Zaman Cm

Drama Tragedy


3  

Zaman Cm

Drama Tragedy


ഒറ്റയ്ക്ക് പൂത്തൊരു വാക

ഒറ്റയ്ക്ക് പൂത്തൊരു വാക

2 mins 152 2 mins 152

മഴയുടെ താളം കേട്ട്,  മുഖത്തേക്ക്  പാഞ്ഞടുക്കുന്ന ചെറുമഴത്തുള്ളികൾ ഏറ്റു വാങ്ങി, ആ ചെറു ബസിന്റെ ഓരത്തിരിക്കുമ്പോൾ ബാനുവിന്റെ മനസ്സില്‍ തന്റെ ഗ്രാമമായിരുന്നു.

          

നിറഞ്ഞു നിൽക്കുന്ന മരങ്ങള്‍ക്കിടയിലെ കുന്നിൻ ചരുവിലെ രാഘവേട്ടന്റെ ചായക്കടയ്ക്കു ചുറ്റുമായി വിടർന്നു നിൽക്കുന്ന കൈക്കാവ്. കൈക്കാവ് പുഴയും അബുഹാജിയുടെ തോട്ടവുമായിരുന്നു കൈക്കാവിന്റെ അതിരുകൾ. അബുഹാജിയുടെ തെങ്ങിന്‍ തോപ്പിനിപ്പുറം വാകമരം ചാഞ്ഞു നിൽക്കുന്ന മൺപാതയായിരുന്നു ഗ്രാമത്തെ ഒന്നിപ്പിച്ചിരുന്നത്, രാഘവേട്ടന്റെ ചായക്കടയായിരുന്നു കൈക്കാവുകാരുടെ കോൺഫറൻസ് ഹാൾ. കുറച്ചപ്പുറം ചന്തമുക്ക് ടൗണിൽ നിന്നുവരുന്ന ഡ്രൈവര്‍മാരായിരുന്നു കൈക്കാവിലെ വാർത്ത, പതിവായി ദിവസവും വരുന്ന അവരിൽ നിന്നായിരുന്നു കൈക്കാവിൽ വാർത്ത പരന്നിരുന്നത്. ഡ്രൈവർ തങ്കച്ചനും വേലപ്പനും വന്നാൽ രാഘവേട്ടന്റെ ചായക്കടയിൽ ആളുകൂടും. തങ്കച്ചന്‍ വെറ്റില ചവച്ച് നഗരത്തിലെ വിശേഷങ്ങള്‍ പറയുമ്പോള്‍ എല്ലാവരെയും പോലെ ഞാനും കൂട്ടത്തില്‍ നിന്ന് കേൾക്കുമായിരുന്നു. ഇടയ്ക്കൊന്ന് നീട്ടി തുപ്പി വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി സംസാരിക്കുന്ന തങ്കച്ചന്‍ നാട്ടിലെ സംസാരവിഷയമായിരുന്നു. അയാളുടെ കഥകളിലൂടെ അയാള്‍ ഞങ്ങൾ കുട്ടികളില്‍ തങ്കച്ചനെ ധൈര്യത്തിന്റെയും പൗരുഷത്തിന്റെയും പര്യായമാക്കി. ആ സ്വാധീനം കൊണ്ടാവണം കൈക്കാവ് ഗവണ്മെന്റ് സ്കൂളിലെ ലളിത ടീച്ചർ ക്ലാസിൽ കുട്ടികളോട് വലുതാകുമ്പോള്‍ ആരാവണമെന്ന് ചോദിച്ചപ്പോള്‍ ഡ്രൈവറാകണമെന്ന് പറയിച്ചത്.

     

മഴയുടെ ശബ്ദത്തിനും കാറ്റിന്റെ ചൂളം വിളിക്കുമിടയിൽ ഉയര്‍ന്നു കേട്ട "ചന്തമുക്ക്, കൈക്കാവ്" എന്ന ബസിലെ ക്ലീനറുടെ തുടരെ തുടരെയുള്ള ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. ചന്തമുക്കിലെ പഴയ കടയ്ക്കുള്ളിലേക്ക് തലയിൽ കൈവച്ചു ഓടിക്കയറുമ്പോൾ മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു.

"കൈക്കാവിലേക്ക് ബസുണ്ടോ?"

കടയിലെ വൃദ്ധനോട് ഞാന്‍ ചോദിച്ചു.

"ഇനി ഉണ്ടാവില്ല." പരിചയമില്ലാത്ത ഒരാളെ കണ്ടതിനാലാവണം കുറച്ചൊന്ന് നോക്കിയ ശേഷമാണ് അയാള്‍ മറുപടി പറഞ്ഞത്.

ചായ അടിക്കുന്നതിനിടയിൽ അവിടെത്തന്നെ നിന്നു തിരിയുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു.

"ഇനീപ്പോ കുറച്ച് കാത്താൽ ലോറിയുണ്ടാവും, ഇവിടിരുന്നോളൂ."

