Minnu Karumarakkadan

Romance Tragedy

3  

Minnu Karumarakkadan

Romance Tragedy

ഉയിരിൽ കലർന്ന പ്രണയം

ഉയിരിൽ കലർന്ന പ്രണയം

4 mins
167


"രാമ രാമ രാമ രാമ രാമ നാമ പാഹിമാം 

 രാമ പാദം ചേർക്കണേ മുകുന്ദരാമ പാഹിമാ... "


ആ കുഞ്ഞു വീടിന്റെ കനത്ത നിശബ്ദതയ്ക്ക് വിഘ്നം വരുത്തി നാമജപങ്ങൾ ഉയർന്നു കേൾക്കുന്നു... എരിഞ്ഞുതീരുന്ന ചന്ദനത്തിരിയുടെ സുഗന്ധം എങ്ങും പരക്കുന്നു... അങ്ങിങ്ങായി ചില മനുഷ്യ കോലങ്ങൾ... കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയവർ.... എന്റെ തലയ്ക്കുമീതെ വിളക്ക് കത്താൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിയുന്നു. മടക്കയാത്രയ്ക്ക് ആദരാഞ്ജലികളെകാൻ എത്തിയിട്ടുണ്ട് പ്രിയപ്പെട്ടവരും പരിചിതരും അപരിചിതരും...


ഏങ്ങലടിച്ചു കരയുന്ന അമ്മയെ കാണുമ്പോൾ ഇനിയുമാ വാൽസല്യമേൽകണമെന്ന് തോന്നി... മടിയിലൊന്ന് തലചായ്ക്കാൻ തോന്നി... അമ്മയുടെ മടിത്തട്ടോളം സുരക്ഷിതത്വം ഭൂമിയിൽ മറ്റൊന്നിനും ഇല്ലല്ലോ.


മാളുവിന്റെ മുഖത്തും നിർവികാരത... ഏതുനേരവും ചിലച്ചു കൊണ്ടിരിക്കുന്നവൾക്ക് ഇങ്ങനെയൊരു ഭാവമോ... മൂകത താളം കെട്ടിയിരിക്കുന്നു. എത്ര വഴക്ക് കൂടിയാലും പിണങ്ങിയാലും എനിക്ക് നീയും നിനക്ക് ഞാനും ജീവനായിരുന്നല്ലോ... 


 എന്നത്തെയും പോലെ ഈ നിമിഷങ്ങളിലും അച്ഛൻ തന്റെ വികാരങ്ങൾ കടിച്ചമർത്തുന്നു... പക്ഷേ സാധിക്കുന്നില്ല ഇന്ന് ആദ്യമായി അച്ഛൻ കരയുന്നതും കണ്ടു.


 മരണം അറിയാത്തവൾ അല്ലാതെ എല്ലാവരും എത്തി... ഇനി വൈകിക്കുന്നില്ല... പോസ്റ്റുമോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ അഴുകി തുടങ്ങുന്ന ശരീരം മണ്ണോട് ചേർക്കാൻ സമയമായി...


ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. എന്നാൽ ഇതിപ്പോ നേരത്തെ ആണ്... ഇനിയുമുണ്ട് ഒത്തിരി ചെയ്തുതീർക്കാൻ... ബാക്കിയാവുന്നു നിറമേകിയ സ്വപ്നങ്ങൾ...


എന്റെ ശരീരം മണ്ണോട് ചേർത്തു. ഈ നിമിഷം മുതൽ ശരീരമില്ലാത്ത ഒരു ആത്മാവാണു ഞാൻ. പതിനഞ്ചു ദിവസങ്ങൾക്കുശേഷം ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി ബലിയിട്ട് പിണ്ഡം വച്ചെന്റെ ആത്മാവിനെയും നിത്യശാന്തി നൽകി പറഞ്ഞു വിടും...


