Sreepriya G

Tragedy

3.1  

Sreepriya G

Tragedy

കടം

കടം

3 mins
442


വിശപ്പുതീരെ തോന്നുന്നില്ല.സ്കറിയാ ആനിയുടെ മുഖത്തേക്കുനോക്കി. ചൂടുകഞ്ഞിയും പയറുതോരനും വിളമ്പിയിട്ട് അയാളുടെ അടുത്തുതന്നെ ആനിയിരുന്നു. തീരെ കഴിക്കാഞ്ഞാൽ അവൾക്കു വിഷമമാകും എന്നതിനാൽ അയാൾ പാത്രത്തിൽ നിന്ന് കഞ്ഞി കോരിക്കുടിച്ചു. ആനി മുഖത്തേക്കു തന്നെ നോക്കിയിരിക്കുന്നതു കണ്ട് അയാൾ കഞ്ഞി കുടിക്കുന്നതു നിർത്തി.

"ഉം?"

"അതല്ല ഇച്ചായാ. രണ്ടീസായ്ട്ട് ഇച്ചായന് ഒരു വിഷമം കാണണ്ട്. ഒരുമാതിരി തീ വിഴുങ്ങി നടക്കുംപോലാ... എന്നതാ കാര്യം?

"വിഷമോ... ഏയ്..." 


മുഖത്തു വിരിയാൻ ഭാവിച്ച അമ്പരപ്പു മറച്ചുവെച്ച് അയാൾ പറഞ്ഞു. ആനി തന്റെ ചെറുചലനങ്ങൾപോലും എത്ര അനായാസമായാണ് മനസിലാക്കുന്നതെന്ന് അയാളോർത്തു.രണ്ടുലക്ഷം രൂപാ പതിനഞ്ചാംതീയതിക്കുള്ളിൽ ഉണ്ടാക്കിയെടുക്കാൻ താൻ ഏതൊക്കെ വാതിലുകളാണ് മുട്ടുന്നത്... ആഴ്ചയിൽ മൂന്നു ദിവസത്തെ കൂലിപ്പണിയിൽനിന്ന് മിച്ചംവെയ്ക്കാൻ സാധിക്കുന്നതെങ്ങനെ?


അതിനിടയിൽ അപ്പന്റെ മരുന്നുകൾ... കിടപ്പാടത്തിന്മേലെടുത്ത ലോണിന്റെ തിരിച്ചടവ്... ഇന്നേവരെ ആയിരം രൂപയുടെ പോലും സമ്പാദ്യമില്ല. എങ്കിലും അതിലൊക്കെയും പ്രധാനമായ ഒരു ലക്ഷ്യമാണ് രണ്ടുലക്ഷം രൂപ കൊണ്ട് നിറവേറാനുള്ളത്... നാളെ ജോസ് മുതലാളിയോടു പലിശയ്ക്ക് പണം തരാമോ എന്ന് ചോദിക്കണം... സെക്യൂരിറ്റിയായിട്ട് എന്താണ് കൊടുക്കാനുള്ളത്? ആലോചിക്കുന്തോറും സ്കറിയയ്ക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി...


