കൂട്ടുകുടുംബം
കൂട്ടുകുടുംബം


"മ്യാവൂ...മ്യാവൂ..." അടുക്കളയിൽ അട്പ്പത്ത് നില്ക്കുന്ന ഉമ്മാന്റെ കാലിൽ ഉരസിനടക്കുന്ന തള്ളപ്പൂച്ച...
"അയ്ന് ആ മീന്റെ കാട്ടം അങ്ങട്ട് കൊട്ത്തളാ ബ്ളേ..." ചക്ക നന്നാക്കുന്നതിനിടയിൽ കാലിൽ ആയ വെളഞ്ഞി ഓലത്തട്ക്കിൽ തേച്ചുകൊണ്ടു വല്ലിമ്മ വിളിച്ചുപറഞ്ഞു.
"അനക്ക് ആ അരിഞ്ഞതന്നെ വേണോ, ആയ്മന്ന് ഒരു ചോള ങ്ങട്ട് പർച്ചോ..."
എന്നോടാണ്, ഞാൻ പണ്ടേ ഇങ്ങനെയാണ്...തേങ്ങ ചെരണ്ടുന്നതിനിടയിൽ അതിൽ നിന്ന് കുറച്ചെടുത്ത് തിന്നും, അരിഞ്ഞുവെച്ച ചക്കയിൽ നിന്നല്പം എടുത്ത് വായിൽ ഇടാ... ഇത് എന്റെ മാത്രമല്ല, നമ്മൾ എല്ലാം ഇങ്ങിനെയാണ്.
"തേങ്ങ എണ്ണം കൊറഞ്ഞു വരണ് ണ്ടല്ലോ നാറേണാ... അനക്ക് മാണ്ടത് അയ്ന്ന് ട്ത്തോ ന്ന് പർഞ്ഞപ്പോ ന്ക്ക് പ്പോ തേങ്ങ കിട്ടാതായല്ലോ! "
വായിലെ വെറ്റില ചുവപ്പ് മുറ്റത്തേക്ക് നീട്ടിത്തുപ്പി വല്ലിപ്പ ചാരുകസേരയിൽ അമർന്നിരുന്നു. വല്ലിപ്പാന്റെ മുന്നിൽനച്ചൂളി നിൽക്കുന്ന തിയ്യൻ നാരായണന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു.
"രാവിലെ തൊടങ്ങീതല്ലേ ഓൻ ഈ കണ്ട തെങ്ങിലെല്ലാം കേറുന്നു... ങ്ങള് ഓനെ വി
ട്ടാളി ന്റ പ്പാ..."
കീശയിലെ മാൽബറോയുടെ പാക്കറ്റിൽ നിന്നും ഒരെണ്ണം നാരായണന്റെ നേരെ നീട്ടിക്കൊണ്ട് ഉപ്പ അങ്ങാടിയിലേക്ക് പോയി...
"നാറേണാ... ജാനകിയേടത്തി കുട്യൾക്കും സുഖം തന്നെയല്ലേ..."
ഉപ്പ പോയ വഴിയിലെ അത്തറിന്റെ മണംപറ്റി അമ്മായി മക്കളെയും കൊണ്ടു വന്നു.
അമ്മായിമാർ നാലെണ്ണം...അവർക്ക് മക്കളായി പത്ത് പേര്, മൂത്താപ്പ എളാപ്പാര് എളാമ്മാര് പിന്നെ കുട്ടിയാള്. കുട്ടികളുടെ കരച്ചിൽ...വീട്ടിലെ പെണ്ണുങ്ങളുടെ സൊറ പറച്ചിൽ...ആകെ ബഹളം... ശരിക്കും പറഞ്ഞാൽ ഒരു ഉത്സവപറമ്പ് പോലെയുണ്ട്...
അനുഭവിക്കാൻ യോഗമില്ലാതെ പോയ കൂട്ടുകുടുംബത്തിന്റെ കഥകൾ ഇനിയും കാണില്ലേ പറയാൻ...
മുകളിലത്തെ ശിഖിരത്തിൽ കൂടുവെച്ചു അഹങ്കരിക്കുന്ന തത്തമ്മയും കുടുംബവും, കാക്കകൂട്ടിൽ മുട്ടയിട്ട് മുങ്ങുന്ന കുയിലിൻറെ നാടകവും, നിറയെ പഴങ്ങൾ ഉണ്ടായിട്ടും താഴെ വീണ് കിടക്കുന്ന പഴങ്ങൾ തേടിപ്പോയി...ആ വഴി വന്ന കുറിഞ്ഞിപ്പൂച്ചയെ കണ്ടു പേടിച്ചു മുകളിൽ വന്ന അണ്ണാറക്കണ്ണനും... പറയാൻ ഇനിയും കാണും പടർന്നു പന്തലിച്ചു നിൽക്കുന്ന ഓരോ മരങ്ങൾക്കും.