Babitha s നീർമാതളപൂവ്

Romance Tragedy


3  

Babitha s നീർമാതളപൂവ്

Romance Tragedy


നിന്റേത് മാത്രം...

നിന്റേത് മാത്രം...

5 mins 169 5 mins 169

"ഹരിയേട്ടാ... പ്ളീസ്...എനിക്ക് കാണാൻ കൊതി ആയിട്ടല്ലേ..."

"നിന്നോടിപ്പോ പറഞ്ഞത് അബദ്ധമായോ പാറു... മിണ്ടാണ്ട് കിടന്നുറങ്ങടി പോത്തേ..."

"കഷ്ടമുണ്ട് ഹരിയേട്ടാ... ഗർഭിണികൾ പറയുന്നതെല്ലാം സാധിച്ചുകൊടുക്കുന്നവരാ സ്നേഹമുള്ള ഭർത്താക്കന്മാരെന്ന് അമ്മ പറഞ്ഞല്ലോ..."

"നിനക്കിപ്പോ അവളെ കണ്ടിട്ട് എന്തിനാ... അവൾ മറ്റൊരു ജീവിതത്തിൽ സന്തോഷായിട്ട് ജീവിക്കുന്നുമുണ്ടാവും..."

"എന്നാലും എന്റെ ഹരിയേട്ടന്റെ സ്നേഹം കിട്ടാതെ കുറച്ചു വർഷം ഞാൻ ഇവിടെ ജീവിച്ചില്ലേ, അതിനൊരു കാരണം അവൾ അല്ലെ...? എന്റെ ഏട്ടന്റെ സ്നേഹം കൂടുതൽ അനുഭവിച്ചത് അവളല്ലേ... അതോണ്ടാ ഒന്ന് കാണണം... ഏട്ടനവളുടെ വീടൊക്കെ അറിയാല്ലോ? നാളെ അവളുടെ നാട്ടിൽ പോകുമ്പോൾ നമ്മുക്കവളെ കൂടി കാണാം... സമ്മതിക്ക് ഹരിയേട്ടാ പ്ളീസ്... പ്ളീസ്..."

"ഹ... ശെരി ശെരി...ഉറങ്ങു... പോകാം..."

"താങ്ക് യൂ ഹരിയേട്ടാ... എന്റെ ചക്കരയല്ലേ... ഉമ്മ... ഉമ്മ..." പാർവതി ഹരിയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത്... അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ടമർത്തുമ്പോഴും നാളെ കുറച്ചുനാൾ മുൻപ് വരെ തന്റെ പ്രാണൻ ആയിരുന്നവളെ കാണണുന്നതിലുള്ള ആകാംഷയിലും അങ്കലാപ്പിലുമായിരുന്നു... ഹരിയുടെ മനസ് കുറച്ചു വർഷങ്ങൾക്ക് പിന്നിലെ ഒരു രാത്രിയിലേക്ക് സഞ്ചരിച്ചു...


###########################

"ഹരിയേട്ടാ... "

"ഉം..."

"ഹരിയേട്ടാ... "

"എന്താടി... ഉറങ്ങാൻ വിടൂല്ല നീയ്..."

"ഏട്ടാ എനിക്കൊരു ആഗ്രഹം..."

"എന്താ പറയ്..."

"പുറത്തു നല്ല മഴയാ..."

"അതിനെന്താ..."

"വാ...നമുക്ക് മഴ നനയാം... ഒരുമിച്ചു കൈ കോർത്ത് പിടിച്ചു മഴത്തുള്ളികളെ ശരീരത്തിൽ ലയിപ്പിച്ചു കളയാം..."

"പിന്നെ... ഒന്നുപോടി... ഈ ഫോണും പിടിച്ചോണ്ട് മഴ നനഞ്ഞിട്ട് എന്റെ ഫോൺ ചാവട്ടെന്നു... ചുമ്മാ പാതിരാത്രി വീഡിയോ കാൾ വിളിച്ചു മഞ്ഞ പ്രാന്ത് പറയാതെ കിടന്നുറങ്ങു പെണ്ണെ..." ഹരി പുതപ്പെടുത്തു തലവഴിയെ മൂടി...

"ഹരിയേട്ടാ... വാന്നെ..."