ഈ ദിവസങ്ങളിൽ ഞാൻ അറിയുകയാണ് എന്റെ പ്രിയപ്പെട്ടവരെ അവർ പോലും അറിയാതെ, പലരും എന്നെ നൊമ്പരപ്പെടുത്തുന്നു അത്രമേലെന്നെ സ്നേഹിച്ചു കൊണ്ട്... ചില സ്നേഹങ്ങൾ വെറും കാപട്യങ്ങളായിരുന്നു... മരണം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോൾ പലരിലും ഞാൻ വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു... ഒരുതരത്തിൽ അതും നല്ലതാണ്. മറവി ഒരു അനുഗ്രഹം തന്നെ! 


 മരണ ദിനത്തിൽ വാവിട്ടുകരഞ്ഞവർ ഇന്നിതാ ചിരിച്ചുല്ലസിക്കുന്നു... മരണവീട് എത്രപെട്ടെന്നാണ് ആഘോഷം പോലെ ആയത്...


 ഓർമ്മകൾ മുറിപ്പെടുത്തുന്നവരുടെ മുഖത്ത് മാത്രം ദുഃഖം നിഴലിക്കുന്നു... ഭൂമിയിലെ ദിനങ്ങൾ കഴിയുവാറാകുന്നു... അടുത്തറിഞ്ഞു പ്രിയപ്പെട്ടവരെ, സ്നേഹിച്ചവരെ, ശപിച്ചവരെ, തന്ത്രശാലികളെ... അതെ കഴിഞ്ഞു, പരോള് കഴിഞ്ഞു...


പതിനാല് ദിവസങ്ങളായി തെളിയിക്കുന്ന വിളക്ക് എടുക്കാറായി, നാമജപങ്ങൾ നിർത്താറായി, എരിഞ്ഞുതീരുന്ന ചന്ദനത്തിരികൾക്ക് മോക്ഷം കിട്ടാറായി... ഇനിയൊരൊറ്റദിവസം... നാളെ പതിനാറ്... അടിയന്തരം കഴിഞ്ഞാൽ വീണ്ടും എല്ലാവരും പഴയപോലെ അവരവരുടെ വഴിക്ക്... പുലർച്ചെ ബലിയിടുന്നതോടുകൂടി ഞാനും... 


 അന്നേരവും ഒരുപക്ഷേ എല്ലാവരും കരയുമായിരിക്കും...


 എന്റെ മരണമറിയാത്തവളെ ഭൂമിയിലെ അവസാനനിമിഷങ്ങൾ നിന്നോടൊപ്പമാണ് ചെലവഴിക്കേണ്ടത്... അകലെയാണെങ്കിലും അരികിലെത്തും, ശരീരമില്ലാത്ത ആത്മാവിനെന്ത് ദൂരം... ഞാൻ അറിഞ്ഞതാണ് ഉള്ളുരുകിയുള്ള നിന്റെ വിളികളും ... സദാ എന്നെ ഓർക്കുന്നതും...


എങ്ങനെ ഓർക്കാതിരിക്കും പ്രണയമല്ലെ...? ഒന്നുമില്ലാത്തവന്റെ ഏക സമ്പാദ്യം... പ്രണയമെന്ന മൂന്നക്ഷരം കടന്നത് ആറു വർഷങ്ങളാണ്... സ്നേഹം അത്രമേൽ കഠിനമായിരുന്നിട്ടും ഫോട്ടോകളിലൂടെയല്ലാതെ നേരിട്ട് കാണാത്തവർ... അക്ഷരങ്ങളിലൂടെ പ്രണയിച്ചവർ... കത്തുകളാണ് ഞങ്ങൾക്കിടയിലെ പ്രണയത്തിന്റെ പാലം...


ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പ്രണയം അത്ഭുതമായിരിക്കാം പക്ഷേ അതാണ് സത്യം...


