Rahila Shakeer

Romance

3  

Rahila Shakeer

Romance

നെല്ലിയാമ്പതിയിലെ പകലുകൾ...

നെല്ലിയാമ്പതിയിലെ പകലുകൾ...

5 mins
155


ഇരുപതിലേറെ ഹെയർപിൻ വളവുകൾ ആനവണ്ടി അനായാസം ഓടിക്കയറുകയാണ്... പോത്തുണ്ടി ഡാം കഴിഞ്ഞാൽ അടിത്തട്ടിലേക്ക് ആണ്ട് പോകും പച്ചപ്പിനെ കാണാം... മൂടൽ മഞ്ഞ് കാഴ്ചകളിലേക്ക് നുഴഞ്ഞ് കയറിത്തുടങ്ങി... ഓരോ വളവിലും നെല്ലിമരങ്ങൾ എന്നെ വരവേൽക്കുന്നുണ്ട്... പരിചയഭാവത്തോടെ...

ഓർക്കുന്നുണ്ടോ എന്നെ...


പകുതിയിലേറെയും നെല്ലികൾ അപ്രത്യക്ഷമായിരിക്കുന്നു... ക ഴിഞ്ഞ വരവിനേക്കാൾ ഒത്തിരി കുറഞ്ഞു... പ്രളയം ഈ മലഞ്ചെരുവിനെ കാർന്ന് തിന്നപ്പോൾ നഷ്ടമായത് നെല്ലിമരങ്ങൾ മാത്രമല്ലല്ലോ...? മലമടക്കുകളിലൂടെ പുളഞ്ഞ് പോകുന്ന റോഡുകൾ പകുതിയിലേറെ ഒലിച്ച് പോയിരിക്കുന്നു... പകുതിവഴിയും മണൽ തിട്ടകളാൽ താൽകാലിക നിർമിതിയാണിപ്പോൾ... എത്രയോ ജീവിതങ്ങൾ മാറി മറഞ്ഞിരിക്കും...?

  

ഇവിടെ നിന്ന് പോയതിൽ പിന്നെ ഒരു തിരിച്ച് വരവ് മാത്രമായിരുന്നു മനസ് നിറയെ... ഓറഞ്ച് പൂക്കുന്ന കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... ഒടുവിൽ തയ്യാറപ്പെടുപ്പിന്റെ അന്ത്യത്തിലാണറിഞ്ഞത് പെരുമഴ നെല്ലിയാമ്പതിയിലും താണ്ഡവമാടി ... ഇനിയൊരു യാത്ര അസാധ്യമാണ് ... വീണ്ടും തൊടിയിൽ ആർത്ത് പെയ്ത മഴയിലേക്ക് ഉറ്റ് നോക്കി എന്നെ കാത്തിരുന്നു മടുത്ത ആ വെളുത്ത അഞ്ചിതകൾ പൂക്കളെ സ്വപ്നം കണ്ടു... ഒപ്പം അതിനേക്കാൾ മനോഹരമായ അവളേയും...


 ............................ 

  

മറന്നിരിക്കുമോ എന്നെ...? എനിക്കതിനായില്ല ... ഓർമകളിലോരോ അണുവിലും അത്രമേൽ മിഴിവോടെ നീയുണ്ടായിരുന്നു... അന്ന് മടക്കയാത്രക്കൊരുങ്ങിയപ്പോൾ നീ ഓർമ്മിപ്പിച്ചു.

"മാഷേ അടുത്ത മഴക്ക് ഇങ്ങ് പോര് ... പൂത്ത് നിറഞ്ഞ ഓറഞ്ച് തോട്ടം മാഷിനെ നോക്കിയിരിക്കും...''

"ഞാൻ വരും തുഷാര... അന്ന് തിരികെ പോകുമ്പോൾ ആ പൂക്കൾക്കൊപ്പം അതിനേക്കാൾ വിലപ്പെട്ട ഒന്ന് കൂടി ഞാൻ കൊണ്ട് പോകും."