"മാളു... ഈ രാത്രിയിൽ ഞാൻ ഇവിടെയും നീ അവിടെയും ഇരുന്നു മഴ നനഞ്ഞാൽ എങ്ങനെയാ... നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞു മഴ പെയ്യുമ്പോൾ ഒരീസം രാത്രി നിന്നെയും കൊണ്ട് ബൈക്കിൽ ഒന്ന് കറങ്ങാം... ഇപ്പൊ എന്റെ മോൾ ഉറങ്ങു..."

"ശെരിക്കും കൊണ്ടുപോകുവോ...?"

"ആടി... പോകാം... വാ കെട്ടിപിടിച്ചു കിടന്നുറങ്ങാം..." ഹരിയും മാളുവും ഒന്നുകൂടി ഫോണിനടുത്തേക്ക് ചേർന്നുകിടന്നു...

"ഹരിയേട്ടാ...ഏട്ടനെ എന്റടുത്തു ഏറ്റവും ഇഷ്ടം ഉള്ളത് എന്താ..."

"അതോ... നിന്റെ ഈ ഉണ്ടകണ്ണും... ഈ കലപില ഉള്ള വർത്തമാനവും..."

"ഹരിയേട്ടൻ എന്നെ ഇട്ടിട്ടു പോകുവോ...?"

"ഒരിക്കലും പോകില്ല... എന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണെ ഉള്ളു... നീ... നീ മാത്രം... ഞാനും എന്നും നിന്റേതു മാത്രമായിരിക്കും... നിന്റേത് മാത്രം... പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട... "

"എന്താ..."

"ആ ഭംഗി ഉള്ള കാലുകളിൽ കറുത്ത ചരടല്ല ... സ്വർണ്ണ പാദസരം കിടക്കണം.., എനിക്കതു കാണാനാ ഇഷ്ടം.., നാളെ ഞാൻ വിളിക്കുമ്പോൾ പാദസരം ഇട്ട കാൽ കാണിക്കണം..."

"ഓക്കേ ഡാ... ഡിങ്കാ..."

"ഡിങ്കൻ നിന്റെ അച്ഛൻ... ഉറങ്ങേടി..." അന്ന് ആ കാളിന്റെ ചുവന്ന ഐക്കൺ പ്രസ് ചെയ്യുമ്പോഴും... ദൈവമേ ഈ കാന്താരി എന്നും എന്റേത് ആയിരിക്കണേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു... ഒരുപക്ഷെ അവളും അത് തന്നെ ആഗ്രഹിച്ചിരിക്കണം, പ്രാർത്ഥിച്ചിരിക്കണം... പിന്നീടുള്ള ഓരോ ദിനങ്ങളും ഞങ്ങളുടെ പ്രണയത്തിന്റെ മൂക സാക്ഷികളായിരുന്നു...


ഒടുവിൽ അവളുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ശകാര വർഷം ആയിരുന്നു... നീ എന്തറിഞ്ഞിട്ടാ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു പെണ്ണോ, അവളിനി എത്ര പുണ്യവതി ആണെന്ന് പറഞ്ഞാലും ആരാണെന്നു പറഞ്ഞാലും അന്തസ്സുള്ള തറവാട്ടിൽ പിറന്ന പെൺപിള്ളേരൊന്നും ഫേസ്ബുക്കിലൂടെ ഒരു പ്രേമത്തിനും നിൽക്കില്ല... അല്ലേലും നിനക്കവളെ ഫോണിൽ കണ്ടും സംസാരിച്ചുമുള്ള അറിവല്ലേ ഉള്ളു... ഏത് നാട്ടിൽ എങ്ങനെ വളർന്നവളാണെന്ന് എങ്ങനെ അറിയാം, ഏത് തരക്കാരി ആയിരിക്കും...

"അമ്മേ... ആര് ഇനി എന്ത് പറഞ്ഞാലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മാളുവായിരിക്കും..."

