ഒരല്പം മനുഷ്യത്വം അത് മാത്രം മതിയാവും!
ഒരല്പം മനുഷ്യത്വം അത് മാത്രം മതിയാവും!
ആധിപത്യത്തിന്റെയും വിവേചനങ്ങളുടെയും ഇടയിൽ ജീർണിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വവും, ഒരു സമൂഹവും ഇപ്പോഴും ഉണ്ടിവിടെ. എല്ലാത്തിനുമപരി ജാതിയും മതവും നിറവും പദവിയുമാണെന്ന് കരുതുന്നവർ ഇന്നും ഏറെയുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത, പണ്ടെങ്ങോ കുഴിച്ചിടേണ്ട അളവുകോൽ കൊണ്ട് കറുത്തവരെന്നും വെളുത്തവരെന്നും, താഴ്ന്നവരെന്നും മുന്തിയവരെന്നും, പണക്കാരെന്നും പാവപെട്ടവരെന്നുമൊക്കെ അളക്കുന്ന ഒരു കൂട്ടം സമൂഹത്തിനിടെയിലാണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ സൂക്ഷിക്കണം. ഇന്ന് മറ്റൊരുവന്റെ നേരെ തിരിഞ്ഞ സമൂഹം നാളെ നമ്മുടെ നേരെ തിരിഞ്ഞെന്നും വരാം.
കാലമേറെ കഴിഞ്ഞിട്ടും, ചില സമ്പ്രദായങ്ങളും സംവിദാനങ്ങളുമൊക്കെ എന്നേ നിർത്തേണ്ടിയിരുന്നിട്ടും ഒരിറ്റു മനുഷ്യത്വം പോലുമില്ലാതെ ഇന്നും അക്രമങ്ങളും ക്രൂരതകളും ഏറുന്നു. അധികാരത്തിന്റെയും ആവേശത്തിന്റെയും ഉന്മാദാവസ്ഥയിൽ കാട്ടിക്കൂട്ടുന്ന ചില തോന്ന്യവാസങ്ങൾക്ക് കൊടുക്കേണ്ടി വരുന്ന വില പകരം വയ്കാനാവാത്തവയാണ്. അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി, അതുപോലെ തന്നെ മനുഷ്യത്വം ഇനിയും ബാക്കിയുള്ള ചില ജനഹൃദയങ്ങളിലും. "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ഫ്ലോയിഡിന്റെ അപേക്ഷ പുതിയ മുദ്രാവാക്യമായി മാറിയിരിക്കുന്നു. വെറുമൊരു സംശയത്തിന്റെ പേരിലോ തെറ്റിദ്ധാരണയുടെ പേരിലോ നമ്മൾ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന നിർണയങ്ങൾ പലപ്പോഴും തെറ്റിപ്പോവാറുണ്ട്. എന്നാൽ ആ ഒരു നിമിഷം ചെയ്തുകൂട്ടുന്ന പ്രവർത്തനങ്ങൾ തിരിച്ചുപിടിക്കാനാവില്ല, പൊലിഞ്ഞുപോകുന്ന ജീവന് പകരം വയ്കാനുമാവില്ല.
ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയിൽ തന്നെ, അറ്റ്ലാന്റയിൽ കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. വ്യക്തമായ കാരണങ്ങൾ പോലുമില്ലാതെ അക്രമാസക്തരാകുന്ന മേധാവികൾ ഇവിടെയുണ്ടെങ്കിൽ തീർച്ചയായും അത് ഓരോ ജനങ്ങളുടെയും ജീവന് വെല്ലുവിളിയാണ്. വർഗ്ഗീയ അടിസ്ഥാനത്തിൽ കശാപ്പു നടത്തുന്നവർ നേടാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും, പിടിച്ചു പറ്റേണ്ട ബഹുമാനത്തിനു പകരം ഓരോ മനുഷ്യനിലും ഭീതിയാണ് അവർ നേടിത്തരുന്നത്.
തൊലിയുടെ നിറം കറുപ്പായതുകൊണ്ട് മാത്രം അക്രമിക്കപ്പെടേണ്ടവരും കൊല്ലപ്പെടേണ്ടവരുമായി ഈ ഭൂമിയിൽ ആരുമില്ല. പണത്തിന്റെ ഏറ്റക്കുറച്ചി
ലുകൾ കൊണ്ട് മുന്നിലേയ്‌ക്കോ പിന്നിലേയ്‌ക്കോ സ്ഥാനം മാറേണ്ട കാര്യവും ഇവിടെയില്ല. വലിയ കുടുംബത്തിൽ ജനിക്കാത്തതോ താഴ്ന്ന ജാതിയിൽ ജനിച്ചതോ ഒന്നും ഒരു തെറ്റല്ല. പോക്കറ്റിൽ ഒരുപാട് പണമില്ലാത്തതോ വലിയ മാളികയില്ലാത്തതോ കയറിനടക്കാൻ കാറുകളില്ലാത്തതോ ഒന്നും ക്രിമിനൽ കുറ്റമല്ല. എന്നാൽ, മറ്റൊരുവനെ അവനവനെ പോലെ കാണാൻ കഴിയാത്ത, സ്നേഹിക്കാൻ കഴിയാത്ത, സംരക്ഷിക്കാൻ പറ്റാത്ത, മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യത്വം മരിച്ച മനസ്സുകളാണ് ഏറ്റവും വലിയ തെറ്റ്.