"അതെന്താണാവോ...?''

"ഇപ്പോഴാവില്ല പറയാൻ... അന്ന് പറയാം... കാത്തിരിക്കണം...''

"ഉം... അടുത്ത മഴക്കാലത്തിന്റെ തുടക്കത്തിൽ ആദ്യത്തെ ആനവണ്ടിക്ക് ഇങ്ങ് പോരണം..."


അപ്പോഴേക്കും ബസ് വന്നു... തിരിഞ്ഞ് നോക്കി ചിരിക്കുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് വേർപാടിന്റെ വേദനയല്ലേ ...? എന്റെ കണ്ണിൽ നിന്ന് പ്രതിഫലിച്ച പ്രണയ വ്യഥ.... തോന്നലായിരുന്നില്ല. ഉറച്ച വിശ്വാസമായിരുന്നു... എന്റെ സ്വപ്നങ്ങളുടെ അറ്റത്ത് നീയുണ്ടെന്ന പ്രതീക്ഷ... രണ്ട് വർഷങ്ങളായി നീയെന്നെ ഭ്രാന്തനാക്കുന്നു... കാണാതെ... മിണ്ടാതെ... ഒരാളെ ഇത്രമേൽ സ്നേഹിക്കാമെന്ന് നീയെന്നെ പഠിപ്പിച്ചു...

         

വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രഭാതം... ഓർക്കിനിഷ്ടപ്പെടുന്ന നിമിഷങ്ങൾ പൂത്ത ഏഴ് ദിവസങ്ങൾ...

       

കൊൽക്കത്തയിലെ പുതിയ ജോലിയുടെ തിരക്കുകളിലക്ക് കാലെടുത്ത് വെച്ചാൽ പിന്നെ എന്റെ നൊസ്റ്റാർജിയയിലേക്കുള്ള മടക്കയാത്ര അപ്പോഴൊന്നുമാവില്ല... കാലങ്ങളായുള്ള ആഗ്രഹമാണ് കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ ഏലമണമുള്ള നെല്ലിയാമ്പതിയിലേക്കൊരു യാത്ര... പോകും മുമ്പ് ഒരു പുലർച്ച ആനവണ്ടിയിൽ കയറിക്കൂടി... മുകിൽക്കൂട്ടിലൂടെ മഞ്ഞിൽ കൂടാരത്തിലേക്കൊരു യാത്ര... രോമരാജികൾ എഴുന്നേറ്റ് നൃത്തമാടി.... ചുറ്റിനും തേയിലത്തോട്ടത്തിൽ നിന്നു വീശുന്ന തണുത്ത കാറ്റ് ... പുറംകാഴ്ചകളിലേക്ക് അത്ഭുതത്തോടെ നോക്കിയിരുന്നു.

  

"ഒന്ന് നീങ്ങിയിരിക്കോ...''

പെട്ടെന്ന് കേട്ട ആ പെൺ ശബ്ദത്തിൽ കാഴ്ച വലിച്ചെടുത്തു... അവൾക്കായി സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിയിരുന്നു കൊടുത്തു... യാതൊരു മുൻപരിചയുവുമില്ലാത്ത എന്നോട് എത്ര ഭംഗിയായാണ് അവൾ പുഞ്ചിരിക്കുന്നത്...

"ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ ..."

"മുൻപ് വരാത്തത് കൊണ്ട് കാണാത്തതാ...''

ഒരു കുസൃതിക്ക് പറഞ്ഞെങ്കിലും വേണ്ടായിരുന്നെന്ന് തോന്നി....


"ഓ! മാഷെ വിട്ന്നാ...?"

"എറണാകുളം... ടീചറുടെ പേരെന്താ...?''

മാഷേ എന്ന വിളി വല്ലാതങ്ങ് ബോധിച്ചു. അപ്പോൾ ഒരു കളിക്ക് വിളിച്ചതാണ്.

