മിഴിനീർ - ഭാഗം : 1
മിഴിനീർ - ഭാഗം : 1
പഴയ കാലത്തിലേക്ക് മനസിന് തിരികെ പോകാൻ ചെറിയ കാരണങ്ങൾ മതി. പക്ഷെ പലപ്പോഴും ആ ഓർമ്മകൾ നമ്മളെ മിഴി നനയ്ക്കും..തിരക്കിൽ കാർ ഓടിച്ചു പോകുകയാണ് വിവേക്.പോക്കറ്റിൽ കിടന്ന ഫോൺ ബെല്ല് അടിക്കാൻ തുടങ്ങിയത് അയാളെ അലോസരപ്പെടുത്തി.കാർ സൈഡിലേക്ക് ഒതുക്കി അയാൾ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു. ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നുമാണ് Call വരുന്നത്.True Caller ആപ്പിൽ കണ്ട പേര് അയാളുടെ ഹൃദയമിടുപ്പുകൾ കൂട്ടി.രേവതി അവൾ...അവൾ എന്തിനാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്...ജീവിതം മുഴുവൻ തനിക്കൊപ്പം ഉണ്ടാകും എന്ന് കരുതിയവൾ...പ്രണയത്തിൻ്റെ മധുരം ആദ്യമായി തനിക്ക് നൽകിയവൾ...വിരഹത്തിൻ്റെ തീയിൽ തന്നെ കരയിച്ചവൾ...അവൾ എന്തിനാണ് എന്നെ വിളിക്കുന്നത്...Call എടുക്കാൻ അവന് സാധിക്കുന്നില്ല അവൻ്റെ കരങ്ങൾ ആരോ ബന്ധിച്ച പോലെ .. വീണ്ടും ഫോൺ Bell അടിച്ചു.. അതേ നമ്പർ...പുതിയ ഫോൺ വാങ്ങിയിട്ട് രണ്ടു വർഷം ആകുന്നു. അതിൽ കിടന്ന റിംഗ്ട്യൂൺ ഇതു വരെയും മാറ്റിയിട്ടില്ല...പണ്ട് ഞാൻ ഇങ്ങനെ ആയിരുന്നില്ല.. എന്നും പുതിയ പുതിയ പാട്ടുകൾ മാറ്റി ഇടും. അവൾക്ക് മാത്രമായും ഒരു ട്യൂൺ ഉണ്ടായിരുന്നു...ജീവൻ്റെ ജീവനാം കൂട്ടുകാരീസ്നേഹാമൃതത്തിൻ്റെ നാട്ടുകാരീപോകരുതേ നീ മറയരുതേഎന്നെ തനിച്ചാക്കി അകലരുതേ....പാട്ടിൽ പറഞ്ഞ പോലെ അവൾ എന്നെ തനിച്ചാക്കി അകന്നു....അവൻ കാറിൻ്റെ കണ്ണാടിയിൽ നോക്കി.. തനിക്കും പ്രായം ആകുന്നു.മുടികൾ നരച്ചു തുടങ്ങി. മുഖത്ത് ചുളുവുകൾ വീണു..അവൾക്കും പ്രായം ആയിട്ടുണ്ട്.. അവസാനമായി കണ്ടിട്ട് എത്ര വർഷങ്ങളായി..കാലം എത്ര വേഗമാണ് കടന്നു പോകുന്നത്.. ഇന്ന് ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ്... ഞാൻ പഴയ വിവേക് അല്ല.. ആ പഴയ വിവേക് മരിച്ചു.. അല്ല അവർ കൊന്നു കളഞ്ഞു...
