STORYMIRROR

Sobha Balan

Romance Tragedy

2  

Sobha Balan

Romance Tragedy

മനുവേട്ടൻെറ മാളു

മനുവേട്ടൻെറ മാളു

7 mins
980


മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറക്കാമെന്ന് പരസ്പരം 

മനസ്സിലാക്കിയൊരു 

തീരുമാനമെടുത്തു അവർ...


ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് മനു 

അവസാനമായി മാളുവിനെ 

നെഞ്ചോട് ചേർത്ത് നെറുകയിലൊരു 

മുത്തം കൊടുത്തു... 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, 

ഇനിയൊരു വാക്ക് പോലും അവനെ വേദനപ്പിക്കേണ്ടി വരുമെന്നോർത്തിട്ടോ..

അവൾ മൗനം പാലിച്ചു... 

അവൻെറ നിറഞ്ഞ കണ്ണുകൾ 

അവളുടെ വാടിയ മുഖത്ത് നിന്നെടുക്കാൻ 

അവന് കഴിയുന്നില്ലായിരുന്നു...


വീട്ടുകാരുടെ എതിർപ്പുകളും സമ്മർദ്ധവും 

കൊണ്ട് വിഷമം അങ്ങേയറ്റം താങ്ങാതെ 

ഒറ്റ നിമിഷത്തിലെടുത്ത തീരുമാനമായിരുന്നു 

വേർപിരിയലെന്നത്...

ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന 

വേദനയുണ്ട്... 

എങ്കിലും അതിനേക്കാൾ എത്രയോ 

വലുതാണ് നൊന്തുപെറ്റൊരമ്മയുടെ കണ്ണുനീരും, താങ്ങായും തണലായും 

നിന്ന് വളർത്തി വലുതാക്കിയൊരച്ഛൻെറ 

നെഞ്ചിലെ നീറലും എന്നവർക്കറിയാം...


എല്ലാമൊരു നിമിഷം ചിന്തിച്ചു നിന്നതിനുശേഷം പെട്ടെന്ന് അവളുടെ കൈകളിൽ മുറുകെ പിടിച്ച അവൻെറ കൈകളയഞ്ഞു... 

മനസ്സ് കല്ലാക്കിയപോൽ ഭ്രാന്തമായ 

മനസ്സിൽ നിന്നൊരു പുഞ്ചിരി സമ്മാനിച്ചു 

കൊണ്ട് അവനവളോട് പറഞ്ഞു...


"കാലം മായ്ക്കാത്ത, മനുഷ്യർക്ക് പിഴുതെറിയാൻ കഴിയാത്ത, 

മനസ്സിൻെറ ഒരു കോണിൽ 

നീയെൻെറ പേര് കുറിച്ചിടണം... 

ഞാനവിടെ എന്നുമുണ്ടെന്ന ഒരു സന്തോഷത്തിൽ ഞാൻ ജീവിക്കും... നിന്നെയോർത്ത്..."


ആരുടേയും കണ്ണുനീർ നമ്മുടെ സ്നേഹത്തിൻെറയും നമ്മുടെ 

വാശിയുടെയും പേരിൽ നിറയാതിരിക്കട്ടെ...

വീണ്ടും മൗനത്താൽ മറുപടി നൽകി 

അവൾ നിന്നു...


ഇന്നലെ വരെ വായാടിയായ അവൻെറ കുട്ടിക്കുറുമ്പിയുടെ മൗനം അവനിൽ വേദനയുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തുടങ്ങിയതു കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞു...


"നഷ്ടങ്ങളെയോർത്ത് ഇനിയും വേദനിച്ചുകൊണ്ട് ഒരു 

മുറിയിലൊറ്റപ്പെടരുത് മനുവേട്ടൻ...


പഠിക്കണം...


അമ്മയുമച്ഛനും സന്തോഷം തോന്നും വിധമൊരു ജോലി വാങ്ങണം...


ജീവിതത്തിലെന്തെങ്കിലും 

നേടിയെടുക്കാനുള്ള വാശി എന്നും കൈവിടരുത്...


ഓർമ്മയിലുണ്ടാവും 

ൻെറ മനുവേട്ടനെ...

ആരേയും വേദനിപ്പിച്ചുകൊണ്ട് 

നമുക്കൊന്നും നേടണ്ട...


സമയം സന്ധ്യയാവുന്നു മനുവേട്ടാ... 

ഞാൻ പോവുന്നു..."


ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ 

അവൾ നടന്നകലുന്ന കാഴ്ച കണ്ണിൽ 

നിന്നും മായുന്നത് വരെ അവൻ നോക്കി 

നിന്നു... 

അവനറിയാം നെഞ്ച് പിടഞ്ഞാണ് 

അവളകന്ന് പോയത്... 

ദിനങ്ങൾ കടന്നുപോയി...

മാസങ്ങളും വർഷങ്ങളും കടന്നുപോയി...


മനസ്സൊരുപാട് തവണ കൈവിട്ടു പോയെങ്കിലും മാളുവിൻെറ വാക്കുകൾ അവനെന്നും ജീവിക്കാനുള്ള, 

വിജയങ്ങൾ നേടാനുള്ള 

പ്രചോദനമായിരുന്നു...

ഇന്നവൻ  നഗരത്തിലെ പേരുകേട്ട കോളേജിലെ അദ്ധ്യാപകനാണ്...

