വീട്ടിലേക്കുള്ള വഴി
വീട്ടിലേക്കുള്ള വഴി


അവിടുന്നിറങ്ങി വീട്ടിലോട്ടുള്ള ബസ് കേറി .ജനലരികിൽ തന്നെ സീറ്റ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു .ഓർമ്മകൾ അയവിറക്കാൻ പറ്റിയ ഒരു വേദിയാണല്ലോ അത് .അതും ഇതും ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.ഉണർന്നപ്പോൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി .ഇല്ല, എത്തിയിട്ടില്ല.
പതിയെ എന്റെ ഗ്രാമം ദൃശ്യമായിത്തുടങ്ങി.
"ആ ചിറയ്ക്കപടി ചിറയ്ക്കപ്പടി...."
"ആളിറങ്ങാനുണ്ടെ."
ബസ് ഇറങ്ങി തോളിൽ ബാഗും തൂക്കി പതുക്കെ നടന്നു.മുഖം കുനിച്ചു നടക്കാൻ പരമാവധി ശ്രദ്ധിച്ചു.എത്ര നാളായി ഒന്ന് മര്യാദക്ക് തല പൊക്കി നോക്കീട്ട് .സന്ധ്യമയങ്ങിയത് കൊണ്ട് ആരെയും പുറത്തങ്ങനെ കാണുന്നില്ല,പ്രത്ത്യേകിച്ചും പെണ്ണുങ്ങളെ.
അസ്തമ സൂര്യന്റെ ചുവന്ന രൂപം അമ്മയുടെ നെറ്റിയിലെ വലിയ സിന്ദൂരപൊട്ടിനെ ഓർമപ്പെടുത്തി .എത്ര നാളായി ആ മുഖമൊന്നു കണ്ടിട്ടു....പാടത്തിലൂടെയുള്ള ഇടവഴി കഴിഞ്ഞു ചെന്നാൽ മെയിൻ റോഡ് ആയി .റോഡ് ആണെന്നൊന്നും പറയാനില്ല.ഒരു ചെമ്മൺപാത.
അയ്യോ ,അത് കാണാനില്ല.ഇവിടുന്നു പോയപ്പോൾ ഇങ്ങനൊന്നും അല്ലാരുന്നല്ലോ.
"ആഹാ ഇതാരാ,വരുന്ന വഴിയാണോ.? എന്നാ ഉണ്ട്,സുഖമാണോ?കണ്ടോ നമ്മടെ റോഡ്.കുഞ്ഞിക്കണ്ണൻ ആള് പുലിയാ,എത്ര പെട്ടെന്നാ സംഗതി തീർപ്പാക്കിയേ. ആ ,ഞാൻ എന്നാൽ അങ്ങോട്ട് പോവാ,മോൻ ചെല്ല്."
കുമാരന്റെ ശബ്ദത്തിലെ പരിഹാസം തളർത്തിയത് കൊണ്ടായിരിക്കാം,ഒന്നും മറുപടി പറയാൻ തോന്നിയില്ല.
ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോൾ ദാണ്ടെ ,അമ്മ ഉമ്മറത്ത് ഇരുപ്പുണ്ട് .പാവം, പണ്ടും അങ്ങനെയാ ഞാൻ എവിടെങ്കിലും പോയാൽ വരുന്നിടം വരെ ഉമ്മറത്തു അങ്ങനെ ഒരിരുപ്പാ.
അമ്മ എന്നെ കണ്ടതും കുറെ നേരമങ്ങനെ നോക്കിനിന്നു.
"അമ്മെ,റോഡ് ഒക്കെ ഉഷാറായല്ലോ."മൗനം ഭഞ്ജിക്കാനെന്നോണം ഒരു വിഷയം ഇട്ടുകൊടുത്തോണ്ട് ഞാൻ അങ്ങ് തുടങ്ങി.
"ആ മോനെ,കുഞ്ഞിക്കണ്ണൻ നല്ല വെടിപ്പാക്കി.ഇപ്പൊ ലോറിയൊക്കെ എളുപ്പത്തിൽ പോവും.അവൻ കാര്യം വെടക്ക് ആണേലും വികസനങ്ങളൊക്കെ പെട്ടെന്നു കൊണ്ടുവരുന്നുണ്ട്."
