STORYMIRROR

Anchu Aditya

Others

4  

Anchu Aditya

Others

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

3 mins
272


പുതിയ ജോലി കിട്ടിയ സന്തോഷത്തിലാണ് അമൃത. പ്രതീക്ഷിച്ച ശമ്പളമുണ്ട്. മനസ്സ് ആകെ സന്തോഷം കൊണ്ട് തുള്ളി കളിക്കുന്ന അവസ്ഥ. അമൃതയുടെ ഭർത്താവായ സന്തോഷ് ഗൾഫിലാണ്.നാളെ ഇട്ടുകൊണ്ട് പോകാനുള്ള വസ്ത്രങ്ങൾ തേയ്ക്കുകയായിരുന്നു അമൃത. അപ്പോഴാണ് സന്തോഷിന്റെ ഫോൺ വന്നത്.

"എന്തായി നാളെ പോകാനുള്ള ഒരുക്കങ്ങൾ?".

"എല്ലാം റെഡിയാണ്.ഡ്രസ്സ് ഒക്കെ അയൺ ചെയ്തു വെക്കുകയായിരുന്നു."

" ജോലി കിട്ടിയ സന്തോഷത്തിൽ പെണ്ണ് തുള്ളി ചാടുവാണല്ലോ? "

എന്റെ ഏട്ടാ, പഠിച്ച കോഴ്സിന് തന്നെ ഒരു ജോലി കിട്ടുമ്പോൾ ആ സന്തോഷം ഒന്നു വേറെ തന്നെയാണ്. "

"ഓക്കേ ഓൾ ദ ബെസ്റ്റ്."

അടുത്തദിവസം ജോയിൻ ചെയ്തു. കൂടെയുള്ളവരെയൊക്കെ പരിചയപ്പെട്ടു. ജോലിത്തിരക്കിൽ ഒരാഴ്ച പോയതറിഞ്ഞില്ല. അമൃതയുടെ സീനിയർ ആണ് നാസർ. അയാൾ അമൃതയുടെ അടുത്ത സീറ്റിൽ ആണ് ഇരിക്കുന്നത്. പുള്ളിക്ക് 50 നോട് അടുത്ത പ്രായം വരും. ആദ്യമൊക്കെ വളരെ സൗഹാർദ്ദമായാണ് സംസാരിച്ചത്. പിന്നെപ്പിന്നെ പുള്ളിയുടെ സംസാരരീതി മാറിതുടങ്ങി.

"നീ സുന്ദരിയാണ്. കണ്മഷി എഴുതിയ നിന്റെ കണ്ണുകൾ കണ്ടാൽ നോക്കി നിൽക്കാൻ തോന്നും".

 പിന്നെ അമൃത കണ്ണെഴുതാതെയായി. ഓരോ ദിവസവും അയാളുടെ വർത്തമാനം അവൾക്ക് അസഹനീയമായി തോന്നി. മനസ്സിന് സ്വസ്ഥത കിട്ടാതെ ആയപ്പോൾ പറഞ്ഞു"സന്തോഷേട്ടാ,നമ്മുടെ ഓഫീസിലെ നാസർ ഉണ്ടല്ലോഅയാൾ ഇത്തിരി പിശകാണ്.നീ സുന്ദരിയാണ്.ഈ ഡ്രസ്സിൽ നിന്നെ കാണാൻ നന്നായിരിക്കുന്നു. കണ്ണ് എഴുതിയാൽ നീ കൂടുതൽ സുന്ദരിയാണ് എന്നൊക്കെ പറയുവാണ്".

"ജോലിക്ക് പോകുമ്പോൾ ഇതൊക്കെ ഉണ്ടാവും.നീ അയാളോട് അധികം സംസാരിക്കാൻ പോകണ്ട. ഒരു അകലം പാലിച്ചാൽ മതി."

"അയാളോട് ചോദിച്ചു ജോലിയൊക്കെ പഠിക്കാനാണ് മാനേജർ പറഞ്ഞത്. ഞാൻ കഴിവതും അകലം പാലിക്കുന്നുണ്ട്. പക്ഷേ അയാൾ എന്തെങ്കിലും പറഞ്ഞുവരും. "

" നീ കുറച്ചു കടുപ്പിച്ച് നിന്നാൽ മതി. അവന്മാർ ആ വഴിക്ക് പോകും. "

അമൃത ഓഫീസിൽ പോകുമ്പോൾ എന്നും പ്രാർത്ഥിക്കും"ഈശ്വരാ,ആ കാലമാടൻ ഇന്ന് അവധി ആയിരിക്കണേ".

