Jannaah ❤️

Romance

4.0  

Jannaah ❤️

Romance

പ്രണയത്തിൻ്റെ വയലറ്റ് പൂക്കൾ

പ്രണയത്തിൻ്റെ വയലറ്റ് പൂക്കൾ

14 mins
645


"നിങ്ങളെ പ്രണയിച്ചത് പോലെ മറ്റാരെയും ഞാൻ പ്രണയിച്ചിട്ടില്ല, നന്ദാ..."

അവളത് പറയുമ്പോൾ കത്തി ജ്വലിക്കുന്ന സൂര്യൻ്റെ അവസാന ഭാഗവും ആർത്ത് അലച്ചു തീരം തൊടുന്ന കടലിൻ്റെ നീലിമയിലേക്ക് ആഴ്‌ന്ന് പോയിരുന്നു... 


ആ പെണ്ണിൻ്റെ പതിഞ്ഞ സ്വരം കാതിൽ പതിഞ്ഞ വേളയിൽ അയാള് ചിരിച്ചു... നന്ദനെ കണ്ട മാത്രയിൽ ജഹനാര അത്രയും കൗതുകം കൊണ്ട് നോക്കിയിരുന്നതും ആ പുഞ്ചിരിയായിരുന്നു... പിന്നെ ഒരായിരം കവിതകൾ ഒളിക്കുന്ന ആ ചെമ്പൻ മിഴികളും... അത് അയാൾക്ക് നൽകിയ ഭാവം അവളെ അത്രമേൽ ആകർഷിച്ചു പോയിരുന്നു...


"അല്ലെങ്കിലും എൻ്റെ പ്രണയങ്ങൾ അത്രയും എൻ്റേത് മാത്രമായിരുന്നില്ലെ...നിങ്ങളെ കണ്ടെത്തുന്നത് വരെയും... "

ആ വാക്കുകൾ അയാൾക്ക് ഉള്ളിലേക്ക്... അയാളുടെ വേരുകളിലേക്ക് ആഴ്ന്ന് പോയി... പതിവ് പോലെ അലസമായി കാഴ്ചകളെ നോക്കുന്നതിന് നന്ദൻ ഇന്ന് വിരാമമിട്ടിരുന്നൂ...


മുഖം ചെരിച്ച് അടുത്ത് ഇരിക്കുന്നവളെ ഒന്ന് നോക്കി... ആ മിഴികൾ കടൽ തിരയിലേക്ക് തന്നെ ബന്ധനപ്പെട്ട് കിടക്കുകയാണ്... എന്നും കാണുന്നതിൻ്റെ ഈർഷ്യ അല്പം പോലും ഇല്ലാതെ അവളത് ആസ്വദിക്കുന്നത് കാണാൻ തന്നെ വല്ലാത്ത ചന്തമായിരുന്നൂ... അയാള് ആ പെണ്ണിനെ പ്രേമപൂർവ്വം വീക്ഷിച്ചു...  ശേഷം പ്രണയം ചാലിച്ച തൻ്റെ സ്വരം നന്നേ കുറച്ച് പലയാവർത്തി ചോദിച്ച കാര്യം ഒരിക്കൽ കൂടി അവളോട് അയാള് ആവർത്തിച്ചു...


"അവരോട് ആരോടും നിനക്ക് വെറുപ്പ് തോന്നിയിട്ടില്ലെ, ജഹനാരാ ??"


അവള് മറുപടി നൽകിയില്ല... അല്ലെങ്കിലും അവളാ ചോദ്യത്തെ അയാളിൽ നിന്നും പലപ്പോഴും വീറോടെ അവഗണിച്ച് കളയുകയാണല്ലോ പതിവ്...? ഇത്തവണയും അത് തന്നെ പാലിച്ചു... നന്ദനറിയാം... അത് ജഹനാരയാണ്... ഉറപ്പുള്ളവൾ...

പറയാൻ ഇഷ്ടം ഇല്ലാത്ത എന്തിനെയും ഏതിനെയും ഒരു നോട്ടത്താൽ മറച്ചു വയ്ക്കുന്നവൾ...


ചിന്തകൾക്ക് മേൽ അയാള് പുഞ്ചിരിച്ചു... തൻ്റെ രോമരാചികൾ നിറഞ്ഞ വിരി മാറിൽ മുഖം ഒളിപ്പിക്കുന്ന ആ ഇത്തിരിപ്പോന്ന പെണ്ണിനെ നന്ദൻ കുസൃതിയോടെ നോക്കി ഇരുന്നു പോയി... അവൾക്കത് ഇഷ്ടമാണ്... നന്ദൻ്റെ ഓരോ മിഴി വായ്പ്പുകളും തന്നിലേക്ക് നീളാനും... അയാളുടെ ശ്രദ്ധ തന്നിൽ മാത്രം ഒതുക്കി നിർത്താനും അവളിലെ കൗമാരം വിടാത്ത പ്രണയിനി ഉള്ളിൽ ഇരുന്ന് നിറഞ്ഞ് വാശി കാട്ടും... പിന്നെ ഒരു കുട്ടി പെണ്ണിൻ്റെ കുറുമ്പ് കാട്ടി പൊട്ടിച്ചിരിക്കും... ഒടുവിൽ പക്വത നിറഞ്ഞ സ്ത്രീയെ പോലെ സ്വയം ഗൗരവം നടിക്കും... ഒരേ നിമിഷം അവളിൽ കടന്നു പോകുന്ന നിരവധി വ്യതിയാനങ്ങൾ... അപ്പോഴും അവൾക്കുള്ളിലെ കാമുകിക്ക് പതിനെട്ടിന്റെ പകിട്ടായിരുന്നൂ... അയാളുടെ പാട്ടിന് കാതോർക്കുന്ന ... അവയെ കൗതുകം കൊണ്ട് ശ്രവിക്കുന്ന അതേ കുട്ടിപ്പെണ്ണ്...  


നന്ദൻ ഒരു സംഗീതജ്ഞനാണ് ... സിനിമാ മേഖലയിൽ അതി പ്രശസ്തൻ... അത്രയും ഉയർന്നവൻ... അത്രയും ആരാധനാ വലയമുള്ളവൻ ... പല ഭാഷയും അയാൾക്ക് വഴങ്ങും... അതിനെയെല്ലാം ചൂണ്ടു വിരൽ കൊണ്ട് തന്നിലേക്ക് പകർത്തി എടുത്ത് ഓരോ സിനിമാക്കാർക്കും കൊടുക്കുകയാണ് പതിവ്... നന്ദൻ്റെ മാന്ത്രിക വിരലിൽ വിരിയുന്ന വരികളും ഹൃദയത്തില് നിന്നും നൂണ്ട് വരുന്ന പാട്ടിൻ്റെ ഈണങ്ങളും കേൾവിക്കാരുടെ ഹൃദയത്തെ എത്രയോ ആവർത്തി അയാളിലേക്ക് ചേർത്ത് നിർത്തിയതാണ്... തങ്ങളുടെ ആത്മാവിനോളം അലിഞ്ഞ അയാളുടെ സ്വരത്തെയും വരികളെയും എത്രയെത്ര കമിതാക്കൾ ഹൃദയത്തോട് ഒതുക്കിയതാണ്... അതിലൊരു കാമുകിയായിരുന്നു അവളും...

അയാളുടെ വരികളെ... അയാളുടെ ഈണത്തെ... അയാളുടെ ഹൃദയത്തെ അത്രയേറെ പ്രണയിച്ച കാമുകി...


തമ്മിൽ കാണുന്ന ചുരുക്കം ചില ഇടവേളകളിൽ അയാളുടെ ഭ്രാന്തൻ വരികൾക്ക് വീണ മീട്ടി നന്ദന് ചാരെ ജാഹനാര ഇരിക്കുന്നുണ്ടാകും ...അതവൾക്ക് എത്രയോ മടങ്ങ് ആനന്ദമാണ് നൽകിയത്... അതിലവൾ തന്നിലെ പ്രണയത്തെ സദാ തിരഞ്ഞു കൊണ്ടിരിക്കും... ആ തിരച്ചിലിന് ഒടുവിൽ അവള് അയാളോട് ചോദിക്കും... ആദ്യപ്രണയം അനുഭൂതിയോടെ ഉൾകൊള്ളുന്ന കാമുകിയുടെ ലാഘവത്തോടെ...


"നന്ദാ... ശെരിക്കും പറയൂ... താനിത് എന്നെ വർണ്ണിച്ചു പാടുന്നത് ആണോ...??" 

നന്ദൻ വെറുതെ ഒരു നോക്കിൽ അവളെ ഉലച്ചു കളയും... അതേ എന്ന അർഥം അവൾക്ക് മാത്രം അറിയുന്ന ഭാഷയിൽ അയാള് മൗനം പൂണ്ട് പറഞ്ഞു കൊണ്ടിരിക്കും... അത് ജഹനാരയറിയും... അല്ല... അത് അവളല്ലാതെ മറ്റാരറിയാനാണ്...? 

