prathibhas Prasanth

Tragedy Inspirational

4  

prathibhas Prasanth

Tragedy Inspirational

അമ്മ

അമ്മ

3 mins
426


ഇറങ്ങുമ്പോൾ അമ്മ പറഞ്ഞതാണ് ഇനി തിരിച്ചില്ലെന്ന് .അമ്മ വീട്ടിൽ വന്നതിൽ പിന്നെ ആ വാക്കിനു ഭാവമാറ്റം സംഭവിച്ചതായി തനിക്കു തോന്നി. അമ്മൂമ്മ പലവുരി ചോദിച്ചതാണ് ഇവിടുത്തെ സ്ക്കൂളിൽ എന്നെ ചേർക്കട്ടെ എന്ന് .

" വരട്ടെ''

എന്ന ഒഴുക്കൻ മറുപടിയിൽ അമ്മ തറഞ്ഞു നിൽക്കുന്നു.

"എന്താ നീ ഇനിയും ആ വീട്ടിലേക്കു തന്നെ പോകാനാണോ?"

അമ്മൂമ്മ അമ്മയോടു ചോദിച്ചു.

"അല്ലാതെ പിന്നെ, എത്ര കാലം ഇങ്ങിനെ നിൽക്കും''

എത്ര പറഞ്ഞിട്ടും മനസ്സിലാവാതെയിരിക്കുന്ന അമ്മയെ ഇനിയൊരിക്കലും തിരുത്താനാവില്ലെന്ന തിരിച്ചറിഞ്ഞോ എന്തോ ഇന്ന് അമ്മാവൻ്റെ കൂടെ ഞങ്ങളെ ഇങ്ങോട്ടേക്കു വണ്ടി കയറ്റി തിരിച്ചയച്ചത്.

ഉമ്മറത്തെ ഓട്ടോറിക്ഷ ശബ്ദം കേട്ടിട്ടാവണം വന്ന, അച്ഛമ്മയുടെ മുഖം കറുത്തിരിക്കുന്നു. വന്ന പാടെ മാമ വല്ലാതെ തട്ടിക്കയറി.

" ആകെ ഉള്ള പെങ്ങളാ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ ഇനി വയ്യ "

ചെറിയമ്മമാർ പലതും പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചു.

"ഏയ് കുറച്ചു കഴിച്ചാലെ പ്രശ്നമുള്ളൂ. അല്ലാത്തപ്പോൾ ചേട്ടന് എല്ലാരോടും നല്ല സ്നേഹാ.. ''

''ഉവ്വ് ചേച്ചീട കവിളിലെ തിണർപ്പും തഴമ്പും കണ്ടാലതറിയാം".

കൊണ്ടുവന്ന ചായ പോലും കുടിക്കാതെ മാമ തിരിച്ചിറങ്ങി.

നേരം ഇരുട്ടി തുടങ്ങി.നിലവിളക്കിലെ തിരി അണയുകയും ചന്ദനത്തിരിയുടെ ഗന്ധം വറ്റുകയും ചെയ്തതിനു പിറകെ ,ചാരായത്തിൻ്റെ രൂക്ഷഗന്ധം ഉമ്മറപടിയിലെത്തി. ഞാനോടി അടുക്കളയിൽ പതുങ്ങി ഇരിക്കുന്ന അമ്മയുടെ മടിയിൽ മുഖം താഴ്ത്തി. വിറക്കുന്ന ശബ്ദത്തോടെ അയാൾ ചോദിച്ചു.

"അവറ്റകൾ വന്നല്ലെ. എന്ത് ധൈര്യത്തിലാ എൻ്റെ വീട്ടിൽ അവൾ വീണ്ടും കയറിയത്.ഇന്നതിനെ കൊന്നിട്ടേ കാര്യമുള്ളൂ." താളം തെറ്റിയ ചുവടുമായി അടുക്കളയിലേക്ക് പാഞ്ഞെത്തി. കയ്യിൽ കിട്ടിയ സ്റ്റീൽ ഗ്ലാസ്സെടുത്ത് അമ്മയ്ക്ക് നേരെ ഒരൊറ്റ ഏറ്.

നെറ്റി പൊട്ടി ചോര വാർന്നിറങ്ങി. ആരൊക്കെയോ അച്ഛനെ പിടിച്ചു മാറ്റി.ആ ബഹളത്തിനിടയിലും അമ്മ ആ ഇരിപ്പിൽ നിന്നും എഴുന്നേറ്റില്ല. സാരിത്തല കൊണ്ട് ചോര ഒപ്പി അവിടെ തന്നെ കഴിച്ചുകൂട്ടി.