"ഈ നാട്ടുകാരുടെ ഒക്കെ മുന്നിൽ ഞങ്ങൾക്ക് ഒരു അന്തസ്സുണ്ട്... വല്ല നാട്ടിലും കിടക്കുന്നവാളുമാരെ ഒന്നും കൊണ്ടുവരാൻ എന്റെ കൊക്കിനു ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല... നോക്ക് ഹരി, മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക്... അല്ലാതെ നിന്റെ ഇഷ്ട പ്രകാരം ആണെങ്കിൽ... 10മാസം നൊന്ത് പ്രസവിച്ച എന്റെ ശവം നീ കാണും..." അത്രയും പറഞ്ഞു എന്റെ മുന്നിൽ റൂമിന്റെ വാതിൽ കൊട്ടിയടച്ചപ്പോളും 'അമ്മേ' എന്നൊരു നേർത്ത വിളിക്കപ്പുറം എനിക്കൊന്നും പറയാൻ സാധിച്ചില്ല... എന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ നീർതുള്ളിയെ അനിയനും അച്ഛനും ചേർന്ന് പുച്ഛിച്ചപ്പോഴും ഒക്കെ ശരിയാകും എന്ന വാക്കിനപ്പുറം മാളുവിനും ഒന്നും പറയാൻ സാധിച്ചില്ല... പിന്നീട് എല്ലാത്തിൽ നിന്നും രക്ഷപെടാൻ പ്രവാസം സ്വീകരിച്ചപ്പോഴും അമ്മയുടെ കരഞ്ഞുകൊണ്ടുള്ള യാചന "അവളെ നീ മറക്കണം... നമുക്ക് ചേർന്ന പെണ്ണല്ല അവളെന്നാണ്..." വീട്ടിൽ കല്യാണാലോചന മുറുകിയപ്പോഴേക്കും ഇനിയും മാളുവിനെ വിളിച്ചു സംസാരിക്കാൻ പാടില്ല, എനിക്ക് മുന്നേ അവൾക്കൊരു ജീവിതം ഉണ്ടാവണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു ... സ്നേഹത്തോടെയും സന്തോഷത്തോടെയും ഉള്ള അവളുടെ ഓരോ സംസാരങ്ങളും അവഗണിച്ചപ്പോഴും മനസ്സിൽ ഒരായിരം അമ്പുകൾ കുത്തി ഇറങ്ങുന്ന വേദനയിലാണ്... അവസാനം യാതൊരു നിവർത്തിയും ഇല്ലാതെ പാറുവിന്റെ ആലോചന അമ്മയ്ക്ക് മുന്നിൽ ഓക്കേ പറയുമ്പോഴേക്കും മാളുവിന്റെ എല്ലാ കോണ്ടാക്ടുകളും ഞാൻ ബ്ലോക്ക് ചെയ്തിരുന്നു... താലി കെട്ടി വീട്ടിലാക്കി അന്ന് പ്രവാസത്തിലേക്ക് വീണ്ടും ചേക്കേറിയിരുന്നു എങ്കിലും മനസിൽ ഒരു തരം വാശിയായിരുന്നു എല്ലാവരോടും...


കുറേനാളുകൾക്ക് ശേഷം എപ്പോഴോ പാറുവിനെ ശ്രദ്ധിക്കാൻ തുടങ്ങി... ഞാൻ എത്ര അവഗണിച്ചാലും, എത്ര ദേഷ്യപ്പെട്ടാലും യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ എനിക്ക് വേണ്ടി എല്ലാം ചെയ്യുന്നവളെ... ശരിക്കും പാറുവിലൂടെ ഞാൻ മാളുവിനെ തന്നെ കാണുകയായിരുന്നു...


4 വർഷങ്ങൾക്കിപ്പുറം പാറുവിന്റെ ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു ബന്ധുവിനെ കാണാൻ അവളുടെ നാട്ടിലേക്ക്... അവളിപ്പോൾ പഴയതിലും സന്തോഷവതി ആയിരിക്കും... കുടുംബിനി ആയിട്ടുണ്ടാവും... പഴയ കുറുമ്പൊക്കെ ഇപ്പോഴും ഉണ്ടാകുമോ... എന്തൊക്കെയോ ആലോചിച്ചു ഇരുന്നതും നീട്ടിയുള്ള ചൂളം വിളിയോടെ ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു... ഹരി പാറുവിനെ ചേർത്ത് പിടിച്ചു തിരക്കുള്ള സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു... റെയിൽവേ സ്റ്റേഷന് അടുത്തായുള്ള ഹോസ്പിറ്റലിൽ പോയി തിരികെ ഇറങ്ങും വഴി യാദൃച്ഛികമായാണ് മാളുവിന്റെ കസിൻ സിസ്റ്ററിനെ കാണുന്നത്... എന്നെ കണ്ടപാടെ അവളുടെ മുഖത്തു ഒരു നേർത്ത പുഞ്ചിരി ഉണ്ടായി...