തൊലിയുടെ നിറം കറുപ്പായതിന്‍റെ പേരില്‍ വെളുത്ത നിറക്കാരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുന്ന ആദ്യത്തെയാളല്ല ജോര്‍ജ് ഫ്ലോയിഡ്. ലോകത്താകമാനം നിരവധിയാളുകളാണ് ഇങ്ങനെ മരണമടയുന്നത്. ഇത്തരത്തിൽ ഒരുപാട് വിവേചനങ്ങളും വ്യത്യാസങ്ങളും നമ്മുടെ സമൂഹത്തിൽ പല കാരണങ്ങളുടെ പേരിലും നേരിടേണ്ടി വരുന്നു. മാറിമാറി അണിയാൻ വസ്ത്രങ്ങളില്ലാത്തതിന്റെ പേരിലും, ആഡംബര വസ്തുക്കളില്ലാത്തതിന്റെ പേരിലും, തൊട്ടതിനും പിടിച്ചതിനുമൊക്കെ വിവേചനം അനുഭവിക്കേണ്ടി വരുന്ന ചില കൂട്ടർ. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും കുറച്ചിലുകൾ കണ്ടെത്തുന്നത് ചിലർക്ക് നേരമ്പോക്കാണ്. എന്നാൽ അവർ തിരിച്ചറിയുന്നില്ല, ഒരാൾക്കുള്ളതെല്ലാം അവർ സ്വന്തം കഴിവിനാൽ നേടിയെടുത്തിട്ടുള്ളതല്ലെന്ന്; കുറെയൊക്കെ ഭാഗ്യവും അനുഗ്രഹവുമൊക്കെ ആവും. കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ അഹങ്കരിക്കുന്നതിനു മുന്നേ ഇല്ലാത്തവരെ സഹായിക്കാൻ നോക്കുകയാണ് വേണ്ടത്.
അഗ്നതയുടെ അന്ധകാരത്തിൽ നിന്നും വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തേയ്ക്ക് നമ്മെ എത്തിയ്ക്കാൻ ഇന്ന് വിദ്യാഭ്യാസ സമ്പ്രദായങ്ങളും മറ്റു വകുപ്പുകളുമൊക്കെയുണ്ട്. എങ്കിലും മനുഷ്യന്റെ വിഭജന ബോധം ഒട്ടും പിന്നോട്ടല്ല. ആകാശത്തിനും ഭൂമിക്കുമിടയിലുള്ള ഓരോ വസ്തുവിനെയും, വ്യക്തിയെയും നമ്മൾ സ്നേഹിക്കാനും അംഗീകരിക്കാനും പഠിക്കണം. ഈ ലോകം നമുക്ക് മാത്രമുള്ളതല്ല. ലോകത്തിന്റെ, ഭൂമിയുടെ അവകാശികൾ വേറെയുമുണ്ട്; അവരും ജീവിക്കട്ടെ.
ഒടുവിൽ, ഞാനെന്നോ നീയെന്നോ വേർതിരിവില്ലാതെ എല്ലാരും അവസാനിക്കുന്നു. അതിനിടെയിൽ ജീവിക്കുന്ന കുറച്ചു കാലം നമുക്ക് ഒരു മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കാം. അവിടെ ആത്‌മീയതയും സ്നേഹവും ഉണ്ടാവും. മറ്റൊരാളെ കൊണ്ടും നമുക്കുള്ളിൽ വിവേകം അടിച്ചേൽപിക്കാൻ കഴയില്ല. അതുകൊണ്ട് തന്നെ, നേടാൻ ആഗ്രഹിക്കുന്ന ബഹുമാനവും സ്നേഹവും ചുറ്റുമുള്ളവർക്കും നൽകൂ. ചിലപ്പോൾ നമുക്കില്ലാതെ പോകുന്നതും അവർ നേടാൻ ആഗ്രഹിക്കുന്നതും ഒരല്പം മനുഷ്യത്വം, അത് മാത്രമായിരിക്കും!