Sabith koppam

Drama Inspirational Children

4.3  

Sabith koppam

Drama Inspirational Children

ബലൂൺ

ബലൂൺ

3 mins
463


" വക്കീൽ സാർ ഇല്ലേ അകത്ത് ?" സെക്യൂരിറ്റിയോട് അദ്ദേഹം ചോദിച്ചു.


"സാർ ഇപ്പോ ഓഫിസിലേക്ക് പോകും, വീട്ടിൽ അങ്ങനെ ക്ലയന്റ്സിനെ മീറ്റ് ചെയ്യാറില്ല.'' എന്തു പറഞ്ഞിട്ടും സെക്യൂരിറ്റി അകത്തേക്ക് കടത്തി വിടുന്നുമില്ല. ഇതെല്ലാം കണ്ടു കൊണ്ട് വക്കീൽ ബാൽക്കണിയിൽ നിൽക്കുന്നുണ്ട്.


"രമേഷേ, ആളെ ഇങ്ങോട്ട് കടത്തി വിട്".


അങ്ങനെ അദ്ദേഹം അകത്തേക്ക് പോയി, അവിടെ ഒരുപാട് നിയമ പുസ്തകങ്ങൾ അടുക്കിവെച്ച മുറിയിൽ വക്കീൽ ഇരിക്കുന്നു."അകത്തേക്ക് വരൂ, എന്താണ് വിഷയം ഇരിക്കൂ, ഇനി പറയൂ." വക്കീൽ പറഞ്ഞു.


"എന്റെ പേര് ഗംഗാധരൻ, ഒരു അദ്ധ്യാപകനാണ്. സർവ്വീസ് കാലത്തും പിരിഞ്ഞു പോന്ന ശേഷം ട്യൂഷൻ എടുത്തും ഒക്കെ സമ്പാദിച്ച പണം കൊണ്ട് ഒരു ഭൂമി വാങ്ങി. ഒരു ബ്രോക്കർ മുഖേനയാണ് ആ കച്ചോടം നടന്നത്. ഇപ്പോ അയാൾ ജീവിച്ചിരിപ്പില്ല. ഇപ്പോൾ മകളുടെ കുട്ടീടെ പഠിപ്പിന് കുറച്ചു തുക വേണം. അതുകൊണ്ട് ഞങ്ങൾ ആ സ്ഥലം വിൽക്കാൻ തിരുമാനിച്ചു, പക്ഷേ, അതിപ്പോ പുറമ്പോക്ക് ഭൂമിയാണെന്നു പറയുന്നു. എന്തോ ചതി നടന്നിട്ടുണ്ട്, വാങ്ങുന്ന സമയത്ത് രേഖകൾ എല്ലാം കറക്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തപ്പോൾ, നിങ്ങൾ ഒരു അദ്ധ്യാപകനല്ലേ സൂക്ഷിക്കണ്ടേ എന്നൊക്കെയാണ് അവർ പറയുന്നത്. അല്ലാണ്ട് ഇതുവരെ കൃത്യമായി ഒരു അന്വേഷണം പോലും അവർ നടത്തിയില്ല. എനിക്ക് ഇതിന്റെ നിയമപരമായ കാര്യങ്ങൾ അറിയണം മുന്നോട്ട് പോണം എന്നുണ്ട് അതിന് നിങ്ങൾ എന്നെ സഹായിക്കണം," അദ്ദേഹം പറഞ്ഞു.


"ഞാൻ ഈ കേസൊന്ന് പഠിക്കട്ടെ. എന്നിട്ട് വേണ്ട കാര്യങ്ങൾ ചെയ്തോളാം,"വക്കീൽ പറഞ്ഞു.


"എന്നാ ഞാൻ അങ്ങോട്ട്," ഗംഗാധരൻ മാഷ് പോവാൻ എണീറ്റു.


"മാഷേ, മാഷിന് എന്നെ അറിയാൻ വഴിയില്ല പക്ഷേ മാഷിനെ എനിക്ക് നന്നായി അറിയാം. മാഷ് ഇവിടുത്തെ എൽ.പി.സ്കൂളിൽ പഠിപ്പിക്കുന്ന സമയത്ത് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിട്ടുണ്ട്, ഒരു ബലൂൺ വില്പനക്കാരനായിട്ട്. 90 കളിൽ,"വക്കീൽ പറഞ്ഞു.