"പുള്ളിയെ പണ്ടേ നമുക്ക് അറിയാവുന്നതല്ലേ ,എന്തെങ്കിലും നേട്ടം കാണാതെ അങ്ങേര് ആർക്കും ഉപകാരം ചെയ്യാറില്ല.അന്ന് എന്റെ കാര്യത്തിന് തന്നെ എത്രയാ വാങ്ങിയെ ,കള്ളൻ."
"നീ ആവശ്യമില്ലാത്തതു അന്വേഷിക്കാൻ നിക്കണ്ട,ഇതുവരെ മതിയായില്ലേ നിനക്കു,കിട്ടിയതൊന്നും പോരെ .അവൻ എന്തേലും ചെയ്യട്ടെ.വന്നു വല്ലോം കഴിക്കാൻ നോക്ക്."
ആ ഇനിയിപ്പോ കൂടുതൽ ദേഷ്യം പിടിപ്പിച്ചാൽ അമ്മ പഴയ കാര്യങ്ങൾ എടുത്തിടും,വെറുതെ ഉള്ള സമയം വഴക്കിട്ടു കളയണ്ടല്ലോന്ന് ഓർത്തു അകത്തോട്ടു കേറി.
"അമ്മെ,ഞാൻ ഒന്ന് മുങ്ങിയിട്ട് വരാം.എന്നിട്ട് കഴിക്കാനെടുത്താ മതി."
"ആ,നീ അങ്ങോട്ട് പോവണ്ടെടാ.മൊത്തം ചുഴിയാ.വെള്ളവും കുറഞ്ഞു.കഴിഞ്ഞാഴ്ച്ചേൽ നമ്മടെ ഭദ്രന്റെ മോൻ ചുഴിയിൽപ്പോയി,ഭാഗ്യംകൊണ്ടാ രക്ഷപെട്ടേ."
"ആണോ,ഹം....എന്നാൽ പോവുന്നില്ല."
പണ്ട് അപ്പുറത്തെ കണ്ണനും ഞാനും കുട്ടനും കൂടായിരുന്നു ആറ്റിൽ പോവുന്നെ.അവിടെ ചെന്നാ ചിറക്കലെ ഒട്ടുമിക്ക പിള്ളേരും കാണും.നീന്തൽമത്സരം;അതായിരുന്നു മുടങ്ങാതെ എല്ലാരേയും കടവത്തു എത്തിക്കുന്നതിന്റെ പ്രധാന കാരണം.അക്കരെ വരെ പോയി തിരിച്ചു ആരാദ്യം നീന്തി എത്തുന്നൊ അവൻ ആയിരിക്കും അന്നത്തെ രാജാവ്.നമ്മളൊക്കെ അടിമകൾ.അവൻ എന്നാ പറഞ്ഞാലും നമ്മൾ അനുസരിച്ചേ പറ്റൂ.അതോർത്തപ്പം കവിളിൽ ഒന്നറിയാതെ തലോടിപ്പോയി.
അന്ന് കണ്ണൻ ആയിരുന്നു രാജാവായത്.അവൻ ഓരോരുത്തരോടും ആജ്ഞാപിച്ചുകൊണ്ടിരുന്നു,എനിക്ക് കിട്ടിയത് ഒരൊന്നൊന്നര പണിയാരുന്നു.വര്ഗീസ് ഏട്ടന്റെ അനിയത്തി മരിയ ആ നാട്ടിലെ മിക്ക ആൺപിള്ളേരുടെയും ഉറക്കം കെടുത്തിയിരുന്ന ഒരു കൊച്ചുസുന്ദരി ആയിരുന്നു.പക്ഷെ അവളുടെ ചേട്ടന്റെ അടി പേടിച്ചു ആരുമത് പ്രകടിപ്പിക്കാൻ താല്പര്യപെട്ടില്ല.ആ അപകടം പിടിച്ച പണി രാജാവ് പറഞ്ഞാൽ ചെയ്‌കയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.ഇല്ലെങ്കില്പിന്നെ ആ കടവിലോട്ടു അടുപ്പിക്കില്ല.ഉള്ള ധൈര്യം സംഭരിച്ച്, അവൻ തന്ന കത്തുമായിട്ട് ഞാൻ പോയി .സംഗതി വളരെ വൃത്തിക്ക് പാളി.
ഹാ,അതൊക്കെ ഒരു കാലം.കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു, "ഇപ്പൊ മണലുവാരൽ കൂടിയെടാ,അതാ ഞാൻ പോവണ്ടെന്ന് പറഞ്ഞെ."