അവൻെറ മാറ്റങ്ങളിലും, ഉയർച്ചയിലും 

വളരെ സന്തോഷത്തിലാണ് മനുവിൻെറ അച്ഛനുമമ്മയും... 

നല്ല സാമ്പത്തികമുള്ള കുടുംബത്തിലെ കല്ല്യാണാലോചനകൾ വന്നുകൊണ്ടിരിക്കുന്ന സമയം...


മാളുവിൻെറ മുഖം ഒരു നിമിഷം 

പോലും മറക്കാനിനിയും മനുവിൻെറ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല... 

അവളുടെ കാര്യം അമ്മയോടുമച്ഛനോടും സൂചിപ്പിക്കാൻ അവൻ മനസ്സിലുറച്ചു... 

പക്ഷേ ഇപ്പോൾ മാളു എവിടെയാണെന്ന് പോലും അവനറിയില്ല...


പിരിഞ്ഞു വന്ന നിമിഷം മുതൽ ഒരു

ഫോൺ കോളിലൂടെ പോലും പരസ്പരം 

ഒരു സംസാരം വേണ്ടെന്നും, അത് 

കൂടുതൽ സങ്കടമേ ഉണ്ടാക്കൂ എന്നും 

അവൾ പറഞ്ഞിരുന്നു... 

അത് പറ്റാഞ്ഞിട്ട് ഒരുപാട് തവണ വിളിച്ചതാണവളെ... 

ആദ്യദിനങ്ങളിൽ ഫോണെടുത്ത് 

കുറച്ചുനേരം അവൻെറ ശബ്ദം കേട്ട് 

അവൾ കോൾ കട്ട് ചെയ്യുമായിരുന്നു...

പിന്നീട് ഇടയ്ക്കൊരു തേങ്ങലും 

കേൾക്കാം...

കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും

അവളോട് കരയരുത് എന്ന് പറയും 

അവൻ... 

അത് കേൾക്കുമ്പോൾ തേങ്ങലുകൾക്ക് പകരം അവളുടെ ചെറുപുഞ്ചിരി കേൾക്കാമവന്...

പിന്നെപ്പിന്നെ അവൻെറ കോളുകളും അവളെടുക്കാതെയായി...


ഭ്രാന്ത് പിടിച്ച പോലുളള ദിനങ്ങൾ....

അതിനിടയ്ക്കാണ് മാളുവിൻെറ 

ഒരു കത്ത് വരുന്നത്...


" മനുവേട്ടന്..... 

സുഖമായിരിക്കുന്നു... 

ആഗ്രഹിച്ചതുപോലെ ചെറിയൊരു 

സ്കൂളിലെ ടീച്ചറായി ജോലികിട്ടി...

ഓർക്കുന്നുണ്ട്... 

ലക്ഷ്യങ്ങൾ മറക്കരുത്...


എന്ന് മാളു..."


അത്രമാത്രം ഉള്ളടക്കം... 

ഇന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട് ആ കത്ത്... 

അതിനുശേഷം അവളുടെ വാക്കുകൾ

മനസ്സിൽ വച്ച് നന്നായി പ്രയത്നിച്ചിട്ടാണ് 

ഇന്നത്തെ ഒരു നിലയിൽ കോളേജ് അദ്ധ്യാപകൻ എന്നത് വരെയെത്തിയത്...


മനസ്സിൽ അവളുടെ ഓർമ്മകൾ 

വരുംനേരം അവൻെറ കണ്ണു നിറഞ്ഞൊഴുകും...

പേഴ്സിൽ വച്ച് സൂക്ഷിക്കുന്ന കുഞ്ഞു മാളുവിൻെറ എസ്.എസ്.എൽ.സി പരീക്ഷയ്ക്കെടുത്ത ഫോട്ടോ നോക്കിയിരിക്കും...

അങ്ങനെ എത്രനാളുകൾ... 

ഇനി വയ്യ...

അവൻ ധൈര്യം സംഭരിച്ച് അച്ഛനോട് 

കാര്യം അവതരിപ്പിച്ചു...


പണ്ട് ഒരുപാട് എതിർത്ത ബന്ധം ഇന്നും മകൻെറ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല 

എന്ന് അറിഞ്ഞപ്പോൾ ആദ്യമൊരു നടുക്കം 

തോന്നിയെങ്കിലും പിന്നെ അച്ഛനുമമ്മയും 

ആലോചിച്ചപ്പോൾ അവൻെറ 

തീരുമാനത്തോട് 

യോജിക്കാമെന്നായി...

പണ്ടത്തെ ഒന്നുമല്ലാതെ നടന്ന ചെറിയ പയ്യനല്ല ഇന്നവൻ...


സ്വന്തമായി തീരുമാനമെടുക്കാനും, 

സ്വന്തം കാലിൽ നിൽക്കാനും 

പ്രാപ്തനായ ഒരു യുവാവ്...


സന്തോഷം മാത്രം നൽകി പൊന്നുപോലെ അവരെ നോക്കുന്ന മോൻ...

എന്നിട്ടും സ്വയം തീരുമാനമെടുക്കാതെ അവരോടും ചോദിച്ചതിൽ സന്തോഷം 

തോന്നി ആ അച്ഛന്...


അച്ഛനുമമ്മയ്ക്കും സമ്മതമെന്നറിഞ്ഞതും സന്തോഷം ഒരു പേമാരി പോൽ അവൻെറ കണ്ണുകളിൽ പെയ്തു...