 ഏതോ മാസികയിൽ അച്ചടിച്ചുവന്ന ആദ്യ കവിതയുടെ ആരാധികയിൽ നിന്ന് എത്തിയ കത്തിന്റെ തുടർച്ചയാണ് ഞങ്ങളുടെ പ്രണയം...


 ജിബ്രാനെയും മേ സിയാദെയും പോലെ പരസ്പരം കാണാതെ കേൾക്കാതെ കത്തുകളിലൂടെ ഒരു പ്രണയം. ഒടുവിൽ അവരുടേത് പോലെ ആകുന്നു ജീവിതം... ഇരുപത് വർഷം പ്രണയിച്ചിട്ടു ഒന്ന് ചേർന്നില്ല... വിധി ജിബ്രാനെ നേരത്തെ കൊണ്ടുപോയി...


ഞങ്ങൾ രണ്ടു കവിതകളായിരുന്നു, പ്രണയത്തിന്റെ മറുകവിതകൾ. 


അപരിചിതരായ രണ്ടുപേർ പരസ്പരം സുഹൃത്തുക്കളായി... ഓരോ കവിതകളായി വിശേഷങ്ങൾ പങ്കുവെച്ചു... ഒരുപാട് വൈകി എത്തിയ അവളുടെ കത്തിലൂടെ, ജിബ്രാന്റെ വരികളിലൂടെ... സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി...


"പ്രിയനെ, 


        എഴുത്ത് വൈകിയതിൽ ക്ഷമിക്കുക... എന്റെ ഹൃദയതോടു തന്നെയുള്ളൊരു ഏറ്റുമുട്ടലിലായിരുന്നു... പറയുവാനുണ്ട് ഏറെ... സ്വ വാക്കുകൾക്ക് ക്ഷാമമുള്ളപോലെ... ചിലപ്പോൾ വികാരങ്ങൾ പങ്കുവെക്കാൻ അക്ഷരങ്ങളും പോരാതെ വരും... ഹൃദയം തുറക്കുവാൻ പ്രണയത്തിന്റെ പ്രവാചകനെ കടമെടുക്കുന്നു...


പ്രണയം മാന്ത്രികരശ്മികളായ് എന്റെ 

കണ്ണ് തുറപ്പിക്കുകയും ദീപ്താംഗുലികളായി 

എന്റെ ആത്മാവിനെ തൊട്ടുണർത്തുകയും 

ചെയ്തു. സ്വന്തം മുഗ്ധതയാൽ എന്റെ ആത്മാവിനെ ഉണർത്തിയതും... 

കിനാവുപോലെ പകലും പരിണയം പോലെ 

രാവും കടന്നു പോകുന്ന തീവ്രനുരാഗത്തിന്റെ പൂങ്കാവനത്തിലേക്ക് എന്നെ ആനയിച്ചു കൊണ്ടുപോയതും നീയാണ്... 


               -അത്രമേൽ പ്രിയപ്പെട്ടവൾ"


കേട്ടാൽ ആരും വിശ്വസിക്കില്ല പേരുകൾക്ക് പോലും സ്ഥാനമില്ലാത്ത പ്രണയം... ഫോട്ടോ എത്തുന്നതിനു മുൻപെ എന്നിൽ അവൾക്കൊരു രൂപമുണ്ടായിരുന്നു, വരികളിൽ അവൾക്കൊരു ശബ്ദവും... അവളിൽ നിന്ന് അങ്ങനെയൊരു വരികൾ ഏറെ കൊതിച്ചതാണ്... 


എഴുത്ത് വരാൻ വൈകിയപ്പോൾ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു... ആ നിമിഷങ്ങളിൽ ഞാൻ തന്നെ അങ്ങനെ ഒരണ്ണം എഴുതി അയക്കുമായിരുന്നു... അതുകൊണ്ട് തന്നെ മറുപടി നൽകാൻ ഒട്ടും ചിന്തികേണ്ടി വന്നില്ല...