'അത് മനസ്സിലായി ,ഇച്ചിരി കൂടി പുളിശ്ശേരി താ അമ്മെ... ഇതൊക്കെ കഴിച്ച കാലം മറന്നു'.
"പിന്നെ അമ്മേ,ചേട്ടൻ...എന്ത്യേ?എന്നോട് വെറുപ്പായിരിക്കുമല്ലേ...ആഹ്...ചേട്ടൻ പറഞ്ഞതൊന്നും ഞാനിതു വരെ അനുസരിച്ചിട്ടില്ലല്ലോ....എനിക്കിതെ വരൂ..."
"നിന്നോട് അവനു ദേഷ്യമൊന്നൂല്ല,വിഷമമുണ്ട് ഉള്ളിൽ.പുറത്തു കാണിക്കാറില്ല,പാവം.ആഹ് ...അവള് ഭയങ്കര വഴക്കായിരുന്നു നിന്നെ ഇനി ഇങ്ങോട്ട് കേറ്റിയാൽ അവളിറങ്ങിപോവുമെന്ന് പിള്ളേരെയുംകൊണ്ട്....അവനൊരുവിധം പറഞ്ഞവളേം കുട്ട്യോളേം കൂട്ടി അവൾടെ വീട്ടിൽ പോയി. ഇപ്പം അവിടാ സ്ഥിരം...അവിടെയടുത്തു സ്ഥലമൊക്കെ വാങ്ങി വീട് വെക്കാൻ..ഇടയ്ക്കിടയ്ക്ക് വരുമവൻ...രണ്ടുപ്രാവശ്യം പിള്ളേരെയുംകൊണ്ട് വന്നാരുന്നു.നീ വരുമെന്നു ഞാൻ പറഞ്ഞാരുന്നു.കാണാൻ വരുമായിരിക്കും....."
പിന്നെ അമ്മ കുറെ നേരത്തേക്ക് മൗനമായിരുന്നു.അമ്മ ഒന്ന് ശരിയാവാൻ കുറച്ചു സമയം പിടിക്കും.
ഒന്ന് പുറത്തേക്കിറങ്ങി വെറുതെ നടന്ന്,പഴയ ഞങ്ങടെ ഗ്രൗണ്ട് വരെ പോയി.കണ്ടപ്പോൾ അതിശയിച്ചു പോയി.അവിടെ വേലിയൊക്കെ വെച്ചേക്കുന്നു, കൂടെ ഒരു ബോർഡും 'വർക്ക് ഇൻ പ്രോഗ്രസ്സ് ,സ്റ്റാർ ഗ്രൂപ്പ് വില്ല പ്രൊജക്റ്റ്'.പണ്ട് ചെത്തിമിനുക്കിയ മടല് ബാറ്റും റബ്ബർ പന്തും മൂന്ന് വിറകുകുറ്റി സ്റ്റമ്പുമാക്കിക്കൊണ്ട് ഞങ്ങൾ കണ്ട ക്രിക്കറ്റ് സ്വപ്നങ്ങൾടെ എല്ലാ വീറും വാശിയും തീർത്ത, ഞങ്ങടെ വിയർപ്പു പതിഞ്ഞ മണ്ണ്.അവിടിന്ന്,എവിടെ നിന്നോ ജീവിക്കാൻ വേണ്ടി വന്ന,മലയാളികൾടെ ഭാഷയിൽ പറഞ്ഞാൽ 'ബംഗാളികൾ' വിയർപ്പൊഴുക്കുന്നു.എന്തായാലും മണ്ണിനെന്നും വിയർപ്പിന്റെ ഗന്ധം തന്നെ. പിന്നെ അങ്ങോട്ട് ഇരുട്ടായോണ്ട് മുന്നോട്ടു പോയില്ല. വീട്ടിൽ വന്നു നേരെ കിടന്നു.അമ്മ ഞാൻ വരുന്നേനു മുന്നേ കിടന്നിരുന്നു.എന്തോ ഉറക്കം വന്നില്ല.ഏറെ കഴിഞ്ഞപ്പോൾ ലോറികളുടെ ഇരമ്പൽ കേട്ടു,മണലും കൊണ്ട് പോവായിരിക്കും,റോഡ് നന്നാക്കിയത് അപ്പൊ ഇതിനു വേണ്ടിയായിരുന്നു.
"എടാ എഴുന്നേറ്റെ , ദേ കണ്ണൻ വന്നേക്കുന്നു."
