Anchu Aditya

Drama Classics

2.7  

Anchu Aditya

Drama Classics

വൃക്ഷവും സുവർണ്ണ ചകോരവും

വൃക്ഷവും സുവർണ്ണ ചകോരവും

2 mins
410


പച്ചപ്പ് നിറഞ്ഞ മലയുടെ താഴ്‌വരയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു ഒരു വൻവൃക്ഷം.ആ മരത്തണലിൽ വിശ്രമിക്കാത്ത വഴിയാത്രക്കാരില്ല. ഏതു വേനൽക്കാലത്തും ആ മരത്തണലിൽ കിട്ടുന്ന തണുപ്പും കുളിർ കാറ്റും ഒരു സ്വർഗ്ഗീയ അനുഭവം തന്നെയാണ് വഴി യാത്രക്കാരന് കൊടുക്കുന്നത്. സഞ്ചാരികളായ സന്യാസിമാർ ആ വൃക്ഷ ചുവട്ടിൽ വിശ്രമിക്കുന്നത് കണ്ട് അതുവഴി നടന്നുപോയ ഭൈരവനും ആ മരച്ചുവട്ടിൽ കൂടി. അവരോട് ലോഹ്യം ഭാവിച്ചു സംസാരിക്കാൻ തുടങ്ങി. അവരിൽ നിന്നും വിലപിടിപ്പുള്ള എന്തെങ്കിലും തട്ടിയെടുക്കണം എന്ന ഗൂഢ ഉദ്ദേശത്തിലാണ് ഭൈരവൻ അവരുമായി ചങ്ങാത്തം കൂടിയത്. സംസാരമദ്ധ്യേ സന്യാസിമാരിൽ ഒരാൾ പറഞ്ഞു " ഏതു കാലാവസ്ഥയിലും ഈ വൃക്ഷം എല്ലാവർക്കും തണലേകി നിൽക്കുന്നു." 


"അതെ,അതെ, പച്ചയിലകളും പഴുത്ത ഇലകളും കൊണ്ട് നയനമനോഹരമായ ജീവിതചക്രത്തെ തന്നെയാണ് ഓർമിപ്പിക്കുന്നത്"

മറ്റൊരു സന്യാസി അതിനെ പിന്തുണച്ചു. 


"ഈ വൃക്ഷത്തിൽ അതിവിശിഷ്ടമായി ഒന്നും തന്നെ ഞാൻ കാണുന്നില്ല. തണലേക്കുന്ന വൃക്ഷം, അല്ലാതെന്താ?" 


"ഈ വൃക്ഷത്തിൽ എത്രയിനം ജീവജാലങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ചെറിയ ഉറുമ്പുകൾ,പുഴുക്കൾ,അണ്ണാൻ,പക്ഷികൾ അങ്ങനെ നമ്മുടെ കണ്ണിൽ കാണുന്നതും കാണാത്തതുമായ ഒരായിരം ജീവികൾക്കുള്ള ആവാസ വ്യവസ്ഥയുണ്ട്."

ഭൈരവന്റെ ചോദ്യത്തിന് സന്യാസിമാരിൽ ഒരുവൻ ഉത്തരം നൽകി. 


"അതുമാത്രമല്ല,ഈ വൃക്ഷത്തിൽ സുവർണ്ണ ചകോരമുണ്ടെന്നാണ് കേട്ടു കേൾവി. ആ ചകോരത്തെ ആർക്കും പെട്ടെന്ന് കാണാൻ കഴിയില്ല. അവയുടെ കൂട്ടിൽ സ്വർണ്ണത്തെ പോലും ഉരുക്കാൻ കഴിയുന്ന നീലക്കൊടുവേലി ഉണ്ടെന്നാണ് കേട്ട് കേൾവി." 


"സുവർണ്ണ ചകോരത്തിന് എന്താണ് പ്രത്യേകത?" ഭൈരവൻ ആകാംക്ഷയോടെ ചോദിച്ചു. 


"അവയ്ക്ക് മനുഷ്യന്റെ ഭാവി പ്രവചിക്കാൻ കഴിയുമത്രേ! മനുഷ്യന്റെ ഭാഷ സംസാരിക്കുവാനും കഴിയും എന്നാണ് കേട്ടു കേൾവി." 


"ഇതൊക്കെ വെറും കെട്ടുകഥയാവുമെന്നേ!!" കൂടുതൽ അറിയാനായി ഭൈരവൻ അവരെ ചൊടിപ്പിച്ചു.

"

ഇല്ല,ഇല്ല,ജ്ഞാനികളായ സന്യാസിമാർ കണ്ടിട്ടുണ്ട്. സുവർണ്ണ നിറത്തിലുള്ള തൂവലുകളാണ് അവയ്ക്കുള്ളത്. കണ്ണുകൾ ചുവന്നിരിക്കും. അവയുടെ തലയിൽ നീല നിറത്തിൽ കിരീടം പോലെ തോന്നിക്കുന്ന മൂന്ന് തൂവലുകൾ നിൽക്കുമെന്നും ഞാൻ കേട്ടിട്ടുണ്ട്.ഞങ്ങടെ ആചാര്യൻ ഈ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ കണ്ടിട്ടുണ്ടെന്ന് ഞങ്ങളോട് മുൻപേ പറഞ്ഞിട്ടുണ്ട്. ഇവിടെ വരുമ്പോൾ എല്ലാം ഞങ്ങളും നോക്കും. പക്ഷേ ഞങ്ങൾക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല."

