മുത്തശ്ശി
മുത്തശ്ശി
താളത്തിലാടുമ്പോൾ തോളത്തുമുട്ടുന്ന-
വെള്ളോട്ടു തോടകൾ കാതിലേന്തി... ചുണ്ടകമാനം മുറുക്കിചുവപ്പിച്ചിട്ടുണ്ടൊരു- മുത്തശ്ശിയെന്റെ വീട്ടിൽ...അഞ്ചാറു- കുഞ്ഞുങ്ങൾക്കമ്മുമ്മയെങ്കിലും കണ്ടാൽപറയാത്ത രൂപഭംഗി...
എന്നെന്നുമുണ്ടതാ ചുണ്ടിലാപുഞ്ചിരി
പഞ്ചാരപായസം പോലെ വാക്കും...
നന്മതൻ നയതന്ത്ര ബുദ്ധികൊണ്ടമ്മുമ്മ -
അമ്മയെ നിത്യം നിലയ്ക്കുനിർത്തും...
കർമ്മപ്രപഞ്ചത്തിൻ കാര്യമെടുത്താലോ -
കർണ്ണനേം തോല്പിക്കും ദാനധർമി.
കാര്യങ്ങൾ കാര്യമായ് കൈകാര്യം - ചെയ്തിടും വാര്യത്തെ -
കാരണോരെന്നു ഭാവം...
കൗമാരകാലത്തെ കാര്യങ്ങൾപോലുമെൻ-
അമ്മുമ്മയ്ക്കിപ്പോഴുമോർമ്മയുണ്ട്...
കണ്ടതും കേട്ടതും കൊണ്ടൊന്നും- പറ്റിക്കാൻ കണ്ടവർ വന്നാൽ നടപ്പതില്ല
നന്മയും തിന്മയും മാറ്റിയളക്കുന്ന-
അമ്മുമ്മയാൾക്കാരെ ഓർത്തുവെക്കും...
നല്ലവർക്കേയുള്ളു പുഞ്ചിരി പായസം- അല്ലാത്തോർ വന്നാൽ മുഖംതിരിക്കും...
അമ്മുമ്മ ഐശ്വര്യ ദേവതയാണെന്ന് -
ചൊന്നാൽ പലപ്പോഴുമൊമനിക്കും...
അത്തരം ചെപ്പടി വിദ്യകൾ ചൊല്ലിയാൽ
ഒത്തിരി കാശും കടംകൊടുക്കും...
പണ്ടെന്റെ ബാല്യത്തിൽ പഞ്ചാര കഥ- ചൊല്ലും...എൻ ചുണ്ടിൽ പുഞ്ചിരി- പൂവിടർത്താൻ...
എന്നെയുറക്കും ഉണർത്തും കുളിപ്പിക്കും -
പൊന്നോമനെയെന്നു ചൊല്ലിമുത്തും...
അന്തിക്കു കോവിലിൽ ശംഖോലി കേൾക്കുമ്പോൾ 'അമ്മേ ഭഗവതി '
-
യെന്നു ചൊല്ലും...
അല്ലലു ചൊല്ലുവാനാക്കാവിൽ പോയിടും
ആഴ്ചവട്ടത്തിലൊരുദിവസം...
ചെന്നിലപ്പാട്ടെ സുകുമാരനെന്നച്ഛൻ...
കുഞ്ഞിലെ ചെയ്ത വികൃതിയെല്ലാം...
എന്നിലേക്കെന്നും പറഞ്ഞു പിടിപ്പിക്കും നല്ലവനായി വളർന്നു വരാൻ...
ആരിലുമാളായി നിൽക്കുമെന്നമ്മുമ്മ
എന്തിലും കേമിയായ് ചെന്നുചാടും...
അമ്മുമ്മയെപ്പോഴും ശ്രദ്ധിക്കുമെന്നിലെ
നല്ലതും കെട്ടതും വേർതിരിക്കാൻ...
ചന്ദനം തൊട്ടതു ചാഞ്ഞാലാടികിട്ടും
ചന്തിക്കുനുള്ളും നിലത്തിരുന്നാൽ...
പന്തടിച്ചാടുന്ന ചെക്കനെയോടിക്കും
രണ്ടുനേരംകുളിയെന്നുചിട്ടഎന്തൊക്കെ- വന്നാലുമാരൊക്കെയില്ലേലും.അന്തി- ക്കു സന്ധ്യ വിളക്കുവെയ്ക്കും.
അമ്മുമ്മ ചൊല്ലും ഹരിനാമ- കീർത്തനം. അക്കൂടെയെന്നേം- പിടിച്ചിരുത്തും...
ആയിരം സംസ്‌കൃത ശ്ലോകമറിയുന്ന -
അമ്മുമ്മ സ്കൂൾ മുറ്റം- കണ്ടിട്ടില്ല...അന്നത്തെ കാലത്തു
പെണ്മക്കൾ തിണ്ണയിൽ എണ്ണംപറഞ്ഞോണമേതുനേരോം...
അന്തർജനമാണ് സന്തതി പെണ്ണായാൽ... അവകാശമെല്ലാം പുരയ്ക്കുള്ളിലും...
ആവക കാലങ്ങൾ പോയതറിഞ്ഞിട്ടും
അമ്മുമ്മ ആചാരകാര്യം ചൊല്ലും
ആണുങ്ങൾക്കൊപ്പം പറക്കുന്ന പെണ്ണിന്നെ... അമ്മുമ്മ...
അത്ഭുതത്തോടെ നോക്കും...
അറിയാതെയപ്പോഴാ മൂക്കിൽ വിരൽ വെയ്ക്കും 'അമ്പമ്പോ അവളെന്നു' മെല്ലെ ചൊല്ലും...