കറിയാമായിരുന്നു. അദ്ദേഹം എന്റെ മുമ്പിൽ വച്ചുതന്നെ മേയറെ വിളിച്ചു. ഫോൺ വച്ചുകൊണ്ട് നിരാശനായി പറഞ്ഞു, എല്ലാവരും ജോയിൻ ചെയ്തുപോയി. 

എങ്കിലും നിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. നീ അയാളെ ഒന്നുകൂടി പോയി കാണണം. 


അങ്ങനെ ഞാൻ വീണ്ടും മേയറെ കണ്ടു. തല്ക്കാലം എനിക്കൊരു ജോലി കിട്ടീ. മറ്റൊരു ഒഴിവ് വന്നാൽ തീർച്ചയായും തരാമെന്ന ഒരു വാഗ്ദാനവും. ജോലി... ആ മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ഡ്രൈവർ. 


ഞാൻ അസ്വസ്ഥനായി ഡ്രൈവ് ചെയ്തു. എന്നിട്ടും സ്വസ്ഥനായി നടന്നു. 


ഇന്ന് ഞാൻ ഈ നിരത്തിന്റെ സംരക്ഷകൻ ആണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ നിരത്ത് അവസാനിക്കുന്നത്, ഞാൻ താമസിക്കുന്ന വീടിനടുത്താണ്. അതുകഴിഞ്ഞാൽ ഒരു ഗ്രൗണ്ടാണ്. 


ഇപ്പോൾ ഈ നിരത്തിലെ എല്ലാവരുടെയും ഡ്രൈവറാണ്. ചിലപ്പോൾ, പലപ്പോഴും എനിക്ക് ഈ നിരത്തിന്റെ സംരക്ഷകനാവേണ്ടി വന്നിട്ടുണ്ട്. 


ഈ നിരത്തിലെ ആദ്യത്തെ വീട് ഒരഭിഭാഷകന്റേതാണ്. അദ്ദേഹത്തിന്റെ ഏക മകൻ സത്യൻ, പുസ്തകമാണ് മുഖ്യഭക്ഷണം. ഉന്നത വിദ്യാഭ്യാസം, ഇതുവരേക്കും ജോലിയൊന്നുമായിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ അടുത്ത് വല്ലപ്പോഴും വരും. എന്റെ ഇവിടുത്തെ ഉറ്റ ചങ്ങായി. 


അടുത്തവീട് കോളേജിലെ ടീച്ചറിന്റേതാണ്. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്നു. മകൾ അമുദ, സുന്ദരി സൽസ്വഭാവി. അമ്മയുടെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി. 


അടുത്തത് രാജേന്ദ്രൻ സാറും ഭാര്യയും മകൾ മാളുക്കുട്ടി. നാലു വയസ്സുമാത്രം പ്രായം. അവൾക്ക് നിരത്തിലെ മറ്റാരെകണ്ടില്ലെങ്കിലും എന്നെ കാണണം. ഞാൻ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്.


 അപ്പുക്കുട്ടാ എന്ന വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരാതെ ആയിരിക്കുന്നു. എന്തെങ്കിലും അത്യാവശ്യത്തിനായി ഈ വീടിന്റെ മുന്നിലൂടെ പമ്മിപ്പമ്മി പോയാലും അവൾ കണ്ടുപിടിക്കും. അപ്പുക്കുട്ടാ എന്നു കൊഞ്ചിക്കൊഞ്ചി വിളിക്കും, അതു കേട്ടുകഴിഞ്ഞാൽ പിന്നെ അവളുടെ അടുത്തെത്തുവാതിരിക്കുവാനാകില്ല. അവളുടെ അടുത്തുചെന്ന് എടുത്തൊന്നോമനിക്കാതെ അവളും ഒട്ടും സമ്മതിക്കില്ല. എന്റെ ഒരുമ്മ അവൾക്കും ഒന്ന് തിരിച്ചെനിക്കും. പിന്നെ എനിക്ക് പോകുവാനുള്ള അനുവാദമായി. 


