Sangeetha S

Romance

3.9  

Sangeetha S

Romance

പൂക്കുന്നുവോ നിശാഗന്ധി

പൂക്കുന്നുവോ നിശാഗന്ധി

2 mins
215


വല്ലാത്തൊരു ഏകാന്തത അനുഭവപ്പെടുന്നു.അങ്ങേ ചരിവിലെവിടെയോ ആർത്തലച്ച് ഒഴുകുന്ന പുഴയുടെ ഇരമ്പൽ കേൾക്കാം. സർവ്വ സസ്യലതാദികളെയും തഴുകിയൊഴുകുന്ന പുഴ കാലത്തിന്റെ ഗതിവിഗതികൾക്കിപ്പുറവും നേരിയ തെളിമയോടെ പാതയെ പിന്തുടരുന്നു. പള്ളിമണി മുഴങ്ങുന്നതുപോലെ അവളുടെ പതിവു സുപ്രഭാതഗീതം മുഴങ്ങുകയാണ്. അവളുടെ ഗാനം മധുരതരമായിരുന്നില്ല, തേങ്ങലടക്കുവാൻ വെമ്പുന്ന നീർകാക്കയെപ്പോലെ ശോകമായിരുന്നു. പതിവ് തെറ്റിച്ചവൾ ഇന്ന് ഏറെയായ് പാടി. പാട്ടിൻ്റെ ഒടുക്കം,തെക്കുനിന്നു വീശിയ കാറ്റേറ്റ് അവൾ അലസമായി ചാഞ്ഞു കിടന്നു. ആരും വരാനില്ലാത്ത ആ കുടിലിന്റെ അകത്തലപ്പത്ത് മൂന്നു കല്ലു കൂട്ടി വെച്ചിരിക്കുന്ന കുഴിക്കുള്ളിൽ കനലു കണ്ടിട്ട് ഏറെ ദിവസമായി കഴിഞ്ഞിരുന്നു. വിളർച്ച പ്രകടമായിരുന്നെങ്കിലും പുതുവെള്ളം കിനിഞ്ഞിറങ്ങുന്ന തെളിമയായിരുന്നു അവളുടെ മുഖത്തിന്. പഠിച്ചിട്ടില്ലവൾ, എന്തെന്നാൽ ജന്മനാട്ടിൽ നിന്ന് കുടിയേറി താമസിക്കുന്ന ആ കുടുംബത്തിന് അതിജീവനത്തിന്റെ പാത ദുഷ്ക്കരമായിരുന്നു. അവൾ മെല്ലെ കണ്ണുകൾ തുറന്നു, അവൾക്ക് ഒന്നുറക്കെ കരയണമെന്നു തോന്നി. വിശപ്പിന് ഇത്ര നീചമായ ഒരു മുഖമുണ്ടെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു.അവളുടെ കൈകൾ വയറ്റിൽ ചുറ്റിപ്പിടിച്ച് നിശ്ശബ്ദയായി. നീറുന്ന ഭൂതകാലത്തിന്റെ ബാക്കിപ്പത്രമായി അവൾ മാത്രം അവശേഷിച്ചു. 

   അവളുടെ പേര് 'നിത്യരത്ന', മുപ്പതു കടന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ചെറുപ്രായത്തിലെ തൊഴിലിന് ഇറങ്ങിത്തിരിച്ചവൾ.അവളുടെ മൂത്ത സഹോദരി ഒളിച്ചോടി പോയത് ഗ്രാമമുഖ്യനെ ചൊടിപ്പിച്ചു, അയാൾ ആ കുടുംബത്തിന് ഭ്രഷ്ട്ടു കൽപ്പിച്ച് തല മുണ്ഡനം ചെയ്ത് ഗ്രാമ പ്രദക്ഷിണം നടത്തി. ഊരു വിലക്കപ്പെട്ട അവർ ഏറെ ദൂരെ എത്തിപ്പെട്ടു.കൈത്തിരിപ്പാത - ഗ്രാമത്തിൻ്റെയും നഗരത്തിന്റെയും അതിർത്തി. ആളുകൾ യഥേഷ്ടം, കടകൾ കടൽപ്പോലെ നീണ്ടു കിടക്കുന്നു. പലഹാരങ്ങളുടെ മണം അവളെ കൊതിപ്പിച്ചു,അതിന്റെ സ്വാദ് എന്തായിരിക്കുമെന്നറിയാൻ അവൾക്ക് ജിഞ്ജാസ തോന്നി. ആളുകളൊക്കെയും വികൃതമായി നോക്കാൻ തുടങ്ങിയപ്പോൾ മെല്ലെ വഴിക്കപ്പുറം കടന്നു, പാതയോരത്തെ മണ്ണിലിരുന്നു. പ്രായം ചെന്ന ആ വൃദ്ധന് അയാളോടു തന്നെ അവജ്ഞ തോന്നി,എങ്കിലും ഇതിനെല്ലാം കാരണക്കാരിയായ മകളെ അയാൾ ശപിച്ചില്ല. അവർ സുഖമായ് ജീവിക്കട്ടെ എന്നു പറഞ്ഞയാൾ ഭാര്യയെ സമാധാനിപ്പിച്ചു. അവർ അസുഖക്കാരിയായിരുന്നു. 

