പ്രണയമഴ
പ്രണയമഴ
സിസ്റ്റർ ട്രീസ ഡൊമനിക് ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ മൂന്നാമത്തെ ബെഞ്ചിന്റെ അറ്റത്ത് ഇരിക്കുന്ന സൈറയുടെ ശ്രദ്ധ പുറത്ത് പെയ്ത് തുടങ്ങുന്ന മഴയിൽ ആയിരുന്നു. മഴയുടെ താളം ഭൂമിയിൽ കൂടുതൽ പതിക്കുംന്തോറും അവളുടെ ചുണ്ടിൽ ചിരി വിടർന്നു.
"ഒരു തോരാമഴയായ് എന്നിൽ പെയ്‌തൂടെ നിനക്ക്," നാണത്തോടെ ചാര കൃഷ്ണമണികളുള്ള സുന്ദരനായ ചെറുപ്പക്കാരനെ ഓർത്ത് അവൾ മഴയത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. നിശബ്ദമായ ക്ലാസിൽ അവളുടെ സ്വരം കേട്ട് എല്ലാവരും സൈറയെ നോക്കി. തന്നെ ചുറ്റുമുള്ളവർ നോക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ അവൾ മഴയത്തേക്ക് പുഞ്ചിരിയോടെ നോക്കിയിരുന്നു. ആ മഴയിൽ ഒന്ന് നനയാൻ അവളുടെ ഉള്ളം വല്ലാതെ കൊതിച്ചു.
"സൈറ..."
ട്രീസ ഡൊമനിക്കിന്റെ സ്വരം അവിടെ ഉയർന്നു. സൈറ ഒരു കൂസലും ഇല്ലാതെ അവരെ നോക്കി. ബെഞ്ചിൽ ഇരിക്കുന്ന ബുക്കും ബാഗും കൈയിൽ എടുത്ത് പതിയെ എഴുന്നേറ്റ് സിസ്റ്ററുടെ മുൻപിലേക്ക് ചെന്നു. ഒരു നിറഞ്ഞ പുഞ്ചിരി സിസ്റ്റർക്ക് സമ്മാനിച്ചു.
"മഴയാണ് പുറത്ത് പെയ്യുന്നത്, ഇതിനുള്ളിൽ ഇരിക്കുന്നതിലും നല്ലത് പുറത്തെ മഴ നോക്കി നിൽക്കുന്നതാണ്,പോട്ടെ!"
ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകുന്ന അവളെ സിസ്റ്റർ ട്രീസ നോക്കി നിന്നു.സിസ്റ്ററിന്റെ ഇടത് കൺകോണിൽ നനവ് പടർന്നിരുന്നു.
എൻജിനീയറിങ് കോളേജിലെ പിള്ളേരെ പഠിപ്പിക്കുമ്പോൾ വിറപ്പിക്കുന്ന സിസ്റ്റർ ട്രീസ ഡൊമനിക്കിനെ വിദ്യാർത്ഥികൾക്കെല്ലാം ഭയമാണ്. സിസ്റ്ററുടെ ക്ലാസിൽ ഒരാളും അനാവശ്യമായി സംസാരിക്കാനോ ഉറക്കം തൂങ്ങാനോ പാടില്ല, അപ്പോൾ ഗെറ്റ് ഔട്ട് അടിച്ചു കളയും. പക്ഷെ സൈറ പോകുന്നത് കണ്ട് അവരൊന്നും പറഞ്ഞില്ല. എൻജിനീയറിങ് അവസാനവർഷ വിദ്യാർത്ഥിനിയാണ് അവൾ.
അവൾ ക്ലാസ്സിന് വെളിയിലേക്ക് ഇറങ്ങി. വരാന്തയിൽ നിന്നപ്പോൾ മഴച്ചാറ്റൽ മുഖത്തേക്ക് അടിച്ചു. ഒരു ചെറുതുള്ളി അവളുടെ മൂക്കിൻ തുമ്പിൽ വന്ന് വീണു. തണുപ്പേറ്റാ ശരീരത്തെ ദേഹത്ത് കിടക്കുന്ന ദുപട്ടകൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൾ വരാന്തയിലെ തൂണിൽ ചാരി നിന്ന് മഴയിലേക്ക് കൈകൾ നീട്ടി.