കൂടുതൽ കൂടുതൽ പരാതി പറയാൻ തുടങ്ങിയപ്പോൾ സന്തോഷേട്ടൻ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. പല സമയത്തും അത് തോന്നാറുണ്ട്. എന്നാലും ഇത്രയും നല്ല ശമ്പളവും ജോലിയും വേറെ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇതുതന്നെ എത്ര കഷ്ടപ്പെട്ടിട്ട് കിട്ടിയ ജോലിയാണ്. എന്തായാലും പൊരുതി നിൽക്കുക തന്നെ. പിന്നെപ്പിന്നെ അമൃത ഓഫീസിലെ കാര്യങ്ങൾ സന്തോഷിനോട് പറയാതെയായി. പറഞ്ഞാൽ പിന്നെ സന്തോഷേട്ടൻ ജോലിക്ക് പോകണ്ട എന്ന് കടുപ്പിച്ചു പറയും. പിന്നെ അത് കേൾക്കേണ്ടിയും വരും.


ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ നാസർ അമൃതയുടെ അടുത്തെത്തി പറഞ്ഞു "ഒരു ദിവസം നമുക്ക് പുറത്ത് കറങ്ങാൻ പോകാം".

"സർ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പെണ്ണല്ല ഞാൻ. ദയവുചെയ്ത് ഇങ്ങനെ സംസാരിക്കരുത്. ഇനി ഇത് ആവർത്തിച്ചാൽ ഞാൻ മാനേജറിനോട് പറയും".ദേഷ്യത്തോടെ അമൃത മറുപടി നൽകി.


"ശ്ശെടാ, അതിന് അമൃത എന്തിനാ ചൂടാവുന്നെ. ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞെന്നല്ലേ ഉള്ളൂ. എനിക്കൊന്നും ഒളിച്ചുവെക്കാൻ പറ്റത്തില്ല. അഭിപ്രായ സ്വാതന്ത്ര്യം ആർക്കുമില്ലേ?"

അമൃതയ്ക്ക് ഈ ജോലി അത്യാവശ്യമാണ്. അതുകൊണ്ട് അവൾ പരാതി പറഞ്ഞാൽ സീനിയർ ആയ നാസറിന്റെ കീഴിൽപിന്നെ പണിയെടുക്കാൻ ബുദ്ധിമുട്ടാകും.അതുകൊണ്ട് അവൾ പരാതിപ്പെടില്ലെന്ന് അയാൾക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അമൃത ബസ്സിൽ പോകുമ്പോൾ പരിചയപ്പെട്ട സുഹൃത്താണ് ജെസ്സി. ഒരു ദിവസം സംസാരത്തിനിടയിൽഅമൃത നാസറിന്റെ കാര്യം പറഞ്ഞു.

"അയാളെ കൊണ്ട് ഒരു സമാധാനവുമില്ല. ഓഫീസിൽ വേറെ ആരെക്കൊണ്ടും ഒരു പ്രശ്നവുമില്ല. ഗൾഫിൽ ഇരിക്കുന്ന സന്തോഷേട്ടനോട് ഇതൊന്നും പരിധിയിൽ കൂടുതൽ പറയാനും പറ്റില്ല. വീട്ടിൽ പറഞ്ഞാൽ ആങ്ങളമാർ അവനെ പഞ്ഞിക്കിടും. അതോടൊപ്പം ഇനി ജോലിക്ക് പോകണ്ട എന്ന് അവർ പറയുകയും ചെയ്യും. പിന്നെ ജോലിക്ക് പോക്കൊക്കെ ഒരു സ്വപ്നമായി മാത്രം മാറും. ആ കാലമാടൻ കാരണം എന്റെ കരിയർ ഉപേക്ഷിക്കാനും വയ്യ."

"എടോ,ഇതൊക്കെ ഒരു പ്രശ്നമാണോ? ഇനി അവൻ എന്തേലും പറഞ്ഞാൽ മാനേജറിനോട് ഒന്നും പറയാൻ നിക്കണ്ട. എവിടേലും മാറ്റിനിർത്തി കരണം നോക്കി ഒരു പൊട്ടീരങ്ങ് കൊടുക്ക്‌. അതോടെ അവന്റെ ചൊറിച്ചിൽ തീരും"

"എന്റെ ജെസ്സി, ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതൊന്നും നടക്കുന്ന കാര്യമല്ല. അവിടെ മുഴുവൻ ക്യാമറയാണ്. അവൻ സീനിയർ ആയതുകൊണ്ട് എന്തേലും പ്രശ്നമുണ്ടാക്കി എന്നെ കുരുക്കാൻ നോക്കും."