കഞ്ഞികുടിച്ചുകഴിഞ്ഞെണീറ്റ് അയാൾ ഉമ്മറത്തേക്കുവന്നു. ചുവരിലെ സ്റ്റാൻഡിൽ ഈശോയുടെ ക്രൂശിതരൂപത്തിനടുത്തായി അപ്പച്ചന്റെ ചിത്രം നാല്പത്തിയൊന്നാം നാളിലെ ചടങ്ങുകഴിഞ്ഞെങ്കിലും ഫോട്ടോയിൽപ്പോലും എന്തോ വിഷമം ഉള്ളപോലുള്ള മുഖം അയാൾ ഒരുനിമിഷം നോക്കിനിന്നു. അന്നേരം അയാൾക്ക് വേറൊരു മുഖം മനസിലേക്ക് ഓടിവന്നു. ഷേർലിച്ചേടത്തിയുടെ മുഖം ഓർമ്മ വന്നപ്പോൾ അയാൾക്ക് മനസിലെ വിഷമം കൂടി. അവസാനമായി കാണുമ്പോൾ പണ്ടെങ്ങോ നീരുപിഴിഞ്ഞെടുത്ത് വലിച്ചെറിഞ്ഞ കരിമ്പിൻചണ്ടി വെയിലത്തുണങ്ങിയപോലുള്ള രൂപം. കീറിപ്പിഞ്ഞിയ നൈറ്റിക്കുള്ളിൽ വിറയാർന്ന ആ ജീവിയെ കണ്ടപ്പോൾ ഒരുകാലത്ത് ഈ പഞ്ചായത്തിലെയും പരിസരത്തെയും ആണായിപ്പിറന്നവരെ ത്രസിപ്പിച്ചിരുന്ന ശരീരവുമായി വിദൂരസാമ്യം പോലും തോന്നിയില്ല. 


 സ്കറിയാ കുട്ടിക്കാലം മുതൽ വീട്ടിലെ പെണ്ണുങ്ങളുടെ അടക്കം പറച്ചിലിൽ ഷേർലിയെ കേട്ടിട്ടുണ്ട്. അത് തന്റെ വീട്ടിൽ മാത്രമല്ലെന്നും ആൺപിറന്നോൻമാരുള്ള എല്ലാ വീട്ടിലും പെണ്ണുങ്ങളുടെ ഉച്ചരഹസ്യങ്ങളിൽ ഷേർലി കേന്ദ്രകഥാപാത്രമാണെന്നും കൗമാരത്തിലാണ് അയാൾ അറിഞ്ഞു തുടങ്ങിയത്. ഏതൊരു കൗമാരക്കാരനെയും പോലെ സ്കറിയായുടേയും സാങ്കല്പികലോകത്തിൽ ഷേർലി ഒരു സൗന്ദര്യധാമമായിരുന്നു. പക്ഷെ ഒരിക്കൽപ്പോലും യുവാവായതിനുശേഷവും അയാൾക്ക് ഷേർലിയുടെ വീട്ടിലേയ്ക്കുള്ള വഴിപിടിക്കാൻ തോന്നിയിട്ടില്ല. അവരുടെ വീടിനടുത്തുകൂടെപ്പോകുമ്പോഴൊക്കെ വേലിയുടെ വിടവിലൂടെ എത്തിനോക്കി മുറ്റത്തുകിടക്കുന്ന ചെരിപ്പുകളെ തിരിച്ചറിയാനയാൾ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ചായക്കടക്കാരൻ പാപ്പിയും കുഞ്ഞുണ്ണിയുടെ മകൻ ശങ്കരനുമൊക്കെ ഷേർലിയുടെ പറ്റുകാരാണെന്ന് അയാൾ മനസിലാക്കിയത്. അങ്ങനെയൊരിക്കൽ ആ വീട്ടുമുറ്റത്ത് കണ്ട ചെരിപ്പ് അയാളെ അത്ഭുതത്തിലേക്കും പിന്നെ വല്ലാത്തൊരു ജാള്യത്തിലും തള്ളിവിട്ടു. തന്റെ വീടിന്റെ ഉമ്മറത്ത് കിടക്കേണ്ട ചെരിപ്പുകൾ അവിടെ കണ്ടതോടെ സ്കറിയാക്ക് പിതാവിനോടുള്ള ഇഷ്ടത്തിന്റെയും ബഹുമാനത്തിന്റെയും കൊടുമുടികൾ തകർത്തുകളഞ്ഞു.