 "അത്രമേൽ പ്രിയപ്പെട്ടവളെ,


നിനക്കു വേണ്ടി ഞാൻ റൂമിയെ കൂട്ടുപിടിക്കുന്നു.

    എന്റെയുള്ളിലും, എനിക്കു ചുറ്റും

നീ നിറഞ്ഞു നിൽക്കുന്നു എങ്ങു തിരിഞ്ഞാലും

നിന്നെയല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല,

കാരണം പ്രണയത്തിന്റെയീ പ്രപഞ്ചത്തിൽ

നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ല...

                                     - നിന്റെ മാത്രം..


മുടങ്ങാതെ എത്തുന്ന കത്തുകൾ രണ്ടു വീടുകളിലും ഒരു വിഷയമായിരുന്നു. എങ്കിലും കത്തുകൾ പരസ്പരം ദേശങ്ങൾ താണ്ടികൊണ്ടിരുന്നു ... റൂമിയും ജിബ്രാനും പുഷ്കിനുമൊക്കെ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു... ആറു വർഷത്തോളം നീളുന്ന പ്രണയത്തിൽ ഒരിക്കലും കാണാൻ ശ്രമിച്ചിട്ടില്ല, കേൾക്കാനും...


എന്നെങ്കിലും അത് ഉണ്ടാവുമെന്ന് മനസ്സിൽ ഉറപ്പിച്ചിതാണ്. ഒരിക്കൽ ഞാൻ എഴുതി...


"പ്രിയപ്പെട്ടവളെ ജിബ്രാനെ കടമെടുത്തു കൊള്ളട്ടെ,

      ഞാൻ നീയാവുകയും നീ

ഞാനാവുകയും ചെയുന്ന നേരങ്ങളിൽ

നാം പരാവർത്തനം ചെയ്യപ്പെടുന്നു

കണ്ണുകൾ നിറയുന്നു ഓർക്കുന്ന മാത്രയിൽ...

എന്റെ മുറിവുകളുടെ ആഴത്തിൽ

   നീ സ്പർശിക്കുക...

പുൽക്കൊടികളും മുന്തിരിയിലകളും

അത് കണ്ട് അസൂയപ്പെടട്ടെ...

ദാരിദ്ര്യത്തിന്റെ രാജകുമാരനായ ഞാനും സമ്പന്നതയുടെ ദേവിയായ നീയും ഒരുമിക്കുമായിരിക്കുമല്ലെ???

                                               നിന്റെ മാത്രം..."


അത് എന്റെ അനിശ്ചിതത്വത്തിൽ നിന്നും നഷ്ട ബോധത്തിൽ നിന്നും ഉയർന്നതായിരുന്നു. അസാധാരണമായൊരു പ്രണയത്തിന്റെ അന്ത്യമോർത്തുള്ള വേവലാതിയിൽ നിന്നും മുളച്ചുപൊന്തിയത്...  ഏറെ വൈകിയാണ് മറുപടി വന്നതെങ്കിലും പ്രവാചകനെ കടമെടുത്ത് കേവലം നാലുവരിയിൽ എന്റെ സർവ്വ വേവലാതികളും അവളില്ലാതാക്കി ...

      " പ്രിയപ്പെട്ടവനെ,

                    ഉയിരിൽ കലർന്നതാണ് എന്റെ

           പ്രണയം എത്ര നാളും

          കാത്തിരിക്കാൻ കെൽപ്പുള്ള പ്രണയം.. "

                                -അത്രമേൽ പ്രിയപ്പെട്ടവൾ..

   

ഞങ്ങളിലെ അവസാന എഴുത്ത്... മറുപടിയായി ഞാൻ പുഷ്കിനെ കടമെടുത്തുവെങ്കിലും അയക്കാൻ ആയില്ല... എന്റെ വേവലാതികളോടെ അവൾക്കുള്ള എഴുത്തുകൾ അവസാനിച്ചു... മരണപ്പെട്ടവനു വേണ്ടിയുള്ള കാത്തിരിപ്പിലാകാം അവൾ.