അപ്പോൾ തന്നെ മാളുവിൻെറ പഴയ 

നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും

കിട്ടിയില്ല... 

അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചെങ്കിലും മാളുവിൻെറ വീട് പൂട്ടിയതായാണ് കണ്ടത്...

നീണ്ടൊരു കാത്തിരിപ്പിനൊടുവിൽ 

ആഗ്രഹിച്ച സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കാൻ തൻെറ മാളുവിനെ തേടിയെത്തിയപ്പോഴും 

വിധി കാത്തുവച്ചത് വീണ്ടും 

സങ്കടങ്ങളാണോ എന്ന് മനുവിന് തോന്നി...


അന്നയച്ച കത്തിലെ മേൽവിലാസവും 

സ്ഥല വിവരവും അടുത്ത പോസ്റ്റാഫീസിൽ 

നിന്നും ചോദിച്ചറിഞ്ഞു... 

അവിടെ നിന്ന് കിട്ടിയ വിവരം അവന്

വിശ്വസിക്കാൻ കഴിയാത്തതായിരുന്നു...


മാളുവിന് എന്ത് പറ്റിക്കാണും...

അവൻെറ കാഴ്ച്ചകൾ മങ്ങുന്നത് 

പോലെ തോന്നി....

ഒരു നിമിഷം അവൻ തളർന്നവിടെ 

ഇരുന്നുപോയി...


കണ്ണ് തുറന്ന് നോക്കുമ്പോഴേക്കും 

അവൻ ടാക്സിയുടെ പിൻസീറ്റിൽ ചാരിക്കിടക്കുകയായിരുന്നു...

കയ്യിൽ മാളുവിൻെറ കത്തും,

പോസ്റ്റ് ഓഫീസിലെ ഗംഗാധരൻ മാഷ് 

തന്ന വിശദമായ മേൽവിലാസവും വഴിയും 

എഴുതിയ കടലാസും അൽപ്പം ചുളുക്കുകളോടെയെങ്കിലും ഭദ്രം...


പേരുകേട്ട തറവാട്ടിലെ ഒറ്റമോളായിരുന്നു

അവൾ...

ഒന്നിനും ഒരു കുറവുമില്ല.

അതിൻെറ അഹങ്കാരവും അവളിലുണ്ടായിരുന്നില്ല...

ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും 

തൻെറ മാളു എങ്ങനെ അവിടെ എത്തിപ്പെട്ടു...

പോസ്റ്റ് ഓഫീസിൽ നിന്ന് അറിഞ്ഞ

വിലാസം തിരക്കി പോയിക്കൊണ്ടിരിക്കുമ്പോഴും അവൻെറ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു...


ഒഴുകിയ കണ്ണുനീർ തുള്ളികൾ നീറുന്ന

മനസ്സിനൊരാശ്വാസം പകരുന്ന പോൽ

അവന് തോന്നി..

ആ ചെറുനനവിൽ പുറത്ത് നിന്ന് കാറിനകത്തേയ്ക്ക് വീശുന്ന കാറ്റിൻെറ 

തഴുകലിനൊപ്പം അവൻെറ മനസ്സ് മധുരസ്മരണകൾ സമ്മാനിച്ച ഇന്നലെകളിലേയ്ക്ക് പോയി...


കുട്ടിക്കാലത്ത് താമസം മാറിവന്ന

അയൽക്കാരനോടുള്ള മനുവിൻെറ 

അച്ഛൻെറ സൗഹൃദം...

പെൺമകളില്ലാത്ത മനുവിൻെറ അമ്മയ്ക്ക്

അവരുടെ മോളോട് തോന്നിയ വാത്സല്യം...

ഇതൊക്കെയായിരുന്നു മാളവിക എന്ന

മാളുവിനെ ആദ്യമായി പരിചയപ്പെടാൻ നിമിത്തം പോലെ വന്ന കാരണങ്ങൾ...


കണ്ണ് രണ്ടും നീട്ടിയെഴുതി രണ്ട് ഭാഗം മുടി 

മെടഞ്ഞ് കെട്ടി കറുത്ത വട്ടപ്പൊട്ടും കാൽക്കൊലുസ്സും, കുഞ്ഞു ജിമിക്കിയുമിട്ട

കൊച്ചു രാജകുമാരി...


മനുവിൻെറ അമ്മയ്ക്ക് കൊച്ചുവർത്തമാനം പറയാൻ ആളെക്കിട്ടിയ പോലാണ് മാളുവിൻെറ അമ്മയുടെ വീട്ടുജോലി ഒക്കെ

തീർന്നുള്ള രാവിലത്തെ വീട്ടിലേയ്ക്കുള്ള വരവുകളും...

അമ്മ അയൽവീട്ടിലെ പെണ്ണിന് തലകെട്ടിക്കൊടുക്കുന്നതും, ചോറുവാരിക്കൊടുക്കുന്നതും,

കുഞ്ഞു ഷിമ്മികള് തയ്ച്ചുകൊടുക്കുന്നതുമൊന്നും തീരെ രസിക്കാതെ നോക്കിനിന്ന ആ വീട്ടിലെ

വെളുത്ത് മെലിഞ്ഞ ഹീറോ...

അതാണ് മനുശങ്കർ എന്ന മനു...