 വീട്ടിലെത്തുമ്പോൾ മുറത്തിലുണക്കാനിട്ട മുളകുമായി അമ്മച്ചി നില്ക്കുന്നുണ്ടായിരുന്നു. അമ്മച്ചിയുടെ മുഖത്തുനോക്കാൻ സാധിക്കാതെ അയാൾ തന്റെ മുറിയിൽ കയറി വാതിലടച്ചു. പല തവണ അയാൾ അമ്മച്ചിയോട് താൻ കണ്ട കാഴ്ച പറയാനൊരുങ്ങിയതാണ്... പക്ഷേ... അമ്മച്ചിക്ക് അപ്പന്റെ അപഥസഞ്ചാരത്തെക്കുറിച്ച് അറിയുമായിരുന്നോ എന്ന് സ്കറിയായ്ക്ക് സംശയമുണ്ട്. അതുകൊണ്ടുതന്നെ അയാൾ അപ്പനെ വെറുക്കുന്തോറും അമ്മച്ചിയോടു സഹതപിക്കാനും അവരെ കൂടുതൽ സ്നേഹിക്കാനും തുടങ്ങി. ഷേർലി അയാളുടെ ഏറ്റവും വലിയ ശത്രുവായി മാറി.


കാലം കടന്നുപോകുന്നതിനൊപ്പം യൗവനത്തിൽനിന്നു മധ്യവയസിലേക്ക് സ്കറിയാ കടന്നു. ഇപ്പോൾ അയാൾക്ക് അപ്പനോട് സമരസപ്പെടാൻ സാധിക്കുന്നുണ്ട്. അല്ലെങ്കിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയിൽ വെറുപ്പിന്റെ കാഠിന്യം കുറഞ്ഞതാവാം. അല്ലെങ്കിൽത്തന്നെ വൃദ്ധനും ശയ്യാവലംബിയുമായ ഒരു മനുഷ്യനെ, സ്വന്തം അപ്പനെ അയാൾക്ക് എങ്ങനെ വെറുക്കാനാവും.


 അപ്പന്റെ ദുർബലമായ ശബ്ദത്തിലുള്ള വിളികേട്ട് അയാൾ അകത്തേക്കുചെന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു അപ്പൻ. അയാൾ എത്തിയതും അദ്ദേഹം തല ചരിച്ച് അയാളെ നോക്കി. കണ്ണുകൊണ്ട് അടുത്ത് ഇരിക്കാൻ ആംഗ്യം കാണിച്ചു. സ്കറിയാ അടുത്തുകിടന്ന സ്റ്റൂളിൽ ഇരുന്നു. 


അപ്പൻ അയാളോട് ഒരു കഥ പറയാനാരംഭിച്ചു. മങ്ങിപ്പോയ ഓർമ്മകളിൽ ഇടയ്ക്കൊന്നു പതറുമെങ്കിലും ഓരോ ദീർഘനിശ്വാസത്തിന്റെ ആവൃതികൾക്കിടയിൽ അവയെ കോർത്തെടുത്ത് ആ വൃദ്ധൻ അയാളോടു ഒരു കഥ പറയാൻ തുടങ്ങി. 


....................................................


ഒരിക്കലും കടക്കരുതെന്ന് ആഗ്രഹിച്ച മുറ്റത്തേക്ക് കടക്കുമ്പോൾ പണ്ടത്തെ ശത്രുതയ്ക്കു പകരം വേറെന്തോ ഒരു വികാരം അയാൾക്ക് ഷേർലിയോട് തോന്നിത്തുടങ്ങിയിരുന്നു. വരാന്തയിലേക്കുകയറി വാതിലിൽ മുട്ടി, അല്പസമയത്തിനുശേഷമാണ് വാതിൽ തുറന്നത്. കാലം പരുക്കേല്പിച്ച ആ രൂപത്തെ അയാൾ നിർനിമേഷം നോക്കിനിന്നു. 


"ആരാ...? ഞാനിപ്പോ ആരേം സത്കരിക്കാറില്ല. വഴിതെറ്റി വന്നതാ? എന്നാ ആരെങ്കിലും കാണണേനു മുന്നേ വേഗം പൊയ്ക്കോ. വെറുതെ ചീത്തപ്പേരു വരുത്തിവെയ്ക്കണ്ട."