കൈകളിൽ മഴമുത്തുകൾ നിറഞ്ഞു കൊണ്ടിരുന്നു. കൈക്കുമ്പിളിൽ നിറഞ്ഞ മഴത്തുള്ളികളെ മുഖത്തേക്ക് അടുപ്പിച്ചുകൊണ്ട് അവയുടെ ഗന്ധം ആസ്വദിച്ചു.
"മഴയ്ക്ക് ഗന്ധമില്ല. എന്നാൽ നീയാകുന്ന ഈ മഴയ്ക്ക് പ്രണയഗന്ധമാണ്."
തന്റെ കൈകളിൽ നിറഞ്ഞ മഴത്തുള്ളികളെ അവൾ ചുണ്ടോട് ചേർത്തു. അവന്റെ പ്രണയം ദാഹത്തോടെ അവൾ ഉള്ളിലേക്ക് എടുത്തു. ഒരു തണുപ്പ് ഉള്ളിലേക്ക് ഇറങ്ങി. ചുട്ട് പൊള്ളുന്ന തന്റെ മനസിനെ ആ നിർത്തുള്ളികൾ തണുപ്പിക്കുന്നത് അവൾ അറിഞ്ഞു. ചുണ്ടുകളാൽ അവൾ പതിയെ മഴയെ കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് പാടി.
"പുലര്‍മഞ്ഞു പോലെ നീ...
പൂവിന്‍റെ നെഞ്ചില്‍നിന്നൊരു സൂര്യനാളമേ-റ്റുണരുന്നുവോ
ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍ മഴയേറ്റു രാവോരം മറയുന്നുവോ
പറയാതെ ഞാന്‍ പറയുന്നുവോ
വിരഹം നിറഞ്ഞ വാക്കുകള്‍
നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ
ആ... ആ...ആ."
പാട്ട് പാടികൊണ്ട് അവൾ വലത് കൈവിരലുകളിലെ മോതിരവിരലിലേക്ക് നോക്കി മന്ദഹസിച്ചു. അവൻ അണിയിച്ച മോതിരത്തിന്റെ വെള്ളക്കല്ലിൽ മഴത്തുള്ളികൾ വീണ് തിളങ്ങുന്നുണ്ടായിരുന്നു. ഒരു ദീർഘശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് അവൾ പതിയെ പാടി. ആ പാട്ട് മൂന്ന് വർഷം മുൻപുള്ള അവരുടെ പ്രണയത്തിലേക്ക് അവളുടെ ഓർമകളെ കൊണ്ട് പോയി.
കോളേജിൽ ആദ്യമായി താൻ കാലെടുത്തു വച്ച നാൾ. മഴ ആർത്തുലച്ചു പെയ്യുന്നൊരു ജൂൺമാസക്കാലം തന്റെ കയ്യിലുള്ള കുട പാറി പോയപ്പോൾ ആ മഴയിൽ താനാകെ നനഞ്ഞു.
ചുറ്റും അങ്ങിങ്ങായി നിൽക്കുന്ന ആണ്കുട്ടിക്കളും പെണ്കുട്ടികളും തന്നെതന്നെ നോക്കി നിൽക്കുന്നു. കാരണം ഇടി കൂടി ഭൂമിയിലേക്ക് പൊട്ടിവീണപ്പോൾ പേടിച്ച് താൻ മുൻപിൽ നിൽക്കുന്ന ആണ്കുട്ടിയെ കെട്ടിപ്പിടിച്ചാണ് നിൽക്കുന്നത്.
പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിയ തനിക്ക് പിന്നെ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ ആയില്ല. അവന്റെ നീണ്ട മൂക്കിൻ തുമ്പിൽ നിന്ന് തന്റെ മുഖത്തേക്ക് മഴത്തുള്ളികൾ ഇറ്റുവീണ് കൊണ്ടിരുന്നു. കുറച്ച് നിമിഷം പരസ്പരം നോക്കി നിന്നെങ്കിലും അവൻ തന്നെ അവനിൽ നിന്നും അകത്തി മാറ്റി.
മിഴിചിമാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു.
"എബി."
അവന്റെ പേര് വിളിച്ച് കൊണ്ട് കുറച്ച് സുഹൃത്തുക്കൾ അങ്ങോട്ട് വന്നു. തനിക്ക് നേരേ ദേഷ്യത്തോടെ ഒരു നോട്ടം പായിച്ചു അവൻ അവരോടൊപ്പം നടന്ന് അകന്നു.
"എബി."
ഞാനാ പേര് തന്നെ മന്ത്രിച്ചു നിന്നു.
ക്ലാസ്സിൽ വന്നപ്പോഴാണ് അറിയുന്നത് ഞാൻ കോളേജിലെ പെൺകുട്ടികളുടെ ശത്രുവായി മാറിയെന്ന്. പാട്ടുകാരൻ എബി ഫെർണാണ്ടസിനെ മോഹിക്കാത്ത പെണ്കുട്ടികൾ ഇല്ലെന്ന് തന്നെ പറയാം.
പിന്നെ ഇതിന്റെ പേരിൽ സിനിയർസായ ചേച്ചിമാരിൽ നിന്ന് കിട്ടിയ റാഗിങ് ചില്ലറയോന്നും അല്ലായിരുന്നു. എന്നാലും ശാന്തമായ ആ മുഖത്തേക്ക് നോക്കുംന്തോറും എന്റെ മനസ്സിൽ ഞാൻ പോലും അറിയാതെ പ്രണയം മൊട്ടിട്ടു.
ദിവസങ്ങൾ കൊഴിയുംന്തോറും എന്റെ മനസ്സിൽ പ്രണയം വളർന്നു. മഴയും എന്റെ പ്രണയത്തോടൊപ്പം എപ്പോഴും ഉണ്ടാകുമായിരുന്നു.
ഞാൻ അവനറിയാതെ അവനെ പ്രണയിച്ചുകൊണ്ടിരുന്നു. കോളേജിലെ പ്രോഗ്രാമുകൾക്ക് അവൻ പാടുമ്പോളെല്ലാം ഞാൻ മിഴികൾ അടച്ചു ആ സ്വരം കാതോട് ചേർത്ത് വച്ച് കൊണ്ടിരുന്നു. ഞാൻ അവന്റെ പാട്ടുകളുടെ ആരാധികയായി. ആ സ്വരത്തിന്റെ കൂട്ടുകാരിയായി, അവന്റെ പ്രണയിനിയായി അവൻപോലും അറിയാതെ.
ദിവസങ്ങൾ കടന്ന് പോയി.
എബി എപ്പോഴും പാടുന്ന പാട്ടായിരുന്നു. പുലർ മഞ്ഞുപോലെ നി... അവന്റെ പാട്ട് കേൾക്കുമ്പോൾ അവനോടുള്ള സ്നേഹം എനിക്ക് ഓരോ നിമിഷവും കൂടുമായിരുന്നു. പ്രണയം അവനോട് തുറന്ന് പറയാൻ ഭയം തോന്നി. മനസ്സിൽ തന്നെ മൂടിവച്ചു.
കോളേജ് ഡേയ്ക്ക് കളിക്കാനുള്ള ഡാൻസ് പ്രാക്ടീസ് ചെയ്യാൻ വേണ്ടി ഓഡിറ്റോറിയത്തിൽ പോയതായിരുന്നു ഞാനും കൂട്ടുകാരികളും. അകത്തേക്ക് കയറിയതും...
"പുലർമഞ്ഞുപോലെ നി..."
എന്ന പാട്ട് കേട്ടാണ് ചെന്നത്. സഹപാഠികളുടെ മുൻപിലെ ചെയറിൽ ഇരുന്ന് അവർ പാടാൻ ആവശ്യപ്പെട്ടപ്പോൾ അവൻ പാട്ടുപാടുകയായിരുന്നു. ഞാനും കൂട്ടുകാരികളും ചെയർ എടുത്തുകൊണ്ട് വന്ന് അവർക്കൊപ്പം ഇരുന്നു.
ഡാൻസ് പ്രാക്ടിസിന്റെ കാരണവും പറഞ്ഞു ക്ലാസ്സിൽ നിന്ന് നേരത്തെ ഇറങ്ങിയത് കൊണ്ട് കൈയിൽ ബാഗും ഉണ്ടായിരുന്നു. ഞാൻ ബുക്ക് എടുത്തു അവന്റെ ചിത്രം ആരും കാണാതെ ബുക്കിൽ വരയ്ക്കാൻ തുടങ്ങി.
ഗിറ്റാറും മീട്ടി ആസ്വദിച്ചുകൊണ്ട് പാടുന്ന അവനെ ഞാൻ എന്റെ ബുക്കിലേക്ക് പകർത്തി. എബി എനിക്ക് ഇഷ്ട്ടമാണ് നിന്നെ. അവന്റെ ചിത്രത്തിലേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു. അവന്റെ കൃഷ്ണമണികൾക്ക് കടുപ്പം നൽകി ഞാൻ അവനെ നോക്കിയതും എനിക്ക് ചുറ്റും ആരുമില്ല. അവൻ പോലും.
"ഇത്ര ഇഷ്ടമാണോ എന്നെ?"
ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി.
എന്റെ പുറകിൽ ഞാനിരിക്കുന്ന ചെയറിൽ ചാരി നിന്ന് എന്റെ മുഖത്തേക്ക് നോക്കുന്ന അവൻ കുനിഞ്ഞു നിന്ന് കൊണ്ട് വീണ്ടും ചോദിച്ചു.
"ഇഷ്ടമാണോന്ന്?" അവൻ വീണ്ടും ചോദിച്ചു.
എനിക്ക് മിണ്ടാൻ പോലും കഴിയുന്നില്ലയിരുന്നു.
ഞാൻ അപ്പോഴാണ് പാട്ട് പാടി കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് പോയതും എന്റെ സുഹുത്തുകൾ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതും കണ്ടത്. ഞാൻ മാത്രം എഴുന്നേറ്റ് പോകാത്തത് കൊണ്ട് എന്താണെന്ന് നോക്കാൻ വേണ്ടി വന്നതായിരുന്നു അവൻ.
ചമ്മലോടെ ഞാൻ അവനെ നോക്കിയപ്പോൾ അവൻ ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.
"ശരിക്കും എന്നെ ഇഷ്ടമാണോ?" അവൻ സൗമ്യമായി ചോദിച്ചു.
അവന്റെ കണ്ണുകൾ അത് ചോദിക്കുമ്പോൾ തിളങ്ങുന്നുണ്ടായിരുന്നു.
"അതേ..." അത്രയും പറഞ്ഞ് ഞാൻ അവനെ മറികടന്ന് പുറത്തേക്ക് ഓടി.
"ഏയ്... തന്റെ പേരെന്താ?"
"എന്തിനാ?"
"പറഞ്ഞിട്ട് പോ..."
ഞാൻ ഒന്നും മിണ്ടാതെ ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി ഓടി. അവൻ എന്റെ പുറകെയും. മഴ ആർത്തുലച്ചു പെയ്യുകയായിരുന്നു. അവൻ എന്റെ കൈയിൽ പിടിച്ചു.
"നിന്റെ പേരെന്താണ്?"