"എന്നാ പിന്നെ ഒരു വഴിയുണ്ട്.നീ എച്ച്ആറിൽ പോയി പരാതി കൊടുക്കൂ. അതോടെ തീരും അവന്റെ ശല്യം."

"അതു കൊള്ളാം,ഇനി എന്തേലും പറഞ്ഞുവന്നാൽ ഞാൻ പരാതി കൊടുക്കും."

അടുത്തദിവസം നാസർ അമൃതയുടെ അടുത്ത് വന്ന് പറഞ്ഞു " നല്ല ശരീരവടിവാ തനിക്ക്.ഇന്നലെ രാത്രി മുഴുവനും തന്റെ വാട്സ്ആപ്പ് ഡിപി നോക്കിയിരിക്കുകയായിരുന്നു ഞാൻ. "

അമൃതയുടെ സകല നിയന്ത്രണവും വിട്ടു. അവൾ ദേഷ്യത്തോടെ അയാളെ നോക്കിയിട്ട് എച്ച്ആറിലേക്ക് പോയി. അവിടെ കൈലാസ് സാറിനോട് കാര്യങ്ങൾ പറഞ്ഞു.

"അമൃത, വിഷമിക്കേണ്ട ഞാൻ നാസറിനെ വിളിച്ച് സംസാരിക്കാം".

അതു കേട്ടപ്പോൾ കുറച്ച് ആശ്വാസമായി.അടുത്ത ദിവസം ശനിയാഴ്ച ആയിരുന്നു. അന്ന് നാസർ വന്ന് വഷളൻ ചിരിയോടെ അമൃതയോട് ചോദിച്ചു

" നാളെ ലീവ് അല്ലേ, നമുക്ക് ഒരുമിച്ച് പുറത്തു പോയാലോ? നമ്മുടേതായ കുറച്ച് സമയം നമുക്കുണ്ടാക്കാം. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ. എന്താ വരില്ലേ? "

" നിങ്ങൾക്ക് എന്താണ് മനുഷ്യാ. ഞാൻ നിങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. വെറുതെ നിങ്ങളായിട്ടാണ്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നിങ്ങൾ നിങ്ങളുടെ പെണ്ണുമ്പിള്ളയും കൂട്ടി പോ മനുഷ്യാ"

"അയ്യോടാ, ദേഷ്യം വരുമ്പോൾ നല്ല സുന്ദരിയാ നീ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എനിക്ക് ചോദിക്കാനും നിനക്ക് മറുപടി പറയാനും സ്വാതന്ത്ര്യമുണ്ട്".

അമൃത കൂടുതലൊന്നും പറയാതെ പല്ലു കടിച്ച് സീറ്റിൽ ഇരുന്ന് ജോലി തുടർന്നു. തിങ്കളാഴ്ച കൈലാസ് സാർ നാസറിനെ വിളിപ്പിച്ചു.

"മിസ്റ്റർ നാസർ,നിങ്ങൾക്കെതിരെ അമൃത ഈമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. അതിന്റെ കോപ്പി എല്ലാ മാനേജർമാർക്കും വച്ചിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് രണ്ടുമൂന്നു വട്ടം വാർണിങ് നൽകിയതാണ്. ഇതാ നിങ്ങടെ ടെർമിനേഷൻ ലെറ്റർ.നാളെ മുതൽ നിങ്ങൾ ജോലിക്ക് വരേണ്ടതില്ല".

" അത് സാർ...ഞാൻ അമൃതയോട് സോറി പറയാം. ഇനി ഞാൻ ആവർത്തിക്കില്ല. എന്റെ ജോലി..".

" മിസ്റ്റർ ഇതൊക്കെ നിങ്ങൾ നേരത്തെ ആലോചിക്കണമായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ, ഞങ്ങൾക്ക് നിങ്ങളെ പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. കൂടുതൽ സംസാരിക്കേണ്ട നിങ്ങൾക്ക് പോകാം".

ടെർമിനേഷൻ ലെറ്റർ വാങ്ങി അമൃതയുടെ അടുത്ത് വന്ന് നാസർ പറഞ്ഞു

" ഇത്രയും ദേഷ്യം ഉണ്ടായിരുന്നെങ്കിൽ തുറന്നു പറഞ്ഞാൽ പോരായിരുന്നോ? നീ കാരണം എന്റെ ജോലി പോയി. ഇതൊക്കെ തമാശയായി കണ്ടാൽ പോരായിരുന്നോ? "

" മിസ്റ്റർ നിങ്ങൾക്കുള്ളത് പോലെ തന്നെ എനിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. "

അത്രയും പറഞ്ഞു ഫയലും എടുത്ത് അമൃത അടുത്ത ക്യാബിനിൽ പോയി.

                              


Rate this content
Log in