Simi K S

Romance

4.3  

Simi K S

Romance

പ്രിയം

പ്രിയം

7 mins
3.9K


ആറ്റിങ്ങൽ ഭഗവതീടെ മുന്നിൽ കണ്ണടച്ച് തൊഴുതു നിൽകുമ്പോൾ ഒരു പ്രത്യേക സുഖമാണ്. ആ നിശബ്ദമായ അന്തരീക്ഷവും, കുളവും, ആലും, ആ പൂഴി മണ്ണിലൂടെ ഉള്ള നടത്തവും എല്ലാം മനസിന്‌ ഒരു പ്രത്യേക ഉണർവു നല്കാറുണ്ട്.  "രഘുവേട്ടാ ഞാൻ പ്രസാദം വാങ്ങി വരാം " എന്നു പറഞ്ഞു പ്രിയ ക്യൂവിൻറെ അരികിലേക്ക് നീങ്ങി. പടിയിൽ തൊട്ടു നമസ്കരിച്ചവൻ പുറത്തേക്കിറങ്ങി ആലിന്റെ ചുവട്ടിലേക്ക് നടന്നു, അവൻ്റെ ഏറ്റവും ഇഷ്ടപെട്ട ഇരിപ്പിടത്തിലേക്ക്‌ സന്തോഷം വന്നാലും സങ്കടം വന്നാലും അവൻ അവിടെ എത്തും, ആ ആലിനും ദേവിക്കും ഒക്കെ അവനെ നന്നായി അറിയാം. ഇന്നു തന്റെ മൂന്നാം വിവാഹവാർഷികം. വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോകുന്നതു. ഒന്നാം വാർഷികത്തിന് കൂടെ അമ്പലത്തിൽ വരാൻ വിളിച്ചതിനു പ്രിയയോട് ദേഷ്യപ്പെട്ടതവൻ ഓർത്തു. 


ആ ആലിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ അവൻ്റെ മനസിലൂടെ എല്ലാം മിന്നിമായും. അവിടെ ഇരുന്നാൽ അവനാ കുരിശു പള്ളിടെ മുന്നിലെ ചില്ലു കൂട്ടിലിരിക്കുന്ന കന്യാമറിയത്തെ കാണാം. അവിടെവെച്ചാണ് ടീനയെ ആദ്യമായി കാണുന്നത്. ചില്ലുകൂട്ടിനു മുന്നിൽ മെഴുകുതിരി കത്തിക്കുകയായിരുന്നു അവൾ. കണ്ടമാത്രയിൽ തന്നെ എന്തോ ഒന്നു, ചിലപ്പോൾ അവളുടെ നിഷ്കളങ്കമായ മുഖമാകാം അവനെ ആകർഷിച്ചു. അവളെ കാണാൻ വേണ്ടി മാത്രം എന്നും രാവിലെ അവൻ അമ്പലത്തിൽ വരാൻ തുടങ്ങി.


സൂര്യൻ ഉദിക്കും മുന്നേ ഉണരുന്നു, കുളിച്ചു കുട്ടപ്പൻ ആയി അങ്കിൾ ഗൾഫിന്നു കൊണ്ടു വന്ന സ്പ്രേയും അടിച്ചു രാവിലെ തന്നെ വീട്ടിൽനിന്നും ഇറങ്ങും. "പത്തു മണിയായാലും കിടക്കേന്ന് എഴുന്നേൽകാത്ത ചെക്കനാ, നിനക്കിതെന്നാ പറ്റിയെടാ " എന്നു ഉച്ചത്തിൽ ഉള്ള അമ്മയുടെ ചോദ്യം കേട്ടില്ലെന്ന മട്ടിൽ ആൽത്തറയിലേക്കു വച്ചടിക്കും. കുർബാന കഴിഞ്ഞു ഇറങ്ങുന്ന അവളെയും നോക്കി ഇരിക്കും. ഇന്നേതോ കുട്ടിയും ഉണ്ടലോ അവളുടെ കൈ പിടിച്ചു. എന്തോ പറഞ്ഞു ചിരിക്കുന്ന അവളുടെ മുഖത്തേക്കു നോക്കി എല്ലാം മറന്നവൻ നിന്നു. മെഴുകുതിരി കത്തിച്ചു പതിവുപോലെ അവൾ തിരിച്ചു പോയി.


