നെരൂദയും ന്യൂട്ടനും തമ്മിൽ
നെരൂദയും ന്യൂട്ടനും തമ്മിൽ


"ഈയിടെ പത്മരാജന്റെ ഒരു കഥയിൽ വായിക്കാൻ ഇടയായി: 'കല ഒരു വേശ്യയാണ്. എല്ലാവരുടെയും കാമുകി. ഇഷ്ടമാണെന്നൊക്കെ പറയാം, അത് വിശ്വസിച്ചതായി അവൾ നടിച്ചുകൊള്ളുകയും ചെയ്യും.' "
ഒരു സംഭാഷണത്തിന് താൻ തല്പരനല്ലെന്നു ശരീരഭാഷയിലൂടെ സംവദിക്കാൻ ശ്രമിച്ചിട്ടും അവൾ കൂടുതൽ വാചാലയാകുന്നതിൽ അയാൾ അസ്വസ്ഥനായി. വെയിൽ കനക്കുന്നതും ഷിർട്ടിന്റെ പിൻഭാഗം വിയർപ്പിൽ കുതിരുന്നതും അയാളറിഞ്ഞു. പത്മരാജനെ വായിക്കാറുണ്ടായിരുന്നിട്ടും പ്രണയത്തിനു അദ്ദേഹം നൽകുന്ന അലൗകികദിവ്യത്വം നിറംപിടിപ്പിച്ച നുണ മാത്രമാണെന്ന് വാദിക്കാൻ നാവു പൊങ്ങിയെങ്കിലും അവളുടെ ആ പരാമർശത്തിന് ഒരു പുഞ്ചിരി മാത്രമേ അയാൾ സമ്മാനിച്ചുള്ളൂ. അതിലൂടെ ഒരു സംഭാഷണത്തിനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ലക്‌ഷ്യം. നിഷ്ഫലം!
"അപ്പോൾ നിങ്ങളും ആ വേശ്യയുടെ ഒരു കസ്റ്റമർ ആണല്ലേ..." - മങ്ങിയ, എന്നാൽ താളത്തിലുള്ള ഒരു ചിരിയോടെ അവൾ ചോദിച്ചു - "ഏറ്റവും പുതിയതായി എഴുതിയ ഒരു കഥയെപ്പറ്റി പറയാമോ?"
അയാൾ കയ്യിലിരുന്ന അരുന്ധതി റോയിയുടെ ആസാദി അടച്ചുവെച്ച് അവളെ തുറിച്ചു നോക്കി. ആ മുഖത്ത് ഉത്സാഹവും പ്രസന്നതയുമല്ലാതെ മറ്റെന്തെങ്കിലും ഭാവത്തിനു സാധ്യതയുണ്ടോ എന്ന് അയാൾ ശങ്കിച്ചു. കൊല്ലം ജംഗ്ഷൻ കഴിഞ്ഞിട്ടേയുള്ളൂ, തിരുനന്തപുരത്ത് എത്താൻ ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും. അയാൾ കണ്ണട അഴിച്ചു വെച്ചു.
"ഞാൻ കഥകൾ എഴുതാറില്ലല്ലോ; ലേഖനങ്ങൾ, അഭിമുഖങ്ങൾ, ഫീച്ചറുകൾ- ഇതൊക്കെ ചെറിയ ചില മാസികയ്ക്കു വേണ്ടി എഴുതാറുണ്ടെന്നേയുള്ളൂ."
"മറ്റേതാണല്ലേ... ബുദ്ധിജീവി!" - അവളുടെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് അയാൾ നേർത്ത പരിഹാസത്തോടെ നോക്കിയിരുന്നുപോയി.
"അപ്പോൾ നിങ്ങൾ കവിതകളോ കഥകളോ ഒന്നും വായിക്കാറുമില്ലേ?"
"തീർച്ചയായും! ഫിക്ഷന് ഭാഷയെ വിപുലമായി ഉൾക്കൊള്ളിക്കാനുള്ള കഴിവുണ്ട്. ഭാഷ നന്നാക്കാൻ ഏറ്റവും നല്ലതു ഫിക്ഷൻ തന്നെയാണ്. ഒരു തരത്തിൽ പറഞ്ഞാൽ വികാരാധീനമായ നോൺ ഫിക്ഷൻ തന്നെയാണ് ഫിക്ഷനും. പ്രേമവും വിരഹവും വേദനയുമൊക്കെ അവയിലെ മസാല ആയിക്കണ്ടു ഊറ്റിക്കളയേണ്ടതായുണ്ടെന്നേ ഉള്ളൂ." - അവൾക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവുമോ എന്ന് അയാൾ സംശയിച്ചു.