ആദ്യമൊക്കെ കടിച്ച് പിടിച്ച് ദേഷ്യമൊതുക്കി

വീട്ടിൽ വരുന്നവരോട് മിണ്ടാതെ നടന്നെങ്കിലും..

പിന്നീട് അമ്മയ്ക്കവളോടുള്ള വാത്സല്യം

എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാൻ

മനു തീരുമാനിച്ചു...


പതിവ് പോലെ വീട്ടിലേക്കവൾ കളിക്കാൻ വന്ന ദിവസം. അമ്മ തലേന്ന് തയ്ച്ച് വച്ചൊരുടുപ്പ് അവൻ കണ്ടിരുന്നു...

അമ്മ അവർക്ക് രണ്ട് പേർക്കും ചോറ്

കൊടുത്ത് അടുക്കളയിലേയ്ക്ക് പോയനേരം...

ഇത്രനാളായി വന്നുകളിക്കാറുണ്ടെങ്കിലും

ഒതുങ്ങിയിരിക്കുന്ന കുട്ടിയായതിനാൽ

തന്നെ മനുവിനോടവൾ മിണ്ടിയിട്ടില്ല..

അന്നെന്തോ തോന്നി അവൾ, കളിക്കാൻ കൂടുമോ എന്ന് ചോദിച്ചതിന് അവളുടെ

പ്ലേറ്റ് എടുത്തുവലിച്ചെറിഞ്ഞു അവൻ...

പേടിച്ച് ചാടിയെണീറ്റ അവളെ തള്ളിയിട്ട്

ഒറ്റയോട്ടം അവൻെറ മുറിയിലേയ്ക്ക്.

ഒച്ച കേട്ട് വന്ന അമ്മ കണ്ടത് താഴെ ചിതറിക്കിടക്കുന്ന ചോറും പൊട്ടിയ പ്ലേറ്റിൻെറ കഷണങ്ങളും...


അമ്മ അവളെ വന്നെടുത്ത് എന്തുണ്ടായെന്ന് ചോദിച്ചപ്പോൾ അറിയാതെ കൈതട്ടി വീണതാണെന്ന് പറഞ്ഞു അവൾ...

പേടിച്ച അവളെയൊന്നുഷാറാക്കാൻ

തയ്ച്ചൊരുടുപ്പ് ഇട്ടുകൊടുക്കാൻ അവളെ

കൊണ്ടുപോയി, പിന്നിൽ ഒപ്പിച്ച പണി 

ലക്ഷ്യം കാണാതെ പോയ ദേഷ്യത്തിൽ

അവനും...

അമ്മ ഉടുപ്പിട്ട് കൊടുത്ത് നോക്കാൻ പറഞ്ഞ് അടുക്കളയിലേയ്ക്ക് പോയതും കണ്ണാടിയിൽ കൂടി പുറകിൽ അവനെ കണ്ടു അവൾ...


സമയം ഒത്ത് കിട്ടിയതിൻെറ സന്തോഷത്തിലും

അവളോടുള്ള ദേഷ്യത്തിലും അമ്മ 

കൊടുത്ത പുത്തനുടുപ്പില് പിടിപ്പിച്ച 

മുത്തുകളും പൂക്കളുമെല്ലാം അവൻ 

പിടിച്ച് വലിച്ച് പറിച്ചെടുത്തു...


കരഞ്ഞിട്ടും കേൾക്കാതെ, അവൻെറ ദേഷ്യം തീർക്കുന്നത് കണ്ടു വന്ന  അമ്മ

മനുവിനെ പിടിച്ച് രണ്ട് തല്ല് കൊടുക്കുന്നത്

കണ്ട് തടുത്ത കുഞ്ഞുമാളുവിനെയും

അവളുടെ മനസ്സിൻെറ നന്മയും ഇപ്പോഴും

അവനോർക്കുന്നു...


പിന്നീട് വീട്ടിലേക്ക് വരാതായ മാളുവിനോട്

എന്തിൻെറയൊക്കെയോ പേരിൽ തോന്നിയ കുട്ടിക്കാലത്തെ ഇഷ്ടം...

കണ്ണിമാങ്ങ പറിച്ചതിൽ പാതി മാളുവിൻെറ വീട്ടിൽ കൊണ്ട് കൊടുക്കാനമ്മ പറഞ്ഞപ്പോൾ കൊടുത്തതിലൊന്നവനന്നെടുത്ത് മാളുവിന് കൊടുത്ത് കാതിൽ പിടിച്ച് ക്ഷമ ചോദിച്ചതും,

അങ്ങനെയവർ കൂട്ടുകാരായതും,

പിന്നീട് ആ ചങ്ങാത്തം അവരുടെ വളർച്ചയ്ക്കൊപ്പം വളർന്നതും,

എസ് എസ് എൽ സി പരീക്ഷാത്തലേന്ന്

മാളുവിന് ലവ് ലെറ്റർ കൊടുത്തവനെ 

മനു തല്ലി തല പൊട്ടിച്ചതും,

അച്ഛൻെറ കയ്യ

ിൽ നിന്ന് അടിവാങ്ങി മേലെ മൊത്തം പാടായി കരഞ്ഞുനിന്ന അവനെ കാണാൻ വന്ന് ആരും കാണാതെയൊരു മുത്തം കൊടുത്ത് അവൻെറ കയ്യിലവളുടെ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റിലൊട്ടിക്കാൻ വച്ച ഫോട്ടോയുടെ

ഒരു കോപ്പി കൊടുത്ത് പോയതും...