സമയം വല്ലാതെ കടന്നു പോകുന്നു. തിരക്കുകൾ മറന്ന് അവൻ ആ റോഡരികിൽ നിന്നു.റോഡിൽ ആരോ വലിച്ചെറിഞ്ഞ ഒരു റോസാപ്പൂവ് വണ്ടി കയറി അരഞ്ഞു കിടക്കുന്നു.അവൾക്കായി നട്ട റോസാചെടികൾ പണ്ട് അവൻ വെട്ടി കാട്ടിൽ എറിഞ്ഞിട്ടുണ്ട്.അവൻ്റെ മിഴികളിൽ വികാരങ്ങൾ മാറി മറഞ്ഞു.. വിഷമവും, ദേഷ്യവും , അമർഷവും എല്ലാം കലർന്ന ഒരു അവസ്ഥയിൽ ആയിരുന്നു അവൻ.ഒരു പക്ഷെ അവൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആകുമായിരുന്നില്ല.അവൾ പോയപ്പോൾ കൂടെ കൂട്ടിയത് എൻ്റെ സന്തോഷവും , പ്രസരിപ്പും കൂടി ആയിരുന്നു...ഇപ്പോൾ ഞാൻ ഒരു യന്ത്രമാണ്.ഒരു കോമാളിയെ പോലെ ചിരിക്കുന്ന മുഖവുമായി ഉള്ളിൽ കരയുന്ന ഒരു യന്ത്രം..എന്താണ് ഞങ്ങൾക്കിടയിൽ അന്ന് ഉണ്ടായത് ?വീണ്ടും ഫോൺ Bell അടിച്ചു.. അതേ നമ്പർ...എന്തും വരട്ടെ അവൻ ആ Call എടുക്കാൻ തീരുമാനിച്ചു.ഫോണിൽ വിരൽ കൊണ്ട് വരച്ചു.. ഒരു നൂറ് കിലോ ഭാരം വിരലിൽ കെട്ടി വലിക്കുന്നതായി അവന് തോന്നി.."ഹലോ" പരുക്കൻ മട്ടിൽ അവൻ പറഞ്ഞുനമസ്കാരം സാർ , ഞാൻ രേവതി ഒരു ഇൻഷുറൻസ് പോളിസിയെ പറ്റി സംസാരിക്കാൻ വിളിച്ചതാണ്.. ഇത് അവളല്ല ഒരേ പേരിൽ എത്ര ആളുകൾ ഉണ്ടാകും. എനിക്ക് ഒരു പോളിസിയും വേണ്ട. വിവേക് ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു. അവൻ്റെ മുഖത്ത് ആശ്വാസവും നിരാശയും ഒരേ പോലെ നിറഞ്ഞിരുന്നു. അല്ലെങ്കിലും അവൾ എന്നെ എന്തിന് വിളിക്കാൻ അന്ന് വിളിച്ചില്ല പിന്നെയല്ലേ ഇപ്പോൾ. വിവേക് വാച്ചിലേക്ക് നോക്കി കാറിൽ കയറി വേഗത്തിൽ യാത്ര തിരിച്ചു.
മനസിൻ്റെ ഒരു കോണിൽ കുഴിച്ചു മൂടിയിരുന്ന പഴയ കാലത്തിലേക്ക് സഞ്ചരിക്കുവാൻ അവന് താൽപര്യമില്ല.പക്ഷെ മനസ് അങ്ങനെയാണ് മറക്കാൻ ശ്രമിക്കുന്നതെല്ലാം ഓർമപെടുത്തികൊണ്ടിരിക്കും. ഒരു കാറിൽ അവളുമായി സഞ്ചരിക്കാൻ ഞാൻ കൊതിച്ചിരുന്നു. അന്ന് കാർ ഉണ്ടായിരുന്നില്ല. ഇന്ന് കാർ ഉണ്ട് സഞ്ചരിക്കാൻ ഒപ്പം അവൾ ഇല്ല. അവൻ്റെ ചിന്തകൾ കാട് കയറി.യാത്രക്കിടയിൽ ആഹാരം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും മനസിൽ ആയിരം ചോദ്യങ്ങൾ അവൾ ഇപ്പോൾ ആഹാരം കഴിച്ചിരിക്കുമോ? അന്ന് ശരിക്കും ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്താണ്? ഞങ്ങൾ പരസ്‌പരം ഒരുപാട് സ്നേഹിച്ചു , ഒരിക്കൽ പോലും വഴക്ക് കൂടിയിട്ടില്ല , അവസാനമായി സംസാരിച്ചതും സ്നേഹത്തോടെയാണ് എന്നിട്ടും ഞങ്ങൾ പിരിഞ്ഞു. അന്ന് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ അവൾ ഒരു പക്ഷെ.... ഞാൻ അവളോട് പിരിയാൻ പറഞ്ഞിട്ടില്ല.. വിളിക്കരുത് എന്നും പറഞ്ഞിട്ടില്ല. മറ്റാരുടെയോ വാക്ക് കേട്ട് പോയവളെ പറ്റി ഓർത്തു കരയാൻ വിവേകിനെ കിട്ടില്ല. അവളും എന്നോട് പിരിയാൻ പറഞ്ഞിട്ടില്ല.. വിളിക്കരുത് എന്നും പറഞ്ഞിട്ടില്ല. മറ്റാരുടെയോ വാക്ക് കേട്ട് ഞാനും.. വിവേകിന് ഹൃദയം നുറുങ്ങുതായി തോന്നി. ഒരു പക്ഷെ അവളും എന്നെ പോലെ...ഞാൻ എന്താണ് നേരത്തെ ഇത് ചിന്തിക്കാത്തത് ? അന്ന് എനിക്കും വാശി ആയിരുന്നു. ആ വാശി എനിക്ക് എന്ത് നേടി തന്നു. വിവേകിന് ലോകം അവസാനിക്കുന്നതായി തോന്നി.