അങ്ങനെയങ്ങനെ നല്ല മനസ്സുള്ള ചെറുപ്പക്കാരും, സുന്ദരന്മാരും സുന്ദരികളും, അവരുടെ അച്ഛനമ്മമാരും എന്റെ സുഹൃത്തുക്കളായി. എന്റെ വീടിന്റെ സുഖദുഃഖങ്ങളിൽ പലപ്പോഴും അവരും പങ്കാളിയായി. 


വേറെയും വീടുകളിലും ചെറുപ്പക്കാർ ഏറെയുണ്ടെങ്കിലും അവരെല്ലാം ബു ജീവികളാണ്. നിരത്തിലെ ജോലിയില്ലാതെ നടക്കുന്ന എന്നോടും വെറും സാധാരണക്കാരായ മറ്റുള്ളവരോടും പരമപുച്ഛവുമാണ്. ഇവരും ഒരു പണിയില്ലാത്തവരാണെന്ന് എനിക്ക് നല്ലതുപോലെ അറിയാം. 


ഇവർ ഓഫിസ് സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. വൈകുന്നേരം ഓഫിസ് സമയം കഴിയുമ്പോൾ വന്നു കയറും. എവിടെയാണ് ജോലിയെന്ന് ചോദിച്ചാൽ ഇല്ലാത്ത കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ പേര് പറയും. പോയി അന്വേഷിക്കാൻ ആർക്കും താല്പര്യമില്ലാത്തതുകൊണ്ട് അത് സത്യമാണെന്നങ്ങു വിശ്വസിച്ചോളും എന്നവർ കരുതി. ആ കള്ളക്കളി ഞാൻ എന്റെ ചങ്ങായിമാരുടെയടുത്തു പൊളിച്ചിട്ടുമുണ്ട്. അതുകൊണ്ട് അവരൊക്കെ ഇവരെ കാണുമ്പോൾ അടക്കിച്ചിരിക്കും. 


ഞാൻ ഇന്ന് മടങ്ങുന്നു. എനിക്കൊരു ജോലി കിട്ടിയിരിക്കുന്നു. മലബാറിലെ ഒരു സ്റ്റാൻഡേർഡുള്ള സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജർ ആയി. 


ഇന്നലെ ഞാൻ ഉറങ്ങിയപ്പോൾ ഏറെ നേരം കഴിഞ്ഞിരുന്നു. എന്റെ കൂട്ടുകാരുടേയും മാളുക്കുട്ടിയുടെയും സെന്റ് ഓഫ് കഴിഞ്ഞപ്പോൾ രാത്രി പാതിരാത്രി ആയിരുന്നു. രാത്രി പ്രധാന നിരത്തിലൂടെ പായുന്ന അമിതമായി ലോഡ്‌ കയറ്റിയ ചരക്കുവാഹനങ്ങളുടെ ഗർജ്ജന സ്വരം ഞാൻ നേരം വെളുക്കുന്നതുവരേക്കും കേട്ടുകൊണ്ടേയിരുന്നു. 


ഇനിയുമൊരിക്കൽ ഞാനിവിടെ വരും, എന്റെ വ്യക്തിത്വം തെളിയിച്ച ഈ നിരത്തിലേക്ക്. എന്റെ മനസ്സ് തേങ്ങുന്നത് ഞാനറിയുന്നു. ഞാൻ നടന്നു നീങ്ങുമ്പോൾ കണ്ടു, എല്ലാ ഉമ്മറവാതിലുകളും തുറന്നു യാത്രയയക്കുന്നവരുടെ ചലനം. 


ദൂരെ പ്രധാന നിരത്തിലേക്കിറങ്ങുമ്പോൾ പിറകിൽ മാളുക്കുട്ടിയുടെ അപ്പുക്കുട്ടാ എന്ന വിളിയും, അവളുടെ ഏങ്ങലടിയും എനിക്കു വ്യക്തമായി കേൾക്കാമായിരുന്നു. 


Rate this content
Log in

Similar malayalam story from Drama