swathi krishna

Tragedy Crime

4  

swathi krishna

Tragedy Crime

കോഴി

കോഴി

2 mins
167


ഒരു വലിയ ഹാച്ചറിയിലാണ് അവള്‍ ജനിച്ചത്. തോടിന്‍റെ ചെറിയ വിടവിലൂടെ അവളെ ആ ലോകത്തിലേക്ക് സ്വാഗതം ചെയ്തത് എഡിസന്‍റെ പ്രകാശമായിരുന്നു. അന്നുതൊട്ട് ഇന്നുവരെ അതാണവള്‍ക്ക് പ്രകാശം. സൂര്യനില്ല, ആകാശമില്ല, അച്ഛനില്ല, അമ്മയില്ല. മുട്ടത്തോട് പൊട്ടിയതും അവള്‍ കണ്ണു തുറന്ന് ചുറ്റും നോക്കി. മഞ്ഞയാണ് ചുറ്റിലും. ഇളം ചുണ്ടുകളും കുഞ്ഞിക്കാലുകളും മഞ്ഞത്തൂവലുകളും, നല്ല രസമുണ്ട്. പക്ഷേ എന്തോ ഒരു വിടവ്. ഒരമ്മയുടെ ചൂടുപറ്റി ഏതോ ചില വിശറികള്‍ക്കിടയിലൊളിക്കാന്‍ അവള്‍ക്കുതോന്നി. പെട്ടെന്നാണ് അവളുടെ കണ്ണുകള്‍ ഒരു കോഴിക്കുഞ്ഞിലുടക്കിയത്. അവളുടെ ഹൃദയമൊന്നുപിടഞ്ഞു. അതിന്‍റെ അവയവങ്ങള്‍ പുറത്തേക്കുന്തിനില്‍ക്കുന്നു. രണ്ട് കൈകള്‍ അതിനെ മൂടി. ആ വിരലുകളില്‍ അത് പിടഞ്ഞു. അവ ആ പിഞ്ചു ശരീരത്തെ ഞെരുക്കി, നട്ടെല്ലൊടിച്ച്, തല പിഴുതെടുത്ത് ഒരു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു. ജനിച്ച നിമിഷം തന്നെ അവള്‍ക്ക് കാണേണ്ടിവന്നത് മരണമാണ്.


ആ കൈകള്‍ അവരെയും വാരിയെടുത്തു. അവളുടെ ഹൃദയം അതിവേഗമിടിച്ചുതുടങ്ങി. മരണം... എന്നാലതുണ്ടായില്ല. ഏതോ ഒരിരുട്ടറയില്‍ ആ കൈകള്‍ അവരെയിട്ടടച്ചു. ചുറ്റും വെപ്രാളം കൂട്ടുന്ന കോഴിക്കുഞ്ഞുങ്ങള്‍. ഒന്നും കാണുന്നില്ല. അവള്‍ക്ക് കുറച്ചു സ്ഥലം വേണമെന്നു തോന്നി. പിന്നീടെപ്പൊഴോ ഉറങ്ങിപ്പോയി. ഒരു ഞെട്ടലോടെയാണ് അവള്‍ എണീറ്റത്. നോക്കുമ്പോള്‍ താനിരിക്കുന്നത് ആ കൈകളിലാണ്. അത് അവളെ തിരിച്ചുപിടിച്ചെന്തോ നോക്കിയിട്ട് ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലേക്കെറിഞ്ഞു. അവള്‍ പോയിവീണത് ആരുടേയോ പുറത്താണ്. കുറേപ്പേര്‍ പിന്നെയും വന്നു. ശ്വാസം കിട്ടുന്നില്ല. മറ്റു ചിലരെ എറിഞ്ഞത് ഒരു നീല ബാസ്ക്കറ്റിലേക്കാണ്. പിന്നീട് അവള്‍ പോയത് ഏതോ യന്ത്രത്തിനകത്തേക്കാണ്. നല്ല സുഖമുണ്ടായിരുന്നു അങ്ങനെ നിരങ്ങി നീങ്ങാന്‍, കുറച്ച് സ്ഥലവും കാറ്റും കിട്ടുന്നുണ്ട്. എന്നാല്‍ അങ്ങകലെ അവള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. വൈകാതെ അവളും അവിടെയെത്തി. ചുട്ടുപഴുത്ത ഒരു ലോഹക്കഷ്ണം. അതില്‍ ആരോ തന്‍റെ ഇളംചുണ്ടുകളമര്‍ത്തി. ഒരു നേരിയ ശബ്ദത്തോടെ അവളുടെ ചുണ്ട് കരിഞ്ഞു. പിന്നീട് നീങ്ങിയത് വളരെ വേഗത്തിലാണ്. തല കറങ്ങുന്നു. എന്നാല്‍ താഴെ കണ്ട കാഴ്ച... നീല ബാസ്കറ്റിലാക്കിയ കോഴിക്കുഞ്ഞുങ്ങള്‍ പോയത് ഒരു ഗ്രൈന്‍ററിലേക്കാണ്. അതിലേക്കെറിയപ്പെട്ട, ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആ ആണ്‍കുഞ്ഞുങ്ങളുടെ ഹൃദയം അവളില്‍ പിടഞ്ഞു. ആ യന്ത്രം ജീവനോടെ അവരെ അറുത്തുമുറിച്ചു പൊടിയാക്കി. ‘ഞാനെത്ര ഭാഗ്യം ചെയ്തവള്‍’ അവളോര്‍ത്തു.