ആദ്യം ഒന്നും അവളുടെ ഭാഗത്തു നിന്നും ഒരു നോട്ടം പോലും ഉണ്ടായില്ല. പതിയെ പതിയെ അവളുടെ കണ്ണുകൾ തന്നെ തിരയും പോലെ അവനു തോന്നി. അങ്ങിനെ അവർ അടുക്കാൻ തുടങ്ങി. കന്യാമറിയതിനു മുന്നിൽ നിന്നും പിന്നെ ലൈബ്രറി, കടവത്തും വച്ചും തമ്മിൽ കണ്ടു മുട്ടാൻ തുടങ്ങി. അടുത്തറിഞ്ഞപ്പോളാണ് അവളുടെ മുഖത്തേക്കാൾ വലുതാണ് മനസിന്റെ നന്മയും, നിഷ്കളങ്കതയും എന്നവന് മനസിലായത്.


 ഒന്നും മറച്ചു വെക്കാതെ തന്റെ കാര്യങ്ങൾ എല്ലാം അവളുടെ മുന്നിൽ മാത്രം അവൻ തുറന്നു വയ്ക്കാറുണ്ട്. സന്തോഷങ്ങളും, സങ്കടങ്ങൾക്കും എല്ലാം കേൾവിക്കാരിയായി അവൾ മാത്രം. തന്നെ അവൾക്കു ഭംഗിയായി വായിക്കാൻ അറിയുമായിരുന്നു. തന്റെ നല്ലതും ചീത്തയും ആയ പാഠങ്ങൾ എല്ലാം അവൾക്കു മനഃപാഠമായിരുന്നു. തൻറെ മുഖം ഒന്നു വാടിയാൽ, മിണ്ടാതിരുന്നാൽ എല്ലാം ടീനക്കു മനസിലാകുമായിരുന്നു. രഘു എന്ന പുസ്‌തകം ഏറ്റവും ഭംഗിയായി വായിച്ചിരുന്നത് ടീന ആയിരിക്കും.


അമ്മയുടെ പിറന്നാളിന്റെ അന്നു അവളെ വീട്ടിൽ കൂട്ടികൊണ്ടു പോയി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ സദ്യ കൊടുത്തു. അന്നു രാത്രി അമ്മ അടുത്തു വന്നു തലയിൽ തലോടി കൊണ്ടു പറഞ്ഞു. "മോനു... ടീന നല്ല കുട്ടിയാണ്. പക്ഷെ നമ്മുടെ കൊക്കിലൊതുങ്ങിയതേ നമ്മൾ ആഗ്രഹിക്കാവൂ. മോനുനെ സങ്കടപെടുത്താൻ അല്ല അമ്മ പറയുന്നേ, സങ്കടപെടാതിരിക്കാൻ വേണ്ടി ആണു ".


തനിക്കു അഞ്ചു വയസുള്ളപ്പോൾ അറ്റാക്ക് വന്നു മരിച്ചതാണ് അച്ഛൻ, പിന്നെ തനിക്കെല്ലാം അമ്മയാണു. ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തി വലുതാക്കിയത്. അമ്മ ജീവിക്കുന്നത് തന്നെ തനിക്കു വേണ്ടി ആണു. തനിക്കു അമ്മയും, അമ്മയ്ക്കു താനും അങ്ങിനെയാണ്."അമ്മേ ഞാൻ ഒന്നു നടന്നിട്ടു വരാം " എന്നു പറഞ്ഞു കൊണ്ടു പതിയെ നടന്നു. ചെന്നു നിന്നതു ആറ്റിങ്ങൽ ആലിന്റെ ചുവട്ടിൽ. അവിടിരുന്നപ്പോളും അമ്മ പറഞ്ഞ വാക്കുകൾ അവൻ്റെ മനസ്സിൽ അലയടിച്ചു കൊണ്ടേ ഇരുന്നു. 


