Kavya Harikuttan

Drama Fantasy

4.5  

Kavya Harikuttan

Drama Fantasy

പാവക്കൂത്ത്

പാവക്കൂത്ത്

3 mins
276


ഒരു പുതിയ സിനിമ കണ്ടു... ആ സിനിമ അയാളിൽ നല്ല തോതിൽ സ്വാധീനം ചെലുത്തി... സിനിമ അവസിച്ച ഉടനെ തന്നെ അയാൾ കട്ടിലിൽ പോയി കിടന്നു... പിന്നെ ഉറങ്ങാതെ കണ്ണടച്ചു കിടന്നു.


 അവർ എല്ലാവരും മിണ്ടാതെ നിൽക്കുകയായിരുന്നു... പെട്ടന്ന്... എല്ലാരിലും അനക്കം വന്നു... അമിയ... ഇവളാണ് നായിക.


അമിയ, അവൾ വളരെ ഭാഗിയുള്ള ഒരു വസ്ത്രം ധരിച്ചു കൊണ്ട് ആ ഹോളിലേയ്ക്ക് കയറി വന്നു... നായകനും മറ്റുള്ളവരും അവളെ തന്നെ നോക്കി നിന്നു...അവളിലെ എന്തായിരുന്നു അവരെ എല്ലാവരെയും ആകർഷിച്ചിരുന്നത്, അവളിലെ ആത്മവിശ്യസത്തേയോ അതോ സൗന്ദര്യത്തെയോ അതോ അവളുടെ അറിവിനെയോ...? അറിയില്ല.


എല്ലാരുടെയും ശ്രദ്ധയെ ഒട്ടും തന്നെ ശ്രദ്ധിക്കാതെ അവൾ ആ ഹാളാകെ നിറഞ്ഞു നിന്നു...


പെട്ടന്ന് അയാൾ കണ്ണുതുറന്നു...


അമിയയും മറ്റുള്ളവരും അപ്പോ തന്നെ നിശ്ചലരായി നിന്നു...പിന്നെ കുറെ നേരത്തേയ്ക്ക് അവർ ഒന്നും പരസ്പരം മിണ്ടിയില്ല... അല്പനേരം കഴിഞ്ഞ് ആ കാണികളിൽ ഒരാൾ പറഞ്ഞു തുടങ്ങി...


 "അയാൾ ഇപ്പോ വരുവോ?..."

"അറിയില്ല..."നായിക അമിയ പറഞ്ഞു...

"നിനക്ക് ഭാഗ്യമുണ്ട്, എപ്പോഴും നീ തന്നെയാണല്ലോ നായിക..." വേറൊരാൾ പറഞ്ഞു...


"പിന്നെ ഭാഗ്യം... ഇന്നലെ ഞാൻ വേറൊരു സ്ഥലത്തായിരുന്നു, വേറൊരു കോസ്റ്യൂമിൽ , വേറൊരു സ്വഭാവമുള്ള പെൺകുട്ടിയായി... നിങ്ങൾക്കൊക്കെ ഒന്നുമില്ലെങ്കിലും ഈ സെയിം റോൾ ചെയ്താൽ പോരെ..." അമിയ മറുപടി പറഞ്ഞു...

"ഞാൻ മടുത്തു...എപ്പോഴും ഇങ്ങനെ അയാളുടെ ഇഷ്ടത്തിന് വേഷം കെട്ടിയാടാൻ."


 ഒരാൾ പറഞ്ഞു...

"ഞങ്ങളും...അയാളുടെ അനുവാദമില്ലാതെ ഒന്ന് ചലിക്കാൻ പോലും പറ്റുന്നില്ല."

മറ്റു കുറെപേരും അങ്ങനെ തന്നെ പറഞ്ഞു...


പെട്ടന്ന് അയാൾ വീണ്ടും കണ്ണുകൾ അടച്ചു...


 ഒരു കുടുംബം...അതിൽ ഒരു പുതുദമ്പത്തികൾ പിന്നെ ഒരു മുത്തശ്ശനും മുത്തശ്ശിയും ഒപ്പം കുറെ നാട്ടുകാരും... ഇതിലെ നായികയും അമിയ തന്നെയാണ്... നായകന്റെ പേര് മാറി അബി എന്നാക്കി... ഇവർ രണ്ടു പേരുമാണ് ഈ പുതിയ കഥയിലെ ദമ്പതികൾ...