കണ്ടതിനും കേട്ടതിനും അപ്പുറമാണ് സത്യം പക്ഷെ ആ സത്യം ഇനി മനസിലാക്കിയിട്ട് എന്ത് നേടാൻ...ഇന്ന് താൻ പഴയ വിവേക് അല്ല ലോകം കണ്ടവനാണ്. അനുഭവങ്ങൾ കൊണ്ട് അറിവ് നേടിയവനാണ്. നെല്ലും പതിരും തിരിച്ചറിയാൻ പഠിച്ചവനാണ്. അന്ന് ഞാൻ ഇങ്ങനെ ആയിരുന്നില്ല. എല്ലാവരെയും വിശ്വസിക്കുന്നവൻ ആയിരുന്നു. സ്നേഹിക്കുന്നവൻ ആയിരുന്നു. കഴിഞ്ഞു പോയ സംഭവങ്ങൾ ഓരോന്നും അവൻ ഓർത്തെടുക്കാൻ തുടങ്ങി. +2 വിനു ശേഷം അടുത്തുള്ള സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിംഗിന് പോയപ്പോളാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. നാളിതുവരെ ആരോടും തോന്നാത്ത അടുപ്പം എനിക്ക് അവളുമായി ഉണ്ടായി. പ്രണയിച്ച ശേഷമാണ് എല്ലാവരും സ്വപ്നം കാണുന്നത് എന്നാൽ ഞങ്ങളെ പ്രണയിപ്പിച്ചത് പോലും ഒരു സ്വപ്നം ആയിരുന്നു. ഞാൻ സംസാരിക്കുന്ന ചുരുക്കം പെൺകുട്ടികളിൽ ഒരാളായിരുന്നു രേവതി. ഒരു ദിവസം അവൾ ബസ്സിൽ നിന്നും വീഴുന്നതായി ഞാൻ സ്വപ്നം കണ്ടു. എനിക്ക് വലിയ വിഷമമായി രാത്രിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ. അടുത്ത ദിവസം അവളെ കണ്ട ശേഷമാണ് എനിക്ക് സമാധാനം ആയത്. ഞാൻ അവളോട് ആ സ്വപ്നത്തെ പറ്റി പറഞ്ഞു . കൂടെ നീ ബസ്സിൽ കയറുമ്പോൾ സൂക്ഷിക്കണം എന്ന ഉപദേശവും നൽകി. ഒരു കള്ള ചിരിയോടെ അവൾ നടന്നു പോയി അപ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ ആദ്യമായി പ്രണയം കണ്ടു. അത് ഒരു തുടക്കം ആയിരുന്നു. ഇഷ്ട്ടമാണെന്നു ഞങ്ങൾ പരസ്പരം പലവട്ടം പറയാതെ പറഞ്ഞു.നിങ്ങളുടെ കല്യാണത്തിന് ഞങ്ങളെ വിളിക്കണം എന്ന കുട്ടികളുടെ കളിയാക്കൽ അവളും ഞാനും ഒരേ പോലെ ആസ്വദിച്ചിരുന്നു. കടന്ന് പോകുന്നത് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചിരുന്ന ദിവസങ്ങളാണെന്നും വരാൻ പോകുന്ന വലിയ വേനലിന് മുൻപുള്ള കുളിർ മഴയാണിതെന്നും ഞാൻ അറിഞ്ഞിരുന്നില്ല. സുന്ദരമായ ഞങ്ങളുടെ ജീവിതത്തിൽ കാർമേഘങ്ങൾ മഹാമാരിയായി പെയ്യാൻ കാത്തിരിക്കുന്നു എന്ന കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ജീവിതം അങ്ങനെയാണ് തൊട്ടടുത്ത നിമിഷം എന്ത് നടക്കും എന്ന് ആർക്കും പറയാൻ സാധിക്കില്ല. അത് തന്നെയാണ് ജീവിതത്തിൻ്റെ മനോഹാരിതയും ഞാൻ എല്ലാം മറന്ന് അവളെ സ്നേഹിച്ചു അവൾ എന്നെയും.
തുടരും....