“നന്ദാ...വെറുതെ ഒന്ന് പാടെടോ... താനാ ബാൽക്കണിയിൽ ഇരുന്ന് പാടാറില്ലേ... അതുപോലെ.... "


അത്രയും പറഞ്ഞു കൊണ്ട് അയാളുടെ കൈകൾക്ക് ഉള്ളിലേക്ക് അവള് തൻ്റെ ദേഹത്തെ ഒതുക്കി നിർത്തി... പിന്നെ കണ്ണുകൾ സൗമ്യമായി മെല്ലെ അടച്ചു... അയാളുടെ ദേഹത്ത് നിന്നും വമിക്കുന്ന ഒരുതരം ഉന്മാദ ഗന്ധം അവളിലെ പ്രണയിനിയെ മോഹിപ്പിച്ചു കൊണ്ടിരുന്നു...

ആ മാറിടം മുഴുവൻ ചുണ്ടുകൾ കൊണ്ട് മൃദുവായി ചുംബിച്ച് അവള് തൻ്റെ പ്രേമം അവനായി പകർന്നു... അവൾക്ക് തൻ്റെ വികാരങ്ങളെ അടക്കി വയ്ക്കുന്നത് അൽപം പോലും ഇഷ്ടം ആയിരുന്നില്ല...


"പാടൂ നന്ദാ... താനത് പാടുമ്പോൾ എന്തൊരു രസമാണ്... എൻ്റെ കേൾവിയിൽ ഇതുവരെയും ഇത്ര മനോഹരമായ സ്വരം ഞാൻ കേട്ടിട്ടേയില്ല... "

വികാര തീവ്രതയോടെ വിറക്കുന്ന അവളുടെ വാക്കുകൾക്ക് നന്ദൻ ഉത്തരം നൽകി... അയാള് പാടി... ചുറ്റുമുള്ളവയെ അത്രയും വിസ്മരിച്ച്... തൻ്റെ ആത്മാവിനെ അതിൽ കലർത്തി എടുത്ത്... അത്രയും ഹൃദ്യമായി പാടി... അത്രയും ആർദ്രമായി പാടി... 


അവള് സ്വയം മറന്നു... തൻ്റെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ ഇറങ്ങി പ്രണയപരവശയായി അവള് അയാളെ കേൾക്കാൻ എത്രയോ ആവർത്തി ഇങ്ങനെ നിന്നിട്ടുണ്ട്... ചില രാത്രികളിൽ അയാളുടെ സ്വരമാധുര്യത്തെ ആ ഇരുളിൽ എത്രയോ തവണ തേടി അലഞ്ഞിട്ടുണ്ട്... മനോഹരമായ രാഗങ്ങൾ അയാളിൽ നിന്നും കേട്ട മാത്രയിൽ എത്രയോ തവണ വിവശതയോടെ ഹൃദയം കൊണ്ട് ഒപ്പം ചേർന്നിട്ടുണ്ട്... ഓർമ്മകൾ അവളിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചു...


പാറി അകലുന്ന മുടിയിഴകളെ വകഞ്ഞ് ഒതുക്കി അതിന് മേൽ അവള് തട്ടം പിടിപ്പിച്ചു... എങ്കിലും കരക്കാറ്റ് ഇക്കിളി കൂട്ടി... കിന്നാരം ചൊല്ലി അവളുടെ കാപ്പി കളറിൽ നിറം ചാലിച്ച മുടിയിഴകളെ തന്നിലേക്ക് വലിച്ച് അണച്ചു... അവയെ സ്വാതന്ത്ര്യം നേടാൻ ഒരു തരത്തിലും അനുവദിക്കാതെ ജഹനാരയുടെ വിരലുകൾ പലയാവർത്തി വില്ലൻ വേഷം കെട്ടിയാടുന്നതും കാണാമായിരുന്നു...


"തിരികെ പോകണ്ടേ...?? സമയം വൈകി പോകുന്നു... "

ഈ ചോദ്യം അയാളിൽ നിന്നും ഉയരുമ്പോൾ മാത്രം അവളുടെ നെഞ്ചില് വല്ലാത്ത നോവ് പകരും... കൊളുത്തി വലിയുന്ന നോവ്... തനിക്ക് പോകാനേ തോന്നുന്നില്ല എന്ന കുഞ്ഞ് വാക്കിനാൽ പരിഭവം പറയും... അയാളുടെ കൈ കുഴിക്ക് ഉള്ളിലേക്ക് അവള് ചേർന്ന് നിൽക്കും... പിന്നെ അയാളുടെ അവസരമാണ്... നന്ദൻ്റെ ചുണ്ടുകൾ ആ നെറുകയിൽ അമരും... അപ്പോൾ അവള് പിടഞ്ഞ് ഒട്ടും... 


"എൻ്റെ സ്വരം നിനക്കായി ഉയർന്നു കൊണ്ടെയിരിക്കും ജഹനാരാ... നിൻറെ ബാൽക്കണിയോട് ചേർന്ന് എൻ്റെ ശ്വാസതാളം എപ്പോഴും ഉയർന്നു കൊണ്ടിരിക്കും... നീയത് മടുക്കുന്നത് വരെയും.... "

അയാളുടെ ചുവന്ന നിറമുള്ള അധരങ്ങൾ മനോഹരമായി പുഞ്ചിരി പൊഴിച്ചു... ആ ശബ്ദം പതിവിലും രാഗാർദ്രമയി...

ജഹനാരയുടെ നോവ് അവസാനിക്കപ്പെട്ടൂ...

അയാളുടെ ഉത്തരം എത്ര വേഗത്തിലാണ് അവളുടെ ഹൃദയത്തിൻ്റെ അറകളിലെ നോവുകളെ ശമിപ്പിച്ചത്...  ഒളികണ്ണുകളാൽ തൻ്റെ മിഴി കോണിലേക്ക് നന്ദനേ അവള് മാടി വിളിച്ചു... അതു കാണെ ആ മുഖം വിടരുകയും തൻ്റെ ചുണ്ടിലെ പുഞ്ചിരി കൈ വിടാതെ അവളുടെ കുറുകിയ വിരലുകളിൽ അയാള് മുത്തമിടുകയും ചെയ്തു... അവളത് മിഴി ചിമ്മാതെ നോക്കി നിന്നു... അയാളിൽ ആ നിമിഷം പ്രണയഭാവം നിറയുന്നത് കാണാൻ എന്തൊരു ഭംഗിയാണ്...?? 

അവയെ തൻ്റെ അധരങ്ങളാൽ തലോടാൻ അവള് കൊതിയോടെ നോക്കി ...


പൂഴി മണലിനേ ചവിട്ടി മെതിച്ച് നന്ദൻ്റെ കൈകൾക്ക് ഉള്ളിൽ വിരലുകൾ കോർത്ത് ജഹാനാര തിരികെ നടന്നു...  മുംബൈ തെരുവിൽ നന്ദൻ്റെ കൈകൾ കോർത്ത് നടക്കുന്നത് അവൾക്ക് ഏറ്റവും പ്രിയമുള്ള കാര്യമാണ്... വഴിയരികിലെ ചായക്കടയിൽ നിന്ന് ചൂട് മസാല ചായ ഊതി കുടിക്കുന്നതും... അയാളുടെ കപ്പിൽ നിന്നും തൻ്റെ പങ്ക് കുസൃതിയോടെ വാങ്ങി വയ്ക്കുന്നതും... കണ്ണിറുക്കി ഒരു കള്ള ചിരിയോടെ അത് മോന്തി കുടിക്കുന്നതും ജാഹനാരയുടെ ഭ്രാന്തൻ പ്രേമത്തിന് എന്നും മുതൽക്കൂട്ടായിരുന്നൂ....


ഇന്നും നന്ദൻ്റെ മൺ ഗ്ലാസിൻ്റെ ഓരത്ത് നിന്നും രണ്ടിറക്ക് മോന്തി ജഹനാര അടുത്തുള്ള തടി ബെഞ്ചിൽ പോയിരുന്നു... ആ പെണ്ണിൻ്റെ മേൽ ചുണ്ടിൽ നേർത്ത രേഖ പോലെ ഒരു വെളുത്ത വര കാണാമായിരുന്നു... ചായ കുടിച്ചതിൻ്റെ ശേഷിപ്പാണത്... അത് കണ്ട മാത്രയിൽ തനിക്കുള്ളിലെ കൗമാരക്കാരനായ കാമുകൻ ഉണരുന്നത് നന്ദനറിഞ്ഞൂ... കൈകൾ നീട്ടി ആ ചുണ്ടുകളെ ഒപ്പി എടുക്കുമ്പോൾ അവനുള്ളം ഒരു പത്താം ക്ലാസ്സുകാരനേ പോലെ വിറകൊണ്ടു... 


