Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

Anusree Gopinath

Romance Tragedy


4.0  

Anusree Gopinath

Romance Tragedy


മഴ പോലെ...

മഴ പോലെ...

2 mins 154 2 mins 154

അടഞ്ഞും തുറന്നും ശബ്ദം ഉണ്ടാക്കുന്ന ജനാലകൾക്കിടയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റും മഴച്ചാറ്റലും കാരണം ഉറക്കംകെട്ട മിഴികൾ ചിമ്മിയടച്ച് അവൾ എഴുന്നേറ്റിരുന്നു. കാവി പാകിയ നിലത്ത് കാലുകൾ പതിഞ്ഞപ്പോൾ മേനിയാകെ കുളിർന്ന പോലെ.


ചെറുതായി തുരുമ്പെടുത്ത് തുടങ്ങിയ ജനലിഴകളിൽ വിരൽ കോർത്ത് പുറത്തെ കൂറ്റാക്കൂരിരുട്ടിലേക്ക് കണ്ണും നട്ട് അല്പനേരം നിന്നു. ഇടയ്ക്കിടെ മിന്നലിനോടൊപ്പം തെളിഞ്ഞു കാണുന്ന കുളക്കടവിലേക്ക് നോട്ടം തെന്നി. ചിലപ്പോൾ തിമിർത്തും മറ്റു ചിലപ്പോൾ പതിഞ്ഞും പെയ്യുന്ന മഴ തീർത്ത ഓളങ്ങൾ പോലെ ചിന്തകളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും, വേദനകളും കടന്ന് അവസാനം എന്നെന്നേക്കുമായി ബാക്കിയായ വിരഹത്തിലെത്തി നിന്നു.


~


മുൻപൊക്കെ മഴയെന്നാൽ പ്രണയം ആയിരുന്നു...


"നിൻ്റെ ചിരി കണ്ടാൽ ഒരു മഴ നനഞ്ഞ സുഖം ആടി പെണ്ണേ..."

"പെണ്ണേ... എനിക്ക് മഴ മണ്ണിനെ പ്രണയിക്കുന്ന പോലെ നിന്നെ പ്രണയിക്കണം. ഉച്ചി മുതൽ പാദം വരെ നിന്നെ നനച്ച്, നിന്നിലൂടൊഴുകി, നിന്നിൽ അലിഞ്ഞു ചേരണം..."

അങ്ങനെയങ്ങനെ... അവൻ തന്നോടുള്ള ഇഷ്ടം ഒക്കെയും മഴയോട് ഉപമിച്ചിട്ടേ ഉള്ളൂ.


"കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം

 മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്

 എന്റെ ലോകം...നീ മറന്നോ...

 എന്റെ ലോകം നീ മറന്നോ

 ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ

 പാതിരാമഴയേതോ ഹംസഗീതം പാടി...


 ശൂന്യ വേദികയിൽ കണ്ടു 

 നിൻ നിഴൽ ചന്ദം

 കരിയിലക്കരയായ് മാറി 

 സ്നേഹ സാമ്രാജ്യം

 ഏകനായ് നീ...പോയതെവിടെ...

 ഏകനായ് നീ പോയതെവിടെ

 ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ"


തനിക്ക് ഏറെ പ്രിയപ്പെട്ട കൈതപ്രം സാറിൻ്റെ വരികൾ... രാത്രി മഴ പെയ്യുമ്പോഴൊക്കെ, ചൊടികൾ ഈ വരികൾ മൂളുമ്പോൾ അവൻ പറയുമായിരുന്നു...


"അവൾക്കെപ്പഴും ഈ വിരഹഗാനം മാത്രേ പാടാനുള്ളൂ... ഇങ്ങനെയാണെങ്കിൽ ഒരു നാൾ നിൻ്റെ ലോകം മറന്ന്, ഏകനായി ഞാനും പോകും ട്ടോ പെണ്ണേ..."

