Uthara Thomas

Tragedy

4.5  

Uthara Thomas

Tragedy

കളിപ്പാവ

കളിപ്പാവ

6 mins
593


എനിക്ക് ഏകദേശം മൂന്ന് വയസ്സുള്ളപ്പോഴായിരുന്നു അത് തുടങ്ങിയത്.വെറുതെ വീട്ടിനകത്തു ഓടി നടക്കുമ്പോൾ സ്റ്റോർ റൂമിന്റെ സൈഡിൽ ആയി 2 -3 ചോക്ക് കഷണങ്ങൾ കിടക്കുന്നത് കണ്ടു. കൗതുകം ഉണർത്തുന്ന നിറങ്ങൾ;പച്ച മഞ്ഞ നീല ...നീല നിറം നല്ല ആകര്ഷണീയമായി തോന്നി.അത് കയ്യിലെടുത്തു..തിരിച്ചും മറിച്ചുമൊക്ക നോക്കി.പിന്നെ ഭിത്തിയിൽ കുത്തി വരച്ചു നോക്കി .ഹായ് ....തെളിയുന്നുണ്ട് പിന്നെ വൻ വരയായിരുന്നു . പക്ഷെ എന്റെ വരക്കു ഞാൻ പോലുമറിയാതെ ഓരോ രൂപങ്ങൾ ഉടലെടുക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു .ആദ്യമായി വരച്ചത് എല്ലാരും വരക്കുന്നതുപോലെയുള്ള ഒരു പൂവാണ്.കയ്യിൽ കിട്ടിയ ചോക്ക് കഷ്ണം തീരുന്നത് വരെ വരക്കാൻ ഞാൻ തീരു മാനിച്ചു .ഭിത്തി മുഴുവൻ അലങ്കരിച്ചാൽ അമ്മ പ്രശംസിക്കുമെന്നായിരുന്നു എന്റെ വിചാരം.പക്ഷെ എന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട്,ഇത് കണ്ട 'അമ്മ എനിക്കിട്ടു രണ്ട് പൊട്ടിച്ചു.അപ്പോഴും എനിക്ക് ആ ഭിത്തിയിൽ ഒരു വൃത്തികേടും കണ്ടെത്താനായില്ല .എന്റെ തീരുമാനം അമ്മയ്ക്ക് എന്ത് കൊണ്ട് ഇഷ്ടമായില്ല എന്നെനിക്ക് മനസ്സിലായില്ല.അത് കൊണ്ട് തന്നെ അടി കൊണ്ടിട്ടും ഞാൻ കരഞ്ഞില്ല.പക്ഷെ ആ അടിയൊന്നും എന്റെ വരയ്ക്കു ഒരു തടസ്സമായിരുന്നില്ല. എന്റെ വര പരീക്ഷണങ്ങൾ ഇങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു . കയ്യിൽ കിട്ടിയത് എല്ലാം കൊണ്ട് ഞാൻ വരച്ചു നോക്കുമായിരുന്നു.അങ്ങനെയാണ് കല്ല് കൊണ്ട് വരക്കാൻ പറ്റുമെന്ന് മനസ്സിലായത്. (പക്ഷെ പിന്നീട് വീട്ടുകാരുടെ അടി കിട്ടിയപ്പോഴാണ് അത് വരഞ്ഞതല്ല പെയിന്റ് ഇളകിയതാണ് എന്ന് മനസ്സിലായത് ).