ആ മുഖത്ത് വിരിയുന്ന വ്യത്യസ്ത ഭാവങ്ങളെ ഹൃദ്യമായി നോക്കി കൊണ്ട് ജഹനാര അയാളുടെ കൈ വെള്ളക്ക് ഉള്ളിൽ അധരങ്ങൾ അമർത്തി...

" ഇനി എന്നാണ് നന്ദാ ഒരു കൂടി കാഴ്ച..?"

ആ ചോദ്യത്തിൽ അവൾക്ക് ഉള്ളിലെ വിരഹിണി ബന്ധനം പൊട്ടിച്ച് പുറത്ത് ചാടി... 

"ഇതുപോലെ ഒരുനാൾ..."


അവളുടെ താടി ഉയർത്തി നന്ദൻ ആ മുഖത്തെ ആകമാനം വാത്സല്യ വായ്പ്പോടെ നോക്കി... ഈറൻ മിഴികളെ വകഞ്ഞ് ഒതുക്കി ഒരു ചിരി അവനായി സമ്മാനിക്കുമ്പോൾ പ്രണയത്തിൻ്റെ ഒരു പിടി വയലറ്റ് പൂക്കൾ അവൾക്കായി അയാളും സമ്മാനിച്ചു...


                    ★


ആ ഫ്ലാറ്റിൻ്റെ ഉള്ളിലെ ഇരുളിനേ ഒരു നേർത്ത വെളിച്ചം കൊണ്ട് പോലും നശിപ്പിച്ചു കളയാൻ അവൾക്ക് തോന്നിയില്ല... ബുദ്ധിയും മനസ്സും ഒരു പോലെ ആ സായാഹ്ന വേളയിലായിരുന്നൂ... അവള് ആ നേരം തൻ്റെ പ്രേമത്തിന് പല വർണ്ണങ്ങളിൽ നിറം ചാലിക്കുകയായിരുന്നു... അവയുടെ പകിട്ട് ഓർക്കുകയായിരുന്നു... പിന്നെ ആ ചേർത്ത് നിർത്തലും നെറ്റിയിൽ അമർന്ന അയാളുടെ ചുണ്ടുകളുടെ മാർദ്ദവവും ഓർക്കുകയായിരുന്നു ...


സ്വപ്ന സഞ്ചാരങ്ങൾക്ക് ഒടുവിൽ മുന്നിലെ സ്ഫടിക പാത്രം കവിഞ്ഞ് ഇരിക്കുന്ന വയലറ്റ് പൂക്കളെ ലാസ്യ ഭാവത്തോടെ അവള് ഉറ്റു നോക്കി... അവയുടെ ഓരോ ഇതളുകളിലും ചുണ്ട് ഉരസുമ്പോൾ അതെല്ലാം നന്ദൻ്റെ അധരങ്ങളോളം മൃദുവായി തോന്നി ജഹനാരക്ക്... അവൾക്ക് ചുറ്റും ആ വയലറ്റ് പൂക്കളുടെ സുഗന്ധം പരക്കുകയും അവയിൽ നിന്നും വേർതിരിച്ച് എടുക്കാൻ കഴിയാത്ത വണ്ണം അയാളുടെ മനോഹരമായ മണം കൂടികലരുകയും ചെയ്തൂ... 


ചുറ്റും നന്ദൻ നിറഞ്ഞു നിൽക്കുന്നത് പോലെ... ആ സ്വരം തന്നിലേക്ക് മാത്രമായി ഉയരുന്നത് പോലെ... അയാളുടെ വിരലുകൾ തന്നിലേ വികാരങ്ങൾക്ക് മൂർച്ച കൂട്ടുന്നത് പോലെ...


അന്നത്തെ രാത്രിയുടെ ഇരുളിൽ മറഞ്ഞു നിന്നു കൊണ്ട് അവള് ഉറക്കെ വിളിച്ചു...  

"നന്ദാ.. നന്ദാ... "


പൊടുന്നനെ പെണ്ണിന് ജാള്യത തോന്നി... വായ പൊത്തി തലയിൽ മെല്ലെ ഒന്ന് തല്ലി നിലത്തേക്ക് ചായുമ്പോൾ അകലെ ഏതോ ഒരു കോണിൽ അവളുടെ മുഖത്തെ ഉള്ളാലെ പ്രേമിച്ച് നന്ദനും ഉണ്ടായിരുന്നു...


ജഹനാര പ്രണയിച്ച നിരവധി പുരുഷന്മാരിൽ ഒരാള് ആയിരുന്നു നന്ദൻ... ഇന്നുവരെ പ്രണയിച്ചതിൽ വച്ച് അവസാന സ്ഥാനം കൈ കൊള്ളുന്ന ആള്...


അവള് നിഷ്കളങ്കയായിരുന്നു... അവളിൽ ഉരുത്തിരിയുന്ന പ്രണയം പക്വത നിറഞ്ഞതും... ആ പ്രണയം ഉൾകൊള്ളാൻ തക്ക പ്രാപ്തിയുള്ള ഒരാള് പോലും ജഹനാര പ്രണയിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല... അവരുടെ പ്രണയം പലപ്പോഴും പ്രണയത്തിൻ്റെ ഒരു ഭാഗമായിരുന്ന കാമത്തിൽ മാത്രം ഒതുങ്ങുന്നവയായിരുന്നൂ... അല്ലെങ്കിൽ അവളെ ബന്ധിക്കുവാനും തങ്ങളുടെ കീഴിൽ മറച്ചു വയ്ക്കാനും വെപ്രാളം കൂട്ടുന്നവ മാത്രം... ഒരിക്കൽ പോലും പ്രണയത്തിൻ്റെ യഥാർഥ ഭാവം അവരിൽ നിന്നും അവൾക്ക് ദൃശ്യമായിരുന്നില്ല...


ഓരോ പ്രണയനഷ്ടവും അവളെ വല്ലാതെ തകർത്തു കളയും... ആ വേളയിലത്രയും ഛായാമുഖിക്ക് മുന്നിൽ നിറഞ്ഞ് നിന്ന് തന്നിലെ കുറവുകളെ അവള് വീക്ഷിക്കുന്നുണ്ടാകും... ഇനി എത്രയൊക്കെ നോക്കിയാലും കാര്യമായി ഒന്നും തന്നെ ദേഹത്ത് കാണുവാൻ അവൾക്ക് കഴിയുമായിരുന്നില്ല... അതാ പെണ്ണിനെ നിരാശയുടെ പടുകുഴിയിൽ മുക്കി താഴ്ത്തും...

ഇനി മറ്റെന്താണ് തൻ്റെ പ്രശ്നം..?? താനൊരു നല്ല കാമുകി അല്ലേ..??


ചോദ്യ ശരങ്ങൾ അവളുടെ ഇടത് മാറിൽ തുളച്ചു കയറും... നിലത്തേക്ക് ചാഞ്ഞ് തന്നെ ചവിട്ടി മേതിച്ച് പോയി കളഞ്ഞ അനേകം കാമുകൻമാരോട് ആയി അവള് വീണ്ടും... വീണ്ടും ചോദിക്കും... 

"എനിക്ക് എന്തായിരുന്നെടോ കുഴപ്പം...??"

സ്വയം ചോദിച്ചും പരസ്പരം ചോദിച്ചും ഏറ്റവും ഒടുവിൽ അവൾക്ക് ആ ഉത്തരം കൈ വന്നു... 


" എൻ്റെ പ്രണയവും അവരുടെ പ്രണയവും രണ്ടും രണ്ടായിരുന്നൂ... ഞാൻ പ്രണയം എന്ന വികാരത്തെ നെഞ്ചോട് ചേർക്കാൻ ശ്രമിച്ചപ്പോൾ ചിലർക്കത് കാമമെന്ന രണ്ടക്ഷരം മാത്രമായി... ചിലർക്ക് അടിമത്തവും ബന്ധനങ്ങളും മാത്രമായി... ചിലർക്ക് നേരം പോക്കുകളിലെ ശരീരം മാത്രമായി... പക്ഷേ എനിക്ക് അവയിലൊന്നും ഒതുങ്ങുവാൻ കഴിയുമായിരുന്നില്ല... അവർക്ക് എന്നെ ഒതുക്കുവാനും ... "


ഇന്നോളം താൻ കണ്ടറിഞ്ഞ പുരുഷന്മാരിൽ നിന്നും വിഭിന്നനായിരുന്നൂ നന്ദൻ...  അയാള് സ്വാതന്ത്രനാകുവാൻ താൽപര്യപ്പെട്ടൂ... അയാൾക്ക് ബന്ധനങ്ങളോട് വിരക്തി തോന്നപ്പെട്ടൂ... അതവളെ അയാളോട് ചേർക്കപ്പെടാൻ പ്രേരിപ്പിക്കപ്പെട്ടൂ... 


