മണ്ണടിഞ്ഞ സ്വപ്നങ്ങൾ
മണ്ണടിഞ്ഞ സ്വപ്നങ്ങൾ


മേഘങ്ങൾ തന്റെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കാൻ കഴിയാതെ കണ്ണു നീരായി ഭൂമിയുടെ മാറിൽ മുത്തം വെച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സുമയ്യ അവളുടെ കുട മടക്കി ലക്ഷിമിയുടെ വീട്ടിലേക്ക് ഓടി കയറിയത്. ഉമ്മറത്ത് തന്നെ അവളുടെ മുത്തച്ഛൻ മോണ കാട്ടി അവളെ വീട്ടിലേക്ക് കയറ്റിയിരുത്തി. പുറത്തെ സംസാരം കേട്ട് ലക്ഷ്മി യുടെ അമ്മ അമ്പിളി പുറത്തേക്ക് എത്തി നോക്കി.
"അല്ല ആരാ ഈ വന്നേക്കുന്നെ കല്ല്യാണ പെണ്ണിന് ഇങ്ങോട്ടേക്ക് വഴിയൊക്കെ അറിയാവോ?" അമ്പിളി കളിയാക്കുന്ന രീതിയിൽ അവളോട് ചോദിച്ചു. അവളുടെ വെളുത്ത കവിളുകൾ നാണം കൊണ്ട് ചുമന്നു
"തെ അമ്പിളി അമ്മ കളിയാക്കണ്ടട്ടോ. കല്യാണത്തിന് ഇനിയും ഉണ്ട് ട്ടോ ദിവസം. കല്ല്യാണം കഴിഞ്ഞു ഞാൻ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും. അപ്പൊ ഇതുപോലെ എന്നെ കളിയാക്കണ്ടട്ടോ." നാണത്തോടെ അവൾ മറുപടി നൽകി
"അമ്മേ, ലക്ഷ്മി എവിടെപ്പോയി?"
"അവൾ മുറിയിൽ പുതച്ചു കിടക്കുന്നുണ്ട്. പെണ്ണിന് തണുപ്പ് തീരെ പുടിക്കില്ലല്ലോ, എല്ലാ പണിയും ഞാൻ തന്നെ ചെയ്യണം." അമ്പിളി പരിഭവം നിറഞ്ഞ വാക്കുകളോടെ മറുപടി നൽകി.
സുമി അവിടെ നിന്നും ലക്ഷിമിയുടെ റൂമിലേക്ക് പോയി. അപ്പോൾ അവൾ പുതച്ചു ഉറങ്ങുകയാണ് .സുമി വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല. സുമി അവളുടെ നനഞ്ഞ കൈകൾ കൊണ്ട് ലക്ഷ്മിയെ ഇക്കിളിപ്പെടുത്തി. അവൾ ഉറക്കച്ചവപ്പോടെ ചിരിക്കുന്നുണ്ട്. കണ്ണു തിരുമ്മി അവൾ സുമിയെ നോക്കി ചിരിച്ചു.
"നീ എപ്പോ വന്നു?"
"എന്തുറക്കാടി നീ? ഞാൻ കുറെ നേരായി വന്നിട്ട്."
"എന്നിട്ട് നീ വല്ലതും കുടിച്ചോ? നീ ആകെ മേലിഞ്ഞുട്ടോ. ഞമ്മളെ റിയസ്ക്കക്ക് സങ്കടാവും നിനക്ക് കഴിക്കാൻ കിട്ടാഞ്ഞിട്ടാന്നു പറയും."
"നീയും എന്നെ കളിയാക്കുകയാണല്ലേ? പോടി!"
"ഓ പിണങ്ങിയോ. നീ ഡി കല്യാണത്തിന് ഇനി രണ്ടാഴ്ചയൊള്ളു അതാ ഞാൻ പറഞ്ഞേ."
"ആ അതൊക്കെ വിട്ടെ, നീ തലേദിവസം തന്നെ വരണേ ഇനി ഞാൻ വിളിച്ചില്ല എന്നൊന്നും പറയേണ്ട."
"നിന്റെ കല്ല്യാണം നമ്മുക്ക് സൂപ്പർ ആക്കാടി."