"കളിയാക്കി വിളിച്ചതാണെന്ന് മനസിലായി. ന്നാലും ടീച്ചറാട്ടോ...''

"ആണോ...?''

"ന്തേ... വിശ്വാസം ആവുന്നില്ലേ...? എനിക്കെന്താ ടീച്ചറായിക്കൂടെ...?"

"സോറി... പേര് പറഞ്ഞില്ല..."

"തുഷാര...''

തുഷാര.... ആ നാമം അവളോട് അത്രത്തോളം യോജിച്ചിരിക്കുന്നെന്ന് തോന്നി.


ഇറങ്ങേണ്ട സ്ഥലം പറഞ്ഞപ്പോൾ അതിനടുത്ത് തന്നെയാണ് അവളും എന്ന് പറഞ്ഞു...

"കൂട്ടിനാളായി... എനിക്കിവിടെ പരിചയമില്ല."

"വഴി കാണിച്ച് തരാം... എന്നെ ഒരു വഴിക്കാക്കരുത്!!"

രണ്ടാളും ചിരിച്ചു... കുറച്ച് സമയത്തിനിടയിൽ തന്നെ ഒരുപാട് നാളുകളാൽ തീർത്ത സൗഹൃദം പോലെ തോന്നി...

ബസ്സിറങ്ങി അവൾക്കൊപ്പം നടന്നു... തേയിലച്ചെടിക്കൾക്കിടയിലൂടെ ശരത്കാല സന്ധ്യയിലെ ശീതക്കാറ്റിൽ കൈകൾ കൂട്ടിക്കെട്ടി... ഇടയിലെവിടെയോ അവളെ കാണാതായി... തിരിഞ്ഞ് നോക്കിയപ്പോൾ സാരിയിൽ കൊരുത്ത തേയില ക്കൊമ്പിനെ എടുത്ത് മാറ്റുകയാണ്....


കാത്ത് നിന്നവന്റെ അരികെ വന്ന് കൈ നീട്ടി... വെളുത്ത നിറത്തിൽ ചാമ്പപ്പൂക്കൾ പോലെ ...എന്താവും...?

"ഇതാണ് മാഷേ... തേയിലപ്പൂ... മാഷിനൽപ്പം നൊസ്റ്റാൾജിയയുടെ അസ്ഖ്യതയുണ്ടെന്ന് തോന്നി... അല്ലാതെ ഈ മലകേറില്ലാലോ...?"

"തോന്നിയതല്ല... ആവോളം ഉണ്ട്... ചെറുപ്പം തൊട്ടേ ആശിച്ചതാ ഒറ്റക്കിവിടേക്ക് ഒരു യാത്ര.... ഇവിടത്തെ തണുത്ത പുലരികളും ചുവന്ന സന്ധ്യകളും കാണാനൊരു കൊതി..."

"അപ്പൊ ഞാനുദ്ദേശിച്ചത് തന്നെ... കഥയെഴുതാനുള്ള വരവാണല്ലേ...? അവർക്കാണീ സൂക്കേട് ഉണ്ടാകുക..."

എനിക്ക് ഏർപാടാക്കിയ താമസ സ്ഥലത്തിനടുത്തെത്തിയപ്പോൾ അവൾ യാത്ര പറഞ്ഞ് പോയി... ഈ തോട്ടത്തിനപ്പുറത്താണത്രെ അവളുടെ വീട് ...

രാത്രിയിലെ ജനാലയിലൂടെ അനുവാദം കൂടാതെത്തിയ കാറ്റിൽ കമ്പിളിപുതപ്പിനുള്ളിൽ ചുരുണ്ട് കൂടി...

   

 .................................................


