തേള്
തേള്
പുത്തൻ സെറ്റുമുണ്ടിന്റെയും മുല്ലപ്പൂവിന്റെയും മണത്തിൽ കുളിച്ചു നിൽക്കുന്ന അവളെ ഇടക്കണ്ണിട്ടു നോക്കിക്കൊണ്ട് പെരുവിരൽ കൊണ്ട് നിലത്ത് കളംവരച്ചു കൊണ്ട് നിന്ന എംബസ്സി ഉദ്യോഗസ്ഥൻ പറഞ്ഞതിൽ മുക്കാലും അവൾ കേട്ടിരുന്നില്ല. ജനാലക്കമ്പികളിലൂടെ വിരലോടിച്ചും അകലെ പനങ്കാടുകളിലേക്ക് കണ്ണുപായിച്ചും അവൾ ഇടയ്ക്കു കയറി ചോദിച്ചു-
"തേള് കുത്തീട്ടുണ്ടോ ?"
ഡിസ്കവറി ചാനലിലെ ഉറുമ്പിനെ പിച്ചിയെടുത്ത് കാലിലെ മുറിവ് തുന്നുന്ന സാഹസികന്റെ കയ്യിലെ ചില്ലുകുപ്പിയിലല്ലാതെ തേളിനെ കണ്ടിട്ടില്ലാത്ത കൗതുകത്തിനാലും താൻ ഏച്ചുകൂട്ടിപ്പറഞ്ഞ ഫ്രഞ്ചും തേളും തമ്മിലെന്തു ബന്ധമെന്ന അന്ധാളിപ്പിനാലും അയാൾ വാപൊളിച്ചു നിന്നു -
"ഇല്ല"
"കുട്ടിയപ്പനെ കുത്തീട്ടുണ്ട് . ഒന്നല്ല, നാല് തവണ. ഒരിക്കെ കരിന്തേളാർന്നു. എങ്കിലും നാളിതുവരെ വെള്ളേച്ചനേം കൃഷ്ണൻകുട്ടിയേം പോലെ അവൻ ഛർദിലിലും മൂത്രത്തിലും കിടന്നുരുണ്ടിട്ടില്ല." മീൻകൊത്തിച്ചാത്തന്മാർ കലപില കൂട്ടുന്ന പനങ്കാടുകളിൽനിന്ന് കണ്ണെടുക്കാതെ അവൾ തുടർന്നു-
"ഒരു കൈകൊണ്ട് പനയോലത്തണ്ടിൽ അള്ളിപ്പിടിച്ച് താഴോട്ടാഞ്ഞ്, വിഷം തീണ്ടിയ ചോര മുഴുവൻ ഒറ്റവലിക്ക് കടിച്ചീമ്പിയെടുത്ത് ഒരൊറ്റ തുപ്പാണ്! പനങ്കള്ളു മോന്താതെ ഇറങ്ങിവരാറില്ല അവൻ. അതുകഴിഞ്ഞ്, ഈ ജനാലക്കരികിൽ വരാതെ മടങ്ങിപ്പോവാറുമില്ല. നിലാവിന്റെ വെട്ടത്തിൽ ആ എണ്ണക്കറുപ്പിന്റെ തിളക്കം ഇങ്ങോട്ടടുക്കുന്നത്, ദേ എനിക്കീ പൊരിവെയിലത്തും കാണാം ."
കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ അവളുടെ തള്ള "കുട്ടിയപ്പൻ പനേന്നു വീണു ചത്തിട്ട് കൊല്ലം രണ്ടായെ"ന്നു കാലു പിടിക്കാതെ പിടിച്ചുകൊണ്ട് പറഞ്ഞത്, കേൾക്കാത്ത മട്ടിൽ പെണ്ണുകാണൽ സംഘം ഊറ്റം കുറഞ്ഞൊരു കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി.
പ്രണയത്തിന് ഉന്മാദമെന്നും പേര് വീണത് അവളിലൂടെയത്രേ !!