സ്കറിയാ ഒന്നും മിണ്ടാതെ അവരുടെ ചുക്കിച്ചുളിഞ്ഞ കൈ പിടിച്ച് കണ്ണോടുചേർത്തു. അയാളുടെ കണ്ണുനീർ ആ കൈകളെ നനച്ചു... 


"ഞാൻ..." അയാളുടെ കണ്ഠമിടറി... "എനിക്ക്... കുറച്ച് സംസാരിക്കാനുണ്ട്... ഞാൻ പുല്ലാംപറമ്പിലെ വർക്കീടെ മോൻ സ്കറിയായാ... എന്റെയപ്പൻ ഇരുപതുദിവസം മുൻപ് മരിച്ചുപോയി..."

 തന്റെ അപ്പന്റെ പേരു കേൾക്കുമ്പോൾ അവരുടെ കവിളുകളിൽ അത്രനേരമില്ലാത്ത ശോണിമ പരന്നതും മരണവാർത്ത കേട്ട് കണ്ണുകൾ പിടഞ്ഞതും നനവൂറിയതും അയാൾ കണ്ടു.


"അപ്പൻ മരിക്കാൻനേരം എനിക്ക് ഒരു കഥ പറഞ്ഞു തന്നിരുന്നു... ഒരു മാലാഖയുടെ കഥ... എന്റെ പെങ്ങളുടെ വിവാഹം മുടങ്ങുമെന്നായപ്പോൾ അന്നേവരെയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ഒരുചില്ലിക്കാശുപോലും ബാക്കിവെയ്ക്കാതെ ഒന്ന് എണ്ണിനോക്കുകപോലും ചെയ്യാതെ എടുത്തുകൊടുത്ത മാലാഖയെപ്പറ്റി... അപ്പൻ എത്ര ശ്രമിച്ചിട്ടും ആ കടം വീട്ടാൻ സാധിച്ചില്ല... ആ ഉത്തിരിപ്പുകടവുമായാണ് അപ്പൻ മരിച്ചത്. അപ്പന്റെ ആത്മാവ് സ്വർഗത്തിൽ പരിശുദ്ധാത്മാവിലേക്കെത്തിച്ചേരാൻ ഞാൻ ആ കടം വീട്ടണം... എത്രയും പെട്ടെന്ന് ഞാനത് വീട്ടിയിരിക്കും"...


.....................................................


അപ്പന്റെ നാല്പത്തിയൊന്നിനു മുൻപുതന്നെ എങ്ങനെയെങ്കിലും ഷേർലിച്ചേച്ചിയുടെ കടം വീട്ടണം എന്ന ചിന്തയെക്കാൾ ഉത്തിരിപ്പുകടം തന്റെയപ്പനെ ഭൂമിയിൽത്തന്നെ തളച്ചിടുമല്ലോ എന്ന ആധിയിൽ അയാൾ വെന്തു... വീട്ടിലെ മറ്റുള്ളവരോട് പങ്കുവയ്ക്കാനരുതാത്ത അപ്പന്റെ രഹസ്യം അയാളുടെയുള്ളിൽ ചില്ലറ ക്ലേശമൊന്നുമല്ല ഉണ്ടാക്കിയത്. നാല്പ്പത്തിയൊന്നിന്റെയന്നു പകുതിപ്പണംപോലും സ്വരൂപിക്കാൻ അയാൾക്കു സാധിച്ചിരുന്നില്ല. അടക്കാനാവാത്ത മനോവേദനയോടെ അയാൾ അന്നുരാത്രി ഉറങ്ങാൻകിടന്നു...


പിറ്റേന്ന് ആനിയുടെ പലതവണയുള്ള വിളിച്ചുണർത്തലുകൾക്കും പിന്നീടുള്ള ആർത്തനാദങ്ങൾക്കുമൊന്നും സ്കറിയായെ ഉണർത്താനായില്ല... എത്രയോ മുൻപേ അയാൾ ഭൂമിയിൽനിന്ന് യാത്രയായിരുന്നു.


Rate this content
Log in

More malayalam story from Sreepriya G

Similar malayalam story from Tragedy