സാധാരണ കുഞ്ഞുങ്ങളെ പോലെ കുത്തിവരയല്ല എന്റേത് എന്ന് ആദ്യം മനസിലാക്കിയത് എന്റെ അമ്മാവൻ ആണ്. കലകളോട് കാര്യമായി താല്പര്യം ഒന്നുമില്ലാത്ത അച്ഛനും ഒരു വട്ടം പോലും വൃത്തിക്ക് വരക്കാനറിയാത്ത അമ്മയ്ക്കും അതൊരു അത്ഭുതമായി തോന്നിയെങ്കിലും കുഞ്ഞിന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അവര് തീരുമാനിച്ചു. വാട്ടർ കളറും ക്രയോനും പേപ്പറും ബ്രഷും ഒക്കെ കണ്ണും കണക്കുമില്ലാതെ വാങ്ങി തന്നു എന്നെ ഒരു 'പ്രൊഫഷണൽ' ചിത്രകാരി ആക്കാൻ അവര് കുറെ പാട് പെട്ടു.അങ്ങനെ കല ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോൾ ആണ് എനിക്ക് ഒരു അനിയൻ ഉണ്ടാകാൻ പോകുന്നുവെന്ന് ഞാൻ അറിയുന്നത് ( പൊതുവെ പെൺപിള്ളേരോട് അടിയുണ്ടാക്കുന്ന സ്വഭാവക്കാരിയായിരുന്നത് കൊണ്ട് അനിയൻ ആണെങ്കിൽ ഒത്തിരി സ്നേഹിക്കാമല്ലോ എന്ന വെറും തെറ്റിദ്ധാരണ കൊണ്ട് ആദ്യം മുതലേ അനിയൻ തന്നെയാണെന്ന് ഞാൻ വിശ്വസിച്ചുപോന്നു. പക്ഷെ എന്റെ വിശ്വാസം തെറ്റിയില്ല അത് അനിയൻ തന്നെയായിരുന്നു.) അമ്മക്ക് അനിയനെ ആണ് കൂടുതൽ ഇഷ്ടം എന്നെനിക്കു തോന്നിയിട്ടുണ്ട്, അച്ഛന് എന്നെയും. പക്ഷെ ആ വേർതിരിവ് ഒന്നും അവർ പ്രകടമാക്കിയില്ല.


ഒരിക്കൽ അമ്മായി വീട്ടിൽ വന്നു പോയപ്പോൾ മുതൽ അമ്മ എന്നെ ഡാൻസ് പഠിപ്പിക്കാൻ വിടണം എന്ന് പറഞ്ഞു അച്ഛനെ കുറെ നിർബന്ധിച്ചു. വേറൊന്നുമല്ല അമ്മായിടെ മോൾ പോകുന്നുണ്ട് അതിനാണ്.പക്ഷെ എനിക്ക് ഡാൻസ് അല്ല ചിത്രം വര ആണ് ഇഷ്ടമെന്ന് അമ്മയോട് ഞാൻ ധൈര്യമായി പറഞ്ഞു. അച്ഛൻ അതിനു കൂട്ടും നിന്നു.അച്ഛന് എന്റെ മേലുള്ള വിശ്വാസം തെറ്റിയില്ല. സ്കൂളിലെ ഒന്നാം ക്ലാസ്സിൽ യൂത്ത് ഫെസ്റ്റിവലിൽ ചിത്ര രചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് എനിക്കൊരു മുതൽക്കൂട്ടായി. എല്ലാരും എന്നെ അഭിനന്ദിച്ചു. കൂട്ടുകാർ,അദ്ധ്യാപകർ, ബന്ധുക്കൾ അങ്ങനെ അങ്ങനെ എല്ലാവരും എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു .ഒരു പക്ഷെ അപ്പോഴാണ് എനിക്ക് ശരിക്കും കഴിവുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയത്. അതൊരു തുടക്കം മാത്രമായിരുന്നു. ഞാൻ പിന്നെയും കുറെ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനങ്ങൾ വാരിക്കൂട്ടി. സ്കൂൾ തലം , ജില്ല തലം അവസാനം സംസ്ഥാന തലം. ഞാൻ സ്കൂളിലെ താരമായി.നാട്ടിലെ രവി വർമയായി(വെറുതെ ഒരു പഞ്ചിനു ഇരിക്കട്ടെന്നേ). ഇതൊക്കെ എന്നെ കുറച്ചു അഹങ്കാരിയാക്കിയെന്നു പറഞ്ഞാൽ തെറ്റില്ല കേട്ടോ. അത് ഉള്ളതാണ്. സാധാരണ കുട്ടികൾ ചോക്ലേറ്റു മലയും സൈക്കിളും ഒക്കെ സ്വപ്നം കാണുമ്പോൾ ഞാൻ കണ്ടിരുന്നത് കയ്യിൽ ബ്രുഷും പൈന്റും പിടിച്ചു നിൽകുമ്പോൾ കുറെ ആൾകാർ വന്നു എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഓട്ടോഗ്രാഫ് ചോദിക്കുന്നതും പിന്നെ എന്റെ ചിത്രങ്ങൾ രാഷ്ട്ര- അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടുന്നതും എന്റെ പ്രശശ്തി ഉയരുന്ന തും ഒക്കെയായിരുന്നു എന്റെ സ്വപ്‌നങ്ങൾ നിറയെ.