അല്ലെങ്കിലും എന്നെ മനസിലാക്കാഞ്ഞ എന്റെ വീട്ടുകാരെ പോലെയല്ലായിരുന്നു അവൾക്ക്... എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന ഒരു പറ്റം ആൾക്കാരുണ്ടായിരുന്നു...

"എന്താ ഇവിടെ...?" അവളുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി നൽകി...

"ഒരാളെ കാണാൻ വന്നതാ..."

"ഇത് വൈഫ് ആണോ..."

"ആ അതെ... സുഖമാണോ..."

"ഹ വലിയ കൊഴപ്പമില്ല ഇങ്ങനെ പോകുന്നു..."

"മാളു..." ശബ്ദം ചെറുതായൊന്നു ഇടറി...

"വീട്ടിലുണ്ട്..."

"സുഖമായിരിക്കുന്നുവോ..."

"ആ പിന്നെ സുഖം..."

"എനിക്കൊന്നു കാണണം ആയിരുന്നു മാളുവിനെ..."

"എന്തിനാ...?"

"പഴയ ഒരു സൗഹൃദം പുതുക്കാൻ..."

"ഹ കയറിക്കോ..." അവൾ കാറിന്റെ ഡോർ ഞങ്ങൾക്ക് മുന്നിലേക്ക് തുറന്നു... ഞാനും പാറുവും കാറിലേക്ക് കയറി... അരമണിക്കൂർ ഡ്രൈവിലും ഞങ്ങൾ മൂവരും പരസ്പരം ഒന്നും സംസാരിച്ചില്ല, എങ്കിലും പാറുവിന്റെ ഉള്ളിലെ ഭയം എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു... ഒന്നും വേണ്ടിയിരുന്നില്ല... മനസ് പലവുരു ആവർത്തിച്ചുകൊണ്ടിരുന്നു... മെയിൻ റോഡിനു ശേഷം വണ്ടി ഒരു ഗ്രാമത്തിലേക്ക് കയറി... ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും മാളുവിന്റെ വിവരണത്തിലൂടെ ഓരോ സ്ഥലവും എനിക്ക് സുപരിചിതമായി തോന്നി... എന്റെ കയ്യും പിടിച്ചു പലതവണ നടക്കണമെന്ന് പറഞ്ഞ തോടും പുഴയും എല്ലാം അതുപോലെ തന്നെയുണ്ട്... വെളുത്ത പെയിന്റ് അടിച്ച ഒരു രണ്ടു നില വീടിനുള്ളിൽ കാർ വന്നു നിന്നപ്പോൾ ഉള്ളിൽ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു... ഞങ്ങളൊന്നിച്ചുള്ള 5 വർഷം ഒരുമിനിറ്റു കൊണ്ട് എന്റെ ഉള്ളിലൂടെ ഓടിപോയി... കാറിൽ നിന്ന് അവളുടെ അനിയതിയോടൊപ്പം ഞങ്ങളും ഇറങ്ങി...

"മാമി... മാമി..." അവൾ പുറത്തുന്നു വിളിച്ചു... വെളുത്തിട്ട് അല്പം നീളമുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു...

"ഇത് മാളുവേച്ചിയുടെ ഫ്രണ്ട് ആണ് ... കാണണമെന്ന് പറഞ്ഞപ്പോൾ കൂട്ടികൊണ്ട് വന്നതാ. വാ ചേച്ചി മുകളിലുണ്ട്... " അവളോടൊപ്പം സ്റ്റെപ് കയറുമ്പോൾ കാലിനേക്കാൾ വേഗതയിൽ മനസ് മാളുവിനടുക്കലേക്ക് പറക്കുന്നുണ്ടായിരുന്നു... അടഞ്ഞു കിടക്കുന്ന ഒരു മുറിയ്ക്കു മുന്നിൽ വന്നു നിന്ന് ആ കുട്ടി എന്നെ തിരിഞ്ഞു നോക്കി... വാതിലിൽ കയ്യ് തട്ടിവിളിക്കുമെന്ന എന്റെ ചിന്തയെ മറികടന്നു സൈഡിലെ കാബോർഡിൽ നിന്ന് താക്കോൽ എടുത്തു അവൾ ആ മുറി തുറന്നു... വർധിച്ചു വന്ന ചങ്കിടിപ്പോടെ ആ മുറിയിലേക്ക് കയറിയ ഞാൻ കണ്ടു... ഒരിക്കൽ സ്വർണ്ണ പാദസരം അണിയണമെന്ന് ഞാൻ വാശി പിടിച്ച അവളുടെ കാലുകളിൽ നല്ല വീതിയിലുള്ള ചങ്ങലകൾ കിടക്കുന്നത്... ഒരു നിമിഷം നിന്ന നിൽപ്പിൽ ഞാൻ ഒന്ന് ആടി ഉലഞ്ഞു പോയി... പുറത്തുനിന്നു വെട്ടം മുഖത്തേക്ക് അടിച്ചപ്പോൾ കയ്യകൾ കൊണ്ട് മുഖം മറച്ച അവൾ കയ്കൾ മെല്ലെ മാറ്റി ഞങ്ങളെ ഒന്ന് നോക്കി... കരിമഷി ഇട്ട് വിടർന്നിരുന്ന കണ്ണുകളിൽ ഇന്ന് ചുറ്റും കറുപ്പ് ബാധിച്ചിരിക്കുന്നു... പതിയെ അടുക്കലേക്ക് ചെന്ന് അവളെ വിളിച്ചു...