കോട പൊഴിയുന്ന പ്രഭാതത്തിൽ മരച്ചില്ലകളിൽ കിന്നാരം പറയുന്ന കിളിയൊച്ചകൾ കേട്ട് വഴിയറ്റത്തെ ചായക്കട ലക്ഷ്യമാക്കി നടന്നു... ഈ തണുപ്പിൽ ഏലക്കാ ഗന്ധമുള്ള ഒരു ചായ ആ ബെഞ്ചിലിരുന്ന് ഊതിക്കുടിക്കാനൊരു കൊതി.... ചായ കുടിക്കുമ്പോൾ ഇന്നലെ കണ്ട പരിചയക്കാരി അടുത്ത് വരുന്നു...

"ചായ ഇഷ്ടായോ...!"

"ചായ മാത്രമല്ല... ഈ നാടും...! "

"അതങ്ങിനെയാ... ഒരിക്കലിവിടെ വന്നവർ തിരികെ പോകുമ്പോൾ ഒരു പാട് നല്ല ഓർമകളും കൊണ്ടാണ് തിരികെ മടങ്ങുക... ഇവിടെ ഉള്ളോർക്ക് സേനഹിക്കാനേ അറിയൂ...! കൃഷ്ണേട്ടാ... ഈ മാഷ് ഒരാഴ്ച ഇവിടെ ഉണ്ടാവും.. കാര്യായിട്ട് സൽക്കരിച്ചോട്ടാ ..."

"ആയിക്കോട്ടെ മോളേ...''


"ടീച്ചർക്ക് ഇന്ന് സ്കൂളില്ലേ...!"

"ഞങ്ങൾ ടെ ഇവിടെ രണ്ടാം ശനിക്ക് അവധിയാ... മാഷിന്റെ അവിടെയോ...?''

"മറന്നു...പിന്നെ എങ്ങോട്ടാ വെളുപ്പാൻ കാലത്ത് ...?"

"അമ്പലത്തിലൊന്ന് പോണം ...പിന്നെ വെറുതെ ഒന്നിങ്ങനെ നടക്കണം എന്ന് തോന്നി... ഒരു രസമല്ലേ ഈ തണുപ്പിനെ തോൽപിച്ചങ്ങനെ..."

"ആഹാ അപ്പൊ ഇന്നലെ പറഞ്ഞ അസുഖം എനിക്ക് മാത്രം അല്ലാലേ...?''

"കൂ ടുന്നോ...? സ്ഥലങ്ങളും കാണാം...."


കേൾക്കേണ്ട താമസം അവളുമായി ഇറങ്ങി... വഴിയരികിലെ കാപ്പിത്തോട്ടവും കടന്ന് അമ്പലമെത്തി... അവിടുന്ന് തിരിച്ച് സീതാർകുണ്ടിലേക്ക്... പാലക്കാടിന്റെ ഭംഗി ആവോളം കണ്ടു... കയ്യെത്തും ദൂരത്ത് മേഘക്കുഞ്ഞുങ്ങൾ ... എനിക്ക് ചുറ്റും പരന്ന് കിടക്കുന്ന മലനിരകൾ .... ഇതാണ് ഭൂമിയിലെ സ്വർഗം ... യാത്രകൾ നൽകുന്ന നിത്യാനന്ദം ... ഇവിടന്ന് തുടങ്ങുന്ന നീളൻ വഴിക്കൊടുവിൽ ഒരു വെള്ളച്ചാട്ടമുണ്ടത്രേ...


"ഇവിട്ന്ന് സീതാദേവി കുളിച്ച് തർപ്പണം ചെയ്തതിനാലാണത്രെ സീതാർ കുണ്ട് എന്ന് പറയുന്നത്... മാഷിനറിയോ...?"

ഇല്ലെന്ന് ചുമലനക്കി... പിന്നെയും എന്തൊക്കെയോ അവൾ വിവരിച്ചു. വെറുതെ അവളെ നോക്കിയിരുന്നു ... എവിടെയോ മനസ് അവൾക്കൊരിടം കൊടുക്കാനൊരുങ്ങുന്നു... അതോർത്ത് ചൊടികൾ വിടർന്നു...