ടീനയുടെ അച്ഛൻ അമേരിക്കയിൽ ആണു, അമ്മ അഡ്വൈക്കറ്റും, വല്യ ഫാമിലി ആണു. അതുകൊണ്ടാവും അമ്മ അങ്ങിനെ പറഞ്ഞത് എന്നവനു അറിയാമായിരുന്നു. പക്ഷെ ടീനയെ അവനു ജീവനാണു, അവളെ കിട്ടുന്നവനാകും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പുരുഷൻ. ദേവി ആ ഭാഗ്യവാൻ താൻ തന്നെ ആവണേ. അവളെ വേറെ ഒരാളു സ്വന്തമാക്കുന്നത് അവനു ഓർക്കാൻ പോലും കഴിയുന്നുണ്ടായില്ല. പക്ഷെ ഒരു ജോലി ഇല്ല, വേറെ ജാതി. എല്ലാം പ്രശ്നം ആണു. അവൾക്കു അവരെ ജീവനാണു, അതുപോലെ തന്നെ പപ്പക്കും മമ്മിക്കും അവളാണ് എല്ലാം. അത്രക്കും സ്നേഹിച്ചും, കൊഞ്ചിച്ചും, ലാളിച്ചും ആണു അവർ അവളെ വളർത്തിയിരിക്കുന്നേ. ടീന ഒരിക്കലും അവളുടെ പപ്പയെയും മമ്മിയെയും എതിർത്തു ഒന്നും ചെയ്യില്ല.  ഇതു ടീന ഒരിക്കൽ തന്നോടു പറഞ്ഞിട്ടുണ്ട്. അവരെ സങ്കടപെടുത്തിയിട്ടു ഒരിക്കലും അവൾക്കു സന്തോഷത്തോടെ ഇരിക്കുവാൻ സാധിക്കില്ലെന്നു അവൾ പറഞ്ഞിട്ടുണ്ട്. വീട്ടുകാർ സമ്മതിക്കും എന്നു ഉറച്ച വിശ്വാസത്തിലാണ് ആ പാവം. ദീപാരാധന കഴിഞ്ഞുള്ള മണിയടി കേട്ടു അവൻ്റെ ചിന്തകൾ മുറിഞ്ഞു. ഓരോന്നാലോചിക്കുന്തോറും അവൻ്റെ തല പെരുത്തു വന്നു. ഒന്നു മാത്രം അവനറിയാം അവനു അവളെ ഒരുപാടു ഇഷ്ടമാണ്. മനസുകൾ തമ്മിൽ ഒരുപാടു അടുത്തു, പിരിയാൻ പറ്റാത്ത വണ്ണം. 


അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി എന്നു ഇന്നലെ കടവത്തു വച്ചു കണ്ടപ്പോൾ പറഞ്ഞു. എന്താ ചെയ്യണ്ടേ എന്നു ഒരു നിശ്ചയോം ഇല്ല. ഒരു ജോലിക്കു വേണ്ടി അലയാൻ തുടങ്ങിട്ടു മാസങ്ങളായി. രാത്രിയിൽ ഉറക്കമില്ല, രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ടെൻഷൻ ആണു. ആ ദിവസം അവനിന്നും ഓർക്കുന്നു, മെയ്‌ 13, കന്യാമറിയത്തിന്റെ മുന്നിൽ വച്ചവൾ പറഞ്ഞത് അമേരിക്കയിലെ ഫ്രണ്ടിന്റെ മകനുമായി പപ്പാ അവളുടെ കല്യാണം ഉറപ്പിച്ചു. അവൾ തന്റെ കാര്യം വീട്ടിൽ മമ്മിയോട് പറഞ്ഞു. മമ്മിക്കു ഒരുപാടു സങ്കടായി. വേറെ ജാതി, ഇതു ഒരിക്കലും നടക്കില്ലെന്ന് മമ്മി പറഞ്ഞു. പപ്പ അറിഞ്ഞാൽ ഒരുപാടുവേദനിക്കും എന്നു പറഞ്ഞു. മോളെ പറ്റി ഒരുപാട് പ്രതീക്ഷയുണ്ട് പപ്പയ്ക്ക്. ഒരു അറ്റാക്ക് കഴിഞ്ഞിരിക്കുന്നതാണ്. ഇതറിഞ്ഞാൽ പിന്നെയും വയ്യാണ്ടാകുമെന്നു പറഞ്ഞു. മോളിതു മറക്കണം എന്നു പറഞ്ഞു മമ്മി അവളെ കെട്ടി പിടിച്ചു കരഞ്ഞു എന്നു പറഞ്ഞു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. അവൾ പറഞ്ഞു - "അവരെ സങ്കടപെടുത്താതിരിക്കാൻ ഞാൻ നിന്നെ സങ്കടപെടുത്തിക്കോട്ടെ? " അവൾ ഏന്തി കരഞ്ഞു കൊണ്ടു പിന്നെയും പറഞ്ഞു - "ഇനി നമ്മൾ ഒരിക്കലും കാണുകയില്ല. എന്നെ വെറുക്കരുത്, മനസ്സിൽ ഉണ്ടാകും മരിക്കും വരെ." ആ വാക്കുകൾ ഇപ്പോളും അവൻ്റെ മനസ്സിൽ മുഴങ്ങുന്നു. പിറ്റേ മാസം അവളുടെ കല്യാണം ആയിരുന്നു, അതു കഴിഞ്ഞവൾ അമേരിക്കയിലേക്ക് പോയി. 


പിന്നീടുള്ള ദിവസങ്ങൾ അവൾ തന്റെ ഹൃദയത്തിൽ എത്ര ആഴത്തിൽ പതിഞ്ഞുപോയെന്നു തനിക്കു ബോധ്യപ്പെടുന്ന ദിവസങ്ങൾ ആയിരുന്നു. ഭ്രാന്തു പിടിച്ച അവസ്ഥയായിരുന്നു. ദേഷ്യം എല്ലാവരോടും ദേഷ്യം. പകലും രാത്രിയും എല്ലാം അവളുടെ മുഖം തന്നെയായിരുന്നു മനസ്സിൽ. അവളെ കിട്ടാത്തതിലുള്ള ദേഷ്യം ചുറ്റുമുള്ള എല്ലാവരോടും തീർത്തു. ഒരു ദിവസം അമ്മയോടും ദേഷ്യപ്പെട്ടു. അന്ന്‌ ആ ആലിന്റെ ചുവട്ടിൽ കിടന്നു ഒരുപാടു നേരം കരഞ്ഞു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി പക്ഷെ മനസ്സിൽ നിന്നും അവൾ ഇറങ്ങി പോയില്ല. അമ്മയ്ക്കു വയ്യാതെയായി, അവസാനം അമ്മ കാണിച്ചു തന്ന പെണ്ണിന്റെ കഴുത്തിൽ താൻ താലി ചാർത്തി . 


അവൻ്റെ മനസ്സിൽ അപ്പോളും ടീനയായിരുന്നു. ടീനയെ കിട്ടാത്തതിലുള്ള ദേഷ്യവും വാശിയും എല്ലാം പ്രിയയോടും കാണിച്ചവൻ. നല്ല ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, ദേഷ്യത്തോടെ മാത്രേ സംസാരിക്കു അവളോടു. പറയാതെ പോകും, തോന്നുമ്പോൾ കയറി വരും. അവൾ പരാതി ഒന്നും പറയാറില്ല, പറഞ്ഞിട്ടു കാര്യമില്ല എന്നു മനസിലാക്കിയിട്ടാകും. അങ്ങിനെ രണ്ടു വർഷങ്ങൾ കടന്നു പോയി. 