സുമിയുടെയും ലക്ഷിമിയുടെയും സംസാരം നീണ്ട് പോയി. സമയം നീങ്ങിയതോന്നും അവരറിഞ്ഞില്ല. അമ്പിളി വന്നു വിളിച്ചപ്പോഴാണ് അവർ സമയം നോക്കുന്നെ.
സുമി പെട്ടെന്ന് തന്നെ ലക്ഷ്മിയോട് യാത്ര പറഞ്ഞിറങ്ങി. അപ്പോഴും മഴ ആർത്തിരമ്പി ഭൂമിയുടെ മാറിൽ ചേർന്നോണ്ടിരിക്കുകയാണ് . സുമയ്യ മഴ ആസ്വദിച്ചു നടന്നു നീങ്ങുമ്പോഴാണ് അടുത്ത വീട്ടിലെ ജമീലതാത്ത തൊടിയിൽ പശുവിനെ കെട്ടിയിടുന്നതിനിടയിൽ സുമിയെ കണ്ടത്.
"സുമി കുട്ടി ഈ മഴയത്തു എവിടെ പോയതാണ്"
"ഇത്ത കല്യാണം വിളിക്കാൻ പോയതാ. ഇത്ത നേരത്തെ വരണം ട്ടോ."
"ആ മോളെ നിന്റെ ചെക്കൻ എന്ന നാട്ടിൽ വരുന്നേ?"
"ഇന്ന് വന്നിട്ടുണ്ട് ഇത്ത. നാളെ വീട്ടിലേക്ക് വരുന്നുണ്ട്."
"ആ മോളെ എന്ന മോൾ പെട്ടെന്ന് പൊയ്ക്കോ മഴ ശക്തി കൂടുന്നുണ്ട്."
സമയം ആറു മാണിയാവാൻ ആയിട്ടുണ്ട്. സുമയ്യ പെട്ടെന്ന് നടന്നു നീങ്ങി. വീട്ടിലേക്ക് കയറുമ്പോഴാണ് ദൃതിയിൽ ഒരാൾ വീട്ടിലേക്ക് ഓടി വരുന്നത്. അവൾ ഉമ്മറത്ത് നിന്നും അവരെ നോക്കി, കണ്ട് പരിചയമില്ലാത്ത ഒരാൾ.
"മോളെ, ഇവിടെ ആരുമില്ലേ?" അത് ചോദിച്ചു കൊണ്ടായാൾ ഇറയിലേക് കയറി നിന്നു, അപ്പോയേക്കും സുമയ്യയുടെ ഉമ്മ പുറത്തേക്കു വന്നു.
"ആ ഉമ്മ ഇവിടെ നിന്നും പെട്ടെന്നു മാറണം, അത്യാവശ്യം സാധനങ്ങൾ കൊണ്ട് പൊയ്ക്കോളൂ."
"പടച്ചോനെ ഈ സമയത്തു എവിടേക്ക് നീങ്ങാനാണ് മോനെ?"
"ഉമ്മ ഇവിടെ അടുത്ത് ക്യാമ്പ് ഉണ്ട് അങ്ങോട്ടേക്ക് പൊയ്ക്കോളൂ, ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാവാൻ ചാന്സുണ്ട്. "
"പടച്ചോനെ ഈ അസമയത്ത് എങ്ങനെ പോകാനാണ്? " സുമയ്യയുടെ ഉമ്മ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
സുമയ്യ വേവലാതിയോടെ ഫോൺ എടുത്തു അവളുടെ പ്രിയതമനെ വിളിച്ചു.
"ഇക്ക, അവിടെ മഴയുണ്ടോ? ഇവിടെനിന്ന് ഞങ്ങളോട് മാറാന് പറഞ്ഞിട്ടുണ്ട്."
"സുമി ഇവിടെ കുഴപ്പമില്ല. എന്ന ഞാൻ വരണോ? നിങ്ങൾ ഇങ്ങോട്ടേക് പോര്."
"വേണ്ട, ഇക്ക. കല്യാണം അല്ലെ രണ്ടാഴ്ച കഴിഞ്ഞാൽ? ഞങ്ങൾ ഇവിടെ സ്കൂളിൽ ക്യാമ്പ് ഉണ്ട്, അങ്ങോട്ട് പോയേക്കാം."