എല്ലാം അവൻെറ മുഖത്തെയും മുടിയേയും തഴുകിത്തലോടി നീങ്ങുന്ന ഇളംകാറ്റുപോലെ അവൻെറ മനസ്സിന് തൊട്ട സുന്ദരമായ ഓർമ്മകളാണ്...


പിന്നെ നടന്നതെല്ലാം അവൻെറ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നു...

സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞ് കോളേജിൽ

ചേരാനായ കാലം..

രണ്ടാൾക്കും വിചാരിച്ച പോൽ ഒരേ കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും,

മാളുവിന് മെറിറ്റ് സീറ്റിലും,

സ്കൂളിൽ തല്ലിനും ലഹളയ്ക്കും പോയി ഉഴപ്പിനടന്ന മനുവിന് സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയത്...

കലാലയ കാലത്താണ് അവർ മനസ്സുകൊണ്ട് ഒത്തിരിയേറെ അടുത്തത്...

അപ്പോഴേയ്ക്കും ക്യാംപസ് രാഷ്ടീയവും അവളോടുള്ള പ്രണയമെന്ന പോലെ

അവൻെറ തലയ്ക്ക് പിടിച്ചു...

എന്തൊക്കെയാണെങ്കിലും അവൻ വീട്ടിൽ 

അച്ഛൻെറ വാക്ക് ധിക്കരിക്കുന്നവനോ

തല്ലുകൊള്ളിത്തരം കാണിച്ച് വീട്ടുകാരെ

സങ്കടപ്പെടുത്തുന്നവനോ ആയിരുന്നില്ല..

എല്ലാ ഒഴപ്പലുകൾക്കും ഒപ്പം ശകാരിച്ചും സ്നേഹിച്ചും കൂട്ടായും ആശ്വാസമായും 

മാളുവും...


മനസ്സിലുള്ളത് തുറന്ന് പറഞ്ഞെങ്കിലും

അവൾക്ക് പിറന്നാളിന് സമ്മാനിക്കാൻ 

ബർത്ത് ഡേ കാർഡും, കേക്കും, ഒരു കുങ്കുമച്ചെപ്പുമായി വന്ന് അതവൾക്കു

സമ്മാനിച്ച നെറുകയിലാദ്യമായൊരു 

മുത്തം കൊടുത്തത് അവൻെറ അച്ഛൻ 

കണ്ടത് അവരറിഞ്ഞില്ല...


അടുത്ത ദിവസം പുലർച്ചെ നോക്കുമ്പോൾ വീടൊഴിഞ്ഞ് പോവാൻ എല്ലാം തിരക്ക് പിടിച്ച് ഒരുക്കി വയ്ക്കുന്ന അച്ഛനെയുമമ്മയേയുമാണ് അവൻ കണ്ടത്...

കാര്യമറിയാതെ അമ്മയോട് ചോദിച്ചതും 

അച്ഛൻെറ സ്ഥലമാറ്റത്തിൻെറ കഥ കേട്ടു.

എന്ത് ചെയ്യണമെന്നറിയാതെ നേരെ

മാളുവിൻെറ വീട്ടിലേക്ക് ചെന്നതും അവിടെ

അമ്മയുമച്ഛൻെറയും പെരുമാറ്റത്തിലും ചെറിയ മാറ്റം തോന്നി...

മാളു കണ്ണ് കലങ്ങിക്കൊണ്ട് നിൽക്കുന്നു...

ഒന്നും മനസ്സിലാകാതെ വീട്ടിലേക്ക് പോയ

മനുവിനോട് അമ്മ പതിയെ ചെന്ന് കാര്യങ്ങൾ പറഞ്ഞു...


അച്ഛൻ അവരുടെ കാര്യം മാളുവിൻെറ 

അച്ഛനോട് സംസാരിച്ചതും,

വഴക്കുണ്ടായതും, അച്ഛൻെറ വില കളയുന്നപോൽ എന്തെങ്കിലും പ്രവർത്തിച്ചാൽ പിന്നെ അച്ഛനെ ജീവനോടെ കാണില്ലെന്ന തീരുമാനവും,

മോനോട് ആഗ്രഹം മറക്കാൻ പറയാൻ അമ്മയോടേൽപ്പിച്ചതും 

എല്ലാം കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞുതീർത്തു...

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന അവൻ

ഒരാഗ്രഹം മാത്രം പറഞ്ഞു...


'പോവുന്നതിന് മുൻപ് മാളുവിനോടൊന്ന്

മിണ്ടണമെന്ന്...'


അച്ഛനറിയാതെ പോയി വരാൻ സമ്മതം കൊടുത്തതും... 

പിന്നീടുള്ള വേർപിരിയലും

ഓർക്കുമ്പോൾ അവൻെറ കണ്ണുനീർ ഒറ്റി പേഴ്സിലെ കുഞ്ഞു മാളുവിൻെറ ഫോട്ടോയിലെ നെറ്റി നനഞ്ഞിരുന്നു...

അപ്പോഴേയ്ക്കും ടാക്സി അഡ്രസ്സിലെ അഗതിമന്ദിരത്തിൻെറ കവാടം കടന്നുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു...


ഇനി ആലോചിക്കാൻ സമയമില്ല...

വേഗം കാറിൽ നിന്നിറങ്ങി ഓഫീസിലേയ്ക്ക് കേറിച്ചെന്നു...