നന്ദനെ ആദ്യമായി ജഹനാര കാണുന്നത് ഒരു സംഗീത പരിപാടിയിലാണ്... അയാളുടെ സൗന്ദര്യത്തെയും സ്വരത്തെയും വർണ്ണിച്ചു കൊണ്ട് നിരവധി സ്ത്രീകളും കൊച്ച് പെൺകുട്ടികളും വാക്കുകൾ നെയ്തപ്പോൾ അവള് തൻ്റെ അവസാന പ്രണയതകർച്ചയുടെ ബാക്കി പത്രവും പേറിയായിരുന്നു ഇരുന്നത്... ആ ഓർമ്മകളിൽ നിന്നും ഓടി രക്ഷപ്പെട്ട് അഭയം തേടിയതായിരുന്നൂ അവിടെ... അല്ലാതെ അങ്ങനെ ഒരു വ്യക്തി ഉണ്ടെന്ന് പോലും അവൾക്കറിയില്ലായിരുന്നൂ... അതിന് തരമില്ലായിരുന്നൂ ...


അന്ന് രണ്ടാളും പരസ്പരം ശ്രദ്ധിച്ചത് കൂടി ഉണ്ടായിരുന്നില്ല... പിന്നെയുള്ള ഒരു കൂടിക്കാഴ്ച... ജഹനാര ജോലി ചെയ്യുന്ന ഓഫീസിൽ തൻ്റെ ബോസിൻ്റെ ഉറ്റമിത്രം എന്ന പേരില് അയാള് കയറി വന്ന ദിവസം... അത് ഇന്നും അവള് മിഴിവോടെ ഓർക്കാറുണ്ട്...


തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനേ ജഹനാര ഉൾപ്പടെ അവിടെ കൂടി നിന്നവർക്ക് അയാള് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ നന്ദൻ്റെ കണ്ണുകൾ അവളെ ആകമാനം പൊതിഞ്ഞു... ഒരു മാത്ര തോന്നിയ ആകർഷണം മാത്രം...


പിന്നെ അറിഞ്ഞും അറിയാതെയും പല തവണ ആ മുംബൈ നഗരത്തിൻ്റെ പല കോണിലും അവർ കണ്ടുമുട്ടിയിട്ടുണ്ട്... 

നന്ദന് അവളെ ഓർമ്മ പോലും ഉണ്ടായിരുന്നില്ല... പക്ഷേ അവൾക്ക് ചെറിയ ഒരു പരിചയം ഉണ്ടായിരുന്നു... എന്നാല് അങ്ങോട്ട് ചെന്ന് മിണ്ടാനും തന്നെ പരിചയപ്പെടുത്തുവാനും ജഹനാരക്ക് വിമുഖത തോന്നി...


ഒരു ദിവസം ജോലി കഴിഞ്ഞ് മനസ്സ് ആകമാനം ഒന്ന് ശാന്തമാക്കുവാൻ എന്നവണ്ണം ജഹനാര ബാൽക്കണിയോട് ഒട്ടി നിൽക്കുകയായിരുന്നു... താഴെ അനേകം ആളുകൾ തിങ്ങി ഞെരുങ്ങി നിൽക്കുകയാണ്... ചിലര് സൈക്കിൾ റിക്ഷക്കരുകിൽ ഒതുങ്ങി ഇരിക്കുന്നു... ചിലര് വിശാലമായ വാഹനങ്ങളിൽ ചുറ്റിയടിക്കുന്നൂ... കച്ചവടക്കാർ കച്ചവട തന്ത്രങ്ങൾ മെനയുന്നു... ചിലരതിൽ വീഴുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നു... പിശുക്കരായ ഒരാള് മറാഠി ഭാഷയിൽ ഒരു പച്ചക്കറിക്കാരനെ തെറി പറയുന്നു... അങ്ങനെ... അങ്ങനെ അനേകം കാഴ്ചകൾ....


ഇതെന്നും അവിടെ പതിവാണ്... ഒരു പുതുമയും ഇല്ലാത്ത ദൃശ്യങ്ങൾ... അത് ജഹനാരയെ വിരക്തിയിലേക്ക് തള്ളി വിട്ടു... 

ഇന്നും അതേ ഈർഷ്യയോടെ കൈയിൽ നിന്നും ആവി പാറുന്ന ചായ ചുണ്ടോടു മുട്ടിക്കുമ്പോൾ കേട്ടു അടുത്ത ഫ്ളാറ്റിൽ നിന്നും ഒരു മനോഹരമായ സ്വരം... കാത് കൂർപ്പിച്ചു അയാളുടെ സ്വരത്തിന് അനുസൃതമായി വിരലുകൾ കൊണ്ട് ആ പെണ്ണ് താളം പിടിച്ചു... മുൻപ് എങ്ങോ നഷ്ടമായ പുഞ്ചിരി പതിന്മടങ്ങ് ശക്തിയോടെ അവളുടെ ചുണ്ടിൽ സ്ഥാനം പിടിക്കുന്നുണ്ടായിരുന്നൂ... 


ഇടക്കും മുറക്കും നിൽക്കുന്ന ഫ്ലാറ്റിൽ നിന്നും അജ്ഞാത സ്വരങ്ങളും കൈയടികളും അയാൾക്കായി ഉയർന്നു പൊങ്ങി... 

മറാഠിയും ഹിന്ദിയും ഇംഗ്ലീഷും അങ്ങനെ ഒന്നിലധികം ഭാഷകളിൽ ആ സ്വരത്തിന് ഉടമക്ക് മേൽ പ്രോത്സാഹനങ്ങളുടെ പുഷ്പവൃഷ്ടി ചൊരിയപ്പെട്ടൂ...


അയാള് എല്ലാവരോടും നന്ദി പറഞ്ഞു... യാതൊരു വിധ അലങ്കാരങ്ങളും ഇല്ലാതെ തന്നെ... അതിനിടയ്ക്ക് അവരിൽ ചിലരെ അയാള് പരിചയപ്പെടുന്നുണ്ടായിരുന്നൂ... അയാള് അവിടത്തെ പുതിയ താമസക്കാരൻ ആണെന്ന് തോന്നി അവൾക്ക്...


പക്ഷേ ജഹനാര മാത്രം മടിച്ച് നിന്നു... അയാൾക്ക് വേണ്ടി ഒരു വാക്ക് പോലും അവള് പറഞ്ഞില്ല... ഒന്ന് കൈ പോലും കൊട്ടിയില്ല... എങ്കിലും ആ സ്വരത്തിന് കിട്ടിയ അഭിനന്ദനങ്ങൾ പുഞ്ചിരിയോടെ കേട്ട് നിന്നു...


ഇതളുകൾ പോലെ ദിനങ്ങൾ കൊഴിയവെ അയാളുടെ പാട്ടുകൾ പതിവായി.... പതിയെ... പതിയെ നിരന്തരം ഉയർന്നിരുന്ന കൈയടികളും പ്രശംസ നിറഞ്ഞ വാക്കുകളും കുറഞ്ഞു വന്നു... പിന്നെ നിശേഷം ഇല്ലാതായി... പലരും പല വഴിക്ക് തിരിഞ്ഞു... 


ചിലർക്ക് ആ ഗാനങ്ങളോട് വിരക്തി തോന്നി... പക്ഷേ ജഹനാര മാത്രം എന്നും ആ സ്വരം കേൾക്കുവാൻ മാത്രം അവിടെ കാത്ത് നിന്നു...ചില രാത്രികളിൽ അഴിച്ചിട്ട മുടിയും അലസമായി വാരി ചുറ്റിയ സാരിയുമായി അയാളെ കേൾക്കുവാനായി അവള് കാതോർക്കും... കേൾക്കില്ലെന്ന് അറിയാമെങ്കിലും വെറുതേ... വെറുതേ... 


ഒരു ദിവസം അയാള് പാടിയില്ലെങ്കിൽ ഭ്രാന്ത് കൊണ്ട് സ്വയം വിക്രിയകൾ കാട്ടി .... കണ്ണാടിയോട് പരിഭവം ചൊല്ലി ... ദേഷ്യത്തോടെ അകന്നു മാറി ... അവള് ഒറ്റക്ക് ആ മുറിയിൽ കലഹിച്ചു കൊണ്ടേയിരുന്നു...