"പേടിക്കണ്ട സുമി. പേടി തോന്നുമ്പോൾ ഇക്കായിട്ട മഹറില്ലേ? അതിൽ പിടിച്ചാൽ മതിട്ടോ." സുമയ്യയോട് റിയാസ് സ്നേഹത്തോടെ പറഞ്ഞു ഫോണ് വെച്ചു.
സുമയ്യ ദൃതിയിൽ ആവശ്യ സാധനങ്ങൾ എടുത്തു താഴേക്കിറങ്ങി. അപ്പോയേക്കും അവളുടെ ഉമ്മ പോവാൻ റെഡി ആയി നിൽക്കുന്നുണ്ടെന്നു. അവർ പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങി നടന്നു കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് സുമയ്യ ഫോൺ എടുത്തിട്ടില്ല എന്നു മനസ്സിലായത്.
"ഉമ്മ ഞാൻ ഇപ്പോൾ വരാം. ഉമ്മ നടന്നോ ഫോൺ എടുത്തിട്ടില്. "
"മോളെ ഫോണ് നാളെ എടുക്കാം, നീ വന്നേ."
"ഇല്ല, ഉമ്മ. ഫോൺ വിളിച്ചാൽ എടുത്തിട്ടില്ലേൽ ഇക്ക പേടിക്കും ഇങ്ങള് നടന്നോ ഞാൻ വേഗം വരാം."
സുമയ്യ ഉമ്മയെ പറഞ്ഞു വിട്ട്, വീട്ടിലേക്ക് പോയി. ഫോൺ കാണാതെ വന്നപ്പോൾ അവൾ മുകളിലേക്കു പോയി. എടുത്തു തിരിച്ചിറങ്ങാൻ നിൽക്കുമ്പോഴാണ് ഭൂമിയെ വിറപ്പിച്ചു കൊണ്ട് വലിയ ശബ്ദത്തിൽ മലയിടിഞ്ഞു മണ്ണും മരങ്ങളും വെള്ളവും ഒലിച്ചിറങ്ങി ഒരു പ്രദേശത്തെ ഒന്നാകെ ഭക്ഷണമാക്കിയത്. കൺ മുന്നിൽ വെള്ളം വന്നു നിന്നപ്പോൾ സുമയ്യയുടെ ഉമ്മ മോളെ ഓർത്ത് ആർത്തു വിളിച്ചു എന്നാൽ ആ വിളിക്ക് ഉത്തരം നൽകാൻ അവൾ ഉണ്ടായിരുന്നില്ല. നാടിനെ കണ്ണീരിലാഴ്ത്തി അവളും കൂടെ ഒരുപാട് പേരും മണ്ണിനടിയിൽ പെട്ടിരുന്നു.
വാർത്തയറിഞ്ഞെത്തിയ നാട്ടുകാർക്ക് തിരച്ചിലിനോടുവിൽ കിട്ടി തന്റെ പ്രിയതമന്റെ മഹർ കയ്യിൽ പിടിച്ച് കിടക്കുന്ന സുമയ്യയെ, തണുപ്പ് സഹിക്കാൻ കഴിയില്ലമ്മേ എന്നു പറഞ്ഞിരുന്ന ലക്ഷിമിയെയും. അങ്ങനെ തന്റെ സ്വപ്നങ്ങൾ എല്ലാം കൂട്ടിവച്ചു ഒരുപാട് പേർ അന്ന് യാത്രയായി, തിരിച്ചു വരവില്ലാത്ത യാത്ര.
##############
ഓർക്കുക നമ്മുക്ക് എപ്പോ എന്ത് സംഭവിക്കും എന്നൊന്നും നമുക്കറിയില്ല. ഉള്ള സമയം നല്ലത് ചെയ്ത് ജീവിക്കുക.
കവളപ്പാറ ദുരന്തതിനു ഇന്ന് ഒരാണ്ട് തികയുന്നു, അതിനു പുറമെ മൂന്നാർ, അങ്ങനെ പലയിടങ്ങളിലും. അവർക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.