അവിടെ അന്വേഷിച്ചപ്പോളറിഞ്ഞു...

മാളുവിൻെറ അമ്മ അഗതിമന്ദിരത്തിലാണ് എന്ന്...

വീട് പൂട്ടിയിട്ട് ഇവിടെ കഴിയാൻ മാത്രം എന്ത് സംഭവിച്ചുവെന്ന് ഒട്ടും മനസ്സിലാവാതെ നിന്നപ്പോഴേക്കും അവിടുത്തെ സ്റ്റാഫ് അമ്മയെ വിളിച്ചു വന്നു...


അകലത്തിൽ നിന്നേ മനുവിനെ തിരിച്ചറിഞ്ഞതിനാലാവണം അവരുടെ കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചു... 

അടുത്തെത്തിയ അമ്മയോട് എന്ത് പറയണമെന്നറിയാതെ നിന്ന അവൻ ആദ്യം ആ കാലുകളിൽ വീണു...

അവൻെറ മാളുവിനെ കാണണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു...

അവൻെറ നെറുകയിൽ തലോടി അമ്മ പിന്നെ പറഞ്ഞത് കണ്ണുനീരോടെയാണ് അവൻ കേട്ടുനിന്നത്..


വേർപിരിയാമെന്ന് തീരുമാനിച്ച് അകന്നൊരാ ദിനം മുതൽ മാളുവിൻെറ സ്വഭാവത്തിലും പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു...

അവളുടെ മുറിയിലെഴുത്തും കുത്തുമായി ഒതുങ്ങിക്കൂടി ആദ്യം...

കളിയും ചിരിയും വായാടിത്തരവും എല്ലാം മാഞ്ഞു... 

മകൾ വീട്ടിലുണ്ടെന്ന് തന്നെ അറിയാത്ത പോലായി...


ഇതെല്ലാം കണ്ട് ഉള്ളുരുകി അച്ഛനുമമ്മയും അവളുടെ അടുത്ത് ചെന്നിരുന്ന് തലയിൽ തലോടുമ്പോൾ ഒരു ഭാവമാറ്റവും മുഖത്ത് വരുത്താതെ അച്ഛൻെറ നെഞ്ചിലേക്ക് ചാഞ്ഞ് കണ്ണുനീരിൻെറ നനവറിയിച്ചു അവൾ...


ഒരു ദിവസം ഒരാലോചനയുമായി ബ്രോക്കർ വന്നതിൻെറ കാര്യം അച്ഛനുമമ്മയും പറയുന്നത് കേട്ടന്ന് മുറിയ്ക്ക് വെളിയിലിറങ്ങിയിട്ടില്ലവൾ...

ഒരു തുള്ളി വെള്ളം കൂടി കുടിച്ചില്ല... 

പിന്നെ മുറിയ്ക്കുള്ളിൽ നിന്നൊരു തേങ്ങലുകൾ കേട്ടുതുടങ്ങി... 

നാളുകൾ നീങ്ങുന്തോറും തേങ്ങലുകളും, ചിലപ്പോൾ ചിരിയും, ഒറ്റയ്ക്കുള്ള സംസാരങ്ങളും വരെ കേട്ട് തുടങ്ങി... 

ഒരുപാട് ചികിത്സ നടത്തി...

എല്ലാം കണ്ട് മനം നൊന്ത് അച്ഛനവരെ വിട്ടകന്നു...

അച്ഛൻെറ മരണത്തിന് ശേഷം മോളെ നോക്കാൻ ഒരുപാട് പൈസ വേണ്ടി വന്നു... 

വീട് വിൽക്കേണ്ടിവന്നു...

അവസാനം അമ്മ അഗതിമന്ദിരത്തിലുമായി...


അത്രയും കേട്ടപ്പോൾ തന്നെ മനുവിൻെറ ശരീരം പാതി തളർന്നു... 

തൻെറ മാളു സുഖമായിരിക്കുന്നുവെന്ന് വിചാരിച്ചു ഒരു നോക്ക് കാണാനോ അന്വേഷിക്കാൻ വരാനോ തോന്നാതെ സന്തോഷത്തോടെ ജീവിച്ച ദുഷ്ടനാണ് ഞാൻ...

അവൻ സ്വയം മനസ്സിൽ ശപിച്ചു... 

ഞാനാണമ്മേ മാളുവിനെ ഇങ്ങനെയാക്കിയത്

എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് അവനമ്മയുടെ കാൽക്കൽ വീണു... 

മനസ്സ് വേദനിച്ച് അവൻെറ ശബ്ദമിടറുന്നത് കേട്ട് ആ കണ്ണീർ കണ്ട് അമ്മ അവൻെറ നെറുകയിൽ തലോടി... 

അവൻെറ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു...


മോന് കാണണ്ടേ എൻെറ മോളേ... ???


വേദനയിലും കണ്ണുകൾ തുടച്ചുകൊണ്ട് അവൻ മൂളി... 

ആ കണ്ണുകളിൽ മാളുവിനോടുള്ള നിലയ്ക്കാത്ത സ്നേഹക്കടൽ അമ്മയ്ക്ക് കാണാമായിരുന്നു...

ആ മനസ്സിനെ അപ്പോൾ ഒരേ ഒരു ചോദ്യമേ 

നീറ്റുന്നുണ്ടായിരുന്നുള്ളൂ...


