ആത്മസംതൃപ്തി
ആത്മസംതൃപ്തി
ഗ്രാമത്തിലെ സാധാരണകാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പൗരാണിക സമിതിയാണ് അവിടെ വർഷങ്ങള്ക്കു മുൻപ് ഒരു വിദ്യാലയം നിർമിച്ചു കൊടുതത്ത്. കാലത്തിന്റ മാറ്റങ്ങൾക്കു അനുസൃതമായി ആ വിദ്യാലയത്തിൽ ഒരുപാട് മാറ്റങ്ങൾ കൈവന്നു. വായനശാല, ലഘു ഭക്ഷണശാല, ചെറിയൊരു ധ്യാന മന്ദിരം, വിദ്യാലയത്തോടു ചേർന്നു ഒരു കളിസ്ഥലം ഇതെല്ലാം പിൽക്കാലത്തു അവിടെ വന്നു. ഈ പ്രയോജനങ്ങൾ ഒക്കെ വിദ്യാർഥികൾ യാതൊരു വിധ വേർതിരിവുകളും ഇല്ലാതെ ഉപയോഗിച്ച് പോന്നു. ആ കളി സ്ഥലത്തു വിദ്യാർഥികൾ തമ്മിലുള്ള തർക്കങ്ങളും ചെറിയ കൈയേറ്റങ്ങളും പതിവായിരുന്നു. കുട്ടികളാണെന്ന് കരുതി യാതൊരു വിധ വിലക്കുകൾക്കും മുതിരാതെ അധ്യാപകർ അതെലാം കണ്ടിലെന്ന് നടിച്ചു.വായശാലയിലും, പരീക്ഷാ കാലത്തൊഴികെ ധ്യാന മന്ദിരത്തിലും തിരക്ക് തികച്ചും ശോചനീയമായിരുന്നു. എന്നാൽ പരീക്ഷാ സമയത്തു മന്ദിരത്തിൽ വിദ്യാർത്ഥികളുടെ കടന്നു കയറ്റം രൂക്ഷമായി മാറി. പ്രാഥമിക ക്ലാസ്സുകളിലെ കുട്ടികൾ ബഹളം വച്ചു മുതിർന്ന കുട്ടികളുടെ ക്ഷമയെ പരീക്ഷിച്ചു പോന്നു. മുതിർന്ന ക്ലാസ്സുകളിലെ കുട്ടികൾ അധ്യാപകരോടാലോചിച്ചു ഒരു ചെറിയ വിലക്ക് ആ ധ്യാനമന്ദിരത്തിൽ ഏർപ്പെടുത്തി.
പിന്നീട് അഞ്ചാം തരത്തിനു മുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അവിടെ പ്രവേശിക്കാൻ നിർവാഹമുണ്ടായിരുനുള്ളു. വിദ്യാലയത്തിലെ മുതിർന്ന വിദ്യാർത്ഥികളുടെ വിലക്കുകൾ ഉള്ളതിനാലും അവരോടുള്ള ബഹുമാനത്താലും നാലോ അതിനു താഴെ ക്ലാസ്സുകളിൽ പഠിക്കുന്നവരോ ആരും തന്നെ ധ്യാനമന്ദിരത്തിലേക്കു പ്രവേശിച്ചിരുന്നില്ല. കാലാകാലങ്ങളായി ഈ സമ്പ്രദായം അവർ തുടർന്ന് കൊണ്ട് പോന്നു. അധ്യാപാകരാരും തന്നെ ഈ രീതിക്കു വിലക്കേർപ്പെടിത്തിയില്ല; വ്യക്തമാക്കിയാൽ അവർക്കാർക്കും ആവശ്യമിലാത്ത ഏടാകൂടങ്ങളിൽ ചെന്നു കൈ കടത്താൻ താല്പര്യമില്ലായിരുന്നു. ആയിടക്കാണ് വിരമിച്ച പ്രധാനാദ്ധ്യാപകൻ വിജയൻ പിള്ള സാറിന് പകരം രമേശൻ സാർ പ്രസ്തുത തസ്തികയിലേക്ക് വന്നത്. അയാൾക്ക് ഈ വിലക്ക് രീതിയോട് തികഞ്ഞ എതിർപ്പായിരുന്നു. സ്ഥലം മാറിപ്പോയ അവിടുത്തെ മുൻ അദ്ധ്യാപകനും രമേശൻ സാറിന്റെ ഉറ്റ ചങ്ങാതിയുമായിരുന്ന രാജശേഖരൻ സാറിനും രമേശിന്റെ ഈ എതിർപ്പ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. രാജശേഖരന്റെ മൂന്നിൽ പഠിച്ചിരുന്ന മകനെ ധ്യാനമന്ദിരത്തിന്റെ ഉൾവശം കാണാൻ കയറുന്നതിൽ നിന്ന് മുതിർന്ന വിദ്യാർത്ഥികളിൽ ചിലർ തടഞ്ഞതായിരുന്നു കാരണം പിന്നീടു സ്ഥലം മാറി മറ്റൊരു വിദ്യാലയത്തിൽ പ്രവേശിച്ച രാജശേഖരൻ, രമേശൻ സാറുമായും മറ്റു വിദ്യാലയ സുഹൃത്തുക്കളുമായും തികഞ്ഞ അടുപ്പം കാത്തു സുക്ഷിച്ചു പോന്നിരുന്നു. വിദ്യാലയത്തിൽ നടന്നിരുന്ന ഒട്ടുമിക്ക സംഭവങ്ങളും അയാൾ ഇവരിൽ നിന്ന് തന്നെ അറിഞ്ഞിരുന്നു. മുതിർന്ന വിദ്യാർത്ഥികളിൽ ചിലരുടെ ഈ കാടത്ത സംസ്കാരം എത്രയും പെട്ടന്ന് തടയണം എന്ന ആശയം ഒരു സൗഹൃദ സംസാരത്തിനു ഇടയ്ക്കു വച്ച് രമേശൻ സാറിനു സൂചന നൽകിയിരുന്നു. പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റ ശേഷം അന്ന് വൈകിട്ട് തന്നെ രമേശൻ സാറിനു ഈ സംഭാഷണ ശകലം ഒരു വെളിപാടായി തോന്നി. ഒരാഴ്ചക്കുള്ളിൽ തന്നെ വിദ്യാലയത്തിലെ പ്രഭാത പ്രാർത്ഥന യോഗത്തിൽ വച്ച് പ്രാഥമിക ക്ലാസ്സുകളിലെ കുട്ടികളെ ധ്യാനമന്ദിരത്തിൽ കയറാൻ അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനം എല്ലാ വിദ്യാർഥികൾക്കു മുൻപാകെ രമേശൻ സാർ മുൻപോട്ടു വച്ചു. എന്നാൽ രമേശൻ സാറിന്റെ ഈ വെളിപാ
ട് വിദ്യാർത്ഥികളിൽ ചിലരുടെ ഭാവമാറ്റത്തിന് കാരണമായി. അവരിൽ ചിലരുടെ നെറ്റി അന്നത്തെ പ്രഭാത പ്രാർത്ഥനയോടെ ചുളിഞ്ഞു. മറ്റു ചിലർ 'അതിനിപ്പോ എന്താ' എന്ന ഭാവത്തിൽ നെറ്റിയിൽ യാതൊരു വിധ ചുളിവൊ ആശങ്കയോ ഇല്ലാതെ ആദ്യ പിരീഡിലെ കണക്കു അദ്ധ്യാപകന്റെ പരീക്ഷാപേപ്പറുമായുള്ള വരവ് ഓർത്തുകൊണ്ട് നിന്നു.
നാലിൽ താഴെ ക്ലാസുകളിലെ ചില വിദ്യാർഥികൾക്കു തന്നെ രമേശൻ സാറിന്റെ ഈ ' മുഗാബെ' നയത്തോട് ചെറിയ എതിർപ്പുണ്ടായിരുന്നു. അവർ അപ്പോൾ തന്നെ അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു കയറാതെ ധ്യാന മന്ദിരത്തിലേക്ക് കയറില്ല എന്ന് ഉറച്ച തീരുമാനമെടുത്തു. എന്തിനു, ഒരു വർഷം മൂന്നിലും ഒരു വർഷം നാലിലും തോറ്റു പിന്നീട് ട്യൂഷന്റെ സഹായത്തോടെ നാലിൽ ഒന്നാം റാങ്ക് നേടി അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായി തീർന്ന സുരേന്ദ്രൻ സി.പ്രഭാകരനും , രമേശൻ സാറിന്റെ ഈ പുതിയ തീരുമാനത്തോട് വിയോജിപ്പാണ് തോന്നിയത്. നിഷ്കളങ്കരായ തങ്ങളുടെ പ്രാര്ഥനയിലുള്ള പക്വത കുറവ് ദൈവത്തിനു പ്രീതികരമാവില്ല എന്നായിരുന്നു സുരേന്ദ്രൻ സി.