കാലം പുരോഗമിച്ചിട്ടും അറിവോ വെളിച്ചമോ എത്തിയിട്ടില്ലാത്ത ഇവർക്ക് മുന്നോട്ടുള്ള ജീവിതം ഇരുൾ മാത്രമായിരുന്നു. ആ മണലിൽ തന്നെ ഒരു ദിനം കഴിച്ചുകൂട്ടി. പിറ്റേന്നു വെളുപ്പിനെ അടുത്തുള്ള പീടികയിൽ നിന്ന് ആരോ തട്ടി വിളിച്ചു. വയറുനിറയെ ഭക്ഷണം കൊടുത്ത അയാൾ വൃദ്ധപിതാവിൻ്റെ കണ്ണുകളിൽ സന്തോഷത്തിൻ്റെയോ സങ്കടത്തിന്റെയോ നിസ്സഹായത മാത്രമാണു കണ്ടത്. 'നിർവ്വാഹമില്ലെങ്കിൽ തൊട്ടടുത്തുള്ള കുടിലിൽ താമസിച്ചോളൂ' എന്ന പീടികക്കാരൻ്റെ വാക്കുകൾ വൃദ്ധൻ്റെ കണ്ണുകളെ ഈറനണിയിച്ചു. കുടിലിൽ താമസമാക്കി, അടുത്തുതന്നെ നിത്യരത്ന ഇഷ്ടിക ചൂളയിൽ പണിക്കുപോയി തുടങ്ങി. കുടുംബത്തിന്റെ ഏക ആശ്രയമായ അവൾ സമർത്ഥയായിരുന്നു. കനൽ പഴുക്കുന്ന ചൂടിലും പുതുമയുടെ നിറങ്ങളെ അവൾ കനവു കണ്ടു. 


അവളുടെ കനവുകൾക്ക് നിറം പകരാൻ ഒരാൾ അവളറിയാതെ അവളിലേക്കടുത്തു. എല്ലാം നഷ്ടപ്പെട്ട ആ കുടുംബത്തിന് സഹായമായി നിത്യരത്നയ്ക്ക് ജോലി കൊടുത്ത മുതലാളിയുടെ മകൻ. ജാതിയിൽ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന, സർവ്വ സമ്പന്നരായ പ്രതാപികളായിരുന്നു ആ കുടുംബം. നിത്യരത്ന താഴ്ന്ന ജാതിയിൽപ്പെട്ട ഒരു പെൺകിടാവ്. അവളുമായ് സൗഹൃദത്തിനായ് അവനാഗ്രഹിച്ചു. എന്നാൽ അവളുടെ ഇല്ലായ്മകളും പ്രശ്നങ്ങളും, കുടുംബത്തിന്റെ രക്ഷയായ അവൾ മറന്നില്ല. 

അയാളുടെ പേര് "ഹർഷൻ", പേരു പോലെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും.ഉച്ചനേരത്ത് ഒരു പറ്റുപോലും കഴിക്കാനില്ലാത്ത നിത്യയുടെ നിസ്സഹായാവസ്ഥ അയാൾ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. തൻ്റെ പൊതി അവൾക്കായ് നീട്ടുമ്പോഴോക്കെ നിരസിക്കുക പതിവുതന്നെ.സംസാരിക്കാൻ പോലും കൂട്ടാക്കാതിരുന്ന അവളെക്കണ്ട് പലപ്പോഴും ഹർഷന് നൊമ്പരം തോന്നിയിരുന്നു. 

    ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നിത്യയെ രണ്ടുമൂന്നു ചെറുപ്പക്കാർ വഴിയിൽ തടഞ്ഞു നിർത്തി. ഭയന്നുവിറച്ചു ഓടാൻ തുനിഞ്ഞ അവളെ ബലാൽക്കാരമായി അവർ പിടിച്ചു, രക്ഷപ്പെടാനാകാത്ത വിധം അവൾ അകപ്പെട്ടു കഴിഞ്ഞിരുന്നു. അവളുടെ തേങ്ങൽ കേട്ട് ഓടിയെത്താൻ ആരുമില്ല തന്നെ. അവിടെയും അവളെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഹർഷൻ തന്നെ രക്ഷകനായി. ഭയന്നു വിറച്ചുനിന്ന അവൾ ഹർഷന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അവൻ അവളെ അവൻ്റെ ഹൃദയത്തോടു അതിതീവ്രമായി ചേർത്തു നിർത്തി. "എന്നും നിന്റെ കൂടെ ഞാനുണ്ടാകും" എന്ന ഹർഷന്റെ വാക്കുകൾ അവളുടെ മനസ്സിലെ ഭയത്തെ നിർജ്ജീവമാക്കി. അവനിലെ പ്രണയത്തെ അവളാദ്യമായ് തൊട്ടറിഞ്ഞു. 

                      (തുടരും) 


Rate this content
Log in

Similar malayalam story from Romance