'തൻെറ പ്രാണനെ പോൽ സ്നഹിച്ച

മാളു ഇന്നെവിടെയാണ്.....???'


മനുവിൻെറ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി അമ്മ അവനെയും കൂട്ടി 

പുറപ്പെട്ടു...


ഒരുപക്ഷേ വർഷങ്ങളായി മാളു മനസ്സിൽ ആഗ്രഹിച്ച ഒരു കൂടിക്കാഴ്ചയാവാം ഇത്...

നീണ്ട കാത്തിരിപ്പിൻെറ, 

നിറഞ്ഞു തുളുമ്പിയ കണ്ണീരിൻെറ, 

നിലയ്ക്കാത്ത സ്വപ്നങ്ങളുടെ,

കണക്കില്ലാത്ത ഓർമ്മകൾ....


നാല് വർഷങ്ങൾ നാൽപത് വർഷങ്ങൾ

പോലെയായിരുന്നു മനുവിന്...

ഒരാണിന് ഇത്രമേൽ എങ്കിൽ വർഷങ്ങൾ

തനിക്കായി കാത്തുവച്ചിരുന്ന മാളുവിന്

എങ്ങനെയാവും...

തൻെറ മനസ്സിൽ ഇന്നും അവളോടുള്ള

ഇഷ്ടം ഒരു തരി കുറയാതെ കൊണ്ടുനടക്കുന്ന പോൽ മാളുവിൻെറ 

മനസിലും താനുണ്ടാവുമോ...

അവൾക്ക് അമ്മ പറയും പോലെ 

എന്താവും പറ്റിയിട്ടുണ്ടാവുക...


ഒരായിരം ചോദ്യങ്ങളും ചിന്തകളും അവനെ 

തളർത്തിക്കകൊണ്ടിരുന്നു...

എല്ലാറ്റിനുമിടയിൽ ഒരേ ഒരു സന്തോഷത്തിന്

മാത്രമാണ് പ്രാധാന്യം....

മാളുവിലേയ്ക്കുള്ള തൻെറ അകലം

കുറഞ്ഞുവരുന്നു...

അൽപനേരത്തിനകം മാളുവും താനും

കണ്ണോട് കണ്ണിട്ട് എല്ലാം പറഞ്ഞു തീർക്കാം...

അവളുടെ മടിയിൽ തലചായ്ച്ചൊന്ന്

പൊട്ടിക്കരയണം...

മാപ്പ് ചോദിക്കണം...


മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ

നടത്തി ഒരു ചെറുപുഞ്ചിരി അധരങ്ങൾക്കുമേൽ വിടർത്തും മുൻപേ

അവർ വന്ന കാർ ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് കടന്നു...


നെഞ്ചിനകത്തൊരു വെള്ളിടി വെട്ടിയ പോലെ... 

പാതി തളർന്ന മനസ്സോടെയവനിരുന്നു...

ഒന്നും മിണ്ടാതെ അമ്മയ്ക്കൊപ്പം രണ്ടാം നിലയിലേക്കുള്ള ചവിട്ടുപടികൾ കയറുമ്പോൾ അവൻ പഴയ ഓർമ്മകൾ ഓരോന്നും ഓർത്തെടുക്കുകയായിരുന്നു... 

അവളുടെ ചിരിയും കുസൃതിയും നിറഞ്ഞ അവരുടേതായ നിമിഷങ്ങൾ... 

എല്ലാം ഒരു ശരവേഗത്തിൽ മനസ്സിലൂടെ കടന്നുപോയി.... 

നാല് വർഷങ്ങൾ കഴിഞ്ഞുള്ള ഒരു കൂടിക്കാഴ്ച... 

തൻെറ ജീവനായ മാളുവിനെയൊന്ന് കാണാൻ ഉള്ളം തുടിക്കുന്നു...


രണ്ടാം നിലയിലെ ഒരറ്റത്തെ മുറിയെ ലക്ഷ്യമാക്കി നടന്ന അമ്മയ്ക്ക് പിറകെ അവനും... 

മുറിയിലേയ്ക്ക് കാലെടുത്ത് വച്ചതും അവൻെറ ഹൃദയമിടിപ്പ് കൂടും പോലെ... 

നെഞ്ച് പൊട്ടും പോലെ...

അപ്പോഴേയ്ക്കും പിറകിൽ നിന്നുമൊരു സിസ്റ്ററുടെ ശബ്ദം...


"ശ്രദ്ധിക്കണം... 

ചിലനേരം വൈലൻറ് ആവുന്ന പേഷ്യൻറ് ആണ്... 

വന്നിരിക്കുന്നത് ആരായാലും ആ കുട്ടി മനുവേട്ടനാണോ എന്ന് ചോദിച്ചാൽ സമ്മതിച്ചു കൊടുക്കണം... "


അത് കേട്ടതും കത്തിതറച്ച് കേറുന്ന വേദനയ്ക്കിടയിലും പൊഴിഞ്ഞ സന്തോഷത്തിൻ കണ്ണീർ നനവ് അവൻ പതിയെ തുടച്ചു...  

മുറിയ്ക്കുള്ളിൽ ഒരു കട്ടിലും, 

അതിന് താഴെ ചിതറിക്കിടക്കുന്ന കളർ പെൻസിലുകളും, കട്ടിൽക്കാലിലായി 

ചേർത്ത് കെട്ടിയ ഒരു ചങ്ങലയും കണ്ടു... 