അത് പറയാൻ നിന്നതും ആകാശത്ത് ഇടിവെട്ടിയതും ഒരുമിച്ചായിരുന്നു. അവനെന്നെ കൈകളാൽ ചുറ്റിവരിഞ്ഞിരുന്നു.
"എന്താടോ പേര്?" അവൻ മെല്ലെ കാതിൽ ചോദിച്ചു.
"സൈറ."
ഞാൻ പതിയെ പറഞ്ഞു അവനിൽ നിന്ന് അകലാൻ ശ്രമിച്ചതും അവനെന്റെ കാതിൽ മന്ത്രിച്ചു.
"ഇനി ഞാൻ നിന്നെ പ്രണയിക്കട്ടെ. നി എന്നെ സ്നേഹിച്ചതിലും അധികമായി." അവന്റെ വാക്കുകൾ കേട്ട് എന്റെ മിഴികൾ ആ മഴയിലും സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു.
"ഈ മഴയാണ് നമ്മുടെ പ്രണയം. നിയും ഞാനും കണ്ട്മുട്ടിയതും ഈ മഴയിലാണ്. ഇനി എന്നും എന്റെ പ്രണയമഴ നിന്നിൽ പെയ്തിറങ്ങും."
അവനെന്റെ കൈകൾ പിടിച്ച് ആ മഴയിലൂടെ നടന്നു. ഇരുകൈകൾ കോർത്തുകൊണ്ട്. ഞങ്ങൾ പ്രണയനിമിഷങ്ങളിലേക്ക് ഒരുമിച്ച് ചുവട് വച്ചു. കോളേജിൽ ഞങ്ങളുടെ പ്രണയം എല്ലാവർക്കും അറിയാമായിരുന്നു... എബിയുടെയും സൈറയുടെയും...
കോളേജിലെ തണൽമരച്ചുവട്ടിൽ ഞാൻ അവന്റെ തോളിൽ തലചായ്ച്ചു ഇരിക്കും.അവനെന്റെ അടുത്തിരുന്ന് പാട്ടുകൾ പാടും. ദിവസങ്ങൾ കൊഴിയുംന്തോറും ഞങ്ങളുടെ പ്രണയവും ശക്തമായിക്കൊണ്ടിരുന്നു.
അവന്റെ പഠനം കഴിഞ്ഞു ജോലിയൊക്കെയായപ്പോൾ അവൻ വീട്ടിൽ വന്ന് ചോദിച്ചെങ്കിലും പപ്പ സമ്മതിച്ചില്ല.
ഇരുവിട്ടുകാരുടെയും എതിർപ്പുകളും അവഗണിച്ച് ഞങ്ങൾ ഒരു താലിയുടെ ബന്ധം പോലും ഇല്ലാതെ ഒരുമിച്ച് താമസിച്ചു. ജനൽ തുറന്നാൽ കടൽ കാണുന്ന വീട്ടിൽ. എനിക്കായി അവൻ സമ്മാനിച്ചതായിരുന്നു ആ വീട്. എന്റെ ആഗ്രഹമായിരുന്നു കടൽ തീരത്തിന് അടുത്തുള്ള വീട്ടിൽ അവനോടൊപ്പം കഴിയണമെന്ന്.
ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞു, ഇരവും പകലും ഞങ്ങളുടെ മാത്രം ലോകത്ത്. എബിയും സൈറയുമായി. അവന്റെ പ്രണയം മഴപോലെയായിരുന്നു. അവൻ എന്നെ പ്രണയിക്കുമ്പോൾ എല്ലാം പുറത്ത് മഴപെയ്യുമായിരുന്നു.
കടൽ തീരത്ത് ഇരിക്കുമ്പോൾ അവൻ എന്റെ മിഴികളിൽ നോക്കി ഒരിക്കൽ ചോദിച്ചു.
"ഞാൻ മരിച്ചാൽ നി എന്ത് ചെയ്യും സൈറ."
"ഞാൻ വേറെ കെട്ടി സുഖമായി ജീവിക്കും..." ഞാൻ അവനെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു.