ഇടവേളകൾക്ക് ഒടുവിൽ അയാളുടെ പാട്ട് കാതോരം എത്തുമ്പോൾ ഏറ്റവും സന്തോഷത്തോടെ തുള്ളി ചാടി... അവളുടെ ഭ്രാന്തിന് അയാളുടെ സ്വരം നിമിഷങ്ങൾ കൊണ്ട് ഒരു മരുന്നാകും... അവൾക്ക് പോലും പലപ്പോഴും അതൊരു അൽഭുതമായിരുന്നു... അയാളുടെ പാട്ടുകളുടെ എണ്ണം കൂടി... അവളുടെ കേൾവികളുടെ എണ്ണവും...


നാളുകൾക്ക് അപ്പുറം ആ സ്വരം നിശേഷം നിലക്കവേ ഉള്ളാലെ ഒരു നീറ്റൽ പുറത്തേക്ക് ഊറുന്നത് ജഹനാരയറിഞ്ഞൂ... പ്രകടമാകാൻ വൈകിയ ഒരു നേർത്ത വികാരം അവളെ അടിമുടി ഉലച്ചു കളഞ്ഞു...


രാവെന്നോ പകലെന്നോ കൂടാതെ ആ ബാൽക്കണിയോട് ചേർന്ന് ആ പെണ്ണ് നിൽക്കും... പിന്നേ മുകളിലേക്ക് അവശതയോടെ ഏന്തി നോക്കും... നിരാശയാണ് കിട്ടുന്നത് എന്ന പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ പോലും... 


വേദനയുടെ നാലാം നാള് നിറഞ്ഞ് കവിയുന്ന മിഴികളെ കൈകൾ കൊണ്ട് തുടച്ച് തനിക്ക് താൻ തന്നെ തീർത്ത വിലങ്ങുകളെ അവള് പൊട്ടിച്ച് എറിഞ്ഞു... വാതിൽ തുറന്ന് കുറച്ച് മാറിയുള്ള ലിഫ്റ്റിലേക്ക് ജഹനാര ഇടിച്ച് കയറി... 

അഞ്ചാം നിലയിലേക്കുള്ള ബട്ടണിൽ അമർത്തി രണ്ട് നിമിഷം കണ്ണുകൾ അടച്ച് നിന്നു... 


അയാളെ കാണുമ്പോൾ സ്വയം നിയന്ത്രിക്കുവാൻ അവള് തയ്യാർ ആകുകയായിരുന്നൂ... ഏതോ ലോകത്ത് എന്ന മാത്രയിൽ അയാളുടേതെന്ന് തോന്നിക്കപ്പെടുന്ന ഫ്ലാറ്റിന് മുന്നിൽ നിൽക്കുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടി...


വിരലുകൾ കോളിംഗ് ബെല്ലിൽ അമർത്തി ആ വാതിൽ തുറക്കാൻ അവള് കാത്തു... കടന്നു പോകുന്ന നിമിഷങ്ങൾക്ക് ദൈർഘ്യം ഏറി... ജഹനാരക്ക് ഉള്ളിൽ ആ മനുഷ്യൻ്റെ അവ്യക്തമായ മുഖം തെളിഞ്ഞു... അവള് തന്നെ സങ്കൽപ്പിച്ച് എടുത്ത ശരീരഭാഷ...


ആകാംഷ നിറഞ്ഞ കണ്ണുകൾ ഒരുവേള ചിമ്മി അടച്ചു... അടുത്ത നിമിഷം ആ വാതിൽ തുറക്കപ്പെട്ടു... ജഹനാര അന്തിച്ചു പോയി... മുന്നിൽ കാണുന്നത് വിശ്വസിക്കാൻ വയ്യാതെ രണ്ടടി പിന്നിലേക്ക് വേച്ചു വച്ചു... 


"നന്ദൻ... "


ക്ഷീണം കൊണ്ട് മയങ്ങിയ മുഖത്തെ അവള് വല്ലായ്മയോടെ നോക്കി... കൈകൾ എത്തിച്ച് ആ മുഖം തന്നിലേക്ക് ചേർക്കാനും തളർന്ന മിഴികളിൽ തൻ്റെ ചുണ്ടുകൾ അമർത്താനും അവള് വ്യഥാ മോഹിച്ചു... കൊതിച്ചു... അയാളിൽ അപരിചിതത്വം നിറഞ്ഞു... 


വശത്തുള്ള ഭിത്തിയിൽ ചാരി നിന്ന് ജഹനാര ചിരിച്ചു... പിന്നെ അയാളുടെ അപരിചിതത്വം മാറാൻ എന്നത് പോലെ ചോദിച്ചു...

"നന്ദനിപ്പോൾ പാടാറില്ലെ ??

വിളറി വെളുത്ത ചുണ്ടുകൾ അയാള് പണിപ്പെട്ട് ഒന്ന് നാവാൽ നനച്ചു... ആയാസത്തോടെ ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു...

"പാടണം എന്നുണ്ട്... പക്ഷേ വയ്യായ്കയാണ്... "

"ഞാനാ പാട്ടിനായി കാതോർക്കാറുണ്ട്... ഒരു നേരം ഈ സ്വരം കേട്ടില്ലെങ്കിൽ ഭ്രാന്ത് കൊണ്ട് മൂടി പോകും..."'


ജഹനാര തന്നിൽ നിറയുന്ന ആ പ്രത്യേക വികാരത്തെ ഒതുക്കി നിർത്തി... പിന്നെ സദാ സ്നേഹ വായ്പ്പോടെ അങ്ങനെ പറഞ്ഞു...

"എനിക്ക് ഇപ്പൊ സ്വരം തീരെ വഴങ്ങില്ല... ശ്വാസതടസ്സം ഉണ്ടേ... "

അവള് കേട്ട് നിന്നു... അതുവരെ വിങ്ങി പൊട്ടിയിരുന്ന ഉള്ളം ഒരപ്പൂപ്പൻ താടി പോലെ നേർത്ത് വരുന്നതും താൻ സന്തോഷങ്ങളുടെ കൊടുമുടി കേറുന്നതും അവളറിഞ്ഞു... 


ആ കൂടി കാഴ്ച പിന്നെ എപ്പോഴായിരുന്നൂ അവളിൽ ആ മുഖത്തെ പതിപ്പിച്ച് നൽകിയത് ?? താൻ പോലും അറിയാതെ അയാളെ വീക്ഷിക്കുവാനും ആകർഷിക്കുവാനും തുടങ്ങിയത് ?? തന്നിൽ വിരിയുന്ന സുന്ദര വികാരത്തിന് എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാതെ അലഞ്ഞു പോയത് ?? ആ പെണ്ണ് ചോദ്യങ്ങളിൽ പെട്ടുഴറി... ഉത്തരം കണ്ടെത്താൻ ആകാതെ നിലച്ചു പോയി...


വീണ്ടും ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും പരിവർത്തനം ചെയ്യപ്പെട്ടു... ഭൂമി ഇടക്ക് കരയുകയും ഇടക്ക് ചിരിക്കുകയും ചെയ്തു... ഒരു തവണ കൊടുങ്കാറ്റിനെയും ഒരു തവണ കടുത്ത വരൾച്ചയെയും നേരിട്ടു... അയാളുടെ അസുഖങ്ങൾ പൊയ്മറയുകയും വീണ്ടും മനോഹരമായ ഗാനങ്ങൾ അയാള് പാടുകയും ചെയ്തു... 


ആ യാത്രയിൽ എവിടെയോ വച്ച് തനിക്കുള്ളിലെ ആ കുഞ്ഞോളം പോന്ന ഇഷ്ടം വളരുന്നത് ജഹനാരയറിഞ്ഞു... അയാളെ പകൽ വേളകളിൽ പോലും മിഴികൾ തുറന്ന് അവള് സ്വപ്നം കാണുവാൻ തുടങ്ങി... അയാൽക്കായി അവള് ചമയങ്ങൾ പൂശുവാനും വേഷങ്ങൾ ശ്രദ്ധിക്കുവാനും വെമ്പൽ കാട്ടി... ഒടുവിൽ ... ഏറ്റവും ഒടുവിൽ ഹൃദയം പൊട്ടുമാറുറക്കെ "നിങ്ങളോട് എനിക്ക് പ്രണയമാണ് നന്ദാ " ന്ന് വിളിച്ചു പറയാൻ ആ കാമുകി ആഗ്രഹിച്ചു... 


അങ്ങനെ ഒരുനാൾ ഏതോ ഒഴിവ് വേളയിൽ അവളുടെ ഫ്ലാറ്റിലേക്ക് അയാള് കടന്നു വന്നു... ഇതിനോട് അകം തന്നെ ആ വീട്ടിലേക്ക് ഏത് നേരം വേണമെങ്കിലും കയറി പോരുവാൻ തക്ക സ്വാതന്ത്ര്യം നന്ദൻ നേടി എടുത്ത് കഴിഞ്ഞിരുന്നു...