   

"ഹലോ. മതി സ്വപ്നം കണ്ടത്..."

നടന്ന് നടന്ന് എവിടെയെത്തിയെന്ന് പോലും അറിയില്ല. എന്താണ് എനിക്ക് സംഭവിക്കുന്നത്...?

"അതേ... സ്വപ്നജീവി വായോ... ഓറഞ്ച് തോട്ടം എത്തി...''

"ഇവിടെ..."

"പപ ഇവിടത്തെ സാമേട്ടനോട് ഒരു കാര്യം പറയാൻ പറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ മാഷിന് ഓറഞ്ച് വിളഞ്ഞതും കാണാം. "

ശരിയാണ്...നിറയെ കായ്ച്ച് നിൽക്കുന്ന ഓറഞ്ച് മരങ്ങൾ... മഞ്ഞിൻ തുള്ളികൾ അടർന്ന് വീഴാതെ പറ്റിച്ചേർന്ന്പൊതിഞ്ഞു നിൽക്കുന്നു... ഓറഞ്ച് വർണങ്ങൾ മഞ്ഞിലേക്ക് വിതറിയ പോലെ...


"ഇഷ്ടായോ...? പക്ഷേ എനിക്കിഷ്ടം ഓറഞ്ച് പൂക്കുന്ന മഴക്കാലമാ... അഞ്ചിതൾ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന വസന്തം... മഴയും ദളങ്ങളും മത്സരിച്ച് പരിമളം വിതറുന്ന ഇടവപ്പാതിക്കാ ഇതിനേക്കാൾ ഭംഗി..."

ആ മഴക്കാലത്ത് അതിനേക്കാൾ സുന്ദരിയായിരിക്കും നീ... കാരണം നിന്റെ ഇഷ്ടങ്ങൾ നിന്റെ മനസിനെ ശരീരത്തിനെ അത്രമേൽ കീഴ്പെടുത്തു ... അവളുടെ മുഖത്തേക്ക് നോക്കി ഓർത്തു...

"അപ്പൊ ഇനിയിങ്ങോട്ടുള്ള യാത്ര അടുത്ത മഴക്കാലത്താവട്ടെ....''

തിരികെ കേശവൻ പാറയും കഴിഞ്ഞ് പാറക്കൂട്ടങ്ങളും കടന്ന് വീണ്ടും കൂടണഞ്ഞു....

       

ഞായറാഴ്ചത്തെ അലസമായ പുലരിയിൽ വെറുതെ ഒരു പ്രഭാത സവാരിക്കിറങ്ങി... വഴിയിൽ ഇന്നും അവളുണ്ടായിരുന്നു... കൂട്ടത്തിൽ പപ്പയും... അവളുടെ പപ്പ AvT യിലെ Sales officer ആണ്... നാട് കോഴിക്കോട്... അവരിൽ നിന്നാണ് അവളെക്കുറിച്ച് കൂടുതലറിഞ്ഞത്... പഠിച്ചതും വളർന്നതും ഒക്കെ ടൗണിലായിരുന്നു... മകളായിട്ട് അവളേ ഉള്ളൂ... പഠിത്തം കഴിഞ്ഞ് ഒരുപാട് ജോലി സാധ്യതകളുണ്ടായിട്ടും ഇവിടത്തെ ടീച്ചറാകാനായിരുന്നു അവൾക്കിഷ്ടം... തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ശാന്തമായി ഒഴുകാനായിരുന്നു അവൾക്കിഷ്ടം... അതിശയം തോന്നി... ആഡംബരങ്ങൾ കൊതിക്കുന്ന സാങ്കേതിക വിദ്യ അടക്കിവാഴുന്ന ഇന്നത്തെ കാലത്തും ഇങ്ങനെയൊരാളോ....? അതവളോട് അടുക്കാനുള്ള മനസിന്റെ തിടുക്കമായി തോന്നി...


