വേശ്യയുടെ കെട്ടിയോൻ
വേശ്യയുടെ കെട്ടിയോൻ


ഇടക്കെപ്പോഴോ മയങ്ങിപ്പോയിരുന്ന എന്നെ അവളുടെ മുടിയിഴകളിൽ നിന്നും വന്ന ആ കാച്ചിയ എണ്ണയുടെ മണം വീണ്ടും വർത്തമാന കാലത്തിലേക്ക് കൊണ്ടുവന്നു.
ഞാൻ പതുക്കെ കണ്ണുതുറന്നു മുഖംചെരിച്ചു അവളെ നോക്കി. നല്ല ഉറക്കമാണ്, വേണ്ട ഉണർത്തേണ്ട... ഉറങ്ങിക്കോട്ടെ... കാറിന്റെ പിൻസീറ്റിൽ എന്റെ തോളിൽ തലവെച്ചു അവളുറങ്ങുമ്പോൾ ഒരുപാട് നാളത്തെ ഉറക്കം നഷ്ടപെട്ട രാത്രികളിലെ കടം വീട്ടുകയാണെന്നു എനിക്ക് തോന്നി.
നാട്ടിലെ ഗവണ്മെന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, ഞങ്ങളുടെ നാട്ടിലേക്ക് പുതുതായി വീടുമാറി വന്ന അവൾ ആദ്യമായി ക്ലാസ്സിൽ വന്ന അന്നുമുതൽ ഞാൻ അവളെ ശ്രദ്ധിക്കാൻ കാരണം തന്നെ അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്നും വന്ന കാച്ചിയ എണ്ണയുടെ മണമായിരുന്നു.
കാച്ചിയ എണ്ണയിൽ ഒരു പ്രണയം മോട്ടിടാൻ ഒരു വർഷം തന്നെ ധാരാളം. അവളുടെ തലമുടി വളർന്നു മുട്ടൊപ്പമെത്തിയപ്പോഴേക്കും എന്റെ മുഖത്തും താടിരോമങ്ങൾ വളർന്നു തുടങ്ങി. കല്യാണാലോചന ആരംഭിച്ചപ്പോൾ തന്നെ കൗമാരപ്രണയമെന്നു പറഞ്ഞു വീട്ടുകാർ പുച്ഛിച്ചുതള്ളി. അവളുടെ കഴുത്തിൽ എവിടെ നിന്നോ വന്ന ഒരുത്തൻ താലി ചാർത്തിയ അന്നുരാത്രി ജീവിതത്തിൽ ആദ്യമായി ഞാൻ ബിയർ ബോട്ടിലിന്റെ അടപ്പ് പൊട്ടിക്കാൻ പഠിച്ചു. ബിയറിന്റെ മണവും അവളുടെ തലയിൽ നിന്നും വന്നിരുന്ന കാച്ചിയ എണ്ണയുടെ മണം പോലെ എന്റെ സിരകളിൽ ലഹരി നല്കുന്ന മറ്റൊനാണെന്ന എന്റെ കാഴ്ചപ്പാടിനെ മാറ്റിയത് വീണ്ടും അവളെ ഈ മഹാനഗരത്തിൽ വെച്ചു കണ്ടുമുട്ടിയതിൽ പിന്നെയാണ്.
ആരുടെയൊക്കെയോ നിർബന്ധത്തിനു, അതുമല്ലെങ്കിൽ ഏതോ ഒരു പാതിരാത്രി തോന്നിയ വാശിപ്പുറത്ത് അവളെ നാടുകടത്തിയതിന്റെ വാർഷികത്തിന്റെ അന്ന് ഞാനും കല്യാണം കഴിച്ചു. കല്യാണപ്പന്തൽ അഴിക്കുന്നതിനു മുന്നേതന്നെ എനിക്ക് ഞാൻ അറിയാതെ ഒരു പുതിയ പേരുവീണിരുന്നു... "വേശ്യയുടെ കെട്ടിയോൻ". മറഞ്ഞുകിടന്നിരുന്ന സത്യങ്ങൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതിന്റെ മൂന്നാംപക്കം അവളെ അവളുടെ പാട്ടിനുവിട്ടു രാത്രി ആരോടും പറയാതെ കള്ളവണ്ടികയറി, എത്തിയത് മുംബൈ മഹാനഗരത്തിൽ.