എത്രെയും പെട്ടെന്ന് ഒന്ന് വലുതായിരുന്നെങ്കിൽ ഒരുപാട് സ്ഥല ത്തൊക്കെ പോയി വ്യത്യസ്ത ചിത്രങ്ങൾ ക്യാൻവാസിൽ പകർത്ത mമായിരുന്നു എന്ന് ഞാൻ ആശിച്ചു.

അങ്ങനെ കാലം കടന്നു പോയി. ഞാൻ വലുതായി പത്താം ക്ലാസ്സിലെത്തി. അപ്പൊ 'അമ്മ പറഞ്ഞു " മോളെ ഇത് പത്താം ക്ലാസ്സ് ആണ്. നീ നന്നായി പഠിച്ചാലേ ഇനി മുന്നോ ട്ടുള്ള ക്ലാസ്സുകളിൽ നിനക്കു നല്ല കോളേജിലൊക്കെ അഡ്മിഷൻ കിട്ടൂ. അത് കൊണ്ട് നീ ഈ വർഷത്തേക്ക് തത്കാലം മത്സരങ്ങളിലൊന്നും പങ്കെടുക്കേണ്ട. പഠിത്തത്തിൽ നന്നായി ശ്രദ്ധിക്ക്."

"പക്ഷെ അമ്മെ എനിക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല. സ്കൂളിൽ എല്ലാരും നിർബന്ധിക്കും. യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ. അച്ഛാ അമ്മയോട് ഒന്ന് പറ"

പക്ഷെ അച്ഛനും അമ്മയുടെ അഭിപ്രായത്തോട് യോജിച്ചു നിന്ന്. " സാരമില്ല മോളെ ഞങ്ങൾ ടീച്ചറിനോട് പറഞ്ഞോളം "

എന്റെ നിസ്സഹായ അവസ്ഥ കണ്ട് എന്റെ നല്ലവനായ അനിയൻ ഊറിച്ചിരിച്ചു. 

" നീ കൂടുതൽ ചിരിക്കണ്ട. നീ പത്താം ക്ലാസ്സിലെത്തുമ്പോൾ നിന്നെ അമ്മ ഫുട്ബോൾ കളിക്കാൻ വിടില്ല നോക്കിക്കോ"

" ഓ അവൻ ആണല്ലേ അവൻ കളിച്ചോട്ടെ അവൻ പഠിച്ചോളും." ഉടനെ അമ്മയോട് സപ്പോർട്ട് വന്നു.

ഇതെന്തു നിയമം ആണെന്ന് എനിക്ക് മനസിലായില്ല. എന്നാലും അച്ഛൻ കൂടെ പറഞ്ഞത് കൊണ്ട് ഞാൻ അനുസരിക്കാമെന്ന് വെച്ചു. 

ആ വർഷം ഞാൻ നന്നായി പഠിച്ചു. പക്ഷെ ഞാൻ ചിത്രം വരക്കാതിരുന്നൊന്നുമില്ല . ടൂഷ്യൻ കഴിഞ്ഞൊക്കെ വരുന്ന വഴി പാടത്തും അടുത്തുള്ള ഗ്രൗണ്ടിലുമൊക്കെyയിരുന്ന് ചിത്രങ്ങൾ ക്യാൻവാസിലാക്കി. ഞാൻ ചിത്രം വരക്കാൻ എത്ര ഇഷ്ടപെടുന്നു എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. അത് വരെ ഇത് നേടിത്തന്ന പ്രശസ്തിയിൽ മുങ്ങി പോയത് കൊണ്ട് എനിക്ക് ചിത്രംവരയോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ല. അങ്ങനെ സൈഡിൽ കൂടിയുള്ള വരയും പഠിത്തവുമൊക്കെയായി പോകുമ്പോൾ പെട്ടെന്ന് തന്നെ പരീക്ഷ വന്നെത്തി. നന്നായി എഴുതി.റിസൾട്ട് വന്നപ്പോൾ ഫുൾ എ പ്ലസ്... ആഹാ ഏവർക്കും അഭിമാന നിമിഷം. പിന്നെ അഭിനന്ദനങ്ങൾ ,സ്വീകരണങ്ങൾ.. അങ്ങനെ അങ്ങനെ ...