ഒരു ദിവസം കവലയിൽ കൃഷ്ണേട്ടന്റെ കടയിൽ നിന്നും അരി വാങ്ങി വരുമ്പോൾ തുണി കടയിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ടവൻ ഞെട്ടി. ആദ്യം കണ്ടപ്പോൾ അവനു പെട്ടെന്നു മനസിലായില്ല. ടീന ഒരുപാടു മാറി പോയിരിക്കുന്നു. വണ്ണം വച്ചിട്ടുണ്ട്, ജീൻസും ടോപ്പും ആണു വേഷം. തോളിൽ ഒരു കുഞ്ഞു ഉറങ്ങുന്നുണ്ട്. അവളുടെ മുന്നേ ഓടുന്ന കുട്ടിയോടവൾ -"Tony don't run, get into the car" എന്നു പറഞ്ഞു തലയുയർത്തിയപ്പോൾ ആണു തന്നെ അവൾ കണ്ടതു. ഞെട്ടി തരിച്ചു നിൽകുന്ന തന്റെ നേരെ നടന്നു വന്നവൾ മുഖത്തേക്കു നോക്കി നിന്നു. എന്തു പറയണം എന്നറിയാതെ താനും. "സുഖമല്ലേ" അവൾ ചോദിച്ചു. അതെന്നു താൻ തലയാട്ടി അവളുടെ തോളത്തെ കുഞ്ഞാവയെ നോക്കി. " മോളാണു, ടിയ. മൂത്ത ആളു ടോണി. ഇവരാണിപ്പോ എന്റെ ലോകം ". സൈഡിൽ ഒതുക്കിയിട്ടിരിക്കുന്ന ബെൻസ് കാറിൽ നിന്നും "മമ്മി കം ഫാസ്റ്റ് " എന്നുള്ള ഉച്ചത്തിലുള്ള വിളി കേട്ടവൾ തന്നോടു "നടക്കട്ടെ, നാളെ തിരിച്ചു പോകും" എന്നു പറഞ്ഞു കൊണ്ടവൾ കാറിലേക്ക് നടന്നു.


ബസ് സ്റ്റോപ്പിൽ ഇരുന്നു കൊണ്ടു അവൻ ഓർത്തു, അവൾ ഒരുപാടു മാറിപോയിരിക്കുന്നു. പണ്ടത്തെ തൊട്ടാവാടി പെണ്ണല്ല ഇപ്പോൾ. ടീനയ്ക്കു മോൻ വേണമെന്നായിരുന്നു, തനിക്കു മോളും. കുട്ടികളുടെ പേരു വരെ കണ്ടു പിടിച്ചു വച്ചിരുന്നു. അവളു സുഖായി ഇരിക്കുന്നു എന്നു അറിഞ്ഞപ്പോൾ സന്തോഷം തോന്നി. തന്റെ കൂടെ പോന്നിരുന്നെങ്കിൽ അവൾക്കു ഇത്രെയും സൗകര്യങ്ങൾ ഒന്നും കൊടുക്കാൻ തനിക്കു പറ്റുമായിരുന്നില്ല, മനസിലെ സ്നേഹം മുഴുവനും മാത്രമേ ഉണ്ടാകു. അമ്പിളിയുടെ ഹോൺ അടി കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ടക്ടർ ഗിരീഷേട്ടൻ ബസിൽ നിന്നും ഉറക്കെ വിളിച്ചു ചോദിച്ചു - "എങ്ങോട്ടാ രഘു ". " അരി വാങ്ങുവാൻ ഇറങ്ങിയതാ ഗിരീഷേട്ടാ " എന്നു പറഞ്ഞു തിരിച്ചു വീട്ടിലേക്കു നടന്നു. ജീവിതം എന്ന പിടികിട്ടാത്ത പ്രഹേളികയെ കുറിച്ചോർത്തവൻ അത്ഭുതപ്പെട്ടു. 