അവള് ബാൽക്കണിയിൽ നട്ടിരിക്കുന്ന കുഞ്ഞ് ചെടികൾക്ക് വെള്ളം നനക്കുകയായിരുന്നു ... അലസമായി പടർത്തിയിട്ട കാപ്പി കളറിലെ മുടിയിഴകളും ... കോട്ടൺ സാരിയും ...കൈകളിലെ കറുത്ത കുപ്പി വളകളും ഇടക്ക് ഏതോ നോവലിൽ വായിച്ച് അറിഞ്ഞ സ്ത്രീ കഥാപാത്രത്തെ ജഹനാര ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നൂ... 


പലപ്പോഴും സൽവാറണിഞ്ഞ് ദുപ്പട്ട തലയിൽ ചുറ്റി അവള് തനിക്കരുകിൽ വന്നിരുന്നത് നന്ദൻ ഓർത്തു... ചില പഴയ ഓർമ്മകൾ അയാളോട് പങ്ക് വയ്ക്കുമ്പോഴും തീവ്രമായ പ്രണയനഷ്ടങ്ങൾ വർണ്ണിക്കുമ്പോഴും ആ ദുപ്പട്ട കണ്ണുനീർ ഒപ്പാൻ അവൾക്ക് കൂട്ടായിരുന്നു... തൻ്റെ ചരിത്രം അയാള് പറയുമ്പോൾ മുത്ത് പൊഴിയുന്നത് പോലെ ചിരിച്ചു കൊണ്ട് അവള് ഇത്തിരി തമാശയും ഒത്തിരി കാര്യങ്ങളും നന്ദന് പകർന്നു നൽകി....


അപ്പോഴൊക്കെ അയാൾക്ക് തോന്നും...

" ഇവളോളം പോന്ന കാമുകി മറ്റാരാണ്... തനിക്ക് തീർത്ത വരമ്പുകളെ ഭേദിച്ച് ഉള്ളറിഞ്ഞ് പ്രണയിക്കുന്ന കാമുകി... ഒരു കാമുകനും ബന്ധിക്കാൻ കഴിയാത്ത കാമുകി... അഭിമാനമുള്ള പെണ്ണൊരുത്തി..."


നന്ദൻ പുഞ്ചിരി കൈ വിടാതെ അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നു... ആ നിശ്വാസം പതിഞ്ഞ വേളയിൽ അവള് വിറഞ്ഞു... കണ്ണുകൾ തുറിച്ചു... ഉയർന്നു പൊങ്ങുന്ന നിശ്വാസഗതിയോടെ ആ പെണ്ണ് പതറി...


കൈയിൽ നിന്നും കപ്പ് വാങ്ങി അവൾക്ക് അരികിലായി വാടി നിൽക്കുന്ന വയലറ്റ് പൂക്കളെ നന്ദൻ വെള്ളം തളിച്ച് ഉണർത്തി...

"നിൻ്റെ പൂന്തോട്ടത്തിൽ ഏറ്റവും മനോഹരമായത് എന്താണെന്ന് അറിയുമോ...??

ഇല്ലെന്ന് തലയാട്ടി ജഹനാര ഉത്തരം നൽകിയപ്പോൾ അയാള് ചൂണ്ടു വിരൽ കൊണ്ട് ആ പൂക്കളെ ഉഴിഞ്ഞു...

"ഇതിനാണ്... ഈ ഒരുപിടി കുഞ്ഞ് വയലറ്റ് പൂക്കൾക്ക്..."


ഉറക്കെ ചിരിച്ച് ഏതോ തമിഴ് പാട്ടിൻ്റെ നാല് വരി അയാള് മൂളി അകന്നപ്പോൾ ജഹനാര നെഞ്ചിലേക്ക് കൈകൾ അമർത്തി നിശ്വസിച്ചു... പിന്നെ അയാള് പടിഞ്ഞ് ഇരിക്കുന്ന കസേരയിലേക്ക് നോട്ടമെറിഞ്ഞു... ഇപ്പോഴും അതേ ലോകത്ത് തന്നെയാണ് ആള്... പാട്ടുകളുടെ ലോകത്ത്...


അവൾക്കുള്ളിൽ പ്രണയം പൂത്തു... നിലാവ് പോലെ തിളങ്ങുന്നതും മഴവില്ല് പോലെ നിറമുള്ളതുമായ പ്രണയം... കടലോളം ആഴമുള്ളതും ആകാശത്തോളം സ്വതന്ത്രമായതുമായ പ്രണയം... 


"ജഹനാരാ... ഞാൻ നാളേക്ക് നാട്ടിൽക്ക് പോകും... ഇനി ഇവിടേക്ക് ഉടനെ ഒരു വരവ് കാണില്ല... ചിലപ്പോൾ തീർത്തും കാണില്ല... "

ചിരി മാഞ്ഞ് അവിടെ വിഷാദം പടരാൻ അതികം വേണ്ടി വന്നില്ല...

"എന്തേ നന്ദാ ഇപ്പൊ ഇങ്ങനെ തോന്നാൻ..??

"തോന്നാനോ... ഞാൻ ഇപ്പൊ ഇവിടെ വന്നിട്ട് എത്ര ആയീന്നാ... പോകണ്ടേ എന്നായാലും... അമ്മ കാക്കുന്നുണ്ടാകും... "


അവസാന വാചകം പറയുമ്പോൾ ആ സ്വരം ദുർബലമായി... പോകുവാനായി അയാള് എഴുന്നേൽക്കുമ്പോൾ ജഹനാര ഒന്ന് ചിരിച്ചു... വരുത്തി തീർത്തത് പോലെയൊരു കുഞ്ഞ് ചിരി...


തൻ്റെ ഹൃദയത്തിൽ നിന്നും എന്തോ വേർപെടുന്നു എന്ന പോലെ അവളിൽ വെപ്രാളം നിഴലിച്ചു... "നന്ദാ"... ന്ന് വിളിച്ചു കൊണ്ട് അവൾക്ക് അവനെ തടഞ്ഞു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു... 


യാത്ര പറഞ്ഞ് വാതിൽ കടക്കവേ ഏതോ ലോകത്ത് എന്ന മാത്രയിൽ ആ കൈത്തണ്ടയില് അവള് മുറുകെ പിടിച്ചു... 

അവൻ തിരിഞ്ഞു നോക്കി... എന്താണ് അവളിലെ ഭാവം എന്നറിയാൻ... 


"നിങ്ങളോട് എനിക്ക് പ്രണയമാണ് നന്ദാ... ഇരുളിൽ അല്ലാതെ വെളിച്ചത്തിൽ എനിക്കിത് പറയണമായിരുന്നു...ഭയക്കാതെ ...

വിളറാതേ..."


ആ മുഖത്ത് വേർതിരിച്ച് എടുക്കാൻ കഴിയാത്ത വിധം എന്തൊക്കെയോ വികാരങ്ങൾ മിന്നി മറഞ്ഞു... കൈകൾ കൊണ്ട് അവളെ തടഞ്ഞു മാറ്റി മറുവാക്ക് പറയാതെ അയാള് പോകുന്നത് കാണെ ചങ്ക് ഒന്ന് നീറി... പിടഞ്ഞു... 


അയാള് തലോടിയ... അയാള് സ്പർശിച്ച... അയാള് പുകഴ്ത്തിയ വയലറ്റ് പൂക്കൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് അവയോട് ഒരായിരം കഥകൾ മൗനമായി മൊഴിഞ്ഞു ജഹനാരാ... നോവോടെ ... വേദനയോടെ...


പിറ്റേന്ന് വെളുപ്പിന് നന്ദൻ തിരികെ പോയെന്ന് അറിഞ്ഞു... അവൾക്ക് ഉറപ്പായിരുന്നു... ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന്... അവള് വിരഹിണിയായി... ഒറ്റപ്പെടൽ നേരിട്ടു...


കാണുന്നിടത്ത് അത്രയും നന്ദനുള്ളത് പോലെ... അയാള് കുസൃതി പൂണ്ട് ചിരിക്കുന്നത് പോലെ... താനാ ചിരിയിൽ അലിഞ്ഞ് തീരുന്നത് പോലെ... അവൾക്ക് മേൽ മിഥ്യയുടെ ചീട്ട് കൊട്ടാരം ഉയർന്നു... അവള് അതിന് റാണിയായി...


ദിനങ്ങൾ അകന്നു പോകവേ അവള് നന്ദനെന്ന തൻ്റെ പ്രണയത്തെ മറക്കാൻ കഴിയാത്ത വിധം ഒരു ചുഴിയിൽ പെട്ടൂ... അതിൻ്റെ പരിണിത ഫലമായി ശൂന്യതയില് ഏറെ നേരം മിഴികൾ നട്ട് അവള് അയാളെ കാത്തിരിക്കും... രാത്രി വൈകുന്നത് വരെ... വൈകി വെളുക്കുന്നത് വരെ... ഒരു പക്ഷേ ഇനി വന്നാലോ ??


