Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

ഐശ്വര്യ ശ്രീ

Drama Tragedy

3.5  

ഐശ്വര്യ ശ്രീ

Drama Tragedy

കല്ലുകൾ കഥ പറയുമ്പോൾ...

കല്ലുകൾ കഥ പറയുമ്പോൾ...

1 min
341


ഒരു സ്പൂൺ സോപ്പുപ്പൊടിയിൽ ഒരു കുടുംബത്തിന്റെ മുഴുവൻ വിയർപ്പും കുതിർത്ത് അവൾ കല്ലിനരുകിലെത്തി. നട്ടുച്ച വെയിലിൽ അലക്കാനാണ്   അവൾ ഇഷ്ടപ്പെട്ടിരുന്നത്.


കല്ലിനെ  മുഖം നോക്കി നിൽക്കുന്ന മൂന്നു വീടുകളിലെ പലപ്രായത്തിലുള്ള പുരുഷൻമാരെയും അവൾ ഭയന്നിരുന്നു. ഒന്നാം വീട്ടിലെ വയസന്റെ ഉച്ചമയക്കവും രണ്ടാം വീട്ടിലെ  കോളേജ് കുമാരൻ കറങ്ങാൻ പോവുന്നതും മൂന്നാം വീട്ടിലെ കുടുംബനാഥൻ ഉച്ചഭക്ഷണം കഴിഞ്ഞു ജോലിക്ക് തിരിച്ചു പോവുന്നതുമായ മുഹൂർത്തമാണത്. നൈറ്റി കയറ്റി കുത്തി സ്വാതന്ത്ര്യത്തോടെ ഈ ജോലിയ്ക്ക് വേണ്ടി സൂര്യന്റെ കൊടും താപം സഹിക്കാൻ  അവൾ ശീലിച്ചു.


സോപ്പുകുമിളകൾ കൊണ്ട് അവൾ അഭിഷേകം ചെയ്യുന്ന കല്ലുകൾക്കും കഥ പറയാനുണ്ടാവും. വാങ്ങുന്ന ഓരോ അടിയിലും  നിലവിളിക്കുന്ന കഥകൾ. എത്രെയോ തലമുറകളുടെ അടിയേറ്റ പാടുകളുണ്ടെങ്കിലും അവർ ആരോടും പരാതിപ്പെടാറില്ല,  നിശബ്ദമായി കഥ കേൾക്കാൻ മാത്രം ശീലിച്ചവർ. പഴയതിനും പുതിയതിനും പറയാനുള്ളത് ഒരേ പ്രമേയത്തിലെഴുതിയ വ്യത്യസ്ത കഥകളാണ്. ഒരേ കഥാപാത്രങ്ങൾ തന്നെ പേരുമാറി പുനർജനിക്കുന്നു.


രാവിലെ  പശുവിനെ കറക്കാനെത്തുന്നവൻ അവളെ കാണുമ്പോൾ മാത്രം പശുവിന്റെ മുലകളിൽ കൂടുതൽ അമർത്തി പിഴിയുന്ന ശബ്ദം അതിനോടൊപ്പം അയാൾ പാടാറുള്ള പാട്ട്, മൂന്നു തലമുറയിലെ പെണ്ണുങ്ങളും നുരപതയുന്ന പാൽപാത്രം വാങ്ങുമ്പോൾ വിറച്ചു. അവനു കൊടുക്കാനുള്ളത് മുറ തെറ്റാതെ  ആ കല്ലുകൾക്ക് സമ്മാനിച്ചു. പശുവിനെ വിറ്റപ്പോഴും പാൽക്കാരൻ പല രൂപത്തിലും പുനർജനിച്ചു. പാൽ പാത്രത്തിൽ നിന്നും കുപ്പിയിലേക്കും പിന്നെ പാക്കറ്റിലേക്കും മാറിയിട്ടും കിട്ടുന്ന അടിയിൽ യാതൊരു കുറവുമുണ്ടായിരുന്നില്ല.