വീട്ടിൽ എത്തിയപ്പോൾ അമ്മ ഛർദിച്ചതു തുടച്ചു കളയുന്ന പ്രിയയെ ആണു കണ്ടതു. അപ്പോളാണവൻ ഓർത്തതു ഇങ്ങിനെ ഒരു മനുഷ്യ ജീവി വീട്ടിലുണ്ടെന്നു തന്നെ താൻ ഓർക്കാറില്ല എന്നു. "രഘുവേട്ടാ അമ്മയ്ക്കു കൂടുതലാണ്‌, ഹോസ്പിറ്റലിൽ കൊണ്ടു പോകണം " പ്രിയ പറഞ്ഞു. ഡോക്ടർ ഒരു ദിവസത്തെ ഒബ്സെർവഷനിൽ കിടത്തണം എന്നു പറഞ്ഞു. അമ്മയെ എത്ര ഭംഗിയായി ആണു അവൾ നോക്കുന്നത്. കഞ്ഞി വാരി കൊടുത്തു, മുടിയെല്ലാം ഈരി കെട്ടി. മരുന്നുകൾ കൃത്യ സമയത്തു കൊടുത്തും അവൾ മാറാതെ അമ്മയോട് ഒപ്പം തന്നെ ഉണ്ടായിരുന്നു. അമ്മക്കും അവളെ ജീവനാണു. അമ്മയുടെ കാര്യത്തിൽ മാത്രമല്ല തന്റെ കാര്യത്തിലും അവൾ ഇന്നു വരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. താൻ സ്നേഹത്തോടെ ഒരു വാക്കു പോലും അവളോടു പറഞ്ഞിട്ടില്ല എന്നവൻ ഓർത്തു. പരാതിയും പരിഭവങ്ങളും ഒന്നും അവൾ പറഞ്ഞിട്ടില്ല, എല്ലാം ഉള്ളിൽ ഒതുക്കുന്ന പ്രകൃതമാണ്. ഇന്നു വരെ താൻ അവൾക്കു ഒന്നും വാങ്ങി കൊടുത്തിട്ടില്ല എന്നവൻ ഓർത്തു. അവളുടെ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകൾ ഒന്നും തനിക്കറിഞ്ഞുകൂടാ. ആ നാലു ചുവരിനുള്ളിൽ അവൾ എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കാൻ തുടങ്ങിയിട്ടു എത്ര വർഷം ആയെന്നവൻ ഓർത്തു. തന്നെ ഒരുപാടു ഇഷ്ടം ആണു അവൾക്കു, ജീവനാണു അവൾക്കു. അതവന് നന്നായി അറിയാം പക്ഷെ തിരിച്ചു അവൾ ആഗ്രഹിക്കുന്ന പോലെ സംസാരിക്കാനോ പെരുമാറാനോ അവൻ ശ്രമിച്ചിരുന്നില്ല.


പിറ്റേന്നു അമ്മയുടെ അസുഖം കുറഞ്ഞു ഡിസ്ചാർജ് ചെയ്തു. തിരിച്ചു വീട്ടിൽ എത്തി അമ്മയെ റൂമിൽ കിടത്തി തന്റെ റൂമിലേക്ക് നടക്കുമ്പോൾ പൂജാ മുറിയിൽ ഇരിക്കുന്ന ദൈവങ്ങൾ തന്നെ പുച്ഛത്തോടെ നോക്കുന്നപോലെ അവനു തോന്നി. അവനു തന്നെ അവനോടു പുച്ഛം തോന്നി, താലി കെട്ടി കൊണ്ടുവന്ന പെണ്ണിനു ഇന്നുവരെ ഒരു സന്തോഷവും കൊടുത്തിട്ടില്ല എന്നു ഓർത്തപ്പോൾ. അവൻ്റെ കണ്ണുകൾ പ്രിയയെ തിരഞ്ഞു, അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു അവൾ. പതിവില്ലാതെ തന്നെ അടുക്കള വാതുക്കൽ കണ്ടപ്പോൾ അവൾ എന്താണെന്നറിയാതെ നോക്കി - "കുറച്ചു വെള്ളം വേണം " നു പറഞ്ഞു. അവൾ അവനു ഗ്ലാസിൽ തിളപ്പിച്ചു ആറ്റിയ വെള്ളം കൊടുത്തു. അതും വാങ്ങി അവൻ മരംപോലെ നടന്നു സോഫയിൽ ഇരുന്നു. ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു അവൾ പെര മുഴുവൻ അടിച്ചു തുടച്ചു, പിന്നെ തുണി മുഴുവൻ കഴുകി ഇട്ടു. ഇവൾക്കിതെപോലും പണി ആണോ എന്നവൻ മനസ്സിൽ ഓർത്തു. പിന്നീടുള്ള ദിവസങ്ങൾ അവൻ അവളെ ശ്രദ്ധിക്കുവാൻ തുടങ്ങി. അവൾ എത്ര ഭംഗിയായിട്ടാണ് ഓരോ കാര്യങ്ങൾ ചെയുന്നത്, ഒരു മിനിറ്റ് വെറുതെ ഇരിക്കുന്ന അവളെ അവൻ കണ്ടിട്ടില്ല. എന്തെങ്കിലും ഒക്കെയായി അവൾക്കു എപ്പോളും പണിയായിരിക്കും. 