വളരെ സന്തോഷത്തോടെയുള്ള നായകന്റെയും നായികയുടെയും ജീവിതം; കൂടെ കുറെ അസൂയ പ്രകടിപ്പിക്കുന്ന നാട്ടുക്കാർ, പിന്നെ നല്ലവരായ രണ്ട് വൃദ്ധ ദമ്പദികൾ. അങ്ങനെ ആ കഥ തുടരുമ്പോൾ അയാൾ വീണ്ടും കണ്ണ് തുറന്നു... പിന്നെ മുഷിച്ചിലോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു... അയാൾക്ക് ഉറക്കം വന്നില്ല... അയാൾ വീണ്ടും കുറെ കഥകൾ മാറ്റി കണ്ടു നോക്കി പക്ഷെ അതെല്ലാം അയാളെ മടുപ്പിച്ചു...


എല്ലാരും ചലനമില്ലാതെ നിൽക്കുന്നു...

 "ഞാൻ മടുത്തു... ഇനി ഞാൻ ആർക്കു വേണ്ടിയും അഭിനയിക്കില്ല..." അമിയ പറഞ്ഞു...

"അയാൾ പറയുന്നത് നമ്മൾ അനുസരിച്ചില്ലേൽ... പിന്നെ അടുത്തത് നമ്മുടെ മരണമാണ്... അയാൾ നമ്മളെ കൊല്ലും പിന്നെ നമ്മുക്ക് പകരം വേറെ ആളുകളെ ഇവിടെ നിർത്തും "... മുത്തശ്ശി പറഞ്ഞു...


 "ഇതിനി ഇങ്ങനെ പോകാൻ നമ്മൾ അനുവദിച്ചുകൂടാ..." മുത്തശ്ശൻ പറഞ്ഞു...

"അതെ," നാട്ടുക്കാരായ് നിന്നവരിൽ കുറച്ചു പേർ പറഞ്ഞു...

"തുടങ്ങാതെ... പിന്നെ നിങ്ങൾ എന്ത് ചെയ്യാൻ? ഇങ്ങനെ പോകുന്നതാണ് നല്ലത്... ഇല്ലെങ്കിൽ അയാൾ നമ്മളെ കൊല്ലും..."നായകൻ പറഞ്ഞു...


"കൊള്ളട്ടെ... ഇപ്പോ നമ്മളെ കൊല്ലുമായിരിക്കും... പിന്നെ നമ്മുടെ സ്ഥാനത്തേയ്ക്ക് വരുന്നവരും അയാളെ എതിർത്താൽ അയാൾ അവരെയും കൊല്ലുമായിരിക്കും... പക്ഷെ ഒരുപാട് തവണയ്ക്ക് ശേഷം പിന്നെ അത് ഉണ്ടാവില്ല കാരണം അയാൾ സ്വയം അയാളുടെ പ്രവർത്തിയെ തിരുത്തും..." അമിയ ഇതും പറഞ്ഞു കൊണ്ട് ബാക്കിയുള്ളവരെ നോക്കി...


"വേണ്ട... അങ്ങനെ മാറിയാലും അത് അനുഭവിക്കാൻ നമ്മൾ ഉണ്ടാവില്ലല്ലോ..." നായകൻ അവന്റെ ഭാഗം വ്യക്തമാക്കി...

"അതെ അത് ശരിയാണ്..." മുത്തശ്ശി നായകനെ പിന്തുണച്ചു...


"എന്നെ അനുകൂലിക്കുന്നവർ ആരൊക്കെ?" നായകൻ ചോദിച്ചു...

ഭൂരിപക്ഷവും അവിടെ അവരുടെ കൈകൾ ഉയർത്തി... ബാക്കി കുറച്ചുപേർ അമിയയെ പിന്തുണച്ചു...


"നിങ്ങൾ ആരേ പിന്തുണയ്ക്കും?" മുത്തശ്ശി മുത്തശ്ശനോട് ചോദിച്ചു...

"ഞാൻ നിങ്ങൾ രണ്ടുപേരെയും പിന്തുണക്കുന്നില്ല..."

"പിന്നെ!"