"അയാള്‍ ചൂണ്ടിയ ബഞ്ചിലിരിരുന്നു." ഒരു ചായയ്ക്കു പറഞ്ഞു. ചൂടു ചായ പതിയെ കുടിക്കുമ്പോള്‍ മഴയൊന്ന് കുറഞ്ഞു മാനം പതിയെ തെളിഞ്ഞു തുടങ്ങി. ചായകുടിച്ച് കുറച്ചൊന്ന് കാത്ത ശേഷം ഒരു ലോറി വന്നു കടയ്ക്കു മുന്നില്‍ നിന്നു. ലോറിയിൽ നിന്നിറങ്ങി കടയിലേക്കു കയറിയ അയാളോട് കടക്കാരൻ എന്നെ നോക്കി പറഞ്ഞു.

"രാമൂ, നീ ഇയാളെയൊന്ന് കൈക്കാവിലേക്ക് ആക്ക്."


അയാള്‍ എന്നെയൊന്ന് നോക്കിയ ശേഷം ലോറിയിൽ കയറാന്‍ പറഞ്ഞു, അപ്പോഴേക്കും മാനം തെളിഞ്ഞിരുന്നു. കൈക്കാവിലേക്ക് ഉള്ള മൺപാതയിലൂടെ പോകുമ്പോൾ അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. കൈക്കാവിലെത്തി അയാളുമായി പിരിഞ്ഞു മുന്നോട്ടു നടക്കുമ്പോള്‍ രാഘവേട്ടന്റെ കടയില്‍ നാലുമണിചർച്ച ആരംഭിച്ചിരുന്നു. എന്നോടൊപ്പം വന്ന ഡ്രൈവർ ചായക്കടയിലേക്ക് കയറിപ്പോകുന്നത് കണ്ടപ്പോള്‍ അയാളിൽ ഞാന്‍ കണ്ടത് ഡ്രൈവർ തങ്കച്ചനെയായിരുന്നു. മുന്നോട്ടു നടക്കുന്തോറും ഞാന്‍ കൈക്കാവിലെ ആ കുട്ടിയാവുകയായിരുന്നു.


മാറ്റങ്ങള്‍ കൈക്കാവിനുമുണ്ടായിരുന്നു. തെങ്ങിന്‍ തൊപ്പുകൾ ഭൂരിഭാഗവും റബ്ബറിനിടയിൽപെട്ടിരുന്നു. കൈക്കാവ് പുഴയിലെ കണ്ണാടി വെള്ളം ഒന്നു കലങ്ങി മറിഞ്ഞിരിക്കുന്നു. പാതിയിൽ ഉപേക്ഷിച്ച ടാറിട്ട റോഡും ഉയർത്തികെട്ടിയ സ്കൂള്‍ മതിലും കൈക്കാവിലെ മാറ്റങ്ങളായിരുന്നെങ്കിലും അതെന്നും കൈക്കാവായിരുന്നു. കുന്നിന്‍ ചരുവിലെ അതേ ഗ്രാമം, ഊടുവഴികളിലൂടെ കൈക്കാവിന്റെ ഹൃദയത്തിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഒരു കൈക്കാവുകാരനും.

വർഷങ്ങൾക്ക് ശേഷം ഈ മെയ് മാസാവസാനം ഞാനെത്തുമ്പോൾ എന്നെ വരവേൽക്കാനാരുമുണ്ടായിരുന്നില്ല. കാത്തിരിക്കേണ്ട അവരുടെ മരണമായിരുന്നു ഈ കൈക്കാവിലെ എന്റെ അവസാന ദിവസങ്ങൾ. മൈലാഞ്ചികാടുകൾക്കിടയിൽ നിന്ന് എന്റെ ഭാഗങ്ങളെ കണ്ടെത്തി, അവരുടെ ഖബ്റുകളുടെ ചാരത്തു നിന്ന് എത്ര ശ്രമിച്ചിട്ടും കണ്ണിറുക്കി അടച്ചിട്ടും കണ്ണീർ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങി അവ ഖബറിനുമുകളിൽ ചിതറി വീണു.

ചെമ്മൺ പാതയിലൂടെ മുന്നോട്ടു പോകുമ്പോള്‍ മുന്‍പിന്‍ പച്ചപിടിച്ച ഇല ചാർത്തിനിടയിൽ തലയെടുപ്പോടെ രക്തവർണമായി ആരെയും ആകർഷിക്കും വിധം തലയുയർത്തി ഒറ്റയ്ക്ക് പൂത്തുലച്ച ആ വാക ചുവട്ടില്‍ ഞാനിരുന്നു. പാതയിലേക്ക് ഇറങ്ങി നിൽക്കുന്ന വാകയുടെ വേരുകള്‍ കൈക്കാവിന്റെ ആഴങ്ങളില്‍ കെട്ടുപിണഞ്ഞുകിടന്നു. കൂടെ ഓരൊ കൈക്കാവുകാരന്റെയും ഹൃദയങ്ങളിലും.


Rate this content
Log in

More malayalam story from Zaman Cm

Similar malayalam story from Drama