ഇവിടെ വർഷങ്ങൾ കഴിയുന്നതിനനുസരിച്ചു പലപല വേഷങ്ങൾ കെട്ടിയപ്പോഴെല്ലാം പ്രത്യേകിച്ചു ഒരു ലക്ഷ്യവുമില്ലായിരുന്നു, നാട്ടിൽ ഒരിക്കൽ പോലും പോവണമെന്നു
തോന്നിയിട്ടില്ല, ആരെയും കാണണമെന്നും. എന്നിരുന്നാലും ഇടക്കെപ്പോഴേക്കെയോ ആ കാച്ചിയ എണ്ണയുടെ മണമുള്ള അവളെ മാത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.
മുംബൈ നഗരത്തിനു പലപല മുഖങ്ങളും നിറങ്ങളുമുണ്ടെങ്കിലും എനിക്കിഷ്ടം ചുവപ്പിനോടായിരുന്നു. രാത്രികളിൽ ആ ഇടുങ്ങിയ ഗല്ലികളിലെ നാലുചുവരുകൾക്കുളിൽ തളക്കപ്പെട്ട പെൺജന്മങ്ങൾക്കൊപ്പം അന്തിയുറങ്ങിയിരുന്ന രാത്രികളിൽ ഒരിക്കൽ പോലും ഞാൻ ആ കാച്ചിയ എണ്ണയുടെ മണം തിരഞ്ഞിരുന്നില്ല. ഇന്നത്തേക്ക് ഒരു മാസം മുന്നേ, കാറ്റുകൾ പോലും കടന്നുചെല്ലാത്ത ഇരുൽനിറഞ്ഞ ആ മുറികളിലൊന്നിൽ ക്ഷീണത്താൽ മയങ്ങിയ സമായത്തെപ്പോഴോ എവിടെ നിന്നോ വന്ന ഒരു കാറ്റിൽ ആ കാച്ചിയ എണ്ണയുടെ മണമുണ്ടായിരുന്നു. അതിനു പിറകെപോയ എന്റെ കണ്ണുകളെ വിശ്വസിക്കാമോ എന്നുവരെ എനിക്ക് തോന്നിയ ആ നിമിഷം ഞാൻ അവളെ വീണ്ടും കണ്ടു. ആ ചുവന്നതെരുവിലെ ഏറ്റവും സുന്ദരിയായ വേശ്യയെ... അല്ല ഞാൻ താലി ചാർത്താൻ ആഗ്രഹിച്ച കാച്ചിയ എണ്ണയുടെ മണമുള്ള ആ നീളന്മുടിക്കാരിയെ... ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഒരു ചിരിയുടെ ആവശ്യം മാത്രമേ വേണ്ടിവന്നൊള്ളു... പിന്നീട്ടുള്ള എല്ലാ രാത്രികളും ആ ഇരുട്ടുള്ള റൂമിൽ ഞാൻ അവളുടെകൂടെയായി. അവിടുന്നു അവളെയും രക്ഷപ്പെടുത്തിക്കൊണ്ടു പോരുന്ന ഈ സമയം വരെ ഞങ്ങൾ രണ്ടുപേരും പരസ്പരം അനുഭവങ്ങളും നഷ്ടങ്ങളും പങ്കുവെക്കുകയായിരുന്നു.
ഓരോ ഓർമകളിലൂടെ സഞ്ചരിക്കുന്നതിനടയിലെപ്പോഴോ ഉറങ്ങിപ്പോയ എന്നെ അവൾ ചേർത്തുപിടിച്ചപ്പോഴാണ് കണ്ണുതുറന്നത്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.
"ഡ്രൈവർ ഇനിയും ഒരുപാട് ദൂരമുണ്ടോ? "
" ഒരു പത്തുമിനിറ്റ് കൂടെ യാത്രയുണ്ട്... അല്ല നിങ്ങളുടെ നാടുതന്നെയല്ലേ, വഴിയൊക്കെ മറന്നോ... " ഡ്രൈവറുടെ മറുചോദ്യം.
" ഇരുപതു വർഷം, എന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു..."
അടുത്ത കവലയിൽ ഡ്രൈവർ റോഡിന്റെ ഒരംചേർന്നു വണ്ടി നിർത്തി.
"സാർ... സ്ഥലം എത്തി..."
ഡോർ തുറന്നു അവളെയും പിടിച്ചു പുറത്തിറങ്ങുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു... " അന്നൊരിക്കൽ ഞാനറിയാതെ വേശ്യയെ കെട്ടിയെങ്കിൽ, ഇന്നിതാ ഞാൻ വേശ്യാതെരുവിൽനിന്നൊരുവളെ രക്ഷപ്പെടുത്തി ഭാര്യയാക്കിയിരിക്കുന്നു... അതേ വേശ്യയുടെ കെട്ടിയോൻ."