ഒരു ദിവസം രാവിലെ അവൾ അരി അടുപ്പത്തിടുന്ന സമയം അവളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു " ഒരുങ്ങി വാ, അമ്പലത്തിൽ പോയിട്ടു വരാം". കേട്ടത് വിശ്വാസം വരാത്തപോലെ അവൾ കുറച്ചു നേരം നിന്നു. പിന്നെ വേഗം കുളിച്ചു ഒരുങ്ങി തൻറെ കൂടെ ആറ്റിങ്ങൽ ദേവിയെ തൊഴുതു വന്നു . തിരിച്ചെത്തിയപ്പോൾ അവളുടെ ചേച്ചിയും അനുമോളും വന്നിട്ടുണ്ടായിരുന്നു. രണ്ടു ദിവസം പ്രിയയെ വീട്ടിൽ കൊണ്ടു നിറുത്താൻ വിളിക്കാൻ വന്നതായിരുന്നു അവർ. പ്രിയ സമ്മതത്തിനു വേണ്ടി എന്റെ മുഖത്തേക്കു നോക്കി. "പൊയ്ക്കോളൂ, ഞായറാഴ്ച ഞാൻ വന്നു വിളിയ്ക്കാം " എന്നു പറഞ്ഞവൻ. പ്രിയ അവരുടെ കൂടെ പോയി. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയില്ല എന്നു പറയുന്നതെത്ര സത്യം. അവളുടെ അടിയ്ക്കലും,വൃത്തി ആക്കലും, ഒച്ചയും, ബഹളവും ഒന്നുമില്ലാതെ വീടു ഉറങ്ങിയപോലെയായി. തനിക്കു ഇതുവരെ തോന്നാത്ത എന്തോ ഒരു അഭാവം മനസ്സിൽ തോന്നി അവനു. അവൻ ഞായർ ആകുവാൻ കാത്തിരുന്നു. ഞായറാഴ്ച അവൻ നേരെ അവളുടെ വീട്ടിലേക്കു പോയി. 