അവൾ അതൊന്നും കേട്ടിട്ടില്ലാത്ത മട്ടിൽ പുറത്ത് പാഞ്ഞു പോകുന്ന പാടങ്ങളിലേക്കും താറാവിൻകൂട്ടങ്ങളിലേക്കും കണ്ണ് നട്ടു ഇരിക്കുകയായിരുന്നു. പെട്ടെന്നു ഞെട്ടിയിട്ടെന്ന പോലെ അവൾ പറഞ്ഞു, "ഞാൻ കവിതകളാണ് കൂടുതൽ വായിക്കാറ്. കൂടുതൽ എന്ന് പറഞ്ഞാൽ, കോളേജിൽ ലാബിൻറേം റെക്കോഡിന്റേം ഇടേന്നു ഒരു ആശ്വാസത്തിന്. നെരൂദ ആണ് എന്റെ ഫേവ്."
അയാൾ നെരൂദയെ ഓർത്തു. 20 ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡെസ്‌പൈർ ഓർത്തു. "നെരൂദ! എന്തിനും ഏതിനും ഇടയിൽ പ്രണയം കലർത്താൻ ഒരു വിഭ്രാന്തിയാണ് അദ്ദേഹത്തിന്. നേരമ്പോക്കിന് നല്ലതാ!" - അയാളുടെ വാക്കുകളിലെ പുച്ഛം അവളെ നിരാശപ്പെടിത്തിയതായി അയാൾക്ക് മനസ്സിലായി.
" നോട്ട് എ ഫാൻ ഓഫ് ലവ്, അല്ലെ? ഇങ്ങനെ ഒരാളെ കണ്ടു കിട്ടാൻ ഞാൻ എത്ര അന്ന്വേഷിച്ചിട്ടുണ്ടെന്നോ? അപ്പോ... നിങ്ങൾ ഒരിക്കലും പ്രേമിച്ചിട്ടില്ല?"
അയാൾ സുധയെ ഓർത്തു. കോളേജ്, വിദ്യാർത്ഥിരാഷ്ട്രീയം, അവളുടെ അച്ഛന്റെ മരണം - എല്ലാം ഓർത്തു.
"ഇല്ല, തലച്ചോറിലെ ചില രാസവസ്തുക്കളുടെ അനാവശ്യമായ ഉത്പാദനം, അതിനെ ഹൃദയവുമായി കോർത്തിണക്കി മെനഞ്ഞെടുക്കുന്ന വെറും നുണക്കഥകൾ അല്ലെ പ്രണയവും വിരഹവുമൊക്കെ."
"ആയിരിക്കാം. പ്രേമം എന്നത് വിട്ടേക്കൂ. സൗകര്യപൂർവം വ്യത്യസ്ത അർത്ഥതലങ്ങൾ കൊടുക്കാൻ കഴിയുന്ന സ്നേഹം എന്ന പദം എടുത്തേക്കാം. നിങ്ങൾക്ക് ഒന്നിനോടും, ആരോടും സ്നേഹവും തോന്നിയിട്ടില്ലേ?"
അത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയിൽ നിന്ന് അയാൾ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവൾ കയറിവന്നു തനിക്കു എതിരെയുള്ള സീറ്റിൽ ഇരിക്കാനും തന്നോട് സംസാരിക്കാനും ഇടയായ സാഹചര്യം അയാൾ വീണ്ടെടുത്തു. വന്നിരുന്നയുടനെ ചില കോമാളിഭാവങ്ങൾ മുഖത്ത് വരുത്തി അത് ഫോണിലെ ക്യാമെറയിൽ പകർത്തുകയായിരുന്നു അവൾ. അതിൽ ചിലതിൽ താനും പെട്ടിട്ടുണ്ടെന്നു കരുതി അയാൾ ഒരല്പം അസ്വസ്ഥനായി. അത് മനസ്സിലാക്കിയെന്ന വണ്ണം അവൾ ഫോൺ മുന്നിലേക്ക് നീട്ടി അവയെല്ലാം അയാളുടെ കണ്മുന്നിൽ വച്ച് തന്നെ ഡിലീറ്റ് ചെയ്യുന്നതിനിടെ പറഞ്ഞു, "ഐആം സോറി. നിങ്ങളെ അസ്വസ്ഥനാക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല."
അയാൾ മര്യാദ പ്രകടിപ്പിച്ചു : "ഇട്സ് ഓക്കേ, എനിക്ക് ഇത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല. നിങ്ങൾ അത് ഡിലീറ്റ് ചെയ്യണ്ട കാര്യമൊന്നും ഇല്ലായിരുന്നു. നിങ്ങളുടെ നല്ല ഫോട്ടോസ് എന്റെ മുഖം കൊണ്ട് അലങ്കോലപ്പെടുത്തരുതെന്നേ കരുതിയുള്ളൂ." അവൾ ചിരിച്ചു. നിങ്ങൾക്ക് ശരിക്കും നല്ല ഫോടോഫേസ് ഉണ്ട്. ആ കണ്ണട ഫോട്ടോയിൽ കണ്ടില്ലേ... നന്നായി ചേരുന്നു. ഞാനും ഇതുപോലൊന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നു. അത് പോട്ടെ, ഫോട്ടോയെ കുറിച്ച ചിന്തിച്ചു നിങ്ങൾ വിഷമിക്കേണ്ട. ഞാൻ ഇനിയും ഒരു നൂറെണ്ണം എടുക്കും, ഇറങ്ങുമ്പോഴേക്കും." ആ നിമിഷം അവളുടെ വിനയവും എളിമയും അയാളെ ചെറുതായെങ്കിലും അമ്പരപ്പിച്ചു.