ചിത്രം വരച്ചു സമ്മാനങ്ങൾ വാരികൂടിയപ്പോൾ ഇത്രെയും സ്വീകരണങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. എല്ലാം കഴിഞ്ഞു ഒന്ന് സ്വസ്ഥം ആയപ്പോഴേക്കും വീട്ടിൽ ഭാവി പരിപാടികളുടെ ചർച്ചയായി. അതിൽ അധികം ആലോചിക്കേണ്ട കാര്യം ഒന്നുമെനിക്കില്ലായിരുന്നു. പ്ലസ് വണ്ണിൽ ഹ്യൂമാനിറ്റീസ് എടുക്കണമെന്നും ഡിഗ്രിക് ഏതെങ്കിലും ഫൈൻ ആർട്സ് കോളേജിൽ ചേരണമെന്നും ആദ്യമേ ഞാൻ ഉറപ്പിച്ച കാര്യമായിരുന്നു. അത് ഞാൻ അച്ഛനോട് ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.അച്ഛൻ സമ്മതിക്കുകേയും ചെയ്തതാണ്. പക്ഷെ അതിന്റെ ഇടക്കാണ് ഈ എ പ്ലസ് ഒരു വില്ലനായി മാറിയത്.

" ഫുൾ എ പ്ലസ് ഒക്കെ കിട്ടീട്ട് ഹ്യൂമാനിറ്റീസ് എടുക്കാനോ അയ്യേ ഇതിൽ പരം നാണക്കേട് ഇല്ല. ജസ്റ്റ് പാസ്സായവരാ അതിൽ കേറിപ്പറ്റുന്നത്. മുഴുവൻ മണ്ടൻ പിള്ളേരായിരിക്കും. പഠിക്കുന്നവരൊക്കെ സയൻസ് ആണെടുക്കാറ്. അത് മാത്രമല്ല. നിന്നെ ഒരു ഡോക്ടർ ആക്കണമെന്നാണ് എന്റെ ആദ്യം മുതലേ ഉള്ള ആഗ്രഹം. അത് കൊണ്ട് നീ സയൻസ് എടുത്താൽ മതി. എന്നിട്ട് എൻട്രൻസ് കോച്ചിങ് നു പോയി തുടങ്ങണം.സമയം കിട്ടുമ്പോൾ പടമൊക്കെ വരക്കാലോ. നീയാകണം നമ്മുടെ കുടുംബത്തിലെ ആദ്യ ഡോക്ടർ. എന്നിട്ട് വേണം എനിക്കാ സജിനിയുടെയും നിർമ്മലയുടെയും ഒക്കെ മുൻപിൽ ഒന്ന് തലയുയർത്തി നിക്കാൻ.അല്ലെങ്കിൽ തന്നെ പടം വരയ്ക്കാൻ ഇനിയെന്ത് കൂടുതൽ പഠിക്കാൻ ആണ് നീ ചെറുപ്പത്തിൽ പഠിച്ചില്ലേ എല്ലാം. നിന്നെ കൊണ്ട് പറ്റും പഠിക്കാൻ "

"അമ്മെ... പക്ഷെ എനിക്ക് മെഡിസിനൊന്നും പോകാൻ പറ്റില്ല. എനിക്ക് ഇഷ്ടമല്ല. അച്ഛാ അമ്മയെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് "

" മോളെ അമ്മ പറയുന്നതിൽ കാര്യമുണ്ട്. പടം വരെയൊക്കെ ഒരു കൗതുകം മാത്രമായേ കാണാവൂ.നീയൊരു പെണ്ണല്ലേ. പടംവരെയൊക്കെ ഒരു പ്രൊഫഷൻ ആയിട്ട് കൊണ്ട് നടന്നാൽ ശരിയാവില്ല.നീ ദേവിക ചേച്ചിയെ നോക്ക്, എത്ര നല്ല ഡാൻസർ ആയിരുന്നു. പക്ഷെ അവൾ അതും കൊണ്ട് മാത്രം ജീവിക്കാമെന്ന് വിചാരിച്ചോ. ഇപ്പൊ ഡെന്റൽ കോളേജിൽ പഠിക്കുന്നത് കണ്ടില്ലേ. ജീവിക്കണമെങ്കിൽ നല്ല പ്രൊഫെഷൻ വേണം,മോളെ. എന്നാലേ ജീവിത്തത്തിൽ വിജയിക്കാൻ കഴിയൂ. "