"മാളു... മോളെ..."

"നിങ്ങളാരാ...? എന്റെ ഹരിയേട്ടനെ കൊണ്ട് വരുവോ...? എനിക്ക് കാണാൻ കൊതി തോന്നുവാ... എന്റെ ഹരിയേട്ടൻ വരുമ്പോൾ എനിക്ക് നിറയെ മിട്ടായി കൊണ്ടുവരുവല്ലോ... എന്താ ഹരിയേട്ടൻ വരാത്തെ... വരും എനിക്കറിയാം, വരും... ഞാൻ ഇല്ലാതെ എന്റെ ഹരിയേട്ടന് പറ്റില്ല...´ പറഞ്ഞു ആർത്തട്ടഹസിക്കുന്നുണ്ടായിരുന്നു അവൾ... ആ കാഴ്ച കണ്ടു നിൽക്കാനുള്ള മനകരുത്തില്ലാത്തതുകൊണ്ട് ഞാൻ പാറുവിനെ പോലും കൂട്ടാതെ മുറിയ്ക്ക് വെളിയിലിറങ്ങി... ഞാൻ ഞാൻ കാരണം... ഞാൻ മാത്രം കാരണം എന്റെ മാളു... എന്നെക്കണ്ടിട്ട് തിരച്ചറിയ പോലും ചെയ്യാതെ അവളിന്നും വിശ്വസിക്കുന്നുണ്ടോ അവളുടെ ഹരിയേട്ടൻ തിരികെ വരുമെന്ന്..? കണ്ണുനീർ കാഴ്ചയെ മറച്ചു താഴേക്കൊഴുകി... തോളിൽ ഒരു കരസ്പർശം പതിഞ്ഞപ്പോൾ ഹരി തിരിഞ്ഞു നോക്കി...

"പാറു... പാപിയാ മോളെ ഞാൻ... പരമ പാപി..." എന്നോടൊപ്പം പാറുവും കരയുന്നുണ്ടാകും...

"കാണണമെന്ന് പറഞ്ഞപ്പോൾ കൂട്ടികൊണ്ട് വന്നുവെന്ന് ഉള്ളു... 3 വർഷമായി ഇങ്ങനെയാണ്... violent ആകാൻ തുടങ്ങിയപ്പോൾ ചങ്ങലയുടെ ആവശ്യം വന്നു... ഇപ്പൊ ആരെയും തിരിച്ചറിയില്ല, ആരെ കണ്ടാലും ഹരിയേട്ടനെ കൊണ്ട് വന്നൊന്ന് ചോദിക്കും... വരൂ എവിടെയാ പോകേണ്ടത് എന്ന വച്ചാൽ ഞാൻ കൊണ്ടാക്കാം..."

തിരികെ കാറിൽ കയറുമ്പോഴും ഒരിക്കൽ പോലും തുറക്കാത്ത ആ ജനൽപാളി തുറന്നവൾ പറയുന്നുണ്ടായിരുന്നു...

"ഇനി വരുമ്പോൾ ഹരിയേട്ടനെ കൊണ്ടുവരാണെന്ന്..." ദൈവം എന്റെ പ്രാർത്ഥന കേട്ടു... അവൾ ഇന്നും എന്റേത് ആണ്... പക്ഷെ ഞാനോ.....


Rate this content
Log in

More malayalam story from Babitha s നീർമാതളപൂവ്

Similar malayalam story from Romance