ഈ അമ്മക്കെന്താ വേദനയുമില്ലേ?

"ഇന്നിനി അവിടെ കിടക്കണ്ട. എൻ്റെ കൂടെ കിടന്നോ "

അച്ചമ്മ അത് പറയുമ്പോഴും അമ്മ ഇരുന്ന ഇരിപ്പിൽ നിന്നും അനങ്ങിയിരുന്നില്ല.

ഒരു വാക്കു മിണ്ടാതെ,

ഒരു വറ്റുപോലുമിറക്കാതെ അങ്ങിനെ എത്രയെത്ര നാൾ.

ഓണവും വിഷവും അയൽപക്കത്തെ കൂട്ടുകാരൻ്റെ വീട്ടിൽ ആഘോഷിച്ച് നില കെട്ട് എത്തുന്ന ആചാരായത്തിൻ്റെ ഗന്ധം...

അമ്മയുടെ ആ കണ്ണുനീരിനു മുന്നിൽ എൻ്റെ നിറം കെട്ട ബാല്യവും കൗമാരവും ഒന്നുമല്ലന്നേ...!

മക്കളുടെ ഭാവിക്കായ് കുരുതി കൊടുക്കുന്ന അമ്മമാരുടെ ലോകം... :വിചിത്രമാണത്.. !

ഒരിക്കൽ ബോധക്കേടിൻ്റെ മൂർദ്ധന്യത്തിൽ റൂമിൽ കയറി കൂട്ടിയിട്ടു കത്തിച്ച തുണിത്തരങ്ങളെല്ലാം അമ്മയുടേതായിരുന്നെങ്കിലും ., ആ ആളികത്തലിൽ എരിഞ്ഞടങ്ങിയത് എൻ്റെ നല്ല ഇന്നലെകൾ കൂടിയാണ്. അയൽപക്കത്തെ ചേട്ടന്മാർ ഓടിളക്കി ആ പുക ചുരുളിൽ നിന്നും പുറത്തിറക്കുമ്പോഴും അച്ചൻ്റെ വായിൽ നിന്നും നല്ല നാടൻ ചാരായ ത്തിൽ കുതിർന്ന ചീത്ത ഏറ്റുവാങ്ങിയതമ്മയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ അനിയത്തിമാരുടെ കാരുണ്യത്തിൽ നീങ്ങിയമ്പോഴും അമ്മ മുന്നിലേക്കു തന്നെ സഞ്ചരിച്ചു.

സ്ക്കൂളിൽ നിന്നും തിരിച്ചെത്തിയ അന്ന് കാണാതായപ്പോൾ ഞാനമ്മയെ തിരക്കി.

"ആ കാളിത്തള്ളേ ടട്ത്ത് ക്ക് പോയി''

ചെറിയമ്മമാർ പറഞ്ഞു.

അമ്മ വന്നപ്പോഴറിഞ്ഞു, പാടത്തേക്ക് പണിക്കു വരട്ടേന്ന് ചോദികാനിറങ്ങിയതാണെന്ന്.

അതിന്നും ഒരു ഞെട്ടലാണ്.

പേരുകേട്ട തറവാട്ടിലെ മരുമക്കൾ

എട്ടാം ക്ലാസ്സുകാരിയായ തന്നെ അസ്സലായി പഠിപ്പിക്കാനുമറിയാം.ന്നിട്ടും പാടത്ത് പണിക്ക് പോവേ?

അമ്മേടച്ചൻ ഡൽഹീലൊരു സ്ഥാപാത്തിൽ നിന്നും വിരമിച്ചതാണ്.അമ്മാവൻമാരൊക്കെ നല്ല നിലയിലാ.

അതോണ്ടന്നെ കിട്ടിയതൊന്നും പോരെന്നാണ് അച്ഛൻ്റെ വാദം.ഓരോ വഴക്കിനുമവസാനം അമ്മൂമ്മ വല്ലതും കൊണ്ട് തരും. പിന്നെ കുറച്ചു നാൾ ശാന്തമായൊഴുകും. അപ്പോൾ തോന്നും താനാണ് സന്തോഷം കണ്ടു പിടിച്ചതെന്ന് .

അതിനിടയിലാണ് അമ്മ ഇങ്ങനെക്കെ ചെയ്തത്.

"എന്നിട്ട് കാളിത്തള്ള എന്ത് പറഞ്ഞു " അച്ചമ്മ ദേഷ്യത്തിലാണ് .