അവിടെ ചെന്നപ്പോൾ അനുമോൾ മുറ്റത്തു കളിക്കുന്നുണ്ടായിരുന്നു. "ആന്റി എന്തേ മോളു ", എന്നു ചോദിച്ചപ്പോൾ കളപ്പുരയിലേക് കൈ ചൂണ്ടി, പിന്നെ "അമ്മേ മാമൻ വന്നു " എന്നും പറഞ്ഞു അകത്തേക്കോടി. അവൻ നേരെ കളപുരയിലേക്കു നടന്നു. പഴക്കം ചെന്നു ദ്രവിച്ചു വീഴാറായ വാതിൽ പതിയെ തള്ളി തുറന്നു, അകത്തേക്കു കയറുമ്പോൾ കൊപ്ര അടുക്കി വെക്കുകയായിരുന്നു അവൾ. തന്നെ കണ്ടപ്പോൾ നെറ്റിയിലെ വിയർപ്പു തുടച്ചു കൊണ്ടവൾ അത്ഭുതത്തോടെ എഴുന്നേറ്റു. "രഘുവേട്ടൻ ഇത്ര നേരത്തെ വരുമെന്നു തീരെ പ്രതീഷിച്ചില്ല. ഇവിടെ അപ്പിടി പൊടിയാണ്, വരാന്തയിലേക്ക് ഇരുന്നോളു ഞാൻ ചായ എടുക്കാം ". അവൾ എന്തെക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു, അവളുടെ ശബ്ദത്തിന്റെ പൊങ്ങി താഴുന്ന ഈണം മാത്രമേ താൻ ഇപ്പോൾ ശ്രവിക്കുന്നുള്ളൂ. പതിയെ താൻ അവളുടെ അടുത്തേക്കു നടന്നടുത്തു, അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി. ഞെട്ടി തരിച്ചു നിൽകുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി, ഏന്തലുകൾക്ക് അവസാനം പൊട്ടിക്കരച്ചിലായി. തന്റെ ഇടത്തെ നെഞ്ചോടു ചേർന്നു നിന്നവൾ ഏന്തി ഏന്തി ഒരു കുഞ്ഞു കുട്ടിയെപ്പോലെ കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മനസ്സിൽ അടക്കി പിടിച്ചിരുന്ന സങ്കടങ്ങൾ എല്ലാം അണ പൊട്ടിയപോലെ ഒഴുകാൻ തുടങ്ങി. തന്റെ വലത്തേ കൈ കൊണ്ടു അവളുടെ മുടിയിൽ തലോടി അവൻ അവളെ ചേർത്തു പിടിച്ചു. 


അന്നു തിരിച്ചവളെ തന്റെ വീട്ടിലേക്കു കൈ പിടിച്ചുി കയറ്റുന്നതിനൊപ്പം,അവൻ്റെ ഹൃദയത്തിന്റെ ഒരു വാതിലും അവൾക്കായി അവൻ തുറന്നു... കാൽ കഴച്ചു ഉമ്മറപ്പടിയിൽ നിൽകുന്ന അവൾക്കായി.... 


സൂര്യ രശ്മികൾ ആലിൻ ചില്ലകൾക്കിടയിലൂടെ അവനെ സ്പർശിച്ചു. കസവു മുണ്ടണിഞ്ഞു, നെറുകയിൽ കുങ്കുമം തൊട്ടു, കയ്യിൽ പ്രസാധവുമായി നടന്നു വരുന്ന പ്രിയയെ നോക്കി ഇരുന്നു അവൻ. തെക്കേലെ നാണിയമ്മ പ്രിയയോട് തിരക്കുന്നത് കേട്ടു - "പ്രിയക്കിപ്പോ എത്ര മാസായി? " മൂന്നു മാസായി നാണിഅമ്മേ എന്നു പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടവൾ തന്റെ നേരെ നടന്നു. 


ജീവിതം അങ്ങിനെയാണ്,നമ്മൾ ആഗ്രഹിച്ചതു നമ്മൾക്ക് കിട്ടണം എന്നില്ല. അതോർത്തു സങ്കടപെടാതെ, നമ്മളെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കുന്നവരെ സ്നേഹിക്കുക, സന്തോഷിപ്പിക്കുക, അതിൽ നമ്മുടെ സന്തോഷം കണ്ടെത്തുക. ആൽ തറയിൽ നിന്നും താഴേക്കു ഇറങ്ങുമ്പോൾ ആറ്റിങ്ങൽ ഭഗവതിയും, ചില്ലുകൂട്ടിൽ ഇരിക്കുന്ന കന്യാ മറിയവും തന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ അവനു തോന്നി...


Rate this content
Log in

More malayalam story from Simi K S

Similar malayalam story from Romance