"മടുപ്പ് തോന്നില്ലേ ...? നഗരങ്ങളിലെ സൗകര്യങ്ങളില്ലാതെ എന്തിന് മൊബൈൽ നെറ്റ്വർക്ക് പോലുമില്ലാതെ...?"

"മടുക്കില്ല ... ഇവിടത്തെ കാറ്റിനെ, തണുപ്പിനെ , മലഞ്ചെരുവിൽ ഒളിപ്പിച്ച മേഘക്കൂട്ടങ്ങളെ, വഴിയരികിൽ ഒഴുകുന്ന ചോലകളെ എല്ലാം സ്നേഹിക്കാനായാൽ ഇവിടം വിട്ട് പോകാനാകില്ല മാഷേ... ഈ പറഞ്ഞതൊന്നും ഒരു മൊബൈലും നഗരപ്രാന്തങ്ങളും തരില്ല... ശാന്തം... സ്വസ്ഥം..."

അവളുടെ കണ്ണുകളിൽ ഞാൻ എന്നെ മറന്ന് വെച്ച് തുടങ്ങി... അവിടെ എന്നെ കാണുന്നുണ്ടോ എന്ന അന്വേഷണം... പുലരികൾ അവളിലൂടെ തുടക്കമിട്ടു... ചിലപ്പോൾ ചായക്കടയുടെ ബെഞ്ചിന്റെ ഓരം ചേർന്ന് എന്നോടൊത്ത് ഒരു ചായ അവൾ ഊതിക്കുടിക്കും... പിന്നെ സന്ധ്യക്ക് അവളോടൊത്ത് പതിവ് നടത്തം... ഒരു കാന്തിക ശക്തി അവളിലേക്ക് പിടിച്ച് വലിക്കുന്നു...


ഒടുവിൽ ഒരു വൈകുന്നേരം അവിടെ നിന്ന് മടങ്ങുമ്പോൾ ഉള്ളാകെ നീ പൂത്തിരുന്നു തുഷാരാ.... ഇനിവരും മഴക്കാലത്ത് വരാം എന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ മനസിലുറപ്പിച്ചിരുന്നു അടുത്ത തവണ തിരികെ മടങ്ങുമ്പോൾ നിന്റെ മനസും കൊണ്ടായിരിക്കും യാത്രയെന്ന് ... നീ എന്റെ കൂടെ വേണമെന്ന് മനസ് ശഠിച്ചു... അന്ന് തൊട്ടിന്നോളം നിന്നെയോർക്കാത്ത നിമിഷങ്ങളില്ല.. കൊൽക്കത്തയിലെ തിരക്കുള്ള ദിനരാത്രങ്ങളിലും നിന്റെ മുഖം ഓർത്തെടുക്കും... കഴിഞ്ഞ മഴക്കാലം നിന്നിലേക്കുള്ള എന്റെ ദൂരം കൂട്ടിയതേ ഉള്ളൂ... ഇനിയും നിന്നെ കാണാതിരിക്കാനാവില്ല...

            

താമസ സ്ഥലത്ത് എത്തി ഫ്രഷായി... യാത്രാക്ഷീണമാവാം ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ഈ വഴിയറ്റത്ത് കണ്ണെത്തും ദൂരെ നീയുണ്ടെന്ന് സമാധാനിച്ചു...

     

രാവിലെ കൃഷ്ണേട്ടന്റെ ചായക്കട ലക്ഷ്യമാക്കി നീങ്ങുമ്പോഴും കണ്ണുകൾ അവളെ പരതി... മാഷേ... എന്ന പിൻ വിളി കേട്ട പോലെ... ഞെട്ടി തിരിഞ്ഞു നോക്കി... ഇല്ല...അവളില്ല... കാണും... കാണാതിരിക്കാനാവില്ല... മഴയേറ്റ് നനഞ്ഞ ബെഞ്ചിന്റെ ഓരം ചേർന്നിരുന്നു. ചിലപ്പോൾ അരികിൽ വന്നിരുന്നാലോ...?