ഗംഗാധരൻ മാഷ് അദ്ദേഹത്തെ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. "മാഷേ, എന്റെ അച്ഛനും അമ്മയും ബീഹാർകാരാണ്. വർഷങ്ങളായി കേരളത്തിലെ ഉത്സവപറമ്പുകളിൽ ബലൂണും കളിപ്പാട്ടവും വിറ്റ് ജീവിക്കുകയായിരുന്നു. മതത്തിന്റെ പേരിൽ ഉണ്ടായ ഒരു തർക്കത്തിൽ അച്ഛനും അമ്മക്കും ആ നാട് വിടേണ്ടി വന്നു. നമ്മൾ മനുഷ്യർ ഐക്യവും സമാധാനവും നിലനിർത്തണേന്ന്‌ എന്നും ദൈവത്തോട് പ്രാർത്ഥിക്കും. എന്നിട്ട് അതേ ദൈവത്തിന്റെ പേരിൽ ഈ ഐക്യവും സമാധാനവും നമ്മൾ തച്ചുടക്കും. ദൈവത്തിന്റെ മഹത്തായ സൃഷ്ടികളാണ് ഈ കാട്ടിക്കൂട്ടുന്നത്.


അച്ഛൻ ഒരു രോഗം വന്ന് കിടപ്പിലായതോടെ ചെറുപ്പത്തിലെ ഞാൻ ഈ പണിക്കിറങ്ങി. കടൽത്തീരത്ത് അച്ഛനും അമ്മയുമൊത്ത് ഒരുപാട് കുട്ടികൾ വരും. അവർക്ക് ഞങ്ങൾ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കും, അവർ സന്തോഷത്തോടെ അതുമായി നടക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടമൊക്കെ തോന്നാറുണ്ട്. അവരുടെ അതേ പ്രായമല്ലേ എനിക്കും എന്ന് ചിന്തിച്ചുപോകാറുണ്ട്.


അമ്മ ഒരിക്കൽ ഞങ്ങടെ വില്പന ഒരു വിദ്യാലയത്തിന്റെ അടുത്തേക്ക് മാറ്റി. അന്നാണ് ഞാൻ സാറിനെ ആദ്യമായി കാണുന്നത്. പിന്നീട് സാറിനെ പലതവണ കണ്ടിട്ടുണ്ട്, അപ്പോഴെല്ലാം എന്റെ തലയിൽ തലോടി എന്റെ കയ്യിൽ നിന്നും ഓരോ ബലൂൺ നിങ്ങൾ വാങ്ങിട്ടുണ്ട്.


പിന്നെ എങ്ങെനെയാണ് ഒരു ബലൂൺ കച്ചവടക്കാരൻ വക്കീലായത് എന്നാകും മാഷ് ചിന്തിക്കുന്നത്. സ്കൂൾ പരിസരത്തുള്ള കച്ചവടം തന്നെയാണ് എന്നെ അറിവ് നേടാൻ പ്രേരിപ്പിച്ചത്. വിദ്യാലയത്തിൽ നിന്നും കുട്ടികൾ അദ്ധ്യാപകർ പറയുന്നത് ഏറ്റുചൊല്ലുന്നത് ഞാൻ കേട്ടു. അ ആ ഇ ഈ, തറ പന എന്നൊക്കെ. പുറത്തിരുന്നുകൊണ്ട് ഞാൻ കൂട്ടുകാരുമൊത്തുള്ള കളികൾ കണ്ടു, ഇന്ന് വരെ ഞാൻ കളിക്കാത്ത കളികൾ. ബെല്ലടിച്ചാൽ അവർ എല്ലാം ഓടി വരും, വട്ടത്തിൽ നിന്ന് കൈകൾ ചേർത്തു പിടിക്കും എന്നിട്ട് അവർ പാട്ടുകൾ പാടി കളിക്കും "നാരങ്ങ പാൽ ചുണ്ടക്ക് രണ്ട് ഇലകൾ പച്ച". ആ മനോഹര നിമിഷങ്ങൾ എന്നെ വിദ്യാഭ്യാസം തേടിപോകാൻ കൊതിപ്പിച്ചു. ആ സമുദ്രം തേടി ആയിരുന്നു പിന്നീട് ഉള്ള എന്റെ വില്പനകൾ. അധികവും വിദ്യാലങ്ങളുടെ പരിസരത്ത്.


ടാർപായ വലിച്ചു കെട്ടിയ വീട്, തൊട്ട് അപ്പുറത്തെ ചെക്കൻ പഠിക്കുന്നത് ഏറ്റു പഠിക്കുന്നത് കേട്ട ആ നല്ലവരായ വീട്ടുകാർ എന്നെ പഠിപ്പിക്കാൻ തീരുമാനിച്ചു. ഇന്നും ആ മനുഷ്യനാണ് എന്റെ ദൈവം. പിന്നെ പഠിത്തത്തിലുള്ള മികവ് ഒരുപാട് ആനുകൂല്യങ്ങൾ കൊണ്ടു വന്നു. പഠന ചെലവും മറ്റും ഒക്കെ ഏറ്റെടുക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അങ്ങനെ അവരുടെയൊക്കെ സ്നേഹം കൊണ്ട് ഞാൻ കറുത്തഗൗൺ അണിഞ്ഞു . ജീവിതത്തിലേക്ക് പിടിച്ചു ഉയർത്താൻ ഒരു കൈ എപ്പോഴും കിട്ടി എന്നുവരില്ല. എനിക്ക് കിട്ടി, ഞാൻ അത് മുറുക്കി പിടിച്ചു.