കറുമ്പി രാവിനൊപ്പം ഞാനവളെ തേടിയെത്തിയിരിക്കുന്നു... ജനൽ പാളികൾക്കിടയിലൂടെ ഉറ്റു നോക്കുമ്പോൾ... അവളോടൊപ്പം സ്നേഹനിധിയായ ഒരച്ഛനെ കണ്ടു... വാത്സല്യം കൊണ്ട് അവളെ തഴുകി ഉറക്കുന്നു... ആ കണ്ണുകളിൽ തിളങ്ങുന്ന അതേ സ്നേഹവും വാത്സല്യവുമാണല്ലോ തന്റെ അകാലമൃത്യുവിന്റെ കേതു... മറ്റൊരു അച്ഛന്റെ സ്നേഹവും വാത്സല്യവുമാണ് തകരുന്നതെന്ന് ഓർത്തു കാണില്ല... പരാതിയില്ല, ഇതെന്റെ വിധി... ജിബ്രാന്റെയും മേയുടെയും പോലെ ഇതും അവസാനിക്കുന്നു... മേയുടെത് പോലെയാകാതിരിക്കട്ടെ പ്രിയപ്പെട്ടവളെ നിന്റെ ഭാവി ജീവിതം. മകൾ ഉറങ്ങിയതിൽ സംതൃപ്തിയോടെ താതൻ മുറി വിട്ടപ്പോൾ... അവൾ അതാ പതിയെ കണ്ണുതുറക്കുന്നു... അരികിലായുള്ള തടിയൻ പുസ്തത്തിൽ നിന്ന് അതെടുത്തു പുഞ്ചിരിക്കുന്നു... 


അതെ അവളുറ്റു നോക്കുന്നത് എന്റെ മുഖമാണ്... ആസ്വദിക്കുന്നത് എന്റെ ചിരിയാണ്... ഒരിക്കലും നല്കാനാവാത്ത ചിരി... 


എന്തോ ആലോചിച്ചിട്ട് എന്നപോലെ അവൾ ജനൽപ്പാളികൾകരികിലെത്തി പുറത്തേക്ക് നോക്കി ചിരിക്കുന്നു... ഒരു നിമിഷം ഞാൻ ഓർത്തു അവൾക്ക് എന്നെ കാണാൻ പറ്റുന്നുവോ... ഇല്ല... ആത്മാവ് തൊട്ടറിഞ്ഞവൾക്ക് എന്റെ സാമിപ്യം അറിയാൻ സാധിക്കുന്നു ... പ്രണയം അത്രമേൽ തീവ്രമായിരുന്നു... തിരികെ പോയവൾ എന്റെ അവസാന വരികൾ വായിച്ചിരിക്കുന്നു... ശേഷം ഏതോ പുസ്തകത്തിൽ അഭയം തേടുകയാണ്. 


 അത് പുഷ്കിന്റെ കവിതകൾ ആകും...  ഉള്ള് നീറുമ്പോഴും സന്തോഷം വരുമ്പോഴും ഞാനും അവളും ആശ്രയിക്കുന്നതത്രയും പുഷ്കിനെയാണ് . ഞാൻ എരിയുമ്പോൾ അവൾ സന്തോഷിക്കുന്നു അത്രമാത്രം. രാത്രിയുടെ യാമങ്ങൾ അവസാനിക്കുന്നു, ഒപ്പം ഭൂമിയിലെ നിമിഷങ്ങളും...


