Murshida Parveen

Drama Romance Tragedy

3  

Murshida Parveen

Drama Romance Tragedy

അറിയാതെ പോയൊരിഷ്ടം

അറിയാതെ പോയൊരിഷ്ടം

2 mins
231


അന്നും എന്നും അവന്റെ കണ്ണുകളായിരുന്നു എന്നോട് സംസാരിച്ചിരുന്നത്.


ആ കണ്ണുകളിൽ പലതും ഒളിപ്പിച്ച് വെച്ച് അവൻ ചിരിച്ച് കൊണ്ടിരുന്നത് എന്തിനായിരുന്നുവെന്ന് എനിക്കിപ്പോഴും അജ്ഞാതമാണ്. ഒടുവിലൊരു കുറിപ്പിൽ എന്നെ ഒരു ചോദ്യചിഹ്നമാക്കി അവൻ ഈ ഭൂമിയിൽ നിന്ന് വിട്ടു പോയപ്പോൾ അനേകായിരം ചോദ്യശരങ്ങൾ എനിക്ക് നേരെ വന്നപ്പോഴും എന്തിനായിരുന്നു അവനത് ചെയ്തത് എന്ന സംശയം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ആ ചോദ്യങ്ങൾക്കുത്തരമെല്ലാം അവന്റെ ബെഡ്റൂം തന്നു, പിന്നൊരിക്കൽ അവിടം സന്ദർശിച്ചപ്പോൾ. 


അന്ന് കണ്ട കാഴ്ചകൾ ഒരായിരം ജന്മമെടുത്താലും മറക്കാൻ പറ്റാത്ത ഓർമകളായി മാറി. ഒരു മഴ പോലെ ഞാൻ അവനോടൊത്ത് ഒരുമിച്ചിരുന്നെങ്കിൽ, ഒരു നിമിഷം ഞാനാഗ്രഹിച്ച് പോയി. 


എന്റെ കരം ഗ്രഹിച്ച് നിന്നൊരുത്തന്റെ സാമീപ്യം ആദ്യമായി ഞാനറിയാതെ പോയി... എനിക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവനെ ഓർത്ത് ഞാനാർത്ത് കരഞ്ഞു, നിശബ്ദം. 


ആ റൂമിൽ എന്റേത് മാത്രമായ പലതും ഞാൻ കണ്ടു. പണ്ടെങ്ങോ ഞാൻ കളഞ്ഞ് പോയതാണെന്ന് കരുതിയ എന്റെ കർച്ചീഫിൽ തുടങ്ങി, ഞാനും ഭർത്താവും കുട്ടികളുമടങ്ങിയ ഫോട്ടോകൾ വരെ. 


പോലീസ് അന്വേഷണാർത്ഥത്തിൽ ചോദിച്ച ആ ചോദ്യം ഇപ്പോഴും ഉള്ളിൽ അലയടിക്കുന്നുണ്ട്... “ നിങ്ങൾക്കയാളെ ഇഷ്ടമായിരുന്നില്ലേ?” 


ഇഷ്ടമായിരുന്നോ? എനിക്കറിയില്ല... എന്നാൽ ഇന്നെനിക്കറിയാൻ പറ്റാറുണ്ട്, അവന്റെ സാമീപ്യം... അദൃശ്യമായി വന്നെന്നെ പുൽകുന്നത് ഞാനറിയുന്നുണ്ട്. ഓരോ വിഷമഘട്ടത്തിലും എനിക്കുള്ളിൽ നിന്നവൻ ആശ്വസിപ്പിക്കുന്നുണ്ട്. 


പലരും പല കാര്യങ്ങളിലും മുഖം ചുളിക്കുമ്പോഴും എനിക്കവന്റെ പുഞ്ചിരി ഒരാശ്വാസം തന്നെയാണ്... 


എന്നെ ഇത്രയധികം സ്നേഹിച്ചതിന് മറിച്ചൊന്നും കൊടുക്കാൻ പറ്റാതിരുന്നത് എന്ത് കൊണ്ടാണെന്ന ചിന്ത ഇന്നും എന്നെ വേട്ടയാടുന്നുണ്ട്.


എന്റെ മൗനം അവനെ അത്രമേൽ നോവിച്ചിരുന്നുവോ എന്തോ? ഇട്ടെറിഞ്ഞ് പോകാനാവാത്ത അദൃശ്യചങ്ങലകളാൽ ബന്ധിക്കപ്പെട്ടതായിരുന്നു ഞാനെന്നവൻ അറിഞ്ഞിരുന്നുവെങ്കിൽ ഇന്നും അവൻ ജീവനോടെ ഉണ്ടാകുമായിരുന്നുവോ എന്തോ? 


അന്നവന് വേണ്ടി കൊടുക്കാത്ത കാതുകളാഗ്രഹിക്കുന്നത് അവന്റെ ഇമ്പമാർന്ന സ്വരം കേൾക്കാനല്ലേ? 


മനസ്സിന്റെ ഒരു കോണിൽ അവനെ പ്രതിഷ്ഠിച്ചത് തെറ്റോ ശരിയോ?? മനസാക്ഷി ഒരു ജഡ്ജി കണക്കെ ചോദ്യം തൊടുത്തുവിടുമ്പോഴും ഉത്തരം മുട്ടിയിട്ടും അവന്റെ വേർപാടിന്റെ നോവ് ഇന്ന് വല്ലാത്തൊരാനന്ദമായിരിക്കുന്നു... 


“ഒന്നുരിയാടാൻ കൊതിയായീ, കാണാൻ കൊതിയായീ”... അത്ര തന്നെ...


ആത്മാവിനോടിഴ ചേർന്നിരുന്ന് അവന്റെ ലയനം എന്നിലെ കൗതുകം എന്നും ഉണർന്നിരുന്നു. 


ഇരുട്ടിനെയും നിഴലിനെയും പേടിച്ച് നടന്ന ഞാനിന്ന് ഇരുട്ടിൽ തപ്പുന്നത് അവന്റെ നിഴലാണെന്നത് എന്റെ മാത്രം സ്വകാര്യതയാണ്. 


ഇന്ന് ഓരോ നിമിഷവും അവന്റെ അദൃശ്യമായ ആത്മാവിനോട് ഞാൻ സംവദിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു ഭ്രാന്ത് മാത്രമല്ല. എന്നാൽ എനിക്കത് എന്റെ സ്വത്വത്തെ കുറിച്ച് ഉള്ള തേടൽ കൂടിയാണ്... 


ആ തേടൽ എന്റെ ഭ്രാന്ത് തന്നെയാണ്. ഭ്രാന്തുകൾ പൂക്കുന്നിടമായി മാറി ഇന്നെൻ മനം. 


Rate this content
Log in

Similar malayalam story from Drama