കടൽചിന്തകൾ
കടൽചിന്തകൾ


നീ ആഴങ്ങളിൽ ആയിരുന്നു , ഞാൻ തീരത്തും. ആർത്തിരമ്പുന്ന ആഴക്കടലിലെ അടിയൊഴുക്കുകളിലും, ചുഴികൾക്കുമിടയിൽ നീ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നത് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.
തിരമാലകൾ നിന്നെ എന്നിലേക്കെത്തിക്കുമെന്ന് വിശ്വസിച്ച വിഡ്ഢി ആയിരുന്നു ഞാൻ.
പക്ഷെ, നീ ആഴക്കടലിന്റെ പ്രക്ഷുബ്ധതകൾക്കിടയിലും പറ്റി പിടിച്ചു വളർന്നു. ഞാൻ തീരത്തെ പാറക്കെട്ടിലും.
കരയിലെ തിരമാലകളെ നേരിടുന്നത് വലിയ കാര്യം ആയി ഞാൻ കരുതിയിരുന്നു , എന്നാൽ ആഴക്കടലിലെ ക്ഷോഭങ്ങൾക്കിടയിൽ ഇവ വെറും നിസ്സാരർ ആണെന്നു അറിഞ്ഞിരുന്നില്ല .
പ്രശ്നങ്ങളെ നേരിടാൻ നിന്റെ പുറംതോടുകളെ നീ മറയാക്കി,
നിന്റെ കണ്ണുനീർ തുള്ളികൾ മുത്തുകൾ ആയും മാറി.
പക്ഷെ ചെറിയ തിരമാലകൾ പോലും എന്റെ ദേഹത്തു തട്ടുമ്പോൾ തൂങ്ങി വീഴുമോ എന്നു ഭയപ്പെട്ട ഞാൻ ആ പാറയിൽ അള്ളി പിടിച്ചിരുന്നു. എന്റെ ഉള്ളു പൊള്ളയായും മാറി.
ദുഷ്കരമായിട്ടും നിന്നെ തേടി ആളുകൾ വന്നു കൊണ്ടിരുന്നു, തീരത്തു തന്നെ ഉണ്ടായിട്ടും എന്നെ ആരും കണ്ടില്ല.
വന്നവരുടെ തന്നേ കാലും കൈകളും എന്റെ മുരു മുരുത്ത ശരീരത്തിൽ തട്ടി കീറി പോയിരുന്നു .
ഞാൻ പാറക്കെട്ടിൽ വളർന്നു തളർന്ന തോടു മാത്രം ഉള്ള കക്ക ആയിരുന്നു, നീ ആഴക്കടലിൽ വിരിഞ്ഞ പവിഴവും.
കാലം നിന്നെ രാജ സദസ്സിലും , ആരും അസൂയയോടെ നോക്കുന്ന മണിമാളികകളിലും എത്തിച്ചു.
ഞാൻ അപ്പോഴും ആ പാറക്കെട്ടിൽ പറ്റി ചേർന്നു നിന്നെയും കാത്തിരുന്നു.