"പക്ഷെ അച്ഛാ അപ്പൊ എന്റെ മാഷോ? മാഷ് ചിത്രം വരച്ചല്ലേ ജീവിക്കുന്നത്?"

"അത് കൊണ്ടെന്താ? മാഷിന് നല്ലൊരു വീടുണ്ടോ? കാറുണ്ടോ? പിള്ളേരെ ഏതെങ്കിലും നല്ല സ്കൂളിൽ പഠിപ്പിക്കാൻ പറ്റുന്നുണ്ടോ? ഒന്നുമില്ലെങ്കിൽ ഒരു നല്ല വേഷമിട്ട് നീ മാഷിനെ കണ്ടിട്ടുണ്ടോ? ഞാൻ ചെറുപ്പത്തിൽ ഭയങ്കര ക്രിക്കറ്റ് കളി പ്രാന്തന് ആയിരുന്നു. എന്നിട്ട് ഞാൻ ക്രിക്കറ്റെർ ആകണമെന്ന് വിചാരിച്ചോ? അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ എനിക്ക് ഒന്നുമാകാൻ കഴിയില്ലായിരുന്നു. ഞാൻ വലിയ നില യിൽ എത്തിയെന്ന് ഞാൻ വാദിക്കുന്നില്ല.എന്നാലും ഒരു ബാങ്ക് ഉദ്യോഗസ്ഥന് സമൂഹത്തിൽ ഒരു വിലയുണ്ട്. "

അച്ഛൻ ഇത്ര സീരിയസായി എന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണ്. ഇത്രേ യും നാൾ എന്നെ സപ്പോർട്ട് ചെയ്തിരുന്ന അച്ഛൻ ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി.അതിലും കൂടുതൽ വിഷമം വന്നത് നീയൊരു പെണ്ണല്ലേ എന്ന് അച്ഛൻ പറഞ്ഞതാണ്.എന്തായാലും മാതാപിതാക്കളെ ധിക്കരി ക്കേണ്ട എന്നോർത്ത് അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുത്തു.

അങ്ങനെ 11ന് ഒരു പ്രശസ്ത സ്കൂളിൽ ബയോളജി സയൻസിനു ചേർന്നു. അവിടെ തന്നെ കോച്ചിങ്ങുമൊക്കെ ഉണ്ട്. ക്‌ളാസ്സിലെ പിള്ളേരൊക്കെ ഭയങ്കര പഠിത്തം ആണ്. എന്നെപോലെ മാതാപിതാക്കൾ നിർബന്ധിച്ചു ചേർന്നവരുമുണ്ട്. പഠിക്കാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഹോസ്റ്റലിൽ സ്ട്രിക്ട് ടൈം ടേബിളാണ്.എനിക്കപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, പഠിക്കാൻ എനിക്കത്ര കഴിവൊന്നുമില്ല. പക്ഷെ എന്നാലും ഞാൻ ശ്രമിച്ചു. ഒഴിവു സമയം തീരെ കിട്ടാറില്ല. അങ്ങനെ ബോട്ടണി, സൂവോളജി റെക്കോർഡുകളിൽ മാത്രമായി എന്റെ വര ഒതുങ്ങി. എങ്ങനൊക്കെയോ 80 % ഓട് കൂടി 12 പാസ്സായി. എൻട്രൻസും എഴുതി. പക്ഷെ മെഡിസിന് കിട്ടാൻ മാത്രമുള്ള റാങ്കൊന്നും എനിക്ക് മേടിക്കാൻ കഴിയില്ലെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു. പക്ഷെ അത് കൊണ്ടൊന്നും അച്ഛനും അമ്മയും അവരുടെ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ ഞാൻ റിപ്പീറ്റ് ബാച്ചിൽ ചേർന്നു. അപ്പോഴും ഞാനൊന്നും എതിർത്ത് പറഞ്ഞില്ല. ഒരു കാര്യവുമില്ല എന്നെനിക്കറിയാമായിരുന്നു എങ്കിലും. എന്നെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല സയൻസ് എന്നെനിക്ക് 12 വിലെ മനസിലായതാണ്. പക്ഷെ ആരോട് പറയാൻ. അവർക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല. എന്നിട്ടും ഞാൻ കഷ്ടപ്പെട്ട് പഠിച്ചു. കിട്ടിയില്ല.