"ആരാ ഇത് ...? മോൻ എപ്പൊ വന്നു...!

"എന്നെ ഓർമയുണ്ടോ കൃഷ്ണേട്ടന്...?''

"നല്ല കാര്യായി... മോൻ പോയ ശേഷവും തുഷാരക്കുഞ്ഞ് മോനെപ്പറ്റി പറയും... മോനെ വല്യ കാര്യായിരുന്നു ... കഴിഞ്ഞ ഇടവപ്പാതിക്ക്, പുതുമഴ പെയ്തപ്പൊഴും പറഞ്ഞു മാഷ് വരും എന്ന് ... "

"വരാൻ പറ്റിയില്ല... പ്രളയം കാരണം..."


"ആ പെരുമഴയത്ത് നഷ്ടങ്ങൾ മാത്രമല്ലേ മോനേ ഇവിടെ ഉണ്ടായേ... കരകയറാൻ ഒരു പാട് സമയം എടുത്തു... പക്ഷേ ചിലരൊക്കെ കയറാൻ പറ്റാത്ത കയത്തിലും വീണു...."

"കൃഷ്ണേട്ടാ... ഇന്നെന്താ തുഷാര ഈ വഴി വരാത്തത്? "

"മോനേ... കഴിഞ്ഞ പ്രളയത്തില് ആ കുഞ്ഞിന്റെ പപ്പക്ക് ഒരു നെഞ്ച് വേദന വന്നു... കഴുത്തറ്റം വെള്ളത്തിൽ കിടക്കുന്ന ഇവിടന്ന് ആ സാറിനെ അടിവാരത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞു... പാവം ആ കൊച്ചും അതിന്റെ അമ്മയും പിന്നെ എന്ത് ചെയ്യാനാ...? ഒരുപാട് വിഷമിച്ചു... നാട്ടീന്ന് അതിന്റെ ആൾക്കാര് വന്നു കൂട്ടിക്കൊണ്ട് പോയി... അതിന് ഇവിടന്ന് പോകാനിഷ്ടമുണ്ടായിട്ടല്ല... ഒരു പാട് കരഞ്ഞു... അന്ന് .... യോഗം... അല്ലാതെന്താ...?"


കയ്യിലിരുന്നു ചായ തണുത്ത് വിറച്ചു... അത്രമേൽ കൊതിച്ച ഒരു മഴക്കാലം തന്നെ തന്നിൽ നിന്നെല്ലാം പറിച്ചെടുത്തിരിക്കുന്നു... ഇനിയൊരിക്കലും കാണാനാകില്ലേ നിന്നെ...? നിന്നോടൊത്ത് കാണാൻ കൊതിച്ച സ്വപ്നങ്ങളിൽ ഞാൻ തനിച്ചാക്കപ്പെടുന്നു... എവിടെയെന്നോ എങ്ങിനെയെന്നോ അറിയാത്ത നിന്നിലേക്ക് എവിടെ നിന്ന് യാത്ര തുടങ്ങണം... തുഷാരാ...? എന്റെ മോഹങ്ങൾക്ക് നിറങ്ങൾ പകർന്ന് ചായക്കൂട്ടുകൾ നീ തിരികെ എടുത്തതെന്തേ...?

         

ഓറഞ്ച് മരങ്ങളിൽ നിറയെ അഞ്ചിതൾ പൂക്കൾ വിരിഞ്ഞിരിക്കുന്നു... വിരലറ്റത്ത് നിന്നെ കോർത്ത് കാണാനാശിച്ച പൂക്കാലം ശ്യൂനമായ വിരലുകളാൽ ഇറുത്തെടുത്തു.... ഇനിയെത്ര മഴക്കാലങ്ങൾ ഇതേ നോവോടെ .... കാത്തിരിപ്പോടെ...?


Rate this content
Log in

Similar malayalam story from Romance