പിയുടെ വ്യക്തിപരമായ വിശ്വാസം. എന്നാൽ അവന്റെ കൂടെ നാലിൽ പഠിച്ചിരുന്ന രഞ്ജിത്തിനും, സ്റ്റീഫനും മന്ദിരത്തിന്റെ ഉൾവശത്തു വെള്ളി പോലെ തിളങ്ങുന്നതായ തൂണിൽ ഒന്ന് സ്പര്ശിക്കണമെന്നുള്ള മോഹം ഒരു വർഷമായി തന്നെയുണ്ട്. ഒരു വർഷം കൂടി കാത്തിരുന്ന് അഞ്ചിൽ എത്തിയതിനു ശേഷം അവിടെ കയറാം എന്ന കാര്യത്തിൽ വല്യ ക്ഷമയൊന്നും ഉള്ളവർ ആയിരുന്നില്ല ഇവർ. ആരും അറിയാതെ ഒരു നാൾ അവർ അവിടേക്കു കടക്കാം എന്ന ഗൂഢ ലക്ഷ്യത്തിൽ കഴിഞ്ഞു പോന്നു. പ്രാഥമിക ക്ലാസ്സിലെ വിദ്യാർത്ഥികളെ ധ്യാന മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കാൻ സമ്മതിപ്പിക്കാതെ ബിനീഷും അവന്റെ പത്തിൽ പഠിക്കുന്ന ദൈവഭക്തിയുള്ള ചേച്ചി പ്രഭയും സമാധാനപരമായി നിയന്ത്രിച്ചു പോന്നു. എന്നാൽ ഹൈ സ്കൂൾ കുട്ടികളുടെ പരീക്ഷ സമയത്തു രഞ്ജിത്തും സ്റ്റീഫനും രഹസ്യമായി തങ്ങളുടെ ആഗ്രഹം നിറവേറ്റി മന്ദിരത്തിൽ നിന്ന് ഇറങ്ങി. നിർഭാഗ്യവശാൽ പത്തിൽ പ്രഭയുടെ സഹപാഠിയും പഠിത്തത്തിൽ അൽപ്പം പുറകിലുമായിരുന്ന ജോർജ് ഇത് കണ്ടു. പ്രഭയുടെ പരീക്ഷ കഴിയാനായി അവൻ ഉല്സാഹഹോടെ കാത്തിരുന്നു. ഈ വിവരം അറിഞ്ഞു സ്വതവേ ചെറിയ കുട്ടികളോട് അലിവ് നിറഞ്ഞവൾ ആയ പ്രഭ, ബിനീഷിനെയും ചില ഹൈ സ്കൂൾ വിദ്യാർത്ഥികളേയും കൊണ്ട് പ്രാഥമീക ക്ലാസ്സുകൾ ലക്ഷ്യമാക്കി നടന്നു. രഞ്ജിത്തിനെയും സ്റ്റീഫനെയും കണ്ട ഉടൻ തന്നെ മേശ പുറത്തിരുന്ന ചൂരൽ കൊണ്ട് രണ്ടാളുടെയും ദേഹത്തും തുടയിലും കഷായം ഉണ്ടാക്കി കൊടുത്തു. നിഷ്കളങ്കരായ ആ രണ്ടു കുരുന്നുകൾ ഉടൻ തങ്ങളുടെ മുറിപാടുകളിൽ തലോടി കരച്ചിലാരംഭിച്ചു. വിദ്യാലയത്തിൽ ചെറിയ ചില സംഘർഷങ്ങൾക്കും ഈ സംഭവം പ്രചോദനമായി. വീട്ടിൽ എത്തിയ ബിനീഷും പ്രഭയും ഇതേ സ്കൂളിൽ പണ്ട് പ്രധാനാദ്ധ്യാപികനായി സേവനം അനുഷ്ഠിച്ച അവരുടെ മുത്തച്ഛൻ ബാലകൃഷ്ണൻ സാറിനെ അഭിമുഖികരിക്കാൻ കഴിയാതെ വ്യാകുലചിത്തരായി.
എന്നാൽ ബിനീഷിന്റെ മറ്റു സുഹൃത്തുക്കളും സ്റ്റീഫനെയും രഞ്ജിത്തിനെയും തല്ലാൻ മുൻകൈയെടുത്തവരുമായവർക്ക് ഏറെ ആശ്വസം ലഭിച്ച ഒരു ദിവസം ആയിരുന്നു അത്. പിറ്റേന്നത്തെ പരീക്ഷയെ കുറിച്ച് തെല്ലൊന്നും വ്യാകുല പെടാതെ ഈ ക്രൂര കൃത്യങ്ങളൊക്കെ ചെയ്തത് പരമ കാരുണ്യവാനായ ദൈവത്തിനു വേണ്ടിയാണല്ലോ എന്ന തൃപ്തിയോടെ മനഃസമാധാനമായി അവർ അന്ന് ഉറങ്ങി.