പതുക്കെ കണ്ണുംതിരുമ്മി മുഖമൊക്കെ കഴുകി ഉമ്മറത്തോട്ടു പോയി.
"ആഹാ,നീ എഴുന്നേറ്റില്ലേ ഇതുവരെ...കൊള്ളാം."
"എന്നാ ഉണ്ടെടാ,നീ എപ്പം വന്നു കുറെ നേരായോ?"
"ഓ,ഇല്ലെടാ,ദാ വന്നേയുള്
ളൂ,നിനക്കു സുഖമാണോ ?കാര്യങ്ങളൊക്കെ എങ്ങനെ... ഇനി എത്ര നാളൂടുണ്ട് ?"
''ഒന്നും പറയാറായിട്ടില്ല,എല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്.നീയിപ്പമെവിടാ,ചെന്നൈയിൽ തന്നെയാണോ?''
"ആഹാ, അവിടൊക്കെ എന്നേ വിട്ടു.എന്റെ അളിയൻ ഒരു വിസ ഒപ്പിക്കുന്നുണ്ട്,ദുബായിലോട്ടു ചാടാൻ.ഇവിടെ നിന്നിട്ടു യാതൊരു മെച്ചവുമെല്ലെടാ,മടുത്തു. ശമ്പളവുമില്ല.ഒടുക്കത്തെ ചിലവും.രേഷ്മയെ കെട്ടിച്ചതിന്റെ ബാധ്യത ഇതുവരെ തീർന്നിട്ടില്ല ,പിന്നെ ലോൺ.ആകെ മൊത്തം പ്രശ്നങ്ങളാണെ.പുറത്തുപോയൊന്നു കഷ്ടപെട്ടാൽ 5 വര്ഷം കൊണ്ട് എല്ലാമൊന്ന് കരക്കടിപ്പിക്കാം.അച്ഛൻ റിട്ടയർ ആവും അടുത്ത മാസം.3- 4 മാസത്തെ ശമ്പളം കിട്ടിയിട്ടില്ല.കെഎസ് ആർ ടി സി നഷ്ടത്തിൽ ആണത്രേ.കഷ്ടകാലം അല്ലാണ്ടെന്നാ..അതൊക്കെ വിട്...." ഇത്രെയും പറഞ്ഞിട്ട് അവനൊന്നു നിർത്തി.
"എടാ നീ നമ്മടെ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അവസ്ഥ കണ്ടോ ?അതിന്റെ പുറകിലുള്ള നമ്മടെ മാധവൻ നായരില്ലെ അങ്ങേർടെ 30 ഏക്കറും ചേർത്ത് സ്റ്റാർ ഗ്രൂപ്പുകാർ അങ്ങ് വാങ്ങി.വില്ല പണിയാൻ ആണത്രേ.എന്തായാലും ഇവിടുത്തുകാർക് പറഞ്ഞുനടക്കാൻ ഒരു വിഷയമായി.ഹാ,കുമാരനൊക്കെയാ അതിന്റെ മെയിൻ ആള്.അങ്ങേരിപ്പം ആ ജോണിടെ വലംകൈയാ.പിന്നെ നാട്ടിലെ പ്രമുഖരൊക്കെ അടുത്ത് കൂടിയിട്ടുണ്ട്.എന്തായാലും നല്ലതിനാരിക്കും.അങ്ങനേലും നമ്മടെ നാട് നാലാള് അറിയട്ടെ."
"അതു ശെര്യാ."
"എടാ...നീയെന്നാ ഒന്നും മിണ്ടാത്തെ ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ ?എത്ര ദിവസമുണ്ടിവിടെ ?"
"എനിക്കെന്തു വിശേഷങ്ങളാടാ...ആകെ ശൂന്യതയാ ....3 ദിവസമുണ്ട് നാളെ രാവിലെ പോവണം "
അപ്പോഴേക്കും അമ്മ ചായയുമായി വന്നു.
"ഇവനും കുട്ടനും ഇടക്കിടക്ക് ഇവിടെ വരാറുണ്ടെടാ.കുട്ടൻ ആണേൽ നിന്ന് തിരിയാൻ സമയമില്ല."
'"ആഹ്,അത് പറഞ്ഞപ്പഴാ കുട്ടനെന്തിയെ, ഇപ്പോഴും പാർട്ടിയൊക്കെ തന്നെയാണോ പരിപാടി ?"
"ആഹാ പിന്നല്ലാണ്ട് അവനു പാർട്ടി വിട്ടൊരു കളിയില്ല.അവന്റമ്മ പറഞ്ഞു പറഞ്ഞു മടുത്തു."