ഭൈരവൻ മനസ്സിൽ സുവർണ്ണ ചകോരത്തിനെ പിടിക്കുന്നത് സ്വപ്നം കാണാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ് സന്യാസിമാർ അവരുടെ യാത്ര തുടർന്നു. ആരുമില്ല എന്ന് ഉറപ്പുവരുത്താനായി കുറച്ച് അധികം നേരം ഭൈരവൻ അവിടെ ചുറ്റിപ്പറ്റി നിന്നു. സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ കിളികൾ കൂടണയാൻ തുടങ്ങി. കിളികളുടെ ഒച്ചയും അണ്ണാന്റെ ഒച്ചയും ചുറ്റുമുള്ള മൃഗങ്ങളും അവിടെമാകെ ശബ്ദം മുഖരിതമാക്കി. നേരം ഇരുട്ടുന്നതിനു മുൻപേ മരത്തിൽ കയറണം. ഇടുപ്പിൽ കെട്ടിയിരുന്ന തുണി അഴിച്ച്

കൈത്തണ്ടയിലേക്ക്ചുറ്റി."ചകോരത്തെ കിട്ടിയാൽ തുണിയിട്ട് മൂടി പിടിക്കാമല്ലോ".

മനസ്സിൽ ചിരിച്ചുകൊണ്ട് വൃക്ഷത്തിന് മേലോട്ട് വലിഞ്ഞു കയറി. അണ്ണാൻ കുഞ്ഞുങ്ങൾ "ചിൽ, ചിൽ "ശബ്ദം ഉണ്ടാക്കി ഓടി ഒളിച്ചു. വൃക്ഷത്തിന്റെ മുക്കാൽഭാഗവും വലിഞ്ഞു കയറിയ ഭൈരവൻമുകളിലേക്ക് നോക്കി. അതാ ഒരു മിന്നായം പോലെ സുവർണ്ണ ചകോരത്തിനെ കണ്ടു. അപ്പോൾ കൂടുതൽ ആവേശത്തോടെ മുകളിലേക്ക് കയറി. ഏറ്റവും മുകളിലത്തെ ചില്ലിയിലെ കൂട്ടിലിരുന്ന സുവർണ്ണ ചകോരം, തന്നിലേക്ക് നീണ്ടുവരുന്ന ഭൈരവന്റെ കയ്യിൽ ആഞ്ഞു കൊത്തി. എന്നിട്ട് പറഞ്ഞു

"നീ നല്ല ഉദ്ദേശത്തോടെ വന്നവനല്ല. വന്ന വഴിയെ പൊയ്ക്കോ. നിനക്കിനി അധികം ആയുസ്സ് ഇല്ല. "

"ആ സന്യാസിമാർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷേ നീ നന്നായി സംസാരിക്കുന്നുണ്ടല്ലോ? നിന്നെയും കൊണ്ടേ ഞാൻ പോകൂ. "

തന്റെ കയ്യിൽ കെട്ടിയിരുന്ന് തുണി അഴിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു ചില്ലയിൽ നിന്നും വന്ന പാമ്പ് ഭൈരവന്റെ കയ്യിൽ ആഞ്ഞുകൊത്തി. ചില്ലിയിൽ പിടിച്ചിരുന്ന കയ്യിൽ കൊത്തു കിട്ടിയതോടെ, നിയന്ത്രണം വിട്ട് ഭൈരവൻ നിലം പതിച്ചു. അടുത്ത പ്രഭാതത്തിൽ സുവർണ്ണ ചകോരം പറന്നു ഭൈരവന്റെ മൃതശരീരത്തിനടുത്ത് എത്തി.

"മനുഷ്യന് എത്രതന്നെ ബുദ്ധി ഉണ്ടായാലും ഒന്നിലും സംതൃപ്തി വരികയില്ല. എന്നും അവൻ ഭാവിയുടെ പിന്നാലെ ഓടിക്കൊണ്ടേയിരിക്കും. ഭാവി അറിഞ്ഞിട്ട് അവന് എന്തു നേടാനാകും? അവനവൻ നന്മയുള്ളവനായാൽ സ്വന്തം ഭാവി അവനവനു തന്നെ തീരുമാനിക്കാം എന്ന സത്യം മനുജൻമാർ എന്ന് ഉൾക്കൊള്ളും?" ആത്മഗതം പറഞ്ഞ് ചകോരം അതിരുകളില്ലാ ആകാശത്തേക്ക് പറന്നുയർന്നു.

                  


Rate this content
Log in

Similar malayalam story from Drama