അവസാനം ഉള്ള റാങ്ക് വെച്ച് ബി ടെക്കിനു ചേർന്നു സിവിലിന്. അവിടെ പിന്നെ പടം വരക്കു യാതൊരു പഞ്ഞവുമില്ലായിരുന്നു. വരച്ചു വരച്ചു ഒരു വഴിക്കായി. പിന്നെ റെക്കോർഡിൽ വരച്ചു കൊടുക്കുന്നതിനു ഒരു ഡയറി മിൽക്ക് എന്ന കണക്കിൽ "ചെറിയ ബിസിനസ്" ഒക്കെ തുടങ്ങി. അങ്ങനെ സ്വന്തമായി കുറെ റെക്കോർഡ് വരച്ചും മറ്റുള്ളവർക്ക് വരച്ചു കൊടുത്തും 4 വര്ഷം എങ്ങനൊക്കെയോ തള്ളി നീക്കി.

അപ്പോഴേക്കും ഞാൻ ഞാനല്ലാണ്ടായി മാറിയിരുന്നു. ആരുടെയൊക്കെയോ താളത്തിനൊത്തു തുള്ളുന്ന ഒരു കളിപ്പാവയായി ഞാൻ ഇങ്ങനെ നിന്ന് തുള്ളി. എന്റെ സ്വപ്നങ്ങളൊക്കെ എവിടെയോ കളഞ്ഞു പോയതായി എനിക്ക് തോന്നി. പണ്ടൊരിക്കൽ ഞാനൊരു ചിത്രകാരിയായിരുന്നു എന്നെനിക് വിശ്വസിക്കാനേ പറ്റുന്നില്ല ഇപ്പൊ. പഠനം കഴിഞ്ഞിട്ട് ഞാൻ ഒരു ചെറിയ ജോലിക്കു കേറി. മറ്റുള്ളവരുടെ വീടിനും കെട്ടിടത്തിനുമൊക്കെ പ്ലാനൊക്കെ വരച്ചു ഒരു പ്ലാനുമില്ലാതെ ഞാൻ അങ്ങനെ നടന്നു. പക്ഷെ വീട്ടുകാർക്ക് എന്നെ കുറിച്ചു വ്യക്തമായ പ്ലാനിങ് കൾ ഉണ്ടായിരുന്നു. അവരതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. കല്യാണം.

കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മായി അമ്മ എന്റെ അമ്മയെ പോലെ നല്ല പുത്ര സ്നേഹം ഉള്ള ഒരു അമ്മയാണെന്നു ഞാൻ തിരിച്ചറിഞ്ഞു. അവരെന്നെ മൂക്ക് കൊണ്ട് "ക്ഷ " "മ്മ " വരപ്പിച്ചു. ഇപ്പോൾ കുട്ടികളുടെ ഹോം വർക്കുകൾ ചെയ്യുന്നു, അവരുടെ ഡ്രോയിങ് ടീച്ചർ പറഞ്ഞത്രേ അവരുടെ ബുക്കിൽ വരക്കാറുള്ള പടങ്ങളൊക്കെ നല്ല രസമുണ്ടെന്ന്.

ഇടക്കൊക്കെ ഞാൻ വരക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ പറ്റാറില്ല. അപ്പോഴൊക്കെ ഞാൻ ഓർക്കും അന്ന് ഞാൻ എന്റെ സ്വപ്നത്തിനു പുറകെ പോയിരുന്നെങ്കിലെന്ന് ...........!


-------------------- ഉത്തര തോമസ് ----------------------





Rate this content
Log in

Similar malayalam story from Tragedy