"നിയൊരിക്കലും അങ്ങനെ ചെയ്യില്ല സൈറ. നിന്റെ മനസ്സിൽ നീ കൊത്തിവച്ചത് എന്നെ മാത്രമാണെന്ന് എനിക്ക് നന്നായി അറിയാം... അതിന് തെളിവായിരുന്നു ആ ചിത്രം."
"എന്റെ ജീവൻ ഈ ലോകത്ത് നിന്ന് അകന്ന് പോയാലും ഞാനൊരു മഴയായ് നിന്നിൽ പെയ്തിറങ്ങും. അപ്പോൾ നി കൈകൾ വിടർത്തി ആകാശത്തേക്ക് നോക്കി കൊണ്ട് പറയണം:
നി മരിക്കുന്നില്ല പ്രിയനേ. നി മഴയായ് എന്നിൽ അലിയുന്നു... അന്നും ഇന്നും... ജീവൻ അകന്നുപോയാലും."
മിഴിനീരോടെ ഞാൻ അവനെ നോക്കി. എബിയെന്നെ നെഞ്ചോട് ചേർത്തു.
"ഞാൻ നിന്നെ വിട്ട് എങ്ങോട്ടും പോകില്ല... സൈറ..." അവൻ എന്റെ കാതിൽ മൊഴിഞ്ഞു.
കരഞ്ഞു കൊണ്ട് അവൾ കൈകൾ വിടർത്തി മഴ കൊണ്ടു.
"സൈറ."
തോളിൽ കൈവച്ച് നിൽക്കുന്ന സിസ്റ്റർ ട്രീസയുടെ വിളികേട്ട് അവൾ ഓർമയിൽ നിന്നും ഉണർന്നു. മഴ ശക്തിയായി പെയ്യുകതന്നെയായിരുന്നു.
"എബി."
അവൾ കൈകൾ വിടർത്തി നിന്ന് മുകളിലേക്ക് നോക്കി മഴ നനഞ്ഞു നിന്ന് കൊണ്ട് ഉറക്കെ അലറി വിളിച്ചു.
"മോളെ."
സിസ്റ്റർ വിതുമ്പി കൊണ്ട് അവളെ വിളിച്ചു.
"എന്റെ എബി മരിച്ചിട്ടില്ല സിസ്റ്റർ ഈ മഴയായ് അവൻ എന്നിൽ പെയ്തിറങ്ങുന്നു. അവന്റെ ചോരയാണ് എന്റെ വയറ്റിൽ വളരുന്നത്." നിറവയറിൽ പിടിച്ച് കൊണ്ട് സൈറ ഉറക്കെ കരഞ്ഞു.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു ആക്സിഡെന്റിൽ മസ്തിഷ്കമരണം സംഭവിച്ച് എബി മരിച്ചിരുന്നു. എബി മരിക്കുമ്പോൾ അവൾ മൂന്ന് മാസം ഗർഭിണിയായിരുന്നു. തളരാതെ അവൾ പിടിച്ച് നിന്നു, അവന്റെ ജീവനെ ഭൂമിയിൽ കൊണ്ട് വരാനായി.
ഇന്നവൾ ഒറ്റയ്ക്കാണ്. കടൽ തീരത്തെ ആ വീട്ടിൽ തനിയെ. കൂടെ അവന്റെ ഓർമകളും. കടൽ തീരത്തൂടെ തനിയെ നടക്കുമ്പോൾ കാറ്റായ് വന്ന് തന്നെയും ഉദരത്തിലുള്ള കുഞ്ഞിനെയും അവൻ തലോടുംപോലെ അവൾക്ക് തോന്നുമായിരുന്നു.
സിസ്റ്ററുടെ കൈകൾ പിടിച്ച് അവൾ ആ മഴ കൊണ്ട് നടന്നു. മഴയായ് പെയ്യുന്ന അവനിലൂടെ. അവന്റെ പ്രണയത്തിലൂടെ.