" താഴോത്തെ മരുമക്കൾക്ക് കള ഏതാന്നറീലാന്ന് "


" നാണം വേണം" അച്ഛമ്മ അരിശം തീർത്ത് അകത്തേക്ക് പോയി.

"ഇവൾ വലുതാവാണ്.പഠിപ്പിക്കണം. അതിനിക്കൊരു വരുമാനം വേണം.''

അന്ന് രാത്രി അച്ഛൻ ഉറങ്ങിയതിൽ പിന്നെ അമ്മ എന്തൊക്കെയോ എഴുതുന്നത് ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ കണ്ടതാണ്.

പിറ്റേന്ന് സ്ക്കുള്ളിൽ പോകുമ്പോൾ പോസ്റ്റ് ബോക്സിലിടണമെന്ന് പറഞ്ഞ് ഒരിലൻറ് തന്നയച്ചു - അമ്മ . അത്കിട്ടിയിട്ടാണോ എന്നറിയില്ല അമ്മുമ്മ വന്നു, ഒപ്പം അമ്മയുടെ പഴയ തയ്യൽ മിഷ്യനും.


തയ്ച്ച് കൊടുത്ത് കുറച്ചു കാശമ്മയുടെ കൈയ്യിലും കിട്ടി തുടങ്ങി. പിന്നെ അത് ചോദിച്ചായി വഴക്ക്.

ഓരോ വിശേഷ ദിവസവും, അമ്മ സന്തോഷം പകരാൻ ശ്രമിച്ചു.

ഓണവും ,വിഷുവും, നീട്ടിയിട്ട ഇലയ്ക്കു മുന്നിൽ -വില കുറഞ്ഞതെങ്കിലും പുത്തനുടുപ്പിട്ടിരുന്നുണ്ട സദ്യകൾ: എല്ലാം ഇന്നെത്ര വില കൊടുത്താലും വാങ്ങി കൂട്ടാൻ പറ്റാത്ത കുഞ്ഞു കുഞ്ഞു ഭാഗ്യങ്ങൾ.

പിന്നെയും നിലവിളക്ക് പലവുരി ശോഭയോടെ കത്തി; അന്നത്തെ ആ രാത്രി പടുതിരി കത്തിയൊടുങ്ങും വരെ. പനിച്ച വിറയലോടെ ഒടുവിലാ രാത്രി നിലത്ത് വെള്ളയുടുത്ത് തലേന്നു കേട്ട ചീത്ത വിളി ചെവിയിൽ നിന്നും മായും മുന്നേ അമ്മ ഉണരാതെ ഉറങ്ങി ഉറങ്ങി എനിക്കു ചുറ്റിനും ഇരുളു പടർത്തി.

സഞ്ചയനത്തിൻ്റന്ന് പെറുക്കി കൂടിയ ഒരു പിടി എല്ലിൻ കഷ്ണവുമായി പഞ്ചവടിയിൽ മുങ്ങി നിവരുമ്പോഴും ചുറ്റിനും ചാരായത്തിൻ്റെ ഗന്ധം പടർന്നിരുന്നു... എന്തിനിത്ര കഷ്ടപ്പെട്ടാ മനുഷ്യനും കൂടെ വന്നെന്ന് മനസ്സു നെടുവീർപ്പിട്ടു !

തിരികെ വീട്ടിലെത്തി., വീണ്ടും കുളിച്ച് മേലിൽ പടർന്ന് മണൽ തരികൾ കഴുകി കളഞ്ഞ്, ഭക്ഷണത്തിന് മുന്നിലിരുന്നപ്പോഴാണറിഞ്ഞത് -

അന്നമ്മയുടെ 52ാം ജന്മദിനമായിരുന്നെന്ന്.

അമ്മ മരിച്ചതിൽ പിന്നെ അമ്മൂമ്മ കരഞ്ഞതന്നായിരുന്നു. തൊണ്ടക്കുഴിയിൽ നിന്നും പുറത്തു വരാൻ കൊതിച്ചൊരാ വേദനയെ അവിടത്തന്നെ തളച്ചിട്ട് ഭക്ഷണം മതിയാക്കി നിഴൽ പായയിൽ തളർന്നിരുന്നു. എന്തെന്നാൽ അമ്മയ്ക്കു മടങ്ങാനൊരു ദിവസമുണ്ടെന്ന് ഇരുപത്തിനാലു വർഷത്തിനിടയിൽ ഞാനാദ്യമായറിയുന്നതന്നായിരുന്നു.



Rate this content
Log in

More malayalam story from prathibhas Prasanth

Similar malayalam story from Tragedy