"പ്രിയപ്പെട്ടവളെ, എന്റെ മരണം നീ അറിയാതിരിക്കുക. എഴുത്തുകൾ കാണാതിരിക്കെ ഞാൻ നിന്നെ ചതിച്ചതായി കണക്കാക്കുക. നിനക്ക് ചുറ്റുമുള്ളവർ എന്നെ ചതിയനായി ചിത്രീകരിക്കാം, അതു വിശ്വസിച്ചു കൊള്ളുക... എന്നെ പകയായി കണ്ട് നീ ഉയരങ്ങളിലെത്തുക... എന്നെ തിരയാതിരിക്കുക... ഉയിരിൽ കലർന്ന നിന്റെ പ്രണയം എനിക്കായി കാത്തിരിക്കാതിരിക്കട്ടെ !


 നിന്നിൽ ജീവിച്ചുകൊണ്ട് ഞാൻ മരിച്ചു കൊള്ളട്ടെ... ഈ അവസാനനിമിഷത്തിൽ നീയേകിയ പുഞ്ചിരി മാത്രം മതി നിത്യശാന്തിയേകാൻ.... എന്റെ പ്രിയപ്പെട്ടവളെ നീയെന്റെ മരണം അറിയാതിരിക്കുക...." 


 ഭൂമിയിൽ അവന്റെ അധ്യായങ്ങൾ അവസാനിച്ചു... സഹോദരങ്ങൾ അവനു ബലിയർപ്പിച്ചു... ബലിച്ചോറുണ്ണുവാൻ കൈകൊട്ടിയ മാത്രയിൽ ബലി കാക്കകളെത്തിയപ്പോൾ ദൂരങ്ങൾക്കപ്പുറം ഒരുവൾ വീണ്ടുമെഴുതി... 

            

എന്റെ പ്രിയപ്പെട്ടവനെ ഉയിരിൽ കലർന്നതാണ് എന്റെ പ്രണയം എത്ര നാളും കാത്തിരിക്കാൻ കെൽപ്പുള്ള പ്രണയം...

എന്തെന്നില്ലാതെ അവളുടെ ഉള്ള് നീറുന്നു... എന്തിനെന്നില്ലാതെ മിഴികൾ നിറയുന്നു.. ആശ്വാസത്തിന്നെന്നോണം പുഷ്കിന്റെ കവിത ചൊല്ലി...


"പകലുകൾ ഇഴഞ്ഞു നീങ്ങുന്നു. ഓരോ നിമിഷവും എന്റെ വ്രണിത ഹൃദയത്തിൽ ദൗർഭാഗ്യകരവും തമോജഡിലവുമായ ഒരു പ്രേമത്തിന്റെ വിഷാദവും വ്യഥയും ഘനീഭവിപ്പിക്കുന്നു... നിദ്രാവിഹീനങ്ങളായ സ്വപ്നങ്ങളെ, പ്രേതബാധോപമങ്ങളായ ഉന്മാദ സ്വപ്നങ്ങളെ ജനിപ്പിക്കുന്നു. എങ്കിലും എനിക്ക് പരാതിയില്ല. പകരം ഞാൻ കരയുന്നു. കണ്ണുനീർ എനിക്ക് ആശ്വാസമായി തീരുന്നു. അവ എന്നെ സാന്ത്വനിപ്പിക്കുന്നു.

ദുഃഖത്തിന്റെ തടവിൽ കിടക്കുന്ന എന്റെ ആത്മാവ് അഗാധവും തിക്തവുമായ ഒരാനന്ദം

കണ്ണുനീരിൽ കണ്ടെത്തുന്നു. ഞാൻ പറയുന്നത് സത്യമാണ്. ജീവിതമേ കടന്നുപോകൂ! പൊള്ളയായ മായരൂപമേ വരൂ ! പറന്നു പറന്ന് ഇരുട്ടിന്റെ ഏകാന്ത ശൂന്യതയിൽ മറയൂ!

പ്രേമത്തിന്റെ അനന്തമായ കഠിനവേദന എനിക്ക് പ്രിയങ്കരമാണ്. എന്റെ പ്രേമം പോലെയാണ് എന്റെ മരണവുമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ... !"


Rate this content
Log in

More malayalam story from Minnu Karumarakkadan

Similar malayalam story from Romance