സെറ്റിയിൽ ചാരി ഇരുന്ന് ഉറങ്ങുന്നത് ആ കാലങ്ങൾ കൊണ്ട് തന്നെ അവൾക്ക് ശീലമായി തീർന്നിരുന്നു... പ്രതീക്ഷയുടെ അവസാന ചിത്രവും കെട്ട് ഒരുനാൾ അലസമായി അതേ ബാൽക്കണിയോട് ചേർന്ന് നിൽക്കവേ കേട്ടൂ... ഏറെ നാളുകൾക്ക് ശേഷം ആ സ്വരം.. 


"ജഹനാരാ... "


പിടഞ്ഞ് കൊട്ടി എഴുന്നേറ്റ് അവള് തിരിഞ്ഞു നോക്കി... മുന്നിൽ നന്ദൻ... അയാള് ചിരിക്കുന്നു... ആ ചിരിയിൽ തന്നെ കുഴക്കി വലിച്ചിരുന്ന മിഴികൾ കുറുകുന്നൂ... സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഒരു നൂൽ പാലത്തിൽ ആ പെണ്ണ് പകച്ചു നിന്നു... 


"നന്ദാ... താൻ വന്നുവോ..?? ഞാൻ കരുതി വരുന്നുണ്ടാവില്ലെന്ന്... പോയി കളഞ്ഞുവെന്ന്..."

"വരാതിരിക്കാൻ കഴിഞ്ഞില്ല... ഒരാഴ്ച കാലം ആ പഴയ ശ്വാസ തടസ്സം ഒരിക്കൽ കൂടി വന്നു... ആരെയോ കാണാതെ... ആരുടെയോ ചിലമ്പിച്ച സ്വരം കേൾക്കാതെ... ബാൽക്കണിയിൽ ചാരി ഇരുന്നു പാട്ടുകൾ പാടുമ്പോൾ ആരുടെയോ സാനിദ്ധ്യം അറിയാതെ... ഞാൻ വലഞ്ഞു പോയി..."


ആ പെണ്ണിൻ്റെ നിറം മങ്ങിയ കണ്ണുകൾ ഒന്ന് വിടർന്നുവോ..?? അയാള് ഉള്ളാലെ ഒളിച്ച പ്രേമത്തെ സ്വതന്ത്രമാക്കി... രണ്ട് കൈകൾ ഉയർത്തി അവളുടെ കഴുത്തും കവിളും ചേർത്ത് ഉയർത്തി മെല്ലെ നന്ദൻ ചോദിച്ചു... 


" നിനക്കിപ്പഴും എന്നോട് പ്രണയം ഉണ്ടോ ജഹനാരാ..?? അതോ ഞാൻ ഉത്തരം നൽകാതെ പോയപ്പോള് നീയത് ഓർമ്മകളിൽ കുഴിച്ചു മൂടിയോ..??"


കാലിൻ്റെ പെരുവിരൽ നിലത്ത് ഊന്നി അയാളുടെ വിരിഞ്ഞ നെറ്റിയിൽ ആ പെണ്ണ് വിടർന്ന ചുണ്ടുകൾ മൃദുവായി അമർത്തി... ഉള്ളിലെ പിടപ്പ് അങ്ങനെ അവസാനിപ്പിച്ചില്ല എങ്കിൽ താൻ മരിച്ചു പോകുമെന്ന് അവൾക്ക് തോന്നി... 


"പ്രതീക്ഷകൾ അവസാനിച്ച് പോയിട്ടും നിങ്ങളോടുള്ള പ്രണയം മാത്രം കെട്ടു പോയില്ല...വെറുതേ... വെറുതേ ഓർത്തു...

താൻ ഇടക്ക് വരുംന്ന്... എന്നെ ഇതു പോലെ ഒന്ന് ചേർത്ത് പിടിക്കുംന്ന്... ചുണ്ടുകളിൽ നാലുവരി കവിത മൂളി ഒരു കാമുകൻ്റെ കുസൃതിയോടെ എന്നെ ചുംബിക്കുമെന്ന്... ഞാനതിൽ ഞെരിപിരി കൊണ്ട് തന്നോട് ഇഴുകി അണയുമെന്ന്... "

അവള് ചിരിക്കുകയാണ്...പക്ഷേ മിഴികൾ കവിഞ്ഞ് നിറയുന്നു... നഷ്ടമായതെന്തോ കണ്ടു കിട്ടിയെന്ന ഒരു പെണ്ണിൻ്റെ ഭാവം ആ മിഴികളിൽ പ്രകടമായി...


നന്ദൻ ഒരു കൈയാൽ അവളെ തൻ്റെ ദേഹത്തേക്ക് അമർത്തി... ആദ്യമായി ആ കവിളുകളിൽ അമർത്തി മുത്തിയപ്പോൾ പ്രണയം കൊണ്ടും നാണം കൊണ്ടും അവളുടെ മിഴികൾ കുഴഞ്ഞു പോയിരുന്നു... 


"അമ്മാ... അമ്മ വന്നുവോ...?? "

നന്ദൻ അവളിൽ നിന്നും അടർന്നു മാറി... ആ ചോദ്യം അയാൾക്കുള്ളിൽ എന്തെല്ലാമോ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു... അയാളുടെയാ കുഞ്ഞി മിഴികൾ വേദനയാൽ ഉതിരുന്നതും പിന്നെ ഏതോ മാത്രയിൽ ചിരിക്കാൻ വെറുതെ ശ്രമിക്കുന്നതും അവള് കണ്ടു... 

"അമ്മാ... കൂടെ ഉണ്ടല്ലോ... എൻ്റെ ഓർമ്മകളിൽ ...എൻ്റെ ഹൃദയത്തില്... എൻ്റെ സ്നേഹത്തില്... "

അവൾക്ക് മനസ്സിലായിരുന്നു ആ വാക്കുകളിൽ നിന്നും ഏകദേശം എന്താണ് അവനുള്ളിൽ നിറയുന്നതെന്ന്... കൈകൾ ഉയർത്തി ആ മുഖം തന്നിലേക്ക് അവള് അമർത്തി പിടിച്ചു....


"അമ്മ പോയിട്ട് കൊല്ലം നാലായി... എവിടെ നാട് ചുറ്റാൻ പോയാലും ഒടുക്കം ആ മടിയിൽ തല ചായ്ച്ച് നാല് നാട്ടു വർത്തമാനം പറയുമ്പോഴേ എനിക്ക് സമാധാനം ഉണ്ടാകൂ... അതൊണ്ടിപ്പോ ഈ സമാധാനം അൽപം കുറവ് ആണ്... ചില സ്വപ്നങ്ങളിൽ അമ്മ നിറയുമ്പോൾ പിന്നെ ഞാൻ ലോകത്തിൻ്റെ ഏത് കോണിൽ ആയിരുന്നാലും പിറ്റേന്ന് ആ അസ്ഥി തറക്ക് മുന്നിലെത്തും... നിറയെ നിറയെ സംസാരിക്കും... പോയ സന്തോഷം തിരികെ വരുമ്പോൾ ഞാനറിയും എൻ്റെ ഉള്ളിലെ സന്തോഷം എന്നും എൻ്റെ അമ്മ ആയിരുന്നുവെന്ന്... പക്ഷേ ഇത്തവണ..... "


അയാള് നിർത്തി... ബാൽക്കണിയിലേ കുഞ്ഞ് വയലറ്റ് പൂക്കളെ കൈയിൽ എടുത്തു... ശേഷം വീണ്ടും തുടർന്നു...

"ഇത്തവണ മാത്രം ഈ വയലറ്റ് പൂക്കൾക്ക് ഇടയിൽ ഞാൻ കുരുങ്ങി പോയി... അമ്മയുടെ മുറിക്കുള്ളിൽ എനിക്ക് സമാധാനം കിട്ടിയില്ല... നിൻ്റെ അവസാന വാക്കുകളും പ്രണയം നിറഞ്ഞ നോട്ടവും എൻ്റെയുള്ളിലെ ശ്വാസത്തെ തടസ്സപ്പെടുത്തി കളഞ്ഞു... നിൻറെ കിലുങ്ങുന്ന സ്വരവും വീണ മീട്ടുന്ന രാഗവും എനിക്കുള്ളിൽ വേദന നിറച്ചു... 

ഒടുവിൽ... എനിക്ക് ചുറ്റും നിറയുന്ന വേദനകൾക്കും ശൂന്യതക്കും ഒടുവിൽ ഞാനറിഞ്ഞു... പ്രണയം...ജഹനാരയോടുള്ള പ്രണയം ..."