"ഹാ പാർട്ടി ... അതൊക്കെ ഒരു വലിയ നുണയല്ലെ ഡാ ... ചോര തിളക്കണ സമയത്ത് ആ കള്ളമൊക്കെ നമ്മൾ കണ്ണും പൂട്ടി വിശ്വസിക്കും എന്തും കാട്ടി കൂട്ടും. പിന്നെ കിടന്നു നരകിക്കും. പിന്നെ പാർട്ടിക്കും വേണ്ട നാടിനും വേണ്ട... കണ്ടില്ലേ എന്നെ...."
ഒരു വലിയ നെടുവീർപ്പോടെ ഞാൻ പറഞ്ഞു നിർത്തി.
"ഞാൻ എന്ത് പറയാനാട ".
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ ചാടിയെഴുന്നേറ്റു.
"എടാ,ഞാൻ... എന്നാലേ അങ്ങോട്ടിറങ്ങുവാ,ഇവിടെങ്ങാനും ഇരിക്കുന്നെ ആരേലും കണ്ടാൽ അമ്മയോട് ചെന്ന് പറയും പിന്നെ അതുമതി.നീയൊന്നും വിചാരിക്കല്ലേ...ഈ നാട്ടുകാരുടെ മനഃസ്ഥിതി അങ്ങനായിപ്പോയി..."
"ആഹ് ......ശരിയെടാ."
അവന്റെ കൂടെ ഗേറ്റ് വരെ ഞാനും നടന്നു.
"എടാ,പിന്നെ...മരിയ....മരിയ എന്തിയെ? അവൾക്കു സുഖമാണോ?"
"ആഹാ,ഞാൻ ആലോചിച്ചതെയുള്ളൂ നീ ചോദിച്ചില്ലലോന്ന്,അവള് സുഖായിരിക്കുന്നു.ഇന്നലെ ഞാൻ കണ്ടിരുന്നു നീ വന്ന കാര്യം ഞാൻ പറഞ്ഞാരുന്നു."
"ആണോ?"...അത് കേട്ടപ്പോഴേ ആകാംക്ഷാഭരിതനായി ഞാൻ..." എന്നിട്ടെന്നാ പറഞ്ഞു?"
"ഒന്നും പറഞ്ഞില്ല,ഒന്ന് മൂളി.അവൾക്കു അവര് കല്യാണം ആലോചിച്ചു തുടങ്ങി.മിക്കവാറും നീ ഇനി വരുമ്പോഴേക്കും അവളും..."
"ആഹ് നന്നായി,പോട്ട് പോട്ട് എല്ലാരും പോട്ടെ,എന്റെ തന്നെ തെറ്റല്ലേ...അവള് പാവം വേറെയെന്തു ചെയ്യാനാ വീട്ടുകാരെ അനുസരിച്ചാലല്ലേ പറ്റൂ."
"എടാ,ഞാനെന്നാൽ പോവാ,നീ ഇനി വരുമ്പോഴേക്കും ഞാനും കാണില്ല,ദുബായിൽ ആയിരിക്കും.ഇനി എന്നേലും കാണാം,ശരിയെട്ടോ"
"ആം.....,ശരി...യെടാ,പിന്നെ കുട്ട്ട്..."
അത്രേം പറഞ്ഞു വന്നപ്പോഴക്കും പുറത്താഞ്ഞൊരു അടി വീണു.തിരിഞ്ഞുനോക്കിയപ്പോൾ ദാണ്ടെ നിക്കുന്നു സാക്ഷാൽ കുട്ടൻ.
"എടാ, നിന്റെ കാര്യം പറഞ്ഞങ്ങട് വരുവാരുന്നു,നീ ഇതിപ്പം എവിടുന്നു പൊട്ടി മുളച്ചു?"
"ആകാശത്തൂന്ന്,പറന്നിങ്ങടിറങ്ങി.എന്തൊക്കെയുണ്ട് മോനെ?എപ്പഴാ വന്നേ?എനിക്കൊട്ടും സമയമില്ല.കവലയിൽ വെച്ചിട്ടൊരു സമ്മേളനമുണ്ട്.ഞാൻ ആണേ അധ്യക്ഷൻ.'തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം'എന്നതാ വിഷയം.പോവ്വാ,വൈകിട്ടുകാണാം."