നീണ്ടു കിടക്കുന്ന ചങ്ങലയുടെ അറ്റം വെളുത്തൊരാ പാദത്തെ വരിഞ്ഞ് മുറുക്കിയിരിക്കുന്നു...


അതെ തൻെറ മാളൂ...


മുടിയൊക്കെ വിരിച്ചിട്ട് കളർ പെൻസിലുകൾ കൊണ്ട് ചുമരിലെല്ലാം കുറിച്ചുവയ്ക്കുന്ന തിരക്കിലാണവൾ...

ഇടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്...


"മനുവേട്ടൻെറ പെണ്ണാ.... 

എൻെറയാ എപ്പോഴും... 

കാത്തിരിക്കുവാ..... 

വരും നാളെ വരും എന്നെ കൊണ്ടോവാൻ... 

കരയല്ലേ പറഞ്ഞിട്ടുണ്ട് മനുവേട്ടൻ...."


പിന്നീടൊരു തേങ്ങലാണ് കേട്ടത്... 

പണ്ട് മനസ്സിൻെറ കോണിൽ മായാതെ കിടക്കാനെൻെറ പേര് കുറിച്ചിടാൻ പറഞ്ഞതിൻെറ ഓർമ്മയിലാവും 

ഇന്നിവളിത് മുറിയുടെ ചുമരിൽ 

മുഴുവൻ മനുവേട്ടൻ എന്ന് എഴുതിവച്ചുകൊണ്ടിരിക്കുന്നത്... 

അവൻ പതിയെ അവളുടെ അടുത്തേയ്ക്ക് ചെന്നു... 

ആ ചങ്ങല കൊണ്ട് മുറിഞ്ഞ കാലിൽ 

തൊട്ട് വിങ്ങിപ്പൊട്ടി... 

മാപ്പ് ചോദിക്കാനർഹതയില്ലാത്തവനെ പോലെ നീറുന്ന മനസ്സുമായി മാളൂ.... എന്ന് വിളിച്ചു.. 

പെട്ടെന്ന് ആ വിളി കേട്ടതും അവനെ നോക്കുക കൂടി ചെയ്യാതെ ജനലരികിലെയ്ക്കോടി മനുവേട്ടൻ വന്നോ എന്ന് ദൂരെ നോക്കി ചിണുങ്ങിക്കൊണ്ട് അവൾ നിന്നു...


വീണ്ടും മാളൂ... എന്ന് വിളിച്ചപ്പോൾ 

അവളുടെ പെരുമാറ്റം മാറിവരുന്നത് 

അവൻ കണ്ടു...


തലമുടി പിച്ചിവലിച്ച് നിലത്ത് ചങ്ങലയിട്ട കാൽ വച്ചടിച്ചു... 

പിന്നെ നിലത്തങ്ങ് വീണ് അലറിക്കരയാൻ തുടങ്ങി... 

അവളുടെ ആ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ അവനാ മുറിയിൽ നിന്നും

നെഞ്ച്പൊട്ടും പോലെ ഇറങ്ങിപോയി...


മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച പോൽ ഡോക്ടറുടെ മുറിയിലേയ്ക്ക് കയറിച്ചെന്നു... മാളുവിനെ അവൻ താമസിക്കുന്ന നഗരത്തിലെ നല്ലൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാനുള്ള കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു..


തിരിച്ച് പോവാൻ നേരം മാളൂൻെറ അമ്മയോട് താൻ വന്നതെന്തിനെന്ന കാര്യം അവതരിപ്പിച്ചു...

ഇത്രയും എല്ലാമറിഞ്ഞും അവൻെറ കളിക്കൂട്ടുകാരിയെ ഇപ്പോഴും സ്നേഹിക്കുന്ന അവൻെറ മുന്നിൽ നിറകണ്ണുകളോടെ കൈതൊഴുതു നിന്നു ആ അമ്മ.  

ആ കൈകൾ പിടിച്ചുകൊണ്ട് അവൻ അമ്മയോട് പറഞ്ഞു...


"ജീവിതത്തിൽ ഒരു പെണ്ണിനേ മാത്രമേ ഉള്ളിൽ കൊണ്ട് നടന്നിട്ടുള്ളൂ അമ്മേ...


എൻെറ വാക്കിൽ എന്നെക്കാത്തിരുന്നവളാണ് മാളു...


ഇന്ന് മറ്റ് ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല അവൾക്കെങ്കിലും 

അവളുടെ മനസ്സിലും മൊഴിയിലും മനുവേട്ടനായി ഞാൻ മാത്രമേയുള്ളൂ...


അവളിനിയെന്റെ പഴയ മാളു ആയി 

എൻെറ ജീവിതത്തിലേക്ക് വരാൻ അതിനി എത്ര നാളാവുമെങ്കിലും അതുവരെയും

അവളെ പൊന്ന് പോലെ നോക്കി കാത്തിരിക്കും...."


അമ്മയ്ക്ക് വാക്ക് കൊടുത്തിറങ്ങുമ്പോൾ ആ രണ്ടാം നിലയിലെ മുറിയിൽ മനുവേട്ടൻെറ ഓർമ്മകളിൽ ജീവിക്കുന്ന മാളുവിൻെറ അലറിക്കരച്ചിലുകളും, പൊട്ടിച്ചിരികളും ഉയർന്നുകൊണ്ടേയിരുന്നു...


Rate this content
Log in

Similar malayalam story from Romance