ഇന്ന് എന്നെ പോലെ ഉള്ളവരെ തെരുവുകളിൽ കണ്ടാൽ ഞാൻ അവരെ സഹായിക്കാറുണ്ട്. പത്ത് രൂപക്ക് ബലൂൺ വാങ്ങിയല്ല മറിച്ച് അവരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കും പഠന സഹായങ്ങൾ വാങ്ങിച്ചു കൊടുക്കും. കുപ്പിച്ചില്ലിട്ട വഴികളിലൂടെ നടന്നവനല്ലേ ആ വേദന അറിയൂ." വക്കീൽ പറഞ്ഞു.


ഗംഗാധരൻ മാഷിനെ വക്കീൽ പ്രതീക്ഷയോടെ യാത്രയാക്കി. അവരുടെ ഭൂമി വിറ്റ് സന്തോഷത്തോടെ കൊച്ചു മോനെ പഠിപ്പിക്കണം എന്ന് ഇതെഴുതുമ്പോൾ ഞാനും മനസ്സ് കൊണ്ട് ആഗ്രഹിച്ചു. തെരുവിൽ നിന്ന് വന്ന വക്കീലിന്റെ ജീവിതം ആ വൃദ്ധനായ അദ്ധ്യാപകനെ സ്വാധീനിച്ചു, ശിഷ്ടകാലം അത്തരക്കാർക്ക് അറിവ് പറഞ്ഞു കൊടുക്കാൻ അദ്ദേഹം മാറ്റിവെച്ചു.


ഈ അടുത്ത് ഞാൻ ഒരു ട്രോൾ കണ്ടു, കൊറോണ കാലത്തും മാസ്‌ക്ക് ഇല്ലാണ്ട് ബലൂൺ വിൽപ്പന നടത്തുന്ന കുട്ടികളെപ്പറ്റി. രണ്ടു ദിവസം ആ ട്രോൾ കറങ്ങി കറങ്ങി ലൈക്കും ഫോളോവേർസും സ്റ്റാറ്റസുമായി നിറഞ്ഞു നിന്നു. ആ സഹതാപം വിറ്റ് എന്നെപോലുള്ളവർ എഴുതിയും ട്രോളിയും ജീവിച്ചു എന്നല്ലാണ്ട് ഒന്നും നടന്നില്ല. ഇന്നും അവർ അവിടെ ഉണ്ട്, ബലൂൺ കയ്യിൽ പിടിച്ച് മാസ്‌ക്ക് ഇട്ട് കൊണ്ട്.


ജീവിതം ബലൂൺ പോലെയാണ് അത് ഒരു മിതമായ രീതിയിൽ കൊണ്ടുപോകണം. ചുറ്റും സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കാത്ത കാര്യങ്ങൾ ആണെന്ന് പറഞ്ഞു ഓടി കൊണ്ടിരുന്നാൽ ... വായു അധികം നിറച്ച് പൊട്ടിയ ബലൂൺ പോലെയാകും ജീവിതം. എന്നാൽ എല്ലാം കണ്ടും അറിഞ്ഞും മിതമായ  രീതിയിൽ ആണേൽ. പാകത്തിന് വായു നിറച്ച ബലൂൺ പോലെ കൂടുതൽ സമയം നമ്മുടെ കയ്യിൽ ഭദ്രമയി ഇരിക്കും.


ഇനി എല്ലാം നേരായ വഴിയിൽ ആണെങ്കിലും ജീവിതം വെച്ച് ചിലർ കളിക്കും അത് കമ്പോ മുള്ളോ തട്ടി പൊട്ടുകയും ചെയ്യും. ബലൂണിന്റെ ആയുസ്സ്, അത് പിടിക്കുന്നവന്റെ കൈ പോലെ ഇരിക്കുമെന്ന പോലെ നമ്മുടെ ഒക്കെ ജീവിതം നമ്മുടെ കൈകളിൽ സുരക്ഷിതമായി ഇരിക്കണം. മനസ്സ് താളം തെറ്റി വല്ലതും പ്രവർത്തിക്കുമ്പോൾ എത്രയൊക്കെ ഊതിയാലും വീർക്കാത്ത ബലൂണുകളെ ഓർത്താൽ മതി.


(2019 നവംബറിൽ ഒരു വാർത്ത ചാനലിൽ കടപ്പുറത്ത് ബലൂൺ വിൽക്കുന്ന ഒരു ബീഹാർ  കുടുംബത്തെപ്പറ്റി വാർത്ത കണ്ടിരുന്നു, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്.)


Rate this content
Log in

Similar malayalam story from Drama