"എന്നാൽ ഞാൻ അതങ്ങ് സഹിച്ചു... അങ്ങനെയാണെങ്കിൽ കുറച്ചു കൂടെ ഭാവത്തിൽ പാടാം ആയിരുന്നു."


അന്ന് ചിരിച്ചു കൊണ്ട് അവൻ്റെ മൂക്കിൻ തുമ്പ് കുശുമ്പ്കുത്തി വിറയ്ക്കുന്നത് കാണാൻ കളിയായി പറഞ്ഞപ്പോൾ അറിഞ്ഞിരുന്നില്ല... പറഞ്ഞത് അപ്പടി അറംപറ്റിപ്പോകുമെന്ന്.


~


ശക്തിയിൽ വീശിയടിച്ച കാറ്റിൽ ജനലുകൾ കൊട്ടിയടഞ്ഞപ്പോഴാണ് അവളുടെ ഓർമ്മകൾ ഇന്നിലേക്ക് തിരിച്ചെത്തിയത്.


കൺകോണിൽ ഉരുണ്ടുകൂടിയ കണ്ണീർകണങ്ങളെ വീണുടയുന്നതിന് മുന്നേ തുടച്ചു മാറ്റി.


"നീ കരയല്ലേ ട്ടോ പെണ്ണേ... ആ മഴപ്പെയ്ത്ത് മാത്രം എനിക്ക് കാണാൻ കഴിയില്ല... മഴ പൊഴിയുന്ന പോലെ നിൻ്റെ ചൊടികളിൽ പുഞ്ചിരി വിരിയണം... 


പാതിരാമഴയത്ത്, ഒരുമിച്ചൊരു പുതപ്പിനുള്ളിൽ ചേർന്നിരുന്നു നിൻ്റെ വിരഹഗാനവും കേട്ട്, നീ പറയുന്ന പോലെ കുശുമ്പുകുത്തി വിറയ്ക്കുന്ന മൂക്കിൻതുമ്പത്ത് ഒരു കുഞ്ഞുമ്മയും നേടി, നിൻ്റെ മുടിയിഴകളിൽ മുഖം പൂഴ്ത്തി എനിക്കുറങ്ങണം..."


ദൂരെയെവിടെയോ നിന്ന് അവൻ പറയുന്നത് ചെവിയിൽ മുഴങ്ങിക്കേട്ടു.


~


മിന്നൽ ചീളുകളെ പിന്തുടർന്ന് അവളുടെ നോട്ടം ആകാശത്തിലേക്കെത്തി.


"നീ അവിടിരുന്ന് മഴ പെയ്യിക്കുവാണോ ചെക്കാ...? കരച്ചിൽ മഴയാണെങ്കിൽ ഇപ്പൊ നിർത്തിക്കോളണം... അതല്ലാ, ൻ്റെ ചെക്കൻ ഈ പെണ്ണിൻ്റെ ഉറക്കം കണ്ട് പെയ്യിച്ച കുശുമ്പൻ മഴയാണേൽ ഞാൻ നനഞ്ഞോളാം..."


അഴികളില്ലാത്ത പടിപ്പുരജനാല തുറന്ന് തലയൽപ്പം പുറത്തേക്ക് നീട്ടി മുഖമൊന്നുയർത്തി അവൻ പൊഴിച്ച ചുംബനങ്ങൾ, മഴയായ് അവളെ നനച്ചു...


വിരഹത്താൽ മുറിവേറ്റ് ഹൃദയം പിടഞ്ഞപ്പോഴും അവനായ് അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അതിനു മാറ്റുകൂട്ടാൻ എന്നപോലെ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞ അവളുടെ പ്രിയപ്പെട്ട വരികളും...


"പാതിരാമഴയേതോ ഹംസഗീതം പാടി...

 വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു..."


Rate this content
Log in

More malayalam story from Anusree Gopinath

Similar malayalam story from Romance