അവൻ അത്രേം പറഞ്ഞിട്ടങ്ങു പോയി.നേരെ ഉമ്മറത്ത് പോയിരുന്നു.ഇനി ആരെക്കാണാൻ.ഇവിടാകെ എനിക്കുള്ളത് ഇവര് രണ്ടും പിന്നെ മരിയ,അമ്മ.
മരിയ !!!!!
അന്നും ഇന്നും പ്രണയം പൈങ്കിളി തന്നെയാണ് .സഹതാപത്തിന്റെ ഒരു വശം കൂടിയുണ്ടേൽ കേമായി.സിനിമകളിൽ മാത്രമല്ല ജീവിതത്തിലും 'ട്വിസ്റ്റുകൾ' സംഭവിക്കാം.അന്ന് കൊടുത്തതു കണ്ണന്റെ കത്താണെങ്കിലും മറുപടി എനിക്ക് വേണ്ടിയുള്ളതായിരുന്നു.ഇന്നിതാ അവളും വേറെ ആരുടെയോ സ്വന്തമാകാൻ പോവുന്നു.അവസാനമായി ,എന്റേതായിട്ട്, ഒന്നൂടി കാണണമെന്നുണ്ട്.പക്ഷെ വേണ്ട വെറുതെ അവളെ കരയിപ്പിക്കണ്ടാ.ഒരുപാട് എനിക്ക് വേണ്ടി സഹിച്ചവളാ.ഇനി വേണ്ട.
വേറെ ആരെയും കാണാനില്ലാത്തതു കൊണ്ട് ,അന്ന് പുറത്തോട്ടൊന്നും ഇറങ്ങിയില്ല.
അമ്മ നാട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞു. എന്റെ കൂടെ പഠിച്ച സന്ധ്യയുടെ കല്യാണം കഴിഞ്ഞു.പെരുമ്പ്രത്തെ സുഷമ ഏതോ ബംഗാളിയുടെ കൂടെ ഒളിച്ചോടി.രവീടെ അച്ഛൻ മരിച്ചു.ജോർജിന് അമേരിക്കയിൽ ജോലിയായി ...ഇങ്ങനെ കുറെ നാട്ടുവർത്തമാനങ്ങൾ .ഇതൊന്നും ഞാനറിയാഞ്ഞതെന്തേ?
എങ്ങനെ അറിയാനാ ?ആര് അറിയിക്കാനാ ?
രാത്രിയിൽ കിടന്നപ്പോൾ ഒറ്റപ്രാർത്ഥനയെ ഉള്ളായിരുന്നു,മരിയ സ്വപ്നത്തിൽപ്പോലും വരല്ലേയെന്ന്.പിന്നേം മനസ്സ് മാറി അവളെ കാണാൻ തോന്നിയാലോ?
പിറ്റേന്ന് തിരിച്ചു പോവാൻ തയ്യാറെടുക്കുമ്പോൾ,അടുക്കളയിൽനിന്നും നല്ല മണം.ചെന്നു നോക്കിയപ്പോൾ അമ്മ ഉപ്പേരി വറക്കുന്നു.
"അമ്മെ,ഇതൊക്കെ എന്തിനാ?"
"ഇരിക്കട്ടെടാ,അവിടൊക്കെ വായ്ക്ക് രുചിയുള്ളതു വല്ലോം കിട്ടുവോ?നീയിതു കൊണ്ടുപോക്കോ,നിന്റെ ഇഷ്ടപെട്ട മാങ്ങാച്ചാറും ഉണ്ട്."
''അമ്മ ഇതെന്നാ അറിഞ്ഞിട്ടാ ഈ പറയുന്നെ,ഇതൊന്നും അവിടെ പറ്റില്ല അവര് അകത്തോട്ടു കൊണ്ടുപോവാൻ സമ്മതിക്കില്ല."
അത് കേട്ടതും അമ്മ ഒരൊറ്റ കരച്ചിൽ.ഇനി ആശ്വസിപ്പിക്കാൻ നിന്നാൽ ബസ് കിട്ടില്ല.അതുകൊണ്ടു പെട്ടെന്നിറങ്ങി.
അവിടെച്ചെന്ന് ബസ്സിറങ്ങി,നടന്നു.അങ്ങോട്ട് കേറും മുൻപ് അത്രേം നേരം കുനിച്ചിരുന്ന തലയൊന്നു പൊക്കിനോക്കി ,'സെൻട്രൽ ജയിൽ,പൂജപ്പുര'.
____ഉത്തര തോമസ്______