അയാൾ വീണ്ടും വർത്തമാനത്തിലേക്കു തിരികെ വന്നു, അവളോട് മറുപടി പറഞ്ഞു: "തീർച്ചയായും. അത് വളരെ ക്ഷണികമായ് നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഏറ്റവും നീണ്ട കാലത്തേക്ക് ഞാൻ സ്നേഹിച്ചിട്ടുള്ളത് എന്റെ അമ്മയെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മ മരിച്ചപ്പോൾ ആ സ്നേഹം എനിക്ക് നഷ്ടമാവുകയും ചെയ്തു. അപ്പോൾ അനുഭവിക്കുന്ന വേദനയേക്കാൾ നല്ലതു അതിൽ നിന്നും അകലം പാലിക്കുന്നതാണെന്നു ഞാൻ കരുതുന്നു. സ്നേഹിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്."
"അതുണ്ട്. എന്നാൽ അത് ഒരിക്കലും നമ്മുടെ തീരുമാനങ്ങളുടെ പരിധിയിൽ നിൽക്കുന്നതാണെന്നു ഞാൻ കരുതുന്നില്ല."
അത് അവളുടെ അറിവില്ലായ്മയും നിഷ്കളങ്കതയും ആയി അയാൾ ചിരിച്ചു തള്ളി-" നമ്മുടെ തീരുമാനങ്ങളുടെ പരിധിയിൽ വികാരങ്ങളെ നിർത്താൻ കഴിയുന്നതാണ് നിങ്ങളുടെ പക്വത."
"എത്ര വേണമെങ്കിലും നിങ്ങൾക്ക് സ്നേഹത്തെയും സ്നേഹിക്കുന്നവരെയും പരിഹസിക്കാം. എന്നാൽ നിങ്ങൾ ഇന്ന് വരെ ചെയ്തിട്ടുള്ള ഓരോ പ്രവർത്തിയും ആരാലെങ്കിലും കൂടുതൽ സ്നേഹിക്കപ്പെടാനുള്ള ഒരു ടൂൾ ആയിരുന്നെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾക്കത് നിഷേധിക്കാനാവുമോ?"
അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല. ട്രെയിൻ വേഗം കുറക്കുന്നത് അയാൾ അറിഞ്ഞില്ല. അവൾ ബാഗ് എടുത്തു ഇറങ്ങാൻ തുനിയുമ്പോഴും അയാൾ കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
"എനിക്ക് ഇറങ്ങാറായി. മിസ്റ്റർ അരവിന്ദ്, മനോഹരമായ ബുർജ് ഖലീഫയുടെ ചിത്രം കാണിക്കുമ്പോൾ അതിന്റെ ഏറ്റവും ഉയരത്തിൽ നിന്ന് താഴോട്ട് വീഴുന്നതിനെ പറ്റി മാത്രം ചിന്തിക്കുന്ന ചില മനുഷ്യരുണ്ട്. അവസാനം എല്ലാം നഷ്ടമാകുന്നതുവരെ നിങ്ങൾക്ക് അവരെ മനസ്സിലാകണമെന്നില്ല. സ്നേഹത്തിൽ വിശ്വസിക്കാൻ ധൈര്യമില്ലാത്ത ഒരാളെന്നതിനേക്കാൾ നിങ്ങളെ അക്കൂട്ടത്തിൽ പെടുത്താനാണ് എനിക്കിഷ്ടം. ബൈ."
അവളുടെ വാക്കുകൾ തന്റെ തലച്ചോറിനുള്ളിൽ ഒരു ചുഴി രൂപപ്പെടുത്തി വീണ്ടും വീണ്ടും ചുറ്റിയടിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു -"ബൈ", അയാൾക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. അയാൾ വിമലയെ ഓർത്തു, വീട്ടുസാധനങ്ങൾ വാങ്ങി വരുന്ന ഒരു യന്ത്രമനുഷ്യൻ മാത്രമായി തന്നെ കാണുന്ന കുഞ്ഞുങ്ങളെ ഓർത്തു. അയാൾ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു വിമലയുടെ നമ്പർ ഡയൽ ചെയ്തു.