 അവള്‍ വളര്‍ന്നു വലുതായി. ഇന്നവളാ വളഞ്ഞ അഴികള്‍ക്കുള്ളില്‍ കിടക്കുന്നു. ഒന്നനങ്ങാന്‍ പോലും സ്ഥലമില്ല കൂട്ടില്‍. മുകളിലെ കൂട്ടില്‍നിന്നും വരുന്ന മൂത്രവും മലവും കണ്ണിലും മൂക്കിലും തൂവലുകളിലും വീണുകൊണ്ടിരിക്കുമ്പോള്‍ ദേഹം പൊള്ളുന്നു. അടുത്തുള്ളവള്‍ അവളുടെ തൂവലറ്റ പുറത്തുകയറി നില്‍ക്കുന്നു. രണ്ട് വര്‍ഷമായി ഒരേ നില്‍പ്പ്. കാലുകള്‍ കുഴയുന്നു. ഇടയ്ക്ക്, ഇരുമ്പഴികള്‍ക്കിടയിലൂടെ കഴുത്ത് കഷ്ടപ്പെട്ട് നീട്ടി വല്ലതും തിന്നാന്‍ നോക്കുമ്പോള്‍ തൊണ്ടയില്‍ വല്ലാത്ത വേദന. ഒരു വര്‍ഷം മുന്നൂറിലേറെ മുട്ടകളിടേണ്ടി വരുന്നു. താഴെ മൂന്ന് കോഴികള്‍ ചത്തു കിടക്കുന്നു. ഈച്ചകള്‍ അവയെ പൊതിയുന്നുണ്ട്. വല്ലാത്ത ദുര്‍ഗന്ധം. അധികം വൈകാതെ തന്നെ അവളെയും കാലുകളില്‍ കെട്ടിത്തൂക്കി കയറ്റുമതി ചെയ്യും. അതിലും ഭേദം ഇങ്ങനെ കൂട്ടില്‍ കിടന്ന് മരിക്കുന്നതാണ്. അധികം വൈകാതെതന്നെ അവളുടെ ആ ആഗ്രഹം നടന്നു. ആകാശമോ ഭൂമിയോ കാണാതെ, കളിക്കാതെ, ചിരിക്കാതെ ആ കൂട്ടില്‍ കിടന്ന് അവള്‍ മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് അവള്‍ തന്നോടായി പറഞ്ഞു. ‘ഇനി പെണ്‍കോഴിയായി ജനിച്ചാല്‍ ആദ്യം ചെയ്യുക ആ നീല ബാസ്ക്കറ്റില്‍ കയറുകയായിരിക്കും’.


Rate this content
Log in

More malayalam story from swathi krishna

Similar malayalam story from Tragedy