Murshida Parveen

Drama

3  

Murshida Parveen

Drama

കിട്ടാക്കടം

കിട്ടാക്കടം

2 mins
180


അവഗണനയുടെ ആഴവും പരപ്പും അറിഞ്ഞവരുടെ വേദനയോളം വരില്ല മറ്റൊരു നോവും. തന്റേതാവില്ല, തനിക്ക് തരില്ല എന്നീ ഓർമപ്പെടുത്തലുകൾക്കിടയിലും എന്റേത് മാത്രമെന്ന് കണ്ണടച്ച് ഇരുട്ടത്ത് സ്വയം സമാശ്വസിച്ച ദിനങ്ങൾ നേരിട്ടവർ ഒരുപാട് കാണും. തേങ്ങലും വിങ്ങലും അടക്കിപ്പിടിച്ച് ഉള്ളിലെ സ്വത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് തോറ്റോടിയവർ. 


യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും പിന്തിരിഞ്ഞോടാൻ പോലുമാവാതെ, കാലുകളിൽ കെട്ട് കുടുങ്ങിയ അദൃശ്യചങ്ങലകളെ ഇട്ടെറിഞ്ഞ് പോകുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവർ. തന്റെ തോൽവിയും ജയവും മാലോകർ തന്റെ ജീവിതനിലവാരവും പ്രതികരണവും നോക്കി വിലയിരുത്തപ്പെടുമെന്ന് ഭയപ്പെട്ടവർ. 


സ്നേഹിക്കുന്നതിനെക്കാളുപരി സ്നേഹിക്കപ്പെടാതിരുന്നതിന്റെ നോവ് ആരെും അറിയാതിരിക്കുവാൻ പരിഭ്രമിക്കുന്നവർ. മുഖം മനസ്സിന്റെ കണ്ണാടിയായി മാറാൻ അനുവദിക്കാത്തവർ. 


അങ്ങനെ പലതരത്തിലുള്ള നോവുകൾ ഹൃത്തിലൊളിപ്പിച്ച ജന്മം കണക്കെ ഞാനും കടന്നു വന്നുവോ? പകരുന്തോറും വീര്യം കൂടുന്ന സ്നേഹം പോലെ തന്നെയാണ് തിരിച്ച് കിട്ടാൻ വൈകുന്ന സ്നേഹം പകരുന്ന നോവിന്റെ വ്യാപ്തി.


കണ്ടുപിടിക്കണം ഇനിയൊരിക്കലെങ്കിലും ഈ നോവിന്റെ വ്യാപ്തി അളയ്ക്കാനൊരുപകരണം. ജന്മം തന്ന മാതാവാൽ നിഷേധിക്കപ്പെട്ട മുലപ്പാലെന്നൊരമൃതിലും ഞാൻ കാണുന്നു സ്നേഹനിഷേധം. പ്രാണൻ കണക്കെ പ്രണയിച്ചവൻ ഭോഗിച്ച് പിന്തിരിഞ്ഞ് നടന്നതിലുമില്ലേ തിരിച്ച് കിട്ടാത്ത സ്നേഹത്തിന്റെ കണക്ക്. പങ്കാളിയായി ജീവിതത്തിലേക്ക് വന്നു കയറിയവന്റെ മുറിയിലൊരു മൂലയിൽ തരുന്ന സ്ഥാനം പോലും അവന്റെ മനസ്സിൽ ഇല്ലെന്നറിയുന്ന നിമിഷം സമ്മാനിക്കുന്നതും തിരിച്ച് ഒരിക്കലും ലഭിക്കാനിടയില്ലാത്ത സ്നേഹത്തെ തന്നെയല്ലെ?


മക്കളാൽ തള്ളിപറയുന്ന മാതാപിതാക്കളുടെ മനസ്സിലുമില്ലേ കിട്ടാക്കടമെന്ന നോവായി മാറിയ സ്നേഹം. തങ്ങൾ ഉള്ളറിഞ്ഞ് സ്നേഹിച്ച് നെഞ്ചോട് ചേർത്ത് പകർന്ന ചൂടിന്റെ പരിലാളനയുടെ ഒരംശം പോലും തിരിച്ച് കിട്ടില്ലെന്നറിയുന്ന ആ ഒരു നിമിഷത്തെ നോവ്... ആ ഒരു തരത്തിലുള്ള കടക്കാരാകാതിരിക്കാൻ ശ്രമിച്ചേക്കണം ഒരിക്കലെങ്കിലും. 


സൗഹൃദമെന്ന മഹാസമുദ്രത്തിൽ വലിയ തിരമാലയായി വന്ന് മനസ്സു പുൽകി പുണരാൻ ശ്രമിച്ചവൻ/വൾ തന്നെ വിട്ട് പുതിയ മേച്ചിൽപുറങ്ങളിൽ ചേക്കേറാൻ ശ്രമിക്കുമ്പോൾ ആരോട് പറയാൻ സാധിക്കും ആ ഒരു നഷ്ടത്തിന്റെ വില. 


പ്രണയമായാലും സൗഹൃദമായാലും ദാമ്പത്യമായാലും കുടുംബബന്ധങ്ങളായാലും മറുത്തൊന്നും പ്രതീക്ഷിക്കാതെ ബന്ധം മുന്നോട്ട് കൊണ്ട് പോവുകയാണെങ്കിൽ ഒരുപക്ഷെ കിട്ടാക്കടത്തിന്റെ ഗദ്ഗദങ്ങൾ നമ്മെ പിന്തുടരുകയില്ലായിരിക്കാം. എന്നിരുന്നാലും ഒരു സാധാരണ മനുഷ്യൻ തീർച്ചയായും മറിച്ചൊന്ന് പ്രതീക്ഷിക്കും. അസാധാരണ ചിന്താഗതിക്കാർ ചിലപ്പോൾ ഇങ്ങനെ ഒരവസ്ഥയെ നേരിട്ടിട്ട് കൂടിയുണ്ടാവില്ല. പക്ഷെ ഒരു സാധാരണ വ്യക്തിക്ക് തകരാൻ അത് മാത്രം മതി... 


ബന്ധങ്ങളുടെ മൂല്യങ്ങൾ നഷ്ടമാകുന്നിടങ്ങളിൽ കിട്ടാക്കടങ്ങൾ വലിയ മതിലുകൾ മനസ്സുകൾക്കിടയിൽ പണിഞ്ഞ് തുടങ്ങും. 


Rate this content
Log in

Similar malayalam story from Drama