ആ വാക്കുകൾക്ക് മുന്നിൽ നിയന്ത്രണം നഷ്ടമായി ആ ചുണ്ടുകളെയും കവിളിണകളെയും ഭ്രാന്തമായ ചുംബനങ്ങൾ കൊണ്ടവൾ മൂടി... അയാളുടെ വിരി മാറിൽ മുഖം മറച്ച് പ്രണയത്തിൻ്റെ ശരങ്ങളെ ആ പെണ്ണ് നന്ദന് മേൽ വർഷിച്ചു കൊണ്ടിരുന്നു... വല്ലാത്തൊരു കാമുകി... വല്ലാത്തൊരു പ്രണയിനി... 


★★★


കഴിഞ്ഞ കാല സ്മരണകളിൽ നിന്നും നനുത്തൊരു ചിരിയാൽ അവള് ഉണർന്നു... പതിവ് പോലെ തൻ്റെ വയലറ്റ് പൂക്കൾക്ക് ചാരെ ജഹനാര പടിഞ്ഞ് ഇരുന്നു... കാറ്റേറ്റ് അവളുടെ മുഖത്തേക്ക് തൻ്റെ തട്ടം ഇഴുകി വീണു കൊണ്ടിരുന്നു... അവയെ മറക്കവെ അവള് അകലെ നിന്നും കണ്ടു... തനിക്ക് അരികിലേക്ക് നടന്ന് അടുക്കുന്ന നന്ദനേ... 


ചിരി വന്നുപോയി അവൾക്ക്... ഇന്ന് മറ്റെങ്ങോ ചുറ്റാൻ പോകുന്നുവെന്ന് പറഞ്ഞതാണ് അയാള്... അത് ഉപേക്ഷിച്ചുവെന്ന് തോന്നുന്നു... വാതിൽ തുറന്ന് തനിക്ക് അരികിലേക്ക് അനുവാദം കൂടാതെ അയാള് വന്നിരിക്കുമ്പോൾ അവളാ തോളിലേക്ക് തല ചായ്ച്ചു.... 


"നിനക്കെങ്ങനെ കഴിയുന്നൂ ജഹനാരാ ഇത്രമേൽ ഗാഢമായി എന്നെ പ്രണയിക്കാൻ...?? നിന്നാൽ പ്രണയിക്കപ്പെടാൻ

എനിക്കെന്ത് കൊതിയാണെന്ന് അറിയുമോ..??"

അവള് പുഞ്ചിരിയോടെ അയാളെ കേട്ടിരുന്നു... ശേഷം പറഞ്ഞു തുടങ്ങി...


" ഒരുപാട് പുരുഷന്മാരെ ഞാൻ അറിഞ്ഞിട്ടുണ്ട് നന്ദാ...അവരൊക്കെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നെ പ്രണയിച്ചവരാണ്... ചിലര് ഒരു കാരണവും കൂടാതെ എന്നിലേക്ക് കടന്നു വന്നു... അവരെൻ്റെ ഹൃദയത്തെയും ശരീരത്തെയും കാമിച്ചു... പ്രണയിച്ചു... നാളുകൾക്ക് അപ്പുറം കാരണം കൂടാതെ അകന്നു ദൂരേയ്ക്ക് പോയി... ചിലർ കാരണം കൂടി തന്നെ കടന്നു വന്നു... അവർക്ക് അത്രയും എന്നെ ബന്ധങ്ങൾ കൂടാതെ പ്രണയിക്കാൻ ഭയവും..." 


"നിന്നെ കുറിച്ചും... നിൻ്റെ കഴിഞ്ഞ കാലത്തെ കുറിച്ചും എനിക്ക് അറിയ വേണ്ട ... ഞാൻ നിന്നെ പ്രണയിക്കുന്നു... നീ എന്നെയും... ജീവിത കാലം മുഴുവൻ എനിക്കീ പ്രണയം വേണം... വരൂ നമുക്ക് വിവാഹം കഴിക്കാം...."

അവരുടെ പ്രണയം എനിക്ക് മുന്നിൽ പ്രകടമായത് ഇങ്ങനെയാണ്.... ഞാൻ അവരെ നോക്കി വെറുതേ ചിരിച്ചു... ശേഷം ചോദിച്ചു...


"നിങ്ങളെ പ്രണയിക്കാൻ... നിങ്ങളാൽ പ്രണയിക്കപ്പെടുവാൻ എനിക്ക് സമൂഹം കല്പിക്കുന്ന ഒരു ബന്ധത്തിൻ്റെ അകമ്പടിയും ആവശ്യമില്ല... പ്രണയം പകരാൻ അങ്ങനൊരു ബന്ധം വേണമെന്ന് ഉണ്ടോ...?? അതിന് രണ്ട് ഹൃദയങ്ങൾ മാത്രം മതിയാവും... പറയൂ... നിങ്ങൾക്ക് അങ്ങനെ ഒരു ബന്ധം വേണമോ...?? എന്നെ പ്രണയിക്കാൻ... ഞാനാൽ പ്രണയിക്കപ്പെടുവാൻ...??" അവരെനിക്ക് മൗനം മറുപടിയായി നൽകി... പിന്നെ ദൂരേയ്ക്ക് ദൂരേയ്ക്ക് അകന്നു... ഞാനത് നോക്കി നിന്നു... നിർവികാരയായി... 


മറ്റു ചിലര് അവരുടെ ഇഷ്ടങ്ങളിലേക്ക് മാത്രമായി എന്നെ ചുരുക്കാൻ ആഗ്രഹിച്ചു... ഞാനതിന് സാധിക്കില്ല എന്ന് വാദിച്ചു... അവരെന്നെ നെറ്റി ചുളിച്ചു നോക്കുകയും അവഗണന നൽകി അകറ്റി നിർത്തുകയും ചെയ്തു... 


പക്ഷേ നിങ്ങള്... നിങ്ങള് മാത്രം... എന്നെ പ്രണയിച്ചു... എന്നെ സ്നേഹിച്ചു... എന്നെ കാമിച്ചു... ഞാനെന്ന വ്യക്തിയെ അറിയുകയും എൻ്റെ ഹൃദയത്തെ അത്ര മേൽ ഇഷ്ടത്തൊടെ ചേർത്ത് വയ്ക്കുകയും ചെയ്തു... ഇതൊക്കെ ചെയ്യുവാൻ കേവലം നിങ്ങൾക്ക് ഒരു ബന്ധം വേണമെന്ന് വാശി കാട്ടിയില്ല... നിങ്ങളുടെ ചുറ്റും മാത്രമായി ഒരു നോക്കാലെ പോലും ബന്ധിച്ചില്ല... നിങ്ങളെന്നെ അറിയുന്നു... അതിനി എത്ര ദൂരത്ത് ആണെങ്കിലും ... ഞാനും നിങ്ങളെ അറിയുന്നു... എന്നിൽ നിന്നും എത്ര അകലത്തിൽ ആണെങ്കിലും... ഞാൻ ആഗ്രഹിച്ച പ്രണയം... ഞാൻ തേടിയ പ്രണയം... ഒക്കെ ഇതായിരുന്നു... ഇത് മാത്രം... ഒരിക്കൽ ഞാൻ പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ് ... നിങ്ങളെ പ്രണയിച്ചത് പോലെ മറ്റാരെയും ഞാൻ പ്രണയിച്ചിട്ടില്ല നന്ദാ... അതുപോലെ നിങ്ങളാൽ പ്രണയിക്കപ്പെട്ടത് പോലെ ഒരുവനാലും ഞാൻ പ്രണയിക്കപ്പെട്ടിട്ടുമില്ല... "


നന്ദനുള്ളിൽ ആർദ്രമായ ഒരു പ്രണയം ഒഴുകി... അത് ഒരു പുഴ പോലെ... പിന്നെ ഒരു നദി പോലെ ആ പെണ്ണിലേക്ക് വന്നു ചേരപ്പെട്ടൂ... അവള് ചിരിച്ചു... ഹൃദ്യമായി... വിവശയായി... 


അയാള് അവൾക്കായി പാടി തുടങ്ങി... അവള് അയാൾക്ക് ചാരെ ഇരുന്ന് വീണമീട്ടി...


ആ നിമിഷങ്ങളിലത്രയും അവരുടെ ബാൽക്കണിക്ക് ചുറ്റും ആ വയലറ്റ് പൂക്കളുടെ ഗന്ധമായിരുന്നു...

**പ്രണയത്തിൻ്റെ വയലറ്റ് പൂക്കളുടെ** ഉന്മാദഗന്ധം...


അവസാനിച്ചു...


ഇഷ്ടമായാൽ ഒരു വരി എനിക്കായ് എഴുതുമല്ലോ ...??


Rate this content
Log in

Similar malayalam story from Romance