"ഞാൻ പറയുന്നത് നിങ്ങളെല്ലാരും ശ്രദ്ധിച്ച് കേൾക്കണം... അമിയ പറഞ്ഞതു പോലെ നമ്മൾ എതിർത്താൽ അയാൾ നമ്മളെ കൊല്ലും മറിച്ച് നായകൻ പറഞ്ഞതു പോലെ ഇനിയും ഇത് സഹിച്ചു പോകാനും എനിക്ക് കഴിയില്ല..."

"പിന്നെ!" അവരെല്ലാരും ഒരുമിച്ച് ചോദിച്ചു...


"നമ്മുക്ക് അയാളെ കൊല്ലാം..."

"എന്താ!..."എല്ലാരും ഞെട്ടലോടെ ചോദിച്ചു...

"അതെ നമ്മൾ ഇപ്പോ അയാളെ കൊന്നാൽ അതോടെ നമ്മൾ സ്വാതന്ത്രരാകും... പിന്നെ എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാം..."


"പക്ഷെ ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല..."അമിയ പറഞ്ഞു...

"നമ്മൾ ചെയ്യും..."

"എനിക്കിത് നല്ലതായി തോന്നുന്നില്ല..."

"പക്ഷെ എനിക്കിത് കൊള്ളാമെന്നു തോന്നുന്നു അമിയ," നായകൻ പറഞ്ഞു...

"എനിക്കും," മുത്തശ്ശി പറഞ്ഞു...

"...എനിക്കും... എനിക്കും... എനിക്കും..." ഓരോരുത്തരായി പറഞ്ഞു...


"നമ്മൾക്ക് ആദ്യം അയാളോടൊന്ന് സംസാരിച്ചു നോക്കാം... എന്നിട്ട് തീരുമാനിക്കാം," അമിയ വീണ്ടും പറഞ്ഞു...

"അതു കൊണ്ട് കാര്യമില്ല... നമ്മുക്ക് അയാളോട് സംസാരിക്കാൻ കഴിയില്ല... അയാൾ അത് കേൾക്കാനുള്ള സമയം പോലും നമ്മുക്ക് വേണ്ടി തരില്ല..." മുത്തശ്ശൻ പറഞ്ഞു...

"ഞാൻ സംസാരിക്കാം..." അമിയ വീണ്ടും എതിർത്തു കൊണ്ട് പറഞ്ഞു...


"വേണ്ട... നിനക്കൊരു പേരെങ്കിലും അയാൾ തന്നിട്ടിട്ടുണ്ട്... പക്ഷെ ഞങ്ങൾക്കോ?... എത്ര നാളായി ഇങ്ങനെ ജീവിക്കും? എനിക്ക് ഇനി ക്ഷമിച്ചു നിൽക്കാൻ പറ്റില്ല..." നായകൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു...

 "ആര് എതിർത്താലും ഞാൻ ഇന്ന് അയാളെ കൊല്ലും," മുത്തശ്ശൻ പറഞ്ഞു...


 പെട്ടന്ന് അയാൾ വീണ്ടും അവരെ കാണുന്നതിനായി കണ്ണടച്ചു... അവരെല്ലാം പതിയെ ചലിക്കാൻ തുടങ്ങി...


"വേഗം... വേഗം... കൊല്ല് മുത്തശ്ശ...അയാൾ സ്വപ്നത്തിലേയ്ക്ക് പൂർണ്ണമായി കടന്നു കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, നമ്മൾ വീണ്ടും അയാളുടെ ചലിക്കുന്ന പാവകൾ ആകും ..." നായകൻ പറഞ്ഞു...

 "വേഗം... വേഗം... വേഗം..." ഓരോരുത്തരായി ഉറക്കെ പറഞ്ഞു...


 മുത്തശ്ശൻ വേഗം അവിടെ നിന്നും മുന്നോട്ട് ഓടി, പിന്നെ അതെ വേഗത്തിൽ മുകളിലേയ്ക്ക് ചാടി, അയാളുടെ കഴുത്തിൽ മുറുകെ പിടിച്ചു, ശേഷം അയാളെ കഴുത്ത് ഞെരിച്ചു കൊന്നു...


അയാൾ മരിച്ചതും അവരെല്ലാം ഒരുനിമിഷം നിശബ്ദമായി നിന്നു... പിന്നെ ചിരിച്ചു... ഒപ്പം തന്നെ മരിച്ചു...


Rate this content
Log in

Similar malayalam story from Drama