പത്രക്കാരനുള്ള അടി കള്ളിമുണ്ടിൽ നിന്നാവും. പല പേജുകളായി മടക്കുകയും നിവർത്തിയും ചുരുട്ടികൂട്ടുകയും അങ്ങിനെ പല സ്റ്റെപ് പ്രയാസപ്പെട്ട പ്രതികാര പണിയിൽ അവൾ പുഞ്ചിരിക്കുമായിരുന്നു. നൈറ്റികൾക്ക്

പറയാനുണ്ടാവുന്നത് സ്ഥിരം കേട്ടുപഴകിയ സീരിയൽ കഥകൾ തന്നെയാണ്.


കരിയും പൊടിയും ശരീരത്തിന്റെ  വിയർപ്പു മണവും സോപ്പുകുമിളകൾ മാറ്റിയെടുക്കുമെങ്കിലും മാറ്റിയെടുക്കാനാവത്തചില കുടുംബരഹസ്യങ്ങൾ തീർത്ത പാടുകൾ കഴുകാനാവാതെ ഉണങ്ങുന്നത് കാണാനാവും. പുറത്തു പോയി വന്നാൽ അന്ന് തുണിയുടെയും അടിയുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവും. ആ വസ്ത്രത്തിൽ തൊട്ട് തീണ്ടി പോയവരുടെ കണക്കുകൾ  അവളെപ്പോലെ  തന്നെ ആ കല്ലിനെയും  നന്നായി വേദനിപ്പിക്കാറുണ്ട്.


ദുപ്പട്ടയിൽ സേഫ്റ്റിപിൻ കയറിയിറങ്ങിയ ദ്വാരങ്ങളിലൂടെ അവൾ കണ്ണീർ വാർത്തിരിക്കാം. കിടക്കവിരി നനയ്ക്കുമ്പോൾ അവളിൽ പ്രണയം ഒരിക്കലും ദർശിക്കാനാവില്ല, അറയ്ക്കുള്ളിൽ  മാത്രം വിരിയുന്ന പ്രണയം പുറത്തെത്തുമ്പോൾ വാടിക്കരിഞ്ഞു  അടുക്കളയിലെ വേസ്റ്റ് ബാസ്‌ക്കറ്റിൽ വന്നുചേരുന്നതിന്റെ ദേഷ്യം ആ ബെഡ് ഷീറ്റിനോട്  എന്നുമുണ്ടായിരുന്നു.


മകളുടെ യൂണിഫോമിലെ അക്ഷരങ്ങളിൽ സോപ്പുരയ്ക്കുമ്പോൾ ക്ലാസ്സിലെ ആൺകുട്ടികളുടെ ആദ്യാക്ഷരങ്ങൾ ഉരുവിട്ട് കൊണ്ടാവും പതപ്പിക്കുക. അവൾക്കെന്തോക്കെയോ പറയാനുണ്ട്. ചുറ്റുമുള്ള ഓരോ കണ്ണുകളും അവളെ ഭയപ്പെടുത്തുന്നുണ്ട്.


ഇൻസ്റ്റാൾമെന്റിൽ വാഷിങ് മെഷീൻ വാങ്ങാമെന്നു ഭർത്താവ് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല, എനിക്ക് തല്ലി തന്നെ വെളിപ്പിക്കണമെന്നായിരുന്നു മറുപടി.  മറുപടിയിലെ പൊരുളിനെ  അവളുടെ പാതി  അറിയാൻ ശ്രമിച്ചില്ല. എങ്കിലും കല്ലുകൾക്ക് അതറിയാം. പെൺകുട്ടികൾ എവറസ്റ്റ് കീഴടക്കുമ്പോൾ, അവിടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കൊടിപാറിച്ചു മധുരം വിളമ്പുമ്പോൾ മഞ്ഞുകട്ടകൾക്കിടയിൽ എട്ടുവയസ്സുകാരിയുടെ വയലറ്റ് കുപ്പായത്തിലെ ചായം പോവാത്തവർക്ക് ആ മധുരത്തെ രുചിക്കാനറിയില്ല. കല്ലുകളിൽ കറകൾ ബാക്കി വച്ചു അവൾ നടന്നു നീങ്ങി.